Slider

ജീവനം (കഥ)

0

ജീവനം (കഥ)
---------
വൈകിയാണു ഓഫീസില്‍ നിന്നിറങ്ങിയത്. മാസാവസാനത്തെ പി ആന്‍ഡ് എല്‍ റിപ്പോര്‍ട്ടും, മീറ്റിങ്ങിനു വേണ്ടിയുള്ള പ്രസന്റേഷനും ഒക്കെ തയ്യാറാക്കി കഴിഞ്ഞപ്പോള്‍ രാത്രിയായി. തിരികെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു.
ബെഡ് റൂമിലെ അരണ്ട വെളിച്ചത്തില്‍ കണ്ടു, ഭാര്യ ഉറക്കത്തിലാണു- അല്ല ഉറക്കം നടിക്കുവാണു. മകളുടെ മുറീയില്‍ വെളിച്ചമില്ല- ഉറങ്ങിക്കാണും. ഡൈനിങ്ങ് ടേബിളില്‍ പതിവ് വിഭവം മൂടി വച്ചിട്ടുണ്ട്, ചപ്പാത്തിയും തക്കാളി ഫ്രൈയും- കൃത്യനിഷ്ടയുള്ള വേലക്കാരി.
ടി വി യുടെ ചാനലുകള്‍ ഓരോന്ന് മാറ്റി മാറ്റി സോഫായില്‍ ചാരി കിടന്നു. വാര്‍ത്താ ചാനലുകളില്‍ ചര്‍ച്ചാ തൊഴിലാളികള്‍ മത്സരിക്കുന്നു. ഏതോ ഒരു മ്യൂസിക് ചാനലില്‍ കമലഹാസനും കമാലിനി മുഖര്‍ജിയും ചേര്‍ന്ന പ്രണയഗാനം- "പാര്‍ത്ത മുതല്‍ നാളെ", അത് കണ്ട് അയാളൊന്നൂറി ചിരിച്ചു. ഇന്ത്യയില്‍ അഭിനേതാക്കളായി ജനിച്ചവര്‍ രണ്ട് പേരെയുള്ളു - കമലഹാസനും, മോഹന്‍ലാലും. ഉറക്കം കണ്‍ പോളകളെ തഴുകി അടക്കാന്‍ ശ്രമിച്ചപ്പോള്‍, ഷര്‍ട്ട് ഊരി സോഫായിലെ ഹാന്‍ഡ് റെസ്റ്റില്‍ ഇട്ടു, ടി വി ഓഫ് ചെയ്ത് അവിടെ തന്നെ നീണ്ടു നിവര്‍ന്ന് കിടന്നു.
വിളിച്ചുണര്‍ത്തിയത് ഭാര്യയാണു. ഓഫീസില്‍ പോകാന്‍ റെഡിയായി നില്‍ക്കുന്നു. "നിങ്ങളുടെ മുഷിഞ്ഞ ഷര്‍ട്ട് വാഷ് ചെയ്യാന്‍ തുണികളിടുന്ന ബാസ്ക്കറ്റിലിട്ടാല്‍, സെര്‍വന്റ് വരുമ്പോള്‍ എടുത്ത് വാഷ് ചെയ്ത് മടക്കി വയ്ക്കും. അവിടെയും ഇവിടെയും ഇടരുത്". കതക് വലിച്ചടച്ച് അവള്‍ പുറത്തേക്ക് പോയി.
മാസത്തിലെ ആദ്യ വെള്ളിയാഴ്ച. ഇന്നും നാളെ പകലും അമ്മയ്ക്കൊപ്പമാണു. എത്ര ശ്രമിച്ചിട്ടും തിരക്ക് കുറയുന്നില്ല. ഇതിനിടയില്‍ നാലു മീറ്റിങ്ങും. പുറത്ത് മഴ ചാറുന്നുണ്ട്. ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ ആറര കഴിഞ്ഞു. എണ്‍പത് കിലോമീറ്റര്‍ ഡ്രൈവ് ചെയ്യണം. പുറത്തെ ചാറ്റല്‍ മഴ യാത്രാ വേഗത കുറയ്ക്കുന്നു.
ഫോണ്‍ ശബ്ദിച്ചു. ഭാര്യയാണു -
"നല്ല മഴയാണല്ലൊ? വീട്ടിലേക്ക് പോകുന്നുണ്ടോ? "
"പൊയ്ക്കോണ്ടിരിക്കയാണു, പകുതിയായി"
"ഈ മഴയത്ത് തന്നെ പോകണോ? വരാന്‍ കഴിയില്ലാന്ന് വിളിച്ച് പറഞ്ഞാല്‍ പോരെ? അമ്മ നാളേയും അവിടെ തന്നെ കാണുമല്ലൊ"?
ഫോണ്‍ കട്ട് ആയി.
അയാള്‍ പുഞ്ചിരിച്ചു. If you can't avoid the rape, just enjoy it. പ്രോജക്റ്റ് മാനേജര്‍ റിച്ചാറ്ഡ് വിന്നെലിന്റെ വാക്കുകളയാള്‍ ഓര്‍ത്തു. എത്ര ശരിയാണു.
പായലുപിടിച്ച ഓടില്‍ നിന്നും വെള്ളം ഇറ്റിറ്റു വിഴുന്നു. നല്ല മഴ പെയ്ത് തോര്‍ന്നതിന്റെ ലക്ഷണം. കാറിന്റെ ശബ്ദം കേട്ടിട്ടാവണം അമ്മ വാതില്‍ തുറന്നു പുറത്ത് വന്നു.
ഉച്ചിയില്‍ മഴ വെള്ളം വീഴാതിരിക്കാന്‍ കൈപ്പത്തികൊണ്ട് മറ പിടിച്ച് വാരാന്തയിലേക്ക് ഓടിക്കയറി. നേര്യത് മുണ്ടിന്റെ തുമ്പെടുത്ത് തലതുടച്ച് തന്നപ്പോള്‍ ആ മണം ഒന്നുകൂടി അറിഞ്ഞു, അമ്മയുടെ മണം, അകത്തേക്കെടുത്ത ശ്വാസം പുറത്ത് വിടാതെ പിടിച്ചു നിര്‍ത്തി. പകരട്ടെ സകല നാഡീ ഞരമ്പുകളിലും ഈ മണം.
വിശേഷങ്ങളില്‍ നിന്നും വിശേഷങ്ങളിലേക്ക്. പലതും പറഞ്ഞും കേട്ടും തീര്‍ന്നപ്പോള്‍ മണി പന്ത്രണ്ട് കഴിഞ്ഞു. ഷര്‍ട്ടൂരി സെറ്റിയിലിട്ടു. മേശപ്പുറത്ത് കഞ്ഞിയും അച്ചാറും പപ്പടവും പയറു തോരനും. പിന്നെ അവനേറ്റവും ഇഷ്ടപ്പെട്ട, വറുത്തരച്ച പടവലങ്ങ തീയലും. അതിന്റെ ടേസ്റ്റ് നോക്കുമ്പോള്‍ മനസ്സിലായി, കല്ലിലാണരച്ചത്.
അമ്മ ചായയുമായി വിളിച്ചുണര്‍ത്തിയപ്പൊള്‍ മണി എട്ട്. അമ്മയുടേ തോളില്‍ തലേന്നഴിച്ചിട്ട ഷര്‍ട്ട്. ചായ കയ്യില്‍ മേടിക്കുമ്പോള്‍, ഷര്‍ട്ട് മണത്ത് കൊണ്ട് അമ്മ പറഞ്ഞു - "എന്തു വിയര്‍പ്പ് ഗന്ധമാടാ ഇതിനു, നിനക്ക് ഓഫീസിനുള്ളിലല്ലെ ജോലി?"

തിരിഞ്ഞ് കിണറ്റിന്‍ കരയിലേക്ക് നടക്കുന്നതിനു മുന്നെ അമ്മ ഇത് കൂടി പറഞ്ഞു - "നിന്റെ അച്ഛന്റെ ഷര്‍ട്ടിനും ഇതേ മണമായിരുന്നു"
(അശോക് വാമദേവന്‍)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo