രതിക്ക് സംഭവിച്ചതെന്ത് ??
ചെർപ്പുളശ്ശേരിയിലുള്ള അച്ഛമ്മയുടെ വീട്ടിൽ പോകുമ്പോഴെല്ലാം ഞാൻ അപ്പുകുട്ടനെ കാണാറുണ്ട്.വെറ്റിലക്കറപുരണ്ട പല്ലുകൾ പുറത്തു കാണിച്ച് നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് അമ്മയോട് വിശേഷങ്ങൾ ചോദിച്ചറിയാൻ പാഞ്ഞെത്തുന്ന അദ്ദേഹം എന്റെ നിറമുള്ള ബാല്യകാല ഓർമ്മകളിൽ മറക്കാനാവാത്ത ഒരു അദ്ധ്യായമാണ്.തൊടിയിൽ വീണുകിടക്കുന്ന ഓല മടലുകൾ ചായ്പ്പിനു പിറകേയുള്ള വിറകുപുരയിലേക്ക് എത്തിക്കുന്നതിന് പുറമെ തറവാട് വീടിന്റെ പുറംജോലിയെല്ലാം ചെയ്തിരുന്നതും അപ്പുകുട്ടനാണ്.ഞങ്ങൾ കുട്ടികൾ തറവാട്ടിലെത്തുമ്പോഴെല്ലാം ഞങ്ങളുടെ കൊച്ചു കൊച്ചു ഇഷ്ടങ്ങൾ സാധിച്ചു തരാൻ അതീവ താല്പര്യം കാണിച്ചിരുന്ന അപ്പുക്കുട്ടനെ ഞങ്ങൾക്കും വലിയ ഇഷ്ടമായിരുന്നു.
ഒരിക്കൽ തൊടിയിൽ നിന്ന് വിയർത്തൊലിച്ച ദേഹവുമായി നടുമുറ്റത്തേക്ക് കയറിവന്ന അപ്പുക്കുട്ടനെ അച്ഛമ്മ സ്നേഹത്തോടെ ശാസിക്കുന്നത് കേൾക്കാനിടവന്നു.
"പനിയാണെങ്കിൽ നിന്നോടിന്ന് വരേണ്ടാന്ന് പറഞ്ഞതല്ലേ അപ്പു... രണ്ടീസം നീ വന്നില്ലെന്ന് കരുതി ഇവിടെ ഒന്നും സംഭവിക്കില്ല... "
"പൂതിയുണ്ടായിട്ട് വന്നതല്ല അമ്മേ... വാഴക്ക് ചാല് കീറിയ ഇന്നലെ നിർത്തിയെ... ഇന്ന് വന്നില്ലെങ്കിൽ എടുത്ത പണിയൊക്കെ വെറുതെയാകുമായിരുന്നു... ഒരു ഇരുനൂറ് ഉറുപ്പിയ ഉണ്ടെങ്കിൽ ഒന്ന് കടം വേണായിരുന്നു... എടുക്കാനുണ്ടാകുമോ ???...നാളെയാണ് രതിയുടെ സ്‌കൂളിൽ നിന്ന് ടൂർ പോകുന്നത്.. കൊടുക്കാമെന്ന് വാക്ക് കൊടുത്തിട്ടാ രാവിലെ വന്നത് "
കേൾക്കണ്ട താമസം മുത്തശ്ശിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ ചുരുട്ടിപിടിച്ച നോട്ടുകളുമായി അമ്മ അകത്തുനിന്ന് മുറ്റത്തേക്ക് വന്നു. ചെളി പുരണ്ട അപ്പുക്കുട്ടന്റെ ഉള്ളം കയ്യിലേക്ക് അതുവെച്ചു കൊടുത്തു.
"രതിമോൾ ഇപ്പോൾ എത്രേല പഠിക്കുന്നെ ??"
"ഇപ്പോ എട്ടാം ക്ലാസ്സിലാ.... പഠിക്കാൻ ബഹുമിടുക്കിയാണെന്നാ ടീചെർമാരൊക്കെ പറയുന്നേ... അവൾക്ക് എൻജിനീയറാകണമെന്നാണ് ആഗ്രഹം... നോക്കട്ടെ..... എന്റെ എല്ല് ഉരുകിയാലും വേണ്ടില്ല... പഠിപ്പിക്കണം "
ഉമ്മറത്തെ ആണിയിൽ കൊളുത്തിയിട്ട നിറം മങ്ങിയ ഷർട്ടുമെടുത്ത് അപ്പുകുട്ടൻ റോഡിലേക്ക് നടന്നു.
അപ്പുക്കുട്ടന് തന്റേതെന്ന് പറയാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രതി...അവളുടെ രണ്ടാം വയസ്സിലാണ് അവളുടെ അമ്മ പാമ്പുകടിയേറ്റ് മരിച്ചത്. പക്ഷേ, അമ്മയുടെ അഭാവം ഒരിക്കൽപ്പോലും അവളെ അറിയിക്കാതെ അവളെ വളർത്തി വലുതാക്കാൻ അയാൾ നന്നായി കഷ്ടപ്പെട്ടു.
ഞാൻ പത്താം ക്ലാസ് പരീക്ഷ പാസായ സമയം. 8എ പ്ലസ് എന്ന മികച്ച വിജയത്തിന്റെ സന്തോഷവുമായാണ് അച്ഛമ്മയുടെ വീട്ടിലേക്ക് എത്തിയത്. ഉന്നത വിജയത്തിന്റെ വാർത്ത അച്ഛമ്മയെ അറിയിക്കുന്ന മാത്രയിൽ എന്നെ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു മുത്തം തരുമെന്നും തരക്കേടില്ലാത്ത ഒരു സമ്മാനത്തുകയും അടിച്ചെടുത്ത് വീട്ടിലേക്ക് മടങ്ങാമെന്നുമാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ, എന്റെ പ്രതീക്ഷകൾക്ക് വിപരീതമായാണ് അന്ന് സംഭവിച്ചത്.
എന്റെ റിസൾട്ട് കേട്ട അച്ഛമ്മയുടെ മുഖത്ത് ഒരു പുച്ഛഭാവം. കാരണമറിയാതെ ഞാൻ നിന്ന് വിയർക്കുന്നതിന് മുൻപേ അച്ഛമ്മ അത് പറഞ്ഞു
"നിനക്ക് എട്ട് എ പ്ലസ് ഒള്ളൂ.... അപ്പുക്കുട്ടന്റെ രതിമോൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസാണ് "
എന്റെ പരീക്ഷാഫലം വന്നത് മുതൽ അന്വേഷച്ചവരോടൊക്കെ ഊറ്റത്തോടെയും ഒരൽപം അഭിമാനത്തോട് കൂടിയുമാണ് ഞാൻ സംസാരിച്ചിരുന്നത്.അത്കൊണ്ട് തന്നെ ഇങ്ങനെയൊരു അനുഭവം അച്ഛമ്മയിൽ നിന്ന് ഒരിക്കൽപോലും പ്രതീക്ഷിച്ചിരുന്നില്ല. ഏറെ ആഗ്രഹിച്ച പ്രശംസാ വാക്കുകൾ മാത്രമല്ല. സമ്മാനത്തുകയും കിട്ടിയില്ല. ജീവിതത്തിൽ ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലാത്ത രതിയോട് എനിക്ക് അന്നാദ്യമായി അസൂയയും ദേഷ്യവും തോന്നി.
പക്ഷേ, അപ്പുക്കുട്ടനെ കുറിച്ചാലോചിക്കുമ്പോൾ അവയെല്ലാം സന്തോഷത്തിലേക്ക് വഴിമാറി. ആ പാവത്തിന്റെ വിയർപ്പിന് ഫലമുണ്ടായല്ലോ എന്ന ആശ്വാസമായിരുന്നു മനസ്സ് നിറയെ. രതി പഠിച്ച് മിടുക്കിയാകട്ടെ എന്ന് ഞാൻ മനസ്സുകൊണ്ട് ആശംസിച്ചു.
അങ്ങനെ വർഷങ്ങൾക്ക് ശേഷം, ഞാൻ എഞ്ചിനീയറിംഗ് കോളേജിൽ രണ്ടാം വർഷം പഠിക്കുന്ന സമയം . പതിവുപോലെ കോളേജിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുന്നതിനിടയിലാണ് അമ്മയുടെ മൊബൈലിലേക്ക് ഒരു കാൾ വന്നത്. ഫോൺ എടുത്ത ഉടനെ അമ്മ ദയനീയമായി കരയാൻ തുടങ്ങി. കാര്യമന്വേഷിച്ച അച്ഛനോടും എന്നോടും അമ്മ കരച്ചിലടക്കാൻ പാടുപെടുന്നതിനിടെ പറഞ്ഞു.
രതി ആത്മഹത്യ ചെയ്തിരിക്കുന്നു.
കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമ്മയും അച്ഛനും ഉടനെത്തന്നെ വസ്ത്രം മാറി പാലക്കാട്ടേക്ക് പുറപ്പെട്ടു. മനസ്സ് മരവിച്ചുപോയ ഞാൻ അന്ന് കോളേജിലേക്ക് പോകാതെ വീട്ടിൽ തന്നെ ഇരുന്നു.
എന്റെ ഓർമ്മകളിൽ നിറയെ അപ്പുക്കുട്ടന്റെ ആ നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു. ആയുസ്സിന്റെ നല്ലൊരു ഭാഗവും തന്റെ പൊന്നോമന മോൾക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ആ പിതാവിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിക്കൊണ്ട് സ്വയം മരണത്തിലേക്ക് നടന്നു കയറാൻ രതിയെ പ്രേരിപ്പിച്ചതെന്താകും ???.... എന്റെ മനസ്സ് നിറയെ സംശയങ്ങൾകൊണ്ട് നിറഞ്ഞു.
ഒടുവിൽ അച്ഛനും അമ്മയും വരുന്നതും കാത്ത് ജിജ്ഞാസയോടെ ഞാൻ വീട്ടിലിരുന്നു. അവരുടെ വാഹനത്തിന്റെ ശബ്ദം അകലെ നിന്നേ കേട്ടതും ഞാൻ മുറ്റത്തേക്ക് ഓടി. രതിക്കെന്താണ് സംഭവിച്ചതെന്ന് അവരോട് ആകാംഷയോടെ ചോദിച്ചു.
പ്ലസ് ടു നല്ല മാർക്കോടെ പൂർത്തിയാക്കിയ രതി കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരിക്കൽ പ്രൊജക്റ്റ് പ്രേസേന്റ്റേഷന്റെ ഭാഗമായി തന്റെ ആൺ സുഹൃത്തുക്കളുടെ കൂടെ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് കൂടെയുണ്ടായിരുന്ന മറ്റു രണ്ട് സുഹൃത്തുക്കൾ നഗര മധ്യത്തിലുള്ള ഒരു ഹാർഡ്‌വെയർ ഷോപ്പിലേക്ക് മെറ്റീരിയൽ വാങ്ങാൻ പോയത്. അവരെയും പ്രതീക്ഷിച്ച് കാറിൽ തന്നെ ഇരിക്കുന്നതിനിടെയാണ് മഴപെയ്ത് തുടങ്ങിയത്. ഇതോടെ കാറിന്റെ സൈഡ് ഗ്ലാസ്സുകളെല്ലാം ലോക്ക് ചെയ്ത് അവർ രണ്ടുപേരും സംസാരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു.
പെട്ടെന്നാണ് കുറച്ചു ആൾക്കൂട്ടം കാറിന് ചുറ്റും പ്രത്യക്ഷപ്പെട്ടത്. അവർ കാറിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറന്നതും രതിയെയും സുഹൃത്തിനെയും വലിച്ചിഴച്ഛ് അവർ പുറത്തേക്ക് കൊണ്ടുവന്നു. കാറിനുള്ളിൽ എന്തായിരുന്നു പരിപാടിയെന്ന് ചോദിച്ച് അവർ സുഹൃത്തിനെ തല്ലാൻ തുടങ്ങി. രതിയുടെ കയ്യിൽ നിന്ന് അപ്പുക്കുട്ടന്റെ നമ്പർ വാങ്ങി. പിന്നെ അദ്ദേഹത്തെ വിളിച്ചു മകൾ അനാശാസ്യക്കാരിയാണെന്നും ശ്രദ്ധിക്കണമെന്നും പറഞ് ഫോൺ കട്ട് ചെയ്തു. മറ്റുസുഹൃത്തുക്കൾ ഷോപ്പിൽ നിന്നും വന്നതോടെ സദാചാര സംഘം തെറ്റ് മനസ്സിലാക്കി പിൻവലിഞ്ഞു.
തന്റെ പ്രിയപ്പെട്ട പിതാവിന് മുന്നിൽ അപമാനിക്കപ്പെട്ട രതി അന്ന് മുഴുവൻ കരയുകയായിരുന്നു. ഒടുവിൽ റൂം മേറ്റ് പുറത്തുപോയ തക്കം നോക്കി ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിച്ചു.
രണ്ട് മാസങ്ങൾക്ക് മുൻപാണ് ഞാൻ അപ്പുക്കുട്ടനെ അവസാനമായി കണ്ടത്. അച്ഛമ്മയുടെ തറവാട്ടിലേക്ക് പോകുന്നതിനിടെ അബുക്കയുടെ ചായക്കടയിൽ ബീഡി വലിച്ചുകൊണ്ടിരിക്കുകയായിരുന്ന അപ്പുക്കുട്ടനെ കണ്ടതും ഞാൻ വണ്ടി നിർത്തി. അപ്പുകുട്ടൻ എന്നെ കണ്ടതും കാറിന്റെ അടുത്തേക്ക് ഓടിവന്നു. കണ്ണിൽ സ്ഫുരിച്ച് നിന്നിരുന്ന പ്രകാശവും സ്ഥായിയായ പുഞ്ചിരിയുമെല്ലാം ആ മനുഷ്യനിൽ നിന്ന് എന്നോ മാഞ്ഞുപോയിരുന്നു. ഞാൻ അദ്ദേഹത്തോട് വിശേഷങ്ങൾ ചോദിച്ചു.മടങ്ങാൻ നേരം കയ്യിലേക്ക് കുറച്ചു പണം വെച്ചുകൊടുത്തു. എന്നാൽ സ്നേഹത്തോടെ എനിക്കത് തിരിച്ചുനൽകി ചായക്കടയിലേക്ക് തന്നെ അദ്ദേഹം തിരിച്ചുപോയി.
(എന്റെ പ്രിയ സുഹൃത്ത് ധനുവിന്റെ അച്ഛമ്മയുടെ വീട്ടിലെ അനുഭവമാണ് ഞാൻ ഇവിടെ പകർത്തിയത്... സദാചാര ഗുണ്ടായിസം എന്ന പേരിൽ നിരപരാധികളെ വേട്ടയാടുന്ന സമൂഹം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആ ഇരയുടെ പിന്നീടുള്ള ജീവിതത്തെക്കുറിച്ച് ??...അവരുടെ മാതാവിന്റെയോ പിതാവിന്റെയോ ഒരിക്കലും തോരാത്ത കണ്ണുനീരിനെ കുറിച്ച് ??... ഓർക്കേണ്ടിയിരിക്കുന്നു.... കാരണം നാളെയുടെ രതിയും അപ്പുകുട്ടനും നിങ്ങളെയാക്കാം )
സമീർ ചെങ്ങമ്പള്ളി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക