പ്രവാസ ഗീതം. (കവിത )
==============================
കണ്ട നാൾ തൊട്ടെൻെറ കരളിൻെറ ചെപ്പിൽ
കനകമായ് ഞാനിന്നും സൂക്ഷിച്ചു വെച്ചു,
കനിവോടെയടയിരുന്നൊരു നാൾ വിരിയിച്ച
പ്രണയമണി തൂവലാണിന്നുമെൻ മീനു.!
പൊന്നെന്നവളെന്നെ എത്ര വിളിച്ചിട്ടും,
പൊന്നണിയിക്കുവാൻ പറ്റാതെ പോയവൻ.!
മിന്നുന്ന സൗഭാഗ്യമൊക്കെയുണ്ടായിട്ടും
പിന്നെയാകട്ടെയെന്നോർത്തു നടന്നവൻ.!
ഇന്നിതാ കുണ്ഠിത പെട്ടിരിക്കുന്നു ഞാൻ
കൈവിട്ടു പോയെൻെറ സൗഭാഗ്യ നാളിനെ.!
തന്നോളം പോന്നൊരു പുത്രൻെറ തോളത്ത്
താങ്ങാൻ കഴിയാത്ത ഭാരം കൊടുത്തവൻ.!
തണ്ടും,തടിയുമുണ്ടെങ്കിലും ഇന്നവൻ
താരിളം പൈതലാണെന്നു ഞാൻ ഓർത്തില്ല.!
ഉമ്മയെ വിട്ടു പിരിയുംബോളെൻെറ മോൻ
പൊട്ടിക്കരഞ്ഞതെൻ കാതിലാണിപ്പോളും.!
അടരാടി വിജയിക്കാൻ പോർക്കളം തേടി,
സൈതക ഭൂമിയിൽ പോരാളിയായവൻ.!
അടവുകളറിയാത്ത തേരാളിയായ് ഞാൻ
ഈ കുരു ക്ഷേത്രത്തിൽ കൂടെയുണ്ടെങ്കിലും,
പ്രവാസമാം പോർക്കളത്തിലിന്നവൻ ഏകൻ.!
വിട്ടു പോകില്ല ഞാനെങ്കിലും എൻ രഥം
തട്ടിത്തകർന്നു പോകാതിരുന്നാൽ മതി.!
പ്രവാസിയായ് തീരുന്ന ശാപ ജന്മങ്ങൾക്ക്
ചരമക്കുറിപ്പൊന്ന് എഴുതി വെക്കുന്നു ഞാൻ.
പ്രാണൻെറ പ്രാണനാം നാടിനെ,വീടിനെ,
പ്രാണ പ്രിയ,മക്കൾ,മാതാപിതാക്കളെ,
വിട്ടു പിരിഞ്ഞിട്ടും മൊട്ടുമെത്താത്തവ-
രായ പ്രവാസികളായവർക്കായ്,
ഞാനീ കുറിപ്പെഴുതീ വഴി വക്കിലായ്
കോർത്തിടാം നോക്കി വായിച്ചു പോയീടുക.!!
=======================================
അസീസ് അറക്കൽ.
=======================================

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക