Slider

ഓൺ ലൈൻ രചനകൾ പുനർവായനക്ക് വിധേയമാക്കണം.

0

ഓൺ ലൈൻ രചനകൾ പുനർവായനക്ക് വിധേയമാക്കണം.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
വായനയെ കുറിച്ചാണ് ചർച്ചകൾ. വായനയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ എഴുത്തിനെ കുറിച്ചും ചർച്ച നടക്കുമല്ലൊ. പുരാതന കാലം മുതൽക്ക് തന്നെ എഴുത്തും വായനയും നടന്നിരുന്നതായി ചരിത്ര വസ്തുതകൾ നമുക്ക് മനസ്സിലാക്കിത്തരുന്നു. പാഠശാലകൾ ഇല്ലാതിരുന്ന പുരാതന കാലങ്ങളിൽ പോലും ഗുഹകളിലും പാറക്കല്ലുകളിലും ആശയങ്ങളെ അവർ മനോഹരമായി കൊത്തിവച്ചു.
പുതിയ പുതിയ സംസ്കാരങ്ങൾ വായനയിലൂടെ പിറവിയെടുത്തതായി കാണാം. മത സാംസ്കാരികത നിലനിർത്താൻ ഗ്രന്ഥങ്ങൾ ഇറക്കപ്പെടുകയും അതിലൂടെ മതങ്ങൾ ജീവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
ആധുനിക കാലത്ത് ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങൾ നിലവിൽ വരികയും ആസ്വാദനത്തിന്റെ പുതിയ മേച്ചിൽപുറങ്ങൾ ആളുകളുടെ മുമ്പിൽ തുറക്കപ്പെടുകയും ചെയ്തതോടെ വായനയും എഴുത്തും ചിലർക്ക് വരുമാനവും മറ്റു ചിലർക്ക് പ്രശസ്തിയും നേടാനുള്ള ഉപാധി മാത്രമായി മാറുകയുണ്ടായി.
സ്മാർട്ട് ഫോണുകൾ ഒരു തരംഗം സൃഷ്ടിച്ച് മനുഷ്യന്റെ മസ്തിഷ്കത്തെ കീഴടക്കിയപ്പോൾ ലോകം രണ്ട് വിരലുകൾക്കുള്ളിൽ ഒതുങ്ങുന്ന ഒന്നായ് മാറാൻ അധികം താമസമുണ്ടായില്ല. സോഷ്യൽ മീഡിയ തുറന്നു വിട്ട നവലോകക്രമത്തിന്റെ നീരാളിപ്പിടിത്തത്തിൽ ഞെരിഞ്ഞമർന്ന പല സംഹിതകളും ഊർദ്ധ ശ്വാസം വലിക്കുന്നത് കാണാം. കേരളത്തിൽ അരാഷ്ട്രീയ വാദങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത് കൂടുതൽ സമയം സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരിലാണ് എന്നത് ഒരു വസ്തുത തന്നെയാണ്.
ജീവിതത്തിന്റെ നിഖില മേഖലകളെയും ചൂഴ്ന്നു നിൽക്കുന്ന സോഷ്യൽ മീഡിയ എഴുത്തിന്റെയും വായനയുടെയും വിശാലമായ ലോകം തന്നെ തുറന്നിട്ടിരിക്കുന്നത് കാണാം. ഇവിടെ സ്വന്തമായി ഒരു സാമ്രാജ്യമുണ്ടാക്കി അവിടെ രാജാധികാരം കൈയിലെടുത്ത് സിംഹാസനത്തിൽ ഉപവിഷ്ഠനായി ഇരിക്കുന്ന ഒരു ഭരണാധികാരിയാണ് എല്ലാവരും. സ്വന്തമായ ചിന്തകളുടെയും സ്വന്തമായ ഭാവനകളുടെയും ലോകത്ത് പരിലസിക്കാൻ ആരുടെയും അനുവാദത്തിന് കാത്തിരിക്കേണ്ടതില്ലാ എന്ന് മാത്രമല്ല ചിന്തകളും അഭിപ്രായങ്ങളും എന്ത് വിഡ്ഡിത്തമാണെങ്കിൽ കൂടി അതിനെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന വിശാലമായ ഒരു സൗഹൃദ വൃന്ദത്തെ ഉണ്ടാക്കിയെടുക്കാനും കഴിയുന്നു.
ചിന്തകളെയും മനസ്സിൽ ആവിഷ്കരിക്കപ്പെട്ട ആശയങ്ങളെയും മറ്റുള്ളവരെ ശക്തമായി സ്വാധീനിക്കാൻ കഴിയുക ചിന്തകളുടെയും ആശയങ്ങളുടെയും വൈപുല്യങ്ങൾ മാത്രമല്ല, അത് എഴുതുന്ന വന്റെ ജീവിതക്രമത്തിലെ നിലവാരം കൂടി കണക്കിലെടുത്തിട്ടാണ് എന്നത് ചരിത്രം നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. നാല് വേദഗ്രന്ഥങ്ങളുടെ അവതരണത്തിന് ദൈവം ശക്തമായ സംവിധാനങ്ങൾ ഒരുക്കിയതായി കാണാം. ജീവിതത്തിന്റെ തീച്ചൂളയിൽ ഇട്ട് ഉരുക്കിയെടുത്ത നാല് മഹദ് വ്യക്തിത്വങ്ങൾക്കാണ് ആ ഗ്രന്ഥങ്ങളൊക്കെയും അവതരിപ്പിക്കപ്പെട്ടത് എന്നത് തന്നെസാധാരണക്കാരന്റെ ജൽപനങ്ങൾക്ക് സമൂഹത്തിൽ ഒട്ടും വിലയുണ്ടാകില്ല എന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്.
തോറ (തൗറാത്ത്) എന്ന ഗ്രന്ഥം അവതരിപ്പിക്കപ്പെട്ട മോശ (മൂസാ നബി(അ) ) പല പരീക്ഷണങ്ങൾക്കും വിധേയനായിരുന്ന മഹദ് വ്യക്തിത്വമായിരുന്നു.. അത്ഭുത സിദ്ധികളുള്ള ഒരു വടിയും ഉള്ളംകൈയിൽ പ്രകാശ ഗോളം പ്രത്യക്ഷപ്പെടുത്താനുള്ള കഴിവും നൽകി.എന്നിട്ട് ഫറോവയുടെയും ഖിബ്തികളുടെയും കിരാത ഭരണത്തിൽ നിന്ന് ഇസ്രായിലികളെ മോചിപ്പിച്ച് രക്ഷപ്പെടുത്തി. മരുഭൂമിയിൽ അലഞ്ഞ് തിരിഞ്ഞ അവർക്ക് സൂര്യനെ മറച്ച് തണലും ഇഷ്ടം പോലെ ഭക്ഷണവും ദൈവം ലഭ്യമാക്കി.അതിന് ശേഷമായിരുന്നു തോറ എന്ന ഗ്രന്ഥം അവതരിക്കപ്പെട്ടത്.അല്ലാതെ അവർ വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലായിരുന്നു.
അതുപോലെ തന്നെയായിരുന്നു ദാവൂദ് നബിക്കും യേശുക്രിസ്തുവിനും അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളുടെ സ്വീകാര്യത ആ വ്യക്തികളിലൂടെ അവതരിപ്പിക്കപ്പെട്ടു എന്നത് തന്നെയായിരുന്നു. ഇവിടെ വായിക്കപ്പെടുന്ന ആശയങ്ങൾ കാലവും സാഹചര്യവും സന്ദർഭോചിതവും അല്ലാ എങ്കിൽ സമൂഹത്തിൽ ഒരു ചലനവും അത് സൃഷ്ടിക്കാൻ പോകുന്നില്ല. കേവലം വായിച്ച് തള്ളുന്ന ചവറുകൾ എന്നതായിരിക്കും അവയുടെയൊക്കെ അവസ്ഥ.
ഇറാനിലെ ഷാഭരണത്തെ അട്ടിമറിച്ച് ശിയാക്കൾ ഭരണം കൈയിെലെടുത്തത് ആയത്തുള്ള ഖുമൈനി എഴുതിവിട്ട വിപ്ളവകാവ്യങ്ങളായിരുന്നു എന്നത് കവിതയുടെ ശക്തിയെ നമുക്ക് മനസിലാക്കിത്തരുന്നുണ്ട്. യമനിൽ നിന്നും പിന്നീട് അറബ് രാജ്യത്തെ മുഴുവൻ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മുല്ലപ്പൂ വിപ്ളവങ്ങൾക്ക് തുടക്കം കുറിച്ചതും ആദ്യ അട്ടിമറികൾ നടത്തിയതും എല്ലാം സോഷ്യൽ മീഡിയ വഴിയായിരുന്നു എന്നത് എഴുത്തിന്റെയും വായനയുടെയും ആസ്വാദന രീതിയിൽ വന്ന മാറ്റം തന്നെയായി വിലയിരുത്തപ്പെടേണ്ടതുണ്ട്.
എഴുത്തും വായനയും പുരാതനമായ രീതിയിൽ ഉള്ളത് മാത്രമെ അംഗീകരിക്കപ്പെടേണ്ടതുള്ളു എന്ന് ആരും പറയില്ല. അങ്ങിനെ ആരെങ്കിലും പറഞ്ഞാൽ നമുക്ക് അവനെ ഭ്രാന്തനെന്ന് വിളിക്കാം. കാരണം ഓരോ നിമിഷവും കാലം മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് ചിന്തിക്കുന്നത് നാളെ ചിന്തിക്കാൻ കഴിയുന്നില്ല. ഇന്നത്തെ ചിന്ത നാളെക്ക് പഴഞ്ചനാണ്. ഇന്നത്തെ ചിന്തയേയും നാളത്തെ ചിന്തയേയും ഒരുമിച്ചു കൊണ്ടു പോകുന്നവർക്ക് ഒരിക്കലും പിന്തിരിഞ്ഞു നോക്കേണ്ടി വരില്ല. കാരണം കാലം ഗമിക്കുന്നത് മുന്നോട്ടാണ് - ഭ്രാന്തനൊ പിന്നോട്ടും.
ശ്രദ്ധിക്കുക: ഒരു നല്ല വാക്കിന്റെ ഉദാഹരണം ഒരു നല്ല മരത്തിന്റെ ഉദാഹരണം പോലെയാണ്.
ഹുസൈൻ എംകെ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo