Slider

കുളിർമഴ

0

''അമ്മേ എന്തുപറ്റി അമ്മക്ക് കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നു ''
''ഏയ് ഒന്നൂല...'' ശ്യാമക്ക് ഉത്തരം മുട്ടി...
''അല്ല എന്തോ ഉണ്ട് അമ്മ വെറുതെ ദേഷ്യപെടുന്നു.... നല്ലൊരു ഭക്ഷണം പോലും ഉണ്ടാക്കുന്നില്ല അമ്മ വേറേ ഏതോ ലോകത്താണ്''
''ഇല്ല മോളെ എനിക്കൊന്നും പറ്റിയില്ലെടാ മോളു വിഷമിക്കാതെ സ്ക്കൂളിൽ പോ വരുമ്പോഴേക്കും എല്ലാം ശരിയാകും....''
''അമ്മേ ഞാൻ പത്തിൽ പഠിക്കുന്ന കുട്ടിയാ കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെയുണ്ട്... എന്തായാലും എന്നോടു പറയണം ഞാനുണ്ട് കൂടെ എനിക്കിവിടെ നിങ്ങൾ രണ്ടാളും മാത്രല്ലേ ഉള്ളൂ നിങ്ങൾ പരസ്പരം മിണ്ടാതിരുന്നാൽ എൻ്റ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ...''
''അയ്യോ മോളേ....എന്തായിത്...'' ശ്യാമയുടെ നിയന്ത്രണം വിട്ടു അവൾ മോളെ ചേർത്തു പിടിച്ചു രണ്ടുപേരും കരഞ്ഞു....
അവൾ പോയതിനു ശേഷം ശ്യാമ ബെഡ്റൂമിൽ പോയി തൻ്റെയും ഗോപേട്ടൻ്റെയും ഒന്നിച്ചുള്ള ഫോട്ടോ കുറെ നേരം നോക്കി നിന്നു... തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന തൻ്റെ ഏട്ടൻ ഒരാഴ്ചയായി അദ്ദേഹത്തിൻ്റെ ആഗ്രഹങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണ്..... ഒരുപാടു വിഷമിക്കുന്നുണ്ടാവും ഒന്നും ചോദിച്ചിട്ടില്ല താനും ഒന്നും പറഞ്ഞില്ല... തന്നെക്കാളും രണ്ടു വയസ്സു മാത്രം മൂത്തതാണ് ഗോപൻ...സ്നേഹിച്ച പുരുഷൻ്റെ കൂടെ ഇറങ്ങി വരുകയായിരുന്നു.... ഇന്നുവരെ പൊന്നുപോലെ നോക്കീട്ടേ ഉള്ളൂ ....
എന്നും ഒരു കാര്യത്തിൽ മാത്രമേ ഏട്ടനു നിർബന്ധമുള്ളൂ രാത്രിയിൽ താനെപ്പോഴും കൂടെ വേണം ...ഒരു കൈകൊണ്ട് തന്നെ ചുറ്റിപിടിച്ച് കിടന്നുറങ്ങും... ആ സ്നേഹവും സുരക്ഷിതത്വവും ആവോളം ആസ്വദിച്ചിട്ടുണ്ട്....
കൂടെ ജോലിചെയ്യുന്ന വാസന്തി ചേച്ചിയാണ് പറഞ്ഞത് ആർത്തവം നിന്നാൽ നമ്മൾ വെറും പെണ്ണുങ്ങൾ മാത്രമാവുമെന്ന്....ഒരു വികാരവും ഇല്ലാത്ത വെറും പെണ്ണുങ്ങൾ... മുൻകോപം ,ശരീരവേദന, അകാരണമായ ഭയം ഇവയെല്ലാം ഉണ്ടാവുമത്രേ.....തനിക്കും ഇതൊക്കെയല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്...
ഏട്ടനോട് എങ്ങനെ പറയും തൻ്റെ അവസ്ഥ ...
അദ്ദേഹം മനസ്സിലാക്കുമോ.....
കോളിംഗ് ബെല്ലിൻ്റെ ശബ്ദം ശ്യാമയെ ചിന്തയിൽ നിന്നുണർത്തി.......ഏട്ടൻ...
'നീയെന്താ കരയുകയായിരുന്നോ...''
''ഏയ് ഇല്ലാലോ ...''
അയാൾ അവളെ പിടിച്ച് സെറ്റിയിലിരുത്തി....
''പറയൂ ശ്യാമേ എന്താ നിൻ്റെ പ്രശ്നം കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു..തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്നോടും മൊളോടും ദേഷ്യപെടുന്നു....രാത്രിയിലാണെങ്കിൽ അങ്ങനെ ..
ശരിക്കും എന്താ നിൻ്റെ പ്രശ്നം ....''
''ഏട്ടാ അത്...'' അവൾ തൻ്റെ അവസ്ഥ അയാളോട് പറഞ്ഞു .....അയാൾ നിശ്ശബ്ദം കേട്ടിരുന്നു...ഒടുവിൽ ....
''ശ്യാമേ സെക്സ് എന്നത് വലിയ അപരാധമൊന്നുമല്ല മറിച്ച് അത്യാവശ്യമാണുതാനും....ആരോഗ്യകരമായ സെക്സ് ജീവിതത്തിലെ ഏറ്റവും ഒഴിച്ചു കൂടാനാവാത്ത സംഗതിയാണ്... അതിനു പ്രായപരിധിയില്ല... ആസ്വദിക്കാൻ കഴിയുന്ന കാലം വരെ ആസ്വദിക്കണം....എന്നുകരുതി അതു മാത്രമല്ല ജീവിതം
നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ ചെറിയ കാര്യത്തിനു വേണ്ടി ഞാൻ നിന്നെ ഒറ്റപ്പെടുത്തുമെന്ന് കരുതിയോ.... നമ്മൾ ഇനിയും സ്നേഹത്തോടെ ജീവിക്കും...ഞാനുണ്ടെടോ കൂടെ...'' അയാൾ അവളെ ചേർത്തു പിടിച്ചു ... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.....
''പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കുമുണ്ട് ഒരുപാടു വിഷമങ്ങൾ ഒരു തലോടൽ ഇത്തിരി സാന്ത്വനം അതൊക്കെ ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട്....ഒരു കൈകൊണ്ട് നിന്നെ ചുറ്റിപിടിച്ച് കിടന്നുറങ്ങുമ്പോൾ കിട്ടുന്ന സന്തോഷത്തെ ഞാനെങ്ങനെയാണ് വിവരിക്കുക....'' അയാൾ വികാരാധീനനായി...
അവൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു....
''ഏട്ടാ ഞാൻ....എന്നോട്......''
അയാൾ അവളുടെ വായ് പൊത്തി.....മൂർദ്ധാവിൽ ചുംബിച്ചു....
മോളെ കൂട്ടാൻ രണ്ടുപേരും കൂടി പോയി....
കാറിൽ തിരിച്ചു വരുമ്പോൾ പുറകിലെ സീറ്റിൽ അമ്മയും മകളും സ്നേഹത്തോടെ കുറുമ്പ് കാണിക്കുന്നത് അയാൾക്ക് കാണാമായിരുന്നു....
അയാളുടെ ഉള്ളിൽ അതൊരു കുളിർമഴയായി നിറഞ്ഞു....
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo