Slider

മിഴിനീർത്തുള്ളികൾ

0
Image may contain: 1 person, outdoor

അച്ഛമ്മ സുന്ദരിയായിരുന്നു....അല്പം മുന്നോട്ടുന്തിയ പല്ലുകൾ ആ സൗന്ദര്യത്തിനു മാറ്റുകൂട്ടിയിരുന്നതായേ എനിക്ക് തോന്നിയിട്ടുള്ളൂ. എന്റെ ബാല്യത്തിൽ നീണ്ട ഇടതൂർന്ന ആ കേശഭാരം ഒരു വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്.....മരണത്തിനു മുന്‍പുള്ള ദിവസങ്ങളിൽ മുടിമുറിച്ച് ഒരാൺകുട്ടിയുടെ രൂപസാദൃശ്യം തോന്നിക്കുന്ന വിധത്തിലുള്ള ആ മുഖം, കണ്ടപ്പോൾ തളർന്നുപോയിരുന്നു ഞാൻ.
ഓർമ്മനശിച്ച ആ തലച്ചോറിൽ എന്റെ മുഖം കണ്ടമാത്രയിൽ ഒരു മിന്നൽപ്പിണർ ഉതിർന്നതു ഞാനറിഞ്ഞു...ഒരു ചെറുപുഞ്ചിരിയും ; പിന്നെയത് ഒരു പൊട്ടിക്കരച്ചിലായി മാറിയതും ആ പഴയ പേരക്കുട്ടിയെ തിരിച്ചറിഞ്ഞതിനാലായിരിക്കണം...
ഇരുപത്തിനാലാം വയസ്സിൽ വിധവയായ അച്ഛമ്മയുടെ കണ്ണുനീർ വറ്റാഞ്ഞതെന്തേ എന്നു ഞാൻ പല തവണ അത്ഭുതപ്പെട്ടിരുന്നു.
കുഞ്ഞുന്നാൾ മുതല്‍ക്കേ ഓരോ പരീക്ഷകൾക്കും പോകും മുമ്പും ആ കാൽ തൊട്ട് അനുഗ്രഹം വാങ്ങുമായിരുന്ന എന്നെ ഒരു പൊട്ടിക്കരച്ചിലോടെ മാത്രമേ എന്റെ അച്ഛമ്മ യാത്രയാക്കിയിരുന്നുള്ളൂ... ഇതിനൊക്കെയെന്തിനാണ് അച്ഛമ്മ കരയുന്നതെന്ന് ഞാൻ ഓർത്തിട്ടുണ്ട്....
ഒടുവിൽ സുമംഗലിയായി പടിയിറങ്ങുമ്പോഴും; ദൈവം എനിക്കു തന്ന കുഞ്ഞിനെ ആ കൈകളിൽ ഏറ്റുവാങ്ങുമ്പോഴും ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു....
കുടുംബം സ്വരുക്കൂട്ടാനുള്ള ഓട്ടത്തിനിടയിൽ പ്രവാസവും ജോലിത്തിരക്കുകളും അച്ഛമ്മയെ എന്നിൽ നിന്നും അകറ്റിയെങ്കിലും; നീണ്ട ഇടതൂർന്ന നരച്ചതലമുടി മുന്നിലേക്കിട്ടിരിക്കുന്ന ആ സ്നേഹമുഖം എന്റെ സ്വപ്നങ്ങളെ തഴുകി.
അവസാനം മിഴികൾകൊണ്ടു യാത്ര പറയുമ്പോളും അതു നിറഞ്ഞുതുളുമ്പിയിയിരുന്നു. ഇനിയൊരു കൂടിക്കാഴ്ചയില്ലെന്ന് ആ കണ്ണുകൾ തിരിച്ചറിഞ്ഞിരിക്കണം.
പിന്നീട് ഇതുപോലെ ഒരു ഏപ്രിൽ മാസത്തിലെ സന്ധ്യയിൽ ഫോണിലെ പച്ച വെളിച്ചത്തിൽ നിറഞ്ഞുനില്ക്കുന്ന ചുവന്ന സന്ദേശങ്ങളിലൊന്ന് എന്റെ മിഴിനിറച്ചതെന്തേ.....എന്റെ ബാല്യകൗമാരങ്ങളിൽ നിറസ്നേഹമായിരുന്ന അതേ കണ്ണീർ .......
എന്റെ അച്ഛമ്മയുടെ മിഴിനീർ.....
സിബി മേപ്പുറത്ത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo