Slider

നീ എന്ന സുകൃതം

0
 ബന്ധം പിരിഞ്ഞൂലേ കുട്ട്യേ ... കല്ല്യാണം വല്ലതും നോക്കണുണ്ടോ ഇപ്പോ ''
അശ്വതി തലയുയര്‍ത്തി നോക്കി ... അമ്പലത്തില്‍ പൂകെട്ടുന്ന സുഭദ്രേടത്തി മുന്നില്‍
അവരുടെ ചോദ്യത്തിന് മറുപടി പറയാതെ നവഗ്രഹങ്ങളെ പ്രദക്ഷിണം വച്ച് അവള്‍ നടന്നു
'' തന്നിഷ്ടം കാണിച്ച് കല്ല്യാണം കഴിച്ചതാ ...
ഇപ്പെന്തായി ... രണ്ടും രണ്ടിടത്തായി ...
പെറ്റ വയറെരിയിച്ചാ ഇങ്ങനെ തന്ന്യല്ലെ വരുള്ളു ''
കൂടെയുള്ള സത്രീയോട് അവര്‍ പറയുന്നത് തന്നെ കുറിച്ചാണെന്ന് അവള്‍ക്ക് മനസിലായി
ഇത് അശ്വതി ... ഒരു പ്രൈവറ്റ് ബാങ്കില്‍ അക്കൗണ്ടന്‍റ് ആണ് ... അശ്വതിയുടേയും രാഹുലിന്‍റേയും പ്രണയവിവാഹമായിരുന്നു ..
വീട്ടുകാരുടെ എതിര്‍പ്പ് വകവക്കാതെ സ്വന്തം ഇഷ്ടത്തിന് വിവാഹിതരായവര്‍
അവര്‍ക്കിടയിലെ സൗന്ദര്യപിണക്കങ്ങള്‍ പലപ്പോഴും വലുതായി ... അത് അവസാനിച്ചത് ഡിവോഴ്സിലായിരുന്നു .... അവര്‍ പിരിഞ്ഞിട്ട് ഇപ്പോ ഏകദേശം മൂന്ന് മാസത്തോളമായി
ബാങ്കിലെ ലഞ്ച് ടൈം ....
'' അച്ചൂ ... താന്‍ കഴിക്കുന്നില്ലെ ''
ടേബിളില്‍ തല വച്ച് കിടന്നിരുന്ന അശ്വതി തലയുയര്‍ത്തി നോക്കി ....
മുന്നില്‍ അനു ... അശ്വതിയുടെ ഉറ്റസുഹൃത്ത് ...
രാഹുലുമായുള്ള വിവാഹത്തിന് മുന്‍കയ്യെടുത്ത് നിന്നത് അനു ആണ്
അശ്വതി മുഖം തിരിച്ച് കണ്ണുകള്‍ തുടച്ചു ...
അനു കാണാതെ
'' അച്ചൂ ... താന്‍ കരയുകയാണോ ''
അനു അവളുടെ അരികില്‍ വന്നിരുന്നു ... അപ്പോഴാണ് ചുരുട്ടി പിടിച്ച അശ്വതിയുടെ കൈ അനുവിന്‍റെ ശ്രദ്ധയില്‍ പെട്ടത്
'' എന്താ നിന്‍റെ കയ്യില് ''
'' ഏയ് .... ഒന്നൂല്യാ '' ... അശ്വതി കൈ മറച്ച് പിടിക്കാന്‍ ശ്രമിച്ചു
പക്ഷെ അനു അവളുടെ കൈ ബലമായി
പിടിച്ച് തുറന്നു
അനു കണ്ടു ... ചുരുട്ടി പിടിച്ച കൈവെള്ളയ്ക്കുള്ളില്‍ അവളൊരിക്കല്‍ അണിഞ്ഞിരുന്ന താലി
'' അച്ചൂ '' അനുവിന്‍റെ ആ വിളിയില്‍ വേദന കലര്‍ന്നിരുന്നു
'' തെറ്റ് പറ്റിപ്പോയി അനു ... എന്‍റെ വാശി ...
എന്‍റെ ദേഷ്യം എല്ലാത്തിനും കാരണം അതാ ..
ഞാന്‍ ഒന്ന് വിട്ട് കൊടുത്തിരുന്നെങ്കില്‍ പലതും ഒഴിവാക്കാമായിരുന്നു ''
'' ഞാനെന്നും എന്നെ പറ്റി മാത്രമാണ് ചിന്തിച്ചത് ..
ഒരിക്കല്‍ പോലും രാഹുലിന്‍റെ ഭാഗത്ത് നിന്ന് ചിന്തിച്ചിട്ടില്യ ... ഞാന്‍ പറയുന്നതും ഞാന്‍ ചെയ്യുന്നതും മാത്രമായിരുന്നു എനിക്ക് ശരി ...
പാടില്ലായിരുന്നു ''
അവളൊന്ന് നിര്‍ത്തി
'' ഉറങ്ങിയിട്ട് ദിവസങ്ങളായി അനു ... കണ്ണടച്ചാല്‍ തെളിഞ്ഞ് വരുന്നത് ന്‍റെ രാഹുല്‍ന്‍റെ മുഖമാണ് ...
' അച്ചു ' എന്നൊരു വിളി കേള്‍ക്കാന്‍ മനസ് കിടന്ന് പിടയാണ് ''
അശ്വതി ഒന്ന് തേങ്ങി
'' ഇപ്പോ ... ഇപ്പഴാ തിരിച്ചറിയണത് ....
നഷ്ടപെട്ടത് എനിക്കെത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് ''
വിതുമ്പുന്ന അശ്വതിയുടെ തോളില്‍
അനു കൈ വച്ചു
'' കരയല്ലെ അച്ചൂ ... സാരല്യ ... ഞാന്‍ സംസാരിക്കാം രാഹുലുമായ് ... മറ്റാരേക്കാളും നിന്നെ മനസിലാക്കാന്‍ രാഹുല്‍ ന് കഴിയും ''
അശ്വതിയുടെ കണ്ണുകളിലൂടെ പ്രതീക്ഷയുടെ ഒരു തിളക്കം കടന്ന് പോകുന്നത് അനു കണ്ടു
'' അനു സാറേ .... കല്ല്യാണത്തിന് പോണില്യെ ''
ചോദ്യം കേട്ട് അനുവും അശ്വതിയും ഒരുമിച്ച് തിരിഞ്ഞ് നോക്കി
ശിവന്‍ .... ബാങ്കിലെ പ്യൂണ്‍ ആണ്
'' കല്ല്യാണോ .... ആരുടെ കല്ല്യാണം ശിവന്‍ചേട്ടാ ''
ശിവന്‍ അശ്വതിയെ ഒന്ന് നോക്കി ...
പിന്നെ പറഞ്ഞു
'' രാഹുല്‍ സാറിന്‍റെ .... അപ്പോ സാററിഞ്ഞില്ലെ ''
ശിവന്‍ പറഞ്ഞത് കേട്ട് അശ്വതി ഒന്ന് നടുങ്ങി
'' മ്മടെ സത്യന്‍ മാഷിന്‍റെ മോളില്ലെ ... മാളവിക ...
ആ കുട്ടീനേയാ രാഹുല്‍ സാര്‍ കെട്ടാന്‍ പോകുന്നത് ... രണ്ട് ദിവസം കഴിഞ്ഞാണ് കല്ല്യാണം ... അതായത് ഈ വരുന്ന ബുധനാഴ്ച്ച ''
അശ്വതിയുടെ മനസിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞു ... സത്യമാഷിന്‍റെ മകള്‍ .... മാളവിക
കോളേജില്‍ താനും മാളവികയും ഒരേ ബാച്ച് ആയിരുന്നു ... രാഹുലിനെ മാളവികയ്ക്ക് ഇഷ്ടമായിരുന്നു .... പക്ഷെ താനും രാഹുലുമായുള്ള അഫയര്‍ അറിഞ്ഞപ്പോള്‍ അവള്‍ സ്വയം പിന്മാറുകയായിരുന്നു
'' ശിവന്‍ ചേട്ടനോട് ഇതാരാ പറഞ്ഞത് ''
അനു ചോദിച്ചു
'' ആഹാ നല്ല ചോദ്യം ... മാഷിന്‍റെ രണ്ട് വീട് ഇപ്പുറത്തല്ല ന്‍റെ വീട് ... ഇന്നലേയാ മാഷ് വീട്ടില്‍ വന്ന് പറഞ്ഞത് ... എല്ലാം വളരെ പെട്ടന്നായിരുന്നൂത്രേ ... അതുകൊണ്ട് അധികം ആരോടും പറയണില്യ ... രജിസ്റ്റര്‍ ഒഫീസില്‍ വച്ചാണ് കല്ല്യാണം എന്നാ പറഞ്ഞത് ''
ശിവന്‍ അശ്വതിയെ ഒന്ന് നോക്കി ... പിന്നെ ലഞ്ച് ബോക്സുമെടുത്ത് നടന്നു
'' അച്ചൂ ...''
ടേബിളിന്‍റെ വക്കില്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന അശ്വതിയെ അനു വിളിച്ചു
'' തീരുമാനിച്ചിട്ടല്ലെ ഉള്ളു ... കല്ല്യാണം കഴിഞ്ഞിട്ടില്ലല്ലോ ... ഞാന്‍
സംസാരിക്കാം രാഹുലിനോട് ''
അനു മൊബൈലെടുത്ത് രാഹുല്‍ ന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു
'' വേണ്ട അനൂ ''
അശ്വതി അവളുടെ കയ്യില്‍ നിന്നും മൊബൈല്‍ പിടിച്ച് വാങ്ങി
അശ്വതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
'' ആ മനസില്‍ ഞാനില്ലാതായിരിക്കുന്നു അനു ...
ഉണ്ടായിരുന്നെങ്കില്‍ എന്‍റെ സ്ഥാനത്ത് മറ്റൊരാളെ രാഹുല്‍ ചിന്തിക്കില്ലായിരുന്നു ...
വേദനിപ്പിച്ചു ഒരുപാട് ... ആ മനസ് എത്രത്തോളം ആഴത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഊഹിക്കാന്‍ പോലും നിക്ക് കഴിയണില്യ ... എല്ലാം എന്‍റെ തെറ്റാ ... ന്‍റെ മനസ് ഇനി രാഹുല്‍ അറിയണ്ട ...
മറ്റൊരു ജീവിതം രാഹുല്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതിന് ഞാനൊരു തടസ്സാവരുത് ''
നിറമിഴികളോടെ തനിക്ക് മുന്നിലൂടെ കടന്ന് പോയ അശ്വതിയെ തന്നെ നോക്കി അനു നിന്നു
ബുധനാഴ്ച്ച രാവിലെ ....
ബസ് സ്റ്റോപില്‍ നിന്നിരുന്ന അശ്വതിയുടെ മുന്നിലായ് ഒരു ഓട്ടോ വന്ന് നിന്നു
'' അച്ചൂ '' തന്നെയാരോ വിളിക്കുന്നത് കേട്ട് അശ്വതി നോക്കി
ഓട്ടോയ്ക്കുള്ളില്‍ അനു ... അനു അവളെ കൈ കാട്ടി വിളിച്ചു
'' അനൂ ... നീ ന്താ ഓട്ടോല് ... അതും ഈ വഴിക്ക് ''
'' നീ കയറ് ... പറയാം ''
അശ്വതി ഓട്ടോയില്‍ കയറി ...
ഓട്ടോ മുന്നോട്ട് നീങ്ങി
'' എവിടായിരുന്നു അനു നീ ഈ രണ്ട് ദിവസം ..
വിളിച്ചിട്ടും കിട്ടുന്നുണ്ടായിരുന്നില്യ ''
'' തറവാട്ടിലേക്ക് പോയി ... ഏട്ടന്‍റെ അമ്മയ്ക്ക് സുഖല്യാന്ന് പറഞ്ഞ് വിളിച്ചിരുന്നു ... നിനക്കറിയാലോ അവിടെ പോയാല്‍ റേഞ്ച് ഇണ്ടാവില്ലെന്ന് ... നിന്നെ വിളിച്ച് പറയാമെന്ന് വച്ചതാ ... പക്ഷെ കഴിഞ്ഞില്യ ''
'' അല്ലാ ... നീ എങ്ങോട്ടാ ഈ വഴിക്ക് ''
'' അത് .... അത് .... ഞാന്‍ ...''
വാക്കുകള്‍ക്കായ് പരതുന്ന അനുവിനെ അമ്പരപ്പോടെ അശ്വതി നോക്കി
'' അച്ചൂ ... ദേഷ്യപ്പെടരുത് എന്നോട് ... ഇന്ന് മോണിംഗ് രാഹുല്‍ വിളിച്ചിരുന്നു ... മാര്യേജ് ആണ് ... രജിസ്റ്റര്‍ ഒഫീസിലേക്ക് വരണം
എന്നും പറഞ്ഞ് ''
അശ്വതിക്ക് തന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി
'' അച്ചൂ ... പ്ളീസ് .... നിന്‍റെ അവസ്ഥ മനസിലാവാഞ്ഞിട്ടല്ല ... വരണമെന്ന് നിര്‍ബന്ധം പറഞ്ഞപ്പോ ഒഴിവാക്കാന്‍ പറ്റിയില്ല രാഹുല്‍ നെ ''
'' അനൂ ... എന്നെ അടുത്ത ബസ് സ്റ്റോപ്പില്‍ ഇറക്കി വിട്ടേക്കു ''
ദയയനീയമായിരുന്നു അശ്വതിയുടെ സ്വരം
'' അച്ചൂ ... ഒരു അഞ്ച് മിനിട്ട് നേരത്തെ കാര്യേ ഉള്ളൂ ... നീ പുറത്ത് ഓട്ടോല് തന്നെ ഇരുന്നാല്‍ മതി ... രാഹുല്‍ എന്തായാലും ഉള്ളിലായിരിക്കും ..
നിന്നെ കാണാന്‍ പോണില്ല .... പ്ളീസ് ''
അനുവിന്‍റെ നിര്‍ബന്ധത്തിന് അശ്വതിക്ക് വഴങ്ങേണ്ടി വന്നു
രജിസ്റ്റര്‍ ഒഫീസിന് പുറത്ത് ഒരല്‍പം മാറി
ഓട്ടോ നിന്നു
'' ചേട്ടാ ... ഒരഞ്ച് മിനിട്ട് വെയ്റ്റ് ചെയ്യണേ ...
ഞാനിപ്പോ വരാം ''
അനു ഓട്ടോ ഡ്രൈവറോട് പറഞ്ഞു ... അവള്‍ അശ്വതിയെ ഒന്ന് നോക്കി ... പിന്നെ രജിസ്റ്റര്‍ ഒഫീസ് ലക്ഷ്യമാക്കി നടന്നു
ഓട്ടോയിലിരുന്ന അശ്വതി തന്‍റെ നിറഞ്ഞ് വന്ന മിഴികളെ അമര്‍ത്തി തുടച്ചു
അവള്‍ പതുക്കെ രജിസ്റ്റര്‍ ഒഫീസിന് നേരെ ഒന്ന് പാളി നോക്കി ...
ഈശ്വരാ ... രാഹുല്‍ ... ഒരിക്കല്‍ ... ഒരിക്കലെങ്കിലും ആ മുഖമൊന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍
അശ്വതി മനസ് നൊന്ത് ദൈവത്തെ വിളിച്ചു
'' ഹലോ .... മാഡം ആരേയാ ഈ നോക്കുന്നത് ''
അശ്വതി ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി
ഓട്ടോക്ക് പുറത്ത് തന്നെത്തന്നെ നോക്കി നില്‍ക്കുന്നു രാഹുല്‍ ... വരന്‍റെ വേഷത്തില്‍ ...
കയ്യില്‍ ബൊക്കേയും മാലയുമുണ്ട്
'' നീ ഇതും കൊണ്ട് നടന്നോ ... ഞാന്‍ ദാ വരണു ''
കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍റെ കൈകളിലേക്ക്
ബൊക്കേയും മാലയും വച്ച് കൊടുത്ത് കൊണ്ട് രാഹുല്‍ പറഞ്ഞു
തന്‍റെ കൈകാലുകള്‍ കുഴയുന്നത് പോലെ തോന്നി അശ്വതിക്ക് ... അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു
രാഹുല്‍ ന് മുഖം കൊടുക്കാതെ തല കുനിച്ച് ഇരുന്നു അവള്‍
'' ഈ മുഖം ഒരിക്കല്‍ കൂടി കാണണംന്ന് ഉണ്ടായിരുന്നു ... പക്ഷെ ... അതിങ്ങനെ ഒരു സിറ്റ്വേഷനില്‍ ആവുമെന്ന് കരുതിയില്ല ''
രാഹുല്‍ അശ്വതിയെ തന്നെ ഉറ്റ് നോക്കി കൊണ്ട് പറഞ്ഞു
'' ജീവിതത്തില്‍ ഒരുപാടൊന്നും ആഗ്രഹിച്ചിട്ടില്ല ഞാന്‍ ... എന്‍റെ ഭാര്യയായി എന്‍റെ ജീവിതത്തിലേക്ക് വരുന്ന പെണ്ണ് എന്നെ മനസിലാക്കുന്നവളും എന്നെ സ്നേഹിക്കുന്നവളും ആയിരിക്കണം എന്ന നിര്‍ബന്ധം മാത്രേ ഉണ്ടായിരുന്നുള്ളു ''
'' പക്ഷെ ... എന്നെ മനസിലാക്കാന്‍ നീ ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ല ... നിനക്കെന്നും വലുത് നിന്‍റെ വാശിയും ദേഷ്യവുമായിരുന്നു ... ''
'' നിന്‍റെ വാശിയും ദേഷ്യവും കുറുമ്പുകളും എന്നും ആസ്വദിച്ചിട്ടേ ഉള്ളു ... പക്ഷെ ... അന്നൊക്കെ മനസിലുണ്ടായിരുന്നു ... എന്നോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണ് നീ അങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ''
'' പക്ഷേ ... ഇപ്പോ എനിക്ക് മനസിലാവുന്നുണ്ട് ...
നീ ഒരിക്കല്‍ പോലും എന്നെ സ്നേഹിച്ചിട്ടില്ല ...
നീ മറ്റാരേക്കാളും കൂടുതല്‍ സ്നേഹിച്ചത് നിന്നെ തന്നെയാണ് .... ഒരല്‍പമെങ്കിലും സ്നേഹം എന്നോട് നിന്‍റെ മനസിലുണ്ടായിരുന്നെങ്കില്‍ ...
മറ്റാരേക്കാളും എന്തിനേക്കാളും നിന്നെ സ്നേഹിച്ച എന്നെ ഒരു ടിഷ്യൂപേപ്പറിന്‍റെ ലാഘവത്തോടെ നീ വലിച്ചെറിയില്ലായിരുന്നു ''
രാഹുലിന്‍റെ വാക്കുകളില്‍ പതര്‍ച്ചയുണ്ടായിരുന്നു
തന്‍റെ നിറഞ്ഞ് തുളുമ്പുന്ന മിഴികള്‍ രാഹുല്‍ കാണാതിരിക്കാന്‍ അശ്വതി രാഹുലില്‍ നിന്നും മുഖം തിരിച്ച് പിടിച്ചു
പെട്ടന്ന് രാഹുലിന്‍റെ അരുകില്‍ ഒരു കാര്‍
വന്ന് നിന്നു
അശ്വതിയും രാഹുലും കാറിലേക്ക് നോക്കി
കാറിന്‍റെ ഡോര്‍ തുറന്ന് മാളവിക പുറത്തിറങ്ങി ...
വധുവിന്‍റെ വേഷത്തില്‍
മാളവിക രാഹുലിനേയും ഓട്ടോയിലിരിക്കുന്ന അശ്വതിയേയും മാറിമാറി നോക്കി
'' രാഹുല്‍ .... എനി പ്രോബ്ളം ''
'' ഹെയ് .... നതിംഗ് യാ ... താന്‍ അങ്ങോട്ട് ചെല്ല് ...
ഞാന്‍ ദാ വന്നു ''
മാളവിക അശ്വതിയെ നോക്കി ചിരിച്ചു ... പിന്നെ രാഹുലിനോടായ് പറഞ്ഞു
'' മുഹൂര്‍ത്തത്തിന് സമയാവുന്നു രാഹുല്‍ ''
'' താന്‍ ചെല്ലടോ ... ജസ്റ്റ് ടു മിനിട്ട്സ് ...
ഞാന്‍ എത്തി ''
'' ഉം ... K ''
രാഹുലിനെ നോക്കി ഒന്ന് പുഞ്ചിരിച്ച്
മാളവിക നടന്നു
രാഹുല്‍ അശ്വതിയെ നോക്കി
'' എന്നെ വേണ്ടെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞത് നീയാണ് ... പ്രാണനോളം നിന്നെ സ്നേഹിച്ചതിന് നീ തന്ന ശിക്ഷ ... എന്നില്‍ നിന്നും നീ ആഗ്രഹിച്ച മോചനം ഞാന്‍ നിനക്ക് തന്നു .... പോവാണ് ...
നിന്‍റെ വഴിയില്‍ ഒരു തടസമായ് .... ശല്യമായ് ഇനി ഞാനുണ്ടാവില്യ ... ഇനിയൊരിക്കലും തമ്മില്‍ കാണാന്‍ ഇട വരാതിരിക്കട്ടെ ... ''
രാഹുല്‍ തിരിഞ്ഞ് നടന്നു ... അശ്വതിയുടെ മറുപടിക്ക് കാത്ത് നില്‍ക്കാതെ
അശ്വതി കൈകള്‍ കൊണ്ട് മുഖം പൊത്തി പിടിച്ച് പൊട്ടിക്കരഞ്ഞു
കൈവിരലുകള്‍ക്കിടയിലൂടെ ... കണ്ണീര്‍ നിറഞ്ഞ് കാഴ്ച്ച മങ്ങിയ മിഴികള്‍ക്കിടയിലൂടെ അവള്‍ കണ്ടു തന്നില്‍ നിന്നും നടന്നകലുന്ന രാഹുല്‍ നെ
' എന്നെ വിട്ടിട്ട് പോവല്ലെ രാഹുല്‍ ' എന്ന് അവളുടെ ഹൃദയം ഉറക്കെ അലമുറയിടുന്നുണ്ടായിരുന്നു
നിര്‍ത്താതെ നിറഞ്ഞൊഴുകിയ മിഴികള്‍
അവള്‍ ഇറുക്കിയടച്ചു
'' അതേയ് ഒരു കാര്യം പറയാന്‍ വിട്ടു ''
ശബ്ദം കേട്ട് ഞെട്ടി കണ്ണുകള്‍ തുറന്ന
അവള്‍ കണ്ടു
മുന്നില്‍ .... അതാ രാഹുല്‍
'' നമ്മളൊരുമിച്ചുള്ളപ്പോള്‍ തനിക്ക് എന്തിനും ഏതിനും പരാതിയായിരുന്നില്ലെ ... ഇനി എന്‍റെ കല്ല്യാണത്തിന് വിളിച്ചില്യ എന്ന പരാതി വേണ്ട ...
സൈന്‍ ചെയ്യാനായിട്ട് ഒരാളുടെ കുറവുണ്ട് ...
ഇറങ്ങി വാ ''
അശ്വതി കേട്ടിട്ടും തലയുയര്‍ത്തിയില്ല
'' അനുസരണാശീലം പിന്നെ പണ്ടേ ഇല്ലല്ലോ
ന്‍റെ അച്ചൂന് ... ഇങ്ങോട്ടിറങ്ങടി ''
എന്ന പറച്ചിലും രാഹുല്‍ ഓട്ടോയിലിരുന്ന അശ്വതിയുടെ കൈ പിടിച്ച് വലിച്ച് പുറത്തേക്കിറക്കലും ഒന്നിച്ച് കഴിഞ്ഞിരുന്നു
സംഭവിച്ചതെന്താണെന്ന് തിരിച്ചറിയാതെ പകച്ച് നിന്ന അശ്വതിയെ രാഹുല്‍ തന്‍റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു
രാഹുല്‍ അശ്വതിയുടെ കണ്ണുകളിലേക്ക്
ഉറ്റ് നോക്കി .... പിന്നെ പറഞ്ഞു
'' അങ്ങനെയങ്ങ് വിട്ടിട്ട് പോവോടാ നിന്നെ ...
അതിനാണോ പ്രാണന്‍ കളഞ്ഞ് നിന്നെ ഇത്രേം സ്നേഹിച്ചത് ....
അറിയാമായിരുന്നു ന്‍റെ അച്ചു തിരിച്ച് വരുംന്ന് .... നീ ഇല്ലാതെ ഈ മൂന്ന് മാസം കഴിച്ച് കൂട്ടിയത് എങ്ങിനെ ആണെന്ന് എനിക്ക് മാത്രേ അറിയൂ ....
ഭ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു
തെറ്റ് പറ്റീട്ടുണ്ട് എനിക്കും ... നിന്നെ മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല ... പലപ്പോഴും ...
ഞാനും ഒന്ന് വിട്ട് കൊടുത്തിരുന്നെങ്കില്‍ പലതും ഒഴിവാക്കാമായിരുന്നു ....
ക്ഷമിക്കെടാ ... പറ്റിപ്പോയി ''
അശ്വതി പൊട്ടിക്കരഞ്ഞു ....
പരിസരം മറന്ന് ഉറക്കെ .... രാഹുലിന്‍റെ നെഞ്ചില്‍ മുഖം പൂഴ്ത്തി അവനെ ഇറുകെ പിടിച്ച്
അവള്‍ നിന്നു
അശ്വതിയെ തന്‍റെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുമ്പോള്‍ രാഹുലിന്‍റെ മിഴികളും നിറഞ്ഞ് തുളുമ്പുകയായിരുന്നു
'' അതേയ് .... ഇത് പബ്ളിക് പ്ളേസ് ആണ് ട്ടോ ..
മറക്കണ്ട രണ്ടാളും ''
അശ്വതിയും രാഹുലും തിരിഞ്ഞ് നോക്കി
തങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു ...
ശിവനും അനുവും
'' ജീവിതം എന്ന് പറയുന്നത് തന്നെ ഒരു തരം അഡ്ജസ്റ്റ്മെന്‍റ് ആണ് ... ആ അഡ്ജെസ്റ്റ്മെന്‍ില്‍ പരസ്പരം സ്നേഹിക്കാനും മനസിലാക്കാനുമുള്ള മനസുണ്ടെങ്കില്‍ പിന്നെ ഭൂമിയിലെ സ്വര്‍ഗ്ഗം അത് തന്നെയാണ് ....
രണ്ടാളോടും കൂടീട്ടാ പറഞ്ഞത് ''
അനു അശ്വതിയോടും രാഹുലിനോടുമായ് പറഞ്ഞു
'' ഒരു നല്ല കാര്യത്തിന് കൂട്ട് നിന്നൂന്നേ ഉള്ളൂട്ടോ മോളെ ... തെറ്റായി എടുക്കരുത് ട്ടോ ''
ശിവന്‍ അശ്വതിയോട് പറഞ്ഞു
അശ്വതി ഒന്ന് പുഞ്ചിരിച്ചു ശിവനെ നോക്കി ...
' എല്ലാം മനസിലായി ' എന്നൊരര്‍ത്ഥമുണ്ടായിരുന്നു ആ ചിരിയില്‍
'' രാഹുല്‍ .... മാളവിക ... '' ഒരല്‍പം വേവലാതിയുണ്ടായിരുന്നു അശ്വതിയുടെ സ്വരത്തില്‍
'' അതേടോ .... ഇന്നവളുടെ വിവാഹമാണ് ...
ദേ ആ നില്‍ക്കുന്നതാണ് വരന്‍ ''
മാളവികയുടെ തൊട്ടടുത്ത് നില്‍ക്കുന്ന ആളെ ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു
അശ്വതിയും രാഹുലും തന്നെ നോക്കുന്നത് കണ്ട് മാളവിക അവര്‍ക്ക് നേരെ കൈവീശി കാണിച്ചു
'' മാളവികയ്ക്ക് എല്ലാമറിയാം ... പറഞ്ഞിരുന്നു അവളോട് എല്ലാം ... തന്നെ ഒന്ന് പേടിപ്പിക്കണം ...
അതിന് വേണ്ടി എല്ലാവരും കൂടി കളിച്ച
ഒരു നാടകം .... അതായിരുന്നു ഇത്
ഉറപ്പായിരുന്നു നീ തിരിച്ച് വരുമെന്ന് ...
ന്‍റെ അച്ചൂന്‍റെ മനസ് ഞാന്‍ മനസിലാക്കിയ പോലെ മറ്റാരും മനസിലാക്കിയിട്ടില്ലല്ലോ ...
നന്നായിട്ട് അറിയാം ... ആ മനസില്‍ എത്രത്തോളം ആഴത്തില്‍ ഞാന്‍ പതിഞ്ഞ് കിടക്കുന്നുണ്ടെന്ന് ''
രാഹുല്‍ പറഞ്ഞു ... അശ്വതി രാഹുലിന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചു
'' ഇങ്ങനെ സംസാരിച്ച് നിന്നാ മുഹൂര്‍ത്തം
കഴിയും ട്ടോ ''
അനു അവരെ ഓര്‍മ്മപ്പെടുത്തി
അശ്വതിയെ ചേര്‍ത്ത് പിടിച്ച് രാഹുല്‍ രജിസ്റ്റര്‍ ഒഫീസിന് നേരെ നടന്നു
തുലനം ചെയ്ത് നോക്കിയപ്പോള്‍ വാശിക്കും വൈരാഗ്യത്തിനുമപ്പുറം സ്നേഹത്തിന്‍റെ തട്ടിനാണ് ഭാരം കൂടുതലെന്ന തിരിച്ചറിവില്‍
രാഹുലും അശ്വതിയും പുതിയൊരു ജീവിതത്തിേക്ക് കാല്‍ വയ്ക്കുകയാണ്
കാറ്റ് കൊഴിച്ചിട്ട വാകപൂക്കള്‍ക്ക് നടുവിലൂടെ
രാഹുലിനോടൊപ്പം ബുള്ളറ്റില്‍ പോകുമ്പോള്‍ ... അവനെ ചുറ്റിപിടിച്ച് അവന്‍റെ തോളില്‍ തലചായ്ച്ച് ഇരിന്നു അശ്വതി
'' ഞാന്‍ ഇനീം വഴക്കിടും ... നോക്കിക്കോ ... ''
അവള്‍ രാഹുിനോട് പറഞ്ഞു
'' ഓഹോ ... എന്നാ ഞാന്‍ ഇനീം ഡിവോഴ്സ് ചെയ്യും ... എന്നിട്ട് പിന്നേം നിന്നെ കെട്ടും ''
രാഹുലിന്‍റെ മറുപടി കേട്ട് അശ്വതി പൊട്ടിച്ചിരിച്ചു
കൂടെ രാഹുലും
രാഹുലിന്‍റെ ശരീരത്തോട് ഒന്ന് കൂടി ചേര്‍ന്നിരിക്കുമ്പോള്‍ ... തന്‍റെ ഹൃദയത്തോടൊട്ടി കിടന്ന താലിയില്‍ അവള്‍ മുറുകെ പിടിച്ചു
മരണത്തിനല്ലാതെ മറ്റൊന്നിനും ഇനി ഈ താലി തന്നില്‍ നിന്നും അടര്‍ത്തി മാറ്റാനാവില്ല എന്ന അര്‍ത്ഥത്തോടെ ....
( താന്‍ പറയുന്നതും താന്‍ ചെയ്യുന്നതും മാത്രമാണ് ശരിയെന്ന് ഓരോ ഭാര്യയും ഭര്‍ത്താവും ചിന്തിക്കാന്‍ തുടങ്ങുന്നിടത്തായിരിക്കും ദാമ്പത്യത്തിലെ വിള്ളലുകള്‍ ആരംഭിക്കുക
പരസ്പരം മനസിലാക്കാന്‍ .... വിശ്വസിക്കാന്‍ ...
ഒരല്‍പം സ്നേഹിക്കാന്‍ ... ഒന്ന് വിട്ട് കൊടുക്കാന്‍
ഓരോ ഭാര്യയ്ക്കും ഭര്‍ത്താവിനും കഴിഞ്ഞാല്‍
ദാമ്പത്യം ഒരുപാട് മനോഹരമായിരിക്കും ...മഴവില്ല് പോലെ )

By GowriKalyani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo