Slider

ഒടിയൻ: (നർമ്മകഥ)

0

ഒടിയൻ: (നർമ്മകഥ)
പാടത്തിന്റെ അപ്പുറത്ത് ഒരു മൈലാഞ്ചിക്കല്യാണം നടക്കുന്നുണ്ട് എന്നോടൊക്കെ അവര് കല്യാണം പറഞ്ഞിട്ടുമുണ്ട്. പന്ത് കളിക്കാൻ പോയാല് അവരുടെ വീട്ടീന്നാ ഞമ്മള് വെള്ളം കുടിക്കല്. അപ്പൊ കല്യാണത്തിന് നേരത്തെ ചെല്ലണം എന്നും ഉത്തരവുണ്ട്. ഞമ്മളാണെങ്കിലോ കല്യാണം എന്ന് കേട്ടാല് അവിടെ മയ്യത്താവും. പോരാത്തതിന് ഗാനമേളയും.
' നല്ലമൊഞ്ചത്തിക്കുട്ടികളുടെ ഒപ്പനയും ഗാനമേളയും ഒക്കെ കണ്ട് നേരം പോയതറിഞ്ഞീല. ഞമ്മളെ ഭാഗത്തേക്ക് രണ്ട് മൂന്ന് ആർക്കാര് ടോർച്ചും അടിച്ച് പോകണ കണ്ടപ്പോ ഞാനും അവരൊപ്പം കൂടി. താറിട്ട റോഡ് കഴിഞ്ഞ് പഞ്ചായത്ത് റോഡ് എത്തിയപ്പോ ഞാനൊറ്റക്കായി .ഒപ്പമുണ്ടായിരുന്നവരോ അവരവരുടെ വീടുകളിലേക്കും പോയി.
പാട്ടും പരിപാടിം നല്ല ശബ്ദത്തിൽ തന്നെ കേൾക്കുന്നുണ്ട്. എന്റെ വീട്ടിലേക്കാണെങ്കിൽ പഞ്ചായത്ത് റോഡിലൂടെ അൽപം പോകാനുമുണ്ട് - പഞ്ചായത്ത് റോഡിന്റെ ഒരു ഭാഗത്ത് ഒരു ഒഴിഞ്ഞ പറമ്പാ.. പൊന്തയും കുറ്റിക്കാടുകളും നിറഞ്ഞു നിൽക്കുന്ന പറമ്പ്.
കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ ഒരു മുരൾച്ച.നായയാണ്. ഞാൻ അപ്പൊത്തന്നെ വടിയും കുന്തവും ഒക്കെതിരഞ്ഞു. ആവശ്യമുള്ള സമയത്ത് ഒന്നും കിട്ടില്ലല്ലോ. നായ മുരൾച്ച മാറ്റി കുരക്കാനാരംഭിച്ചു.
'പടച്ചോനേ,,,,,, ഒന്നല്ല, രണ്ടല്ല, നാലും അല്ല ആറെണ്ണം എന്തിനും തയാറായി അപ്പുറത്ത് നിൽക്കണ്.കഥ കഴിഞ്ഞതു തന്നെ. എറിഞ്ഞോടിക്കാം.
" ശ്ശെ "കല്ലൊന്നും കാണാനില്ലല്ലോ !!!.. അല്ലെങ്കിലും അങ്ങിനെയാ.നായയെ കാണുമ്പോൾ കല്ല് കാണില്ല. കല്ല് കാണുമ്പോൾ നായയെ കാണില്ല. ഇത് രണ്ടും കൂടി കാണുമ്പോൾ എറിയാൻ തോന്നില്ല. മുമ്പാരോ പറഞ്ഞ് വച്ചത് എത്ര ശരിയാ... കാരണവന്മാര് ഒരു സംഭവം തന്നെ..
ഇനീപ്പൊ ആലോചിച്ച് നിന്നിട്ടൊന്നും കാര്യമില്ലാന്നാ തോന്നുന്നെ.. പള്ളിപ്പറമ്പിലെ മീസാൻ കല്ലിനരുകിൽ കുത്താൻ ഒരു ചെടി പോലും നട്ടുനനച്ചു ഉണ്ടാക്കീട്ടില്ല. അതും അയൽവാസീന്റെ മുറ്റത്തൂന്ന് പൊട്ടിക്കേണ്ടി വരും.
മുമ്പെ ഞാൻ നല്ല ഓട്ടക്കാരനായിരുന്നു അതു കൊണ്ട് ഞാൻ ഓടാൻ നോക്കി.പക്ഷെ എന്നേക്കാളും നല്ല ഓട്ടക്കാരാണ് ഞമ്മളെ ഇപ്പോ ഓടിക്കണെ.അതുകൊണ്ട് പരാജയം ഒറപ്പാ.... പെങ്ങൾക്ക് കടം കൊടുത്ത പതിനയ്യായിരം ഉറുപ്യ നാളെ തരാന്ന് പറഞ്ഞതാ. അത് ആശുപത്രീക്കൊ അല്ലെങ്കി പള്ളിക്കമ്മറ്റിക്കൊ. രണ്ടിലൊന്നു ഒറപ്പാ..
ഈ നായ്ക്കളെ കൈകാര്യം ചെയ്യാൻ പറ്റിയ കരാട്ടെ എവിടേങ്കിലും പഠിപ്പിക്കുന്നുണ്ടാവോ ആവോ?.
അപ്പൊ കാണണ ആളെ അപ്പാ എന്ന് വിളിക്കണ ഒരു പരിപാടിണ്ടത്രെ...ആ പരിപാടി എടുക്കാൻ തന്നെ തീരുമാനിച്ച്... മുന്നിൽ കണ്ട വലിയ മാങ്ങ മൂച്ചിയില് കൊത്തിപ്പിടിച്ച് കയറി.അപ്പൊ തോന്നണ ബുദ്ധി.. മരത്തിമ്മെ കയറി താഴേക്ക് നോക്കിയപ്പോ ആറ് ശശിമാരുണ്ട് എന്നെ നോക്കി നിൽക്കണ്. ഞാനല്ലെങ്കിലും ഭയങ്കര ബുദ്ധിയല്ലെ എന്നോടാ കളി.
ഈ നായകള് താഴെ നിന്നും പോകുന്നില്ലല്ലൊ...?
എന്താ ഒരു ശബ്ദം?.മരം ഒന്നാകെ വിറക്കുകയാണല്ലൊ?.. അത് ശരി.. ചില മരുഷ്യര് മരത്തിൽ കയറിയാ മരം ആകെ ഭയന്ന് വിറക്കും. അങ്ങനെ വിറക്കുന്നതാ ഞാൻ അറിഞ്ഞ ശബ്ദം.
ഞാൻ ഏറ്റവും മോളിലെത്തി ഇരിപ്പുറപ്പിച്ചു. എന്നിട്ട് നാലുപാടും നോക്കി ആരെയും കാണാനില്ലല്ലോ.
അയമ്മത് കാക്കാന്റെ വീട്ടില് മുകൾനിലയില് മരുമകൾ കിടക്കുന്ന മുറിയില് ആളനക്കം കാണുന്നുണ്ട്. നേരിയ വെളിച്ചവും ഉണ്ട്. ഈ നട്ടപ്പാതിര നേരത്ത് ഉറങ്ങാതെ ഇവൾ എന്തെടുക്കുകയാണാവോ അവിടെ?. അവരുടെ ഭർത്താവ് വിദേശത്താ..
ഇപ്പൊ നേരിയ വെളിച്ചം ഉള്ളതും അണച്ചു. ജനവാതിൽ തുറന്നു.നേരിയ വെളിച്ചം മുറിക്കകത്തുണ്ട്. മൊബൈലിന്റെ വെളിച്ചമാ.. ഭർത്താവ് ഗൾഫിലും അവളിവിടെ പാതിരാത്രിയിലും ചാറ്റിങ്ങ്. എന്താ പെണ്ണുങ്ങളെയൊക്കെ കഥ. വെർതെ അല്ല. ഈ നായ്ക്കളൊക്കെ കടിച്ചുകീറാൻ നടക്കുന്നത്.
ശശികളായ നായകൾ ഞാൻ ഇറങ്ങുന്നതും നോക്കി നിന്ന് ചsച്ച് പൊന്തക്കാടിന്റെ അപ്പുറത്തേക്ക് പോയി. എന്നാലും ഞാൻ ഇറങ്ങുമോ..?. ഞാനാരാ മോൻ?. ഞാനിറങ്ങിക്കഴിഞ്ഞാൽ വേഗം ഓടി വന്ന് കടിക്കാലോ.. ഏതാ ബുദ്ധി..? മനുഷന്മാരേക്കാൾ ബുദ്ധി നായക്കോ?.
പെട്ടെന്ന് ഒരു ബൈക്കിന്റെ ശബ്ദം കേൾക്കുന്നുണ്ട്. ദാ.. ഒരുത്തൻ ബൈക്കുമായി വരുന്നു. പരിചയമില്ലാത്ത ആളാ.. അവൻ മരത്തിന്റെ താഴെ എത്തിയതും നായകൾ ഓടിവന്നതും ഒരുമിച്ചാ.. അവനുണ്ട് ഓടി വരുന്ന പട്ടികളെ കണ്ട് ഒരു ഓട്ടം ഓടിട്ട് സൂർ ത്തുക്കളെ... ചിരിക്കാൻ എങ്ങോട്ടെങ്കിലും പോണോ... പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ....
പിന്നാലെ പട്ടികളും ഓടടാ ഓട്ടം. ആ റെണ്ണം ബൈക്കിന് പിന്നാലെ. ആ തക്കത്തിന് ഞാനും ഇറങ്ങി ഓടി.. ഓടടാ ഓട്ടം... മ്മളെ വീട്ടിലെത്തീട്ടാ പിന്നെ നിന്നത്.
അപ്പഴും ഞമ്മക്കൊരു സംശയം ണ്ട് സൂർ ത്തുക്കളെ. നിങ്ങൾക്കും ണ്ടാവും. ആ അസമയത്ത് അവനെന്തിന് അവിടെ വന്നു.. അയമ്മദ് കാക്കാന്റെ മരുമോള് ഉറങ്ങാതെ ഫോണിലും കളിച്ച് കാത്തിരിക്കുന്നതാർക്കുവേണ്ടി?. അവന്റെ വരവും അവളുടെ ഫോണും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? കണ്ട് പിടിക്കണമല്ലൊ..
പിറ്റെ ദിവസം രാത്രി മൊബൈല് ചാർജ് ഫുള്ളാക്കി ഫോൺ മെമ്മറി ഒക്കെകാലിയാക്കി വീഡിയോ ക്ളാരിറ്റിയൊക്കെ കൂട്ടി ഒരു നീണ്ട വടിയും കുറച്ച് ഉരുളൻ കല്ലുകളുമായി കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ മരത്തിൽ കേറിപ്പറ്റി. പന്ത്രണ്ടാം ചുള്ളിയിലെത്തി ഇരിപ്പുറപ്പിച്ചതിന് ശേഷം ഞാൻ അയമ്മദ് കാക്കാന്റെ മരുമോളെ മുറിയിലേക്ക് നോക്കി. നേരിയ വെളിച്ചം മാത്രം. ഇളകുന്ന നിഴലുകളൊന്നും കണ്ടില്ല .അൽപം കഴിഞ്ഞപ്പോൾ മുറിയിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേൾക്കുന്നു. അയമ്മദ് കാക്കാന്റെ മരുമോളെ താരാട്ട് പാട്ട് കേൾക്കുന്നുണ്ട്. കുട്ടിയെ ആട്ടുകയാണ്.ഈ സ്ത്രീകളുടെ ഒക്കെ കാര്യേ ഉറക്കം കണ്ണുകളിൽ ഊഞ്ഞാല് കെട്ടുമ്പഴാ കുട്ടികള് ഉണരുക.. കഷ്ടം തന്നെ...
ദാ വരുന്നു നമ്മുടെ കഥാനായകൻ... ബൈക്കില്... ഇവനിത് സ്ഥിരം പരിപാടി ആണല്ലൊ.... വേഗം മൊബൈല് വീഡിയോ ഓണാക്കി വച്ചു. അവൻ ബൈക്കിൽ നിന്നിറങ്ങുന്നു.രണ്ട് മൂന്നടി നടക്കുന്നു. എവിടെ നിന്നോ ഇന്നലത്തെ നായ്ക്കൾ കുരച്ചു കൊണ്ട് പാഞ്ഞു വരുന്നു.ഇവറ്റകൾ ഇവിടെയൊക്കെ ഉണ്ടായിരുന്നോ.?
അവൻ വേഗം തിരിഞ്ഞ് ബൈക്ക് ന്റടുത്തേക്ക് തന്നെ വന്നു.പടച്ചോനെ ഇവൻ നോക്കുന്നത് മരത്തിൻമേലാണല്ലൊ.. എന്നെ കാണുമോ.? ആകെ നാണം കെടുമോ?
കുടുങ്ങി...... അവൻ മരത്തിൽ തന്നെ കേറി... നായ്ക്കൾ താഴെ നിന്ന് നാവ് നീട്ടുന്നു. ഹാവൂ അത് കാണുമ്പോൾ തന്നെ പേടിയാകുന്നു. അവൻ ചെറിയ ചുള്ളിക്കമ്പുകൾ പൊട്ടിച്ചെടുത്ത് നായ്ക്കളെ എറിയാൻ നോക്കുന്നുണ്ട്.ഹാവൂ,, ഒന്നിന് ഏറ് കൊണ്ട്... അത് പാഞ്ഞു പോയി... അത് കണ്ട് മറ്റെ നായ്ക്കളും ഒന്ന് അകന്ന് നിൽക്കുകയാ.. അതിനിടയിൽ നമ്മുടെ നായകൻ നീളമുള്ള ഒരു കൊമ്പ് ചീന്തിയെടുത്തു. തരക്കേടില്ല ബുദ്ധിയും ശക്തിയും ധൈര്യവും ഉള്ളവനാ അവൻ.. എന്നേപ്പോലെ.. മരക്കൊമ്പുമായി താഴെ ഇറങ്ങിയ അവനെ കണ്ട് നായ്ക്കൾ ഓടടാ ഓട്ടം.. ഇത്രേ ഉണ്ടായിരുന്നൊള്ളോ... നായ്ക്കളെ ധൈര്യം.. ഇതിനാണ് ഇന്നലെ ഞാൻ കൊറെ സമയം കളഞ്ഞത്. ഭാഗ്യം അവൻ എന്നെ കണ്ടിട്ടില്ല.
ദാ.... അവൻ ഫോണെടുത്തു. ആർക്കൊ വിളിക്കുന്നുണ്ട്. അവന്റെ ചലനങ്ങളൊക്കെ മൊബൈലിൽ പകർത്തിക്കൊണ്ടിരിക്കുന്നു. പെട്ടെണ് ഒരു ട്രിപ്പർ ഇരമ്പിപ്പാഞ്ഞ് വന്ന് സഡൻ ബ്രേക്കിട്ട് നിർത്തി. ഇവനതിൽ ചാടിക്കേറിപ്പോയി. ഒടിയന്മാർ.
സംഗതി പിടുത്തം കിട്ടിയോസൂർത്തുക്കളെ.മണൽ മാഫിയയാ അവൻ. മണൽ മാഫിയയെ ഞങ്ങളുടെ നാട്ടുകാർ വിളിക്കുന്ന പേരാണ് ഒടിയന്മാർ എന്ന് .രാത്രി മാത്രം പ്രത്യക്ഷപ്പെടുകയും കണ്ട പൊന്തയിലും കുറ്റിക്കാട്ടിലും ഒക്കെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ആളുകളായത് കൊണ്ടാണ് ഒടിയന്മാർ എന്ന പേര് വീണത്.
പിന്നെ അയമ്മദ് കാക്കാന്റെ മരുമോളെ കാര്യം ഞമ്മള് വെറ് തെ തെറ്റിദ്ധരിച്ചതാസൂർത്തുക്കളെ.. വെറ്തെ തെറ്റിദ്ധരിച്ചതാ...
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo