Slider

രണ്ട് സുന്ദരികൾ: ചെറുകഥ

0

രണ്ട് സുന്ദരികൾ: ചെറുകഥ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അഞ്ചു വർഷം മുമ്പു തിരുവനന്തപുരത്ത് ഒരത്യാവശ്യത്തിന് പോയിരുന്നു. തിരിച്ചു വരുമ്പോൾ രാത്രി എട്ടേ മുക്കാലിനുള്ള മാവേലിയിൽ ലോക്കൽ കമ്പാർട്ട്മെന്റിൽ തന്നെ കയറിപ്പറ്റി.ഒറ്റക്കിരുന്നുറങ്ങാൻ വിൻഡോക്കരികിലുള്ള സീറ്റ് തന്നെ തരപ്പെടുത്തി. തൊട്ടുമുമ്പിലുള്ള സീറ്റിൽ ഒരു സുന്ദരി വന്ന് ചാടി ഇരുന്നു.
ട്രെയിൻ പുറപ്പെടാൻ മുക്കാൽ മണിക്കൂറുണ്ട്. സീറ്റ് ലോഡായിരിക്കുന്നു. എന്റെ സഹയാത്രികനീല ജീൻസും വെള്ള ഷർട്ടും ധരിച്ചിരിക്കുന്നു. ഒരു പത്തിരുപത് വയസ്സ് പ്രായം കാണും. അവൾ ബാഗ്‌ തുറക്കുകയും എന്തൊക്കെ തിരയുകയും ചെയ്യുന്നുണ്ട്. എനിക്കാണെങ്കിലോ നന്നായി വിശക്കുന്നുമുണ്ട്. അവൾ സഹകരിക്കുകയാണെങ്കിൽ പുറത്ത് പോയി ഭക്ഷണം കഴിച്ചു വരാമായിരുന്നു.പക്ഷെ അവൾ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല. പുറത്ത് പോയാൽ സീറ്റിൽ ആരെങ്കിലും കയറി ഇരുന്നാലൊ?. അവൾ സഹകരിക്കാത്തതിനാൽ സീറ്റിലിരുന്നു തന്നെ കഴിക്കാം എന്നു ഞാൻ തീരുമാനിച്ചു.
മുന്നിലിരിക്കുന്ന സുന്ദരി ബാഗിൽ നിന്നും ഒരു പാത്രമെടുത്ത് ഭക്ഷണം കഴിക്കാൻ തുടങ്ങി. ഹൊ അതിന്റെ ഒരു മണം.. വായിൽ വലിയ ഉറവ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ആശ്വാസത്തിന് കവറിൽ നിന്നും കുപ്പിവെള്ളമെടുത്ത് കുടിച്ചു. എന്നിട്ട് പുറത്തേക്ക് നോക്കി ഇരിക്കുന്നു.
കണ്ടിട്ട് വലിയ ഗമക്കാരിയാ. എന്നാൽ ഒരു ട്രയിനിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളൊക്കെ ഇല്ലെ. സഹയാത്രികരുടെ വിശപ്പ് കൂടി ഒന്ന് മനസിലാക്കണ്ടെ. കൊതിയുണ്ടാകും കൊതി. അവൾ ഒരു കൂസലുമില്ലാതെ വെട്ടി വിഴുങ്ങുകയാണ്.
ചപ്പാത്തിയുമായി ഒരാൾ വരുന്നുണ്ട്. ഇവിടെ എത്തുമ്പോഴേക്കും തീരാതിരുന്നാൽ മതിയായിരുന്നു. അല്ലെങ്കിൽ എന്റെ ഉമിനീർ തീർന്നു പോകും.
ഭാഗ്യം ചപ്പാത്തി തീർന്നിട്ടില്ല. ചപ്പാത്തിയും കറിയും വെട്ടി വിഴുങ്ങി അകത്താക്കുമ്പോൾ സഹയാത്രികയോടുള്ള അരിശമായിരുന്നു മനസ് നിറയെ. ചപ്പാത്തി മുഴുവനായും തിന്നു കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. അപ്പോഴേക്കും ട്രെയിൻ വർക്കല സ്റ്റേഷനും കഴിഞ്ഞു പോയിരുന്നു.
തീറ്റ കഴിഞ്ഞ് അവൾ കൈ കഴുകാൻ പോകാൻ നിന്നപ്പോൾ അവളെന്നെ ഒന്ന് നോക്കി. അവളുടെ സീറ്റും ബാഗും നോക്കുമല്ലൊ എന്നായിരുന്നു ആ നോട്ടത്തിലെന്ന് മനസ്സിലായിരുന്നു.നോട്ടം ശ്രദ്ധയിൽ പെട്ടിട്ടില്ലാ എന്ന മട്ടിൽ ഞാനും ഇരുന്നു. എനിക്കത്രക്ക് ദേഷ്യമായിരുന്നു അവളോട്. അവൾ പോയി വന്ന ഉടനെ ഞാനും കൈ കഴുകാൻ പോയി. സീറ്റിൽ എന്റെ തോർത്തുമുണ്ടും കവറും വച്ചിരുന്നു. തിരിച്ചു വരുമ്പോൾ ചായക്കാരനെ കണ്ടു - അവന്റെ കൈയിൽ നിന്നും ചായ വാങ്ങി അവളുടെ മുമ്പിൽ വന്നിരുന്നപ്പോൾ അവളൊന്ന് ചെറുതായോ എന്ന് എനിക്കും തോന്നി. ഞാൻചായ കുടിക്കുന്ന ആ അവസ്ഥ കണ്ടവൾ സഹിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.എന്റെ മധുരമുള്ള ഒരു പ്രതികാരമായിരുന്നു അത്. എന്റെ പ്രതികാരം അവൾക്ക് നന്നായി കൊണ്ടു. അവൾ വേഗം ബാഗിൽ നിന്നും ഫോണെടുത്ത് സംസാരിക്കാൻ തുടങ്ങി.
പടച്ചോ നെ ഇവൾ ഹിന്ദിയായിരുന്നോ?.. ഹിന്ദിയൊ മറാഠിയൊ ഗുജറാത്തിയൊ?
ഏതായാലും സംഗതി പിടുത്തം കിട്ടിയ സ്ഥിതിക്ക് അസ്സലായി ഉറങ്ങാം.
ഒരു തൂവാലയെടുത്ത് മുഖത്ത് കെട്ടി അസ്സലായി ഉറക്കം ആരംഭിച്ചു.അതും ഒരു മധുര പ്രതികാരമായിരുന്നു. ആദ്യം ട്രെയിനിൽ കയറിപ്പറ്റിയ അവൾ എന്റെ മുന്നിലുള്ള സീറ്റ് തന്നെ തരപ്പെടുത്തിയത് എന്നെ മക്കാറാക്കാനല്ലാതെ വേറെ എന്തിനാ?
ഞാൻ ഉറക്കത്തിനിടയിൽ ഇടങ്കണ്ണിട്ട് അവളെ ഒന്ന് നോക്കി. അവൾ അതു കണ്ടു. ശ്ശെ! കഷ്ടായി!.
അത് കണ്ട് അവളൊന്ന് ചുണ്ട് കോട്ടി. അത് കണ്ട് ഞാൻ കൂർക്കം വലിച്ചുറങ്ങാൻ തീരുമാനിച്ചു.
വണ്ടി പല സ്റ്റേഷനുകളിലും നിർത്തുന്നുണ്ട്. ആരൊക്കെയോ കയറുകയും ആരൊക്കെയോ ഇറങ്ങുകയും ചെയ്യുന്നുണ്ട്. ഇപ്പൊ നമ്മുടെ കഥാനായിക നല്ല ഉറക്കാണെന്നാ തോന്നുന്നത്. ഇടക്കിടക്ക് കാറ്റിന് പാറുന്ന മുടിയിഴകൾ ശരിയാക്കുമ്പോഴായിരുന്നു അവളുടെ എന്റെ നേരെയുള്ള നോട്ടം. ഇപ്പോൾ മുടി പാറിക്കളിക്കുന്നു. ശരിയാക്കുന്നുമില്ല നോക്കുന്നുമില്ല. അപ്പോൾ മനസ്സിലായി നല്ല ഉറക്കം തന്നെയാണെന്ന്.
അപ്പുറത്ത് കള്ളുകുടിയന്മാരുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കാം.
മുന്നിൽ വിൻഡോയിൽ ചാരിയിരുന്ന് ഉറങ്ങുന്ന അവളുടെ ഫോൺ ബെല്ലടിക്കുന്നു. അവൾ ഹെയർ ഫോൺ ചെവിയിൽ വച്ച് സംസാരിക്കുന്നു. പടച്ചോനെii...അവൾ ശുദ്ധ മലയാളം തന്നെയാണല്ലൊസം സാ രി ക്കുന്നത്. കോട്ടയം എത്താറായി എന്നു പറഞ്ഞല്ലൊ.ആറുമണിക്ക് ട്രയിൽ അവിടെ എത്തും എന്ന് പറയുന്നു. അപ്പോൾ കോഴിക്കോട് ഇറങ്ങേണ്ടവളാണെന്ന് മനസ്സിലായി.
അവളുടെ ആ ഫോൺ വിളിയും സംസാരവും. ഞാനുമെടുത്തു എന്റെ പഴകിയ നോക്കിയ എക്സ്പ്രസ് മ്യൂസിക്. അതു കണ്ടിട്ടാവണം അവളും ബാഗിൽ നിന്ന് ഫോൺ ഉയർത്തിപ്പിടിച്ചു. പടച്ചോനെ!! വില പിടിപ്പുള്ള ഫോണാണല്ലൊ വഷളായി വഷളായി. എന്റെ ഫോണ് എടുക്കണ്ടായിരുന്നു.
ഭയങ്കര ഒച്ചപ്പാടും ബഹളവും.കോട്ടയം എത്തിയിരിക്കുന്നു. ഒരു വൻ ജനക്കൂട്ടം പ്ളാറ്റ്ഫോമിൽ തിങ്ങി നിൽക്കുന്നുണ്ട്.സംസ്ഥാന സ്കൂൾ യുവജനോത്സവം കോട്ടയത്ത് നടന്നുകൊണ്ടിരിക്കുകയാണ്.അത് കഴിഞ്ഞ് പോകുന്നവരുടെ തിരക്കാണ് ആ കാണുന്നത്. എല്ലാം കൂടി കലപില പറഞ്ഞ് ഇടിച്ചു കേറിക്കൊണ്ടിരിക്കുന്നു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒക്കെക്കൂടി വലിയ ഒരു ജനാവലി.
ബോഗി നിറഞ്ഞു കവിഞ്ഞു. ഒച്ചപ്പാടും ബഹളവും ഭയങ്കരം. അതിനിടയിൽ ട്രയിനിന്റെ ശബ്ദവും. എല്ലാം കൂടി ജഗപൊക.. വിയർപ്പിന്റെയും അച്ചാറിന്റെയും മണം മൂക്കിലേക്ക് അടിച്ചു കയറുന്നു.ഞാൻ ശരിക്ക് നോക്കിയപ്പോൾ എന്റടുത്ത് നിൽക്കുന്നത് ഒരു പെൺകുട്ടിയാ. അതും നമ്മുടെ സഹയാത്രികയെ പോലെ അതീവ സുന്ദരി. ഒരു മധുരപ്പതിനാറുകാരി. ഏതോ കാര്യപ്പെട്ട ഐറ്റംസ് അവതരിപ്പിച്ചു വരികയാ. മേക്കപ്പ് അതേ പോലെ തന്നെയുണ്ട്. ഇവളെയാണ് അച്ചാറ് മണക്കുന്നത്.ഈ പെൺകുട്ടികളുടെയൊക്കെകാര്യം. അവളോട് ചേർന്ന് സാരിയുടുത്ത ഒരു സ്ത്രീ.അതവളുടെ അമ്മയായിരിക്കും.
ഞാൻ സൈഡ് വിൻഡോ മുഴുവനായും തുറന്നു വച്ചു. ഇപ്പൊ അൽപം കുളിർ കാറ്റ് കിട്ടുന്നുണ്ട്. എന്റെ സഹയാത്രിക എന്തോ ഒരു മാതിരി ആയിരിക്കുന്നു. സ്വസ്ഥത നഷ്ടപ്പെട്ടല്ലൊ. ഞങ്ങളുടെ മൗനമായ വാചാലതയിലേക്ക് കട്ടുറുമ്പ് പോലെ ആളുകൾ കയറി വന്നിരിക്കുന്നു. അവളെന്നെ നോക്കി. ഞാൻ അവളെയും നോക്കി. അപ്പോൾ അവൾ എന്നെ ചാരി നിൽക്കുന്ന പെൺകുട്ടിയെ നോക്കി. അപ്പോൾ പെൺകുട്ടിയുടെ അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീയും കൂടെ നിൽക്കുന്ന അച്ഛനെന്ന് തോന്നിക്കുന്ന ആളും ഞങ്ങളെ രണ്ട് പേരെയും മാറിമാറി നോക്കി.
ഞങ്ങൾ രണ്ട് പേരും ആരായിരിക്കും. ബന്ധുക്കളായിരിക്കുമോ?. എന്നതായിരിക്കും അവരുടെ സംശയം. അവളാണെങ്കിൽ മോഡേണായിട്ട് വസ്ത്രം ധരിച്ചവൾ.ഞാനാണെങ്കി വെള്ളമുണ്ടും ഷർട്ടുമെടുത്ത ഒരു തനി നാടൻ മലപ്പുറത്തുകാരൻ. അതായിരിക്കും അവരുടെ നോട്ടത്തിന് കാരണം.
എന്നെ ചാരി നിന്ന പെൺകുട്ടി ഉറക്കം തൂങ്ങി തൂങ്ങി എന്റെയും സഹയാത്രികയുടെയും ഇടയിൽ താഴെ ഇരിപ്പുറപ്പിച്ചു. അവിടെയും ഇരുന്ന് അവൾ ഉറക്കം തൂങ്ങുകയാ.
അപ്പുറത്ത് കള്ളുകുടിയന്മാരായ ആളുകളോട് അദ്ധ്യാപകന്മാർ ശണ്ഠകൂടിത്തുടങ്ങി. അതു കണ്ട് കള്ളിത്തുണിയും ബനിയനും അരയിൽ ബൽറ്റും കെട്ടിയ ഒരു കാക്ക ഒരു പാട്ടു പാടാൻ തുടങ്ങി. അത് ഞമ്മളെ നാട്ടുകാരൻ തന്നെയാണെന്ന് ഞാൻ ഉറപ്പിച്ചു. ഞാനാണെങ്കിലോ കാല് ശരിക്ക് വച്ചാൽ താഴെ ഇരിക്കുന്ന പെൺകുട്ടിയുടെ ദേഹത്ത് സ്പർശിക്കുമെന്നതിനാൽ പിന്നിലേക്ക് വലിച്ച് വച്ചിരിക്കുകയാ.
നമ്മുടെ ജില്ലക്കാരനായ കാക്ക മൂത്രമൊഴിക്കാൻ പോവുകയാണെന്ന് തോന്നുന്നു. പാട്ട് നീട്ടിപ്പാടുകയാണ് -
.....................
താഴെ ഇരിക്കുന്ന പെൺകുട്ടി ഉറക്കം തുടങ്ങി അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞു കൊണ്ടിരിക്കുന്നു. അവസാനം എവിടെ ചെന്നെത്തുമോ ആവോ?. അവളുടെ ആട്ടവും ഇളക്കവും കൊണ്ട് ആകെ അസ്വസ്ഥയായിരിക്കുകയാണ് എന്റെ സഹയാത്രിക.
പെട്ടെന്ന് താഴെ ഇരിക്കുന്ന പെൺകുട്ടി എന്റെ മടിയിൽ തല വച്ച് ഉറക്കം ആരംഭിച്ചു. ഞാനാകെ സ്തംഭിച്ചു പോയി. എന്റെ സഹയാത്രിക ആശ്ചര്യത്തോട് കൂടി എന്നെ നോക്കുകയാണ്. ഞാൻ സഹയാത്രികയെ നോക്കി. അവൾ എന്റെ സൈക്കിളിൽ നിന്ന് വീണ ചിരി കണ്ട് മുഖം പുറത്തേക്ക് തിരിച്ചു വച്ചു. ഞാൻ കുട്ടിയുടെ രക്ഷിതാക്കളെ നോക്കി. അവർ ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടിൽ വേറെ എങ്ങോട്ടോ നോക്കി. കുട്ടിയെ ഈ സ്ഥലമില്ലാത്തിടത്ത് മാറ്റിക്കിടത്തുന്നതും ശരിയല്ലാ എന്ന് വിചാരിച്ചു ഞാനും പുറത്തേക്ക് നോക്കിയിരുന്നു.
മണിക്കുറുകൾ പിന്നീട്ടിരിക്കുന്നു. അസ്വസ്ഥമായ മണിക്കൂറുകൾ.കുറ്റിപ്പുറം എത്താറായിരിക്കുന്നു. ഞാൻ കുട്ടിയെ വിളിച്ചുണർത്തി സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ എന്റെ സഹയാത്രിക എന്നെത്തന്നെ നോക്കുന്നു." പോവുകയാണോ ഒരു വാക്കു പോലും ഉരിയാടാതെ" എന്നാണ് അവൾ ചോദിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. ഞാൻ സീറ്റിൽ നിന്നും എണീറ്റതും പെൺകുട്ടിയുടെ അമ്മ അവിടെ തിരക്കി ഇരുന്നു..." ഞാൻ പോട്ടെ ട്ടോ" എന്ന് സഹയാത്രികയോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഒരു യുഗം തന്നെ അവസാനിച്ചതായി തോന്നി.
വീട്ടിലെത്തിയപ്പോൾ ഭാര്യയുടെ സ്വഭാവം പാടെ മാറിയിരിക്കുന്നു. യാത്ര കഴിഞ്ഞ് വന്ന് വളരെ സ്നേഹത്തോടെ സ്വീകരിച്ചെങ്കിലും വൈകുന്നേരത്തോടെ പാട് മാറി. കുത്താൻ വരുന്ന പോത്തിനെ പോലെയാനോട്ടം. എന്താ പ്രശ്നം എന്ന് ചോദിച്ചാൽ എന്തെങ്കിലും ഒന്ന് പറയണ്ടെ. മൗനം മാത്രം മൗനം. ഭീകരമായ മൗനം. വിരഹത്തിന്റെ തീച്ചൂളയിലൂടെയുള്ള യാത്ര. പത്ത് ദിവസങ്ങൾ കഴിഞ്ഞ് പോയത് ക്ഷമയുടെ നെല്ലിപ്പലക കണ്ട് കൊണ്ടായിരുന്നു. ഒരു ദിവസം തുണിയുടുക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചു. അലക്കിയിട്ടും പോവാത്ത പാടുകൾ. ഞാൻ ശ്രദ്ധിച്ചു നോക്കി.അതെ ആ പെൺകുട്ടിയുടെ ചുണ്ടിന്റെ അടയാളമായിരുന്നു അത്. ഒരു മേക്കപ്പ് വരുത്തിയ വിന.
പത്ത് ദിവസം നഷ്ടപ്പെട്ട ദു:ഖത്തിൽ ഭാര്യ ജാള്യതയാൽ മാറി നടന്നപ്പോൾ ഒരു പുതിയ മുണ്ട് നഷ്ടപ്പെട്ട ദു:ഖത്തിൽ ആയിരുന്നു ഞാനുമപ്പോൾ....
(രണ്ട് സുന്ദരികളും ഗ്രൂപ്പിന്റെ മുക്കു മൂലകളിൽ എവിടെയെങ്കിലും ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ ഒന്ന് വിവരമറിയിക്കണെ)
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo