Slider

തേങ്ങലുകൾ

0

തേങ്ങലുകൾ
- - - - - - - - - - - 
കാലത്ത്, ഒരു കയ്യിൽ ചായകപ്പും മറുകയ്യിൽ അന്നത്തെ ദിനപ്പത്രവും എടുത്ത് ദേവി വരാന്തയിൽ വന്നിരുന്നു. എന്നത്തേയും പോലെ, പത്രത്തിന്റെ ആദ്യ പേജും അവസാന പേജും മറിച്ചു നോക്കി. പിന്നെ ചരമ അറിയിപ്പുകളുടെ കോളം.... പെട്ടെന്ന് അവളുടെ കണ്ണുകൾ ഒരു ഫോട്ടായിൽത്തന്നെ തങ്ങി നിന്നു...! "അയ്യോ... ,ഇത് സത്യമാണോ...? ദേവിക്ക് തലചുറ്റുന്നതു പോലെ തോന്നി. പെട്ടെന്ന് ഫോണിന്റെ ശബ്ദം..! "മോളാണല്ലോ.., എന്തു പറ്റി ഇത്ര നേരത്തെത്തന്നെ " എന്ന് വിചാരിച്ചു കൊണ്ട് ഫോൺ എടുത്തു."ങ്ഹാ..., എന്താ മോളേ..., ഇത്ര നേരത്തെത്തന്നെ... " ?മകളുടെ മറുപടി, "അമ്മേ, അമ്മ ഇന്നത്തെ പത്രം നോക്കിയോ...? അപ്പു അങ്കിൾ മരിച്ചമ്മേ.." ! മറുഭാഗത്ത് കനത്ത നിശ്ശബ്ദത....! മകൾ വീണ്ടും വിളിച്ചു.. " അമ്മേ..., ന്തെങ്കിലും പറയു... അമ്മേ..." ങ്ഹാ..., ഞാൻ കണ്ടു..., അങ്ങിനെ അപ്പേട്ടനും പോയി അല്ലേ...., മോളേ....! സാരിത്തുമ്പു കൊണ്ട് ദേവി കണ്ണു തുടച്ചു. മകൾ വീണ്ടും ചോദിച്ചു... " അമ്മയ്ക്ക് അങ്കിളിനെ കാണാൻ പോണോ...? ഞാൻ കൊണ്ടു പോകാം, ഞാനിപ്പത്തന്നെ അവിടെ വരാം...". "വേണ്ട മോളേ..., ആ മുഖം എത്രയോ വർഷങ്ങൾക്കു മുമ്പ് മറന്നു പോയതാണ്..., ഇനിയിപ്പോൾ അതു കാണാനുള്ള ശക്തിയില്ല.... " "ഞാനിതാ.. പത്തു മിനിട്ടിൽ അവിടെ എത്താം, അമ്മ വിഷമിക്കല്ലേ..." ന്ന് പറഞ്ഞ് മോൾഫോൺ വെച്ചു. ദേവി ഉമ്മറത്തിണ്ണയിലെ തൂണിൽ തല ചായ്ച്ച്, മരവിച്ചിരുന്നു പോയി.... അവളറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി...! തന്റെ ജീവിതത്തെ ഒന്നു പുറകോട്ടെടുക്കാൻ, തന്റെ ചെറുപ്പകാലത്തിലേക്ക് ഒന്ന് തിരികെപ്പോകാൻ മനസ്സ് കൊതിച്ചു.... വേണ്ട.., ഒന്നും ഓർക്കാനാഗ്രഹിക്കുന്നില്ല...
" പീ..... പീ... " കാറിന്റെ ശബ്ദം ഗേറ്റിൽ.. ദാ... മകൾ വന്നു. അവൾ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചു.., പുറത്ത് തലോടിക്കൊണ്ട് മകൾ പറഞ്ഞു...," സമാധാനിക്കു... അമ്മേ...". മകൾ കുറേ നിർബന്ധിച്ചു.., അപ്പേട്ടനെ കാണാൻ പോകാൻ വേണ്ടി..., പക്ഷെ.., ദേവി വേണ്ടെന്ന് പറഞ്ഞു..
- - - - - - - - - - - - - - -
ആ നീറ്റൽ ഉള്ളിലൊതുക്കി ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം മകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ അവിടെ വന്നു. അമ്മ ചോദിച്ചു..," ഉം...? എന്താ നീ പെട്ടെന്ന് വന്നേ....? ഫോൺ ചെയ്തില്ലല്ലോ...? "മകൾ പറഞ്ഞു....," അമ്മ വിഷമിക്കരുത്, ഞാനൊരു കാര്യം പറയാനാ വന്നേ. ഇന്നലെ മീനു ചിറ്റ എന്നെ കാണാൻ വന്നിരുന്നു.. അവർ എന്റെ കയ്യിൽ... ദാ.. ഈ കവർ തന്ന് ഇതമ്മയെ ഏൽപ്പിക്കാൻ പറഞ്ഞു. മരിക്കും മുമ്പേ അങ്കിൾ പറഞ്ഞു വത്രേ... ഞാനവളെ ഒരു പാട് വിഷമിപ്പിച്ചു...., ഒരു വട്ടെങ്കിലും എനിക്കവളെ ഇഷ്ടായിരുന്നു ന്ന് പറയണമെന്നുണ്ടായിരുന്നു...., പക്ഷെ എനിക്കതിന് കഴിഞ്ഞില്ലല്ലോ..." എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുവത്രേ..! എന്നിട്ട് ചിറ്റയുടെ കയ്യിൽ ഈ കവർ കൊടുത്തിട്ട് പറഞ്ഞു.... "നീ ഇതവൾക്ക് എത്തിക്കണം.. എനിക്കവളെ ഒരുപാടൊരുപാടിഷ്ടായിരുന്നെന്ന് പറയണം...., എന്നോട് ക്ഷമിക്കാൻ പറയണം....." ! അതങ്കിളിന്റെ അവസാന വാക്കുകളായിരുന്നു ...."! മകൾ കവർ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു...," അതൊന്നു തുറന്നു നോക്കൂ അമ്മേ.... ".
വിറക്കുന്ന കൈകളോടെ ദേവി ആ കവർ തുറന്നു...! ഏറെ പഴക്കം വന്ന കുറേ കടലാസ്സ് തുണ്ടുകൾ...! അതെ....., അതെല്ലാം അവൾക്കായി എഴുതിയ കത്തുകൾ....! അതിലെ അക്ഷരങ്ങൾ തനിക്കു മുന്നിൽ ചിന്നിച്ചിതറിയ പോലെ തോന്നി.., ദേവിക്ക്...! 45 വർഷങ്ങൾ....! മനസ്സിന്റെ കോണിൽ ആരും അറിയാതെ പൂട്ടിയിട്ടിരുന്ന ആ സ്നേഹം.., എല്ലാ അതിർവരമ്പുകളേയും തട്ടി മാറ്റി.. പുറത്തേക്കാഞ്ഞൊഴുകി....! നിറകണ്ണുകളോടെ, നോവുന്ന മനസ്സോടെ അവളാകത്തുകളെല്ലാം തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.....! തന്റെ ഹൃദയത്തുടിപ്പുകൾ ഒരു നിമിഷത്തേക്ക് നിലച്ചുപോയ പോലെ....! ഭൂമിക്കടിയിലേക്ക് അവൾ താഴ്ന്നു..... താഴ്ന്നുപോകുന്ന പോലെ.....! "മോളേ.......", ദേവി മെല്ലെ മകളുടെ തോളിേലക്ക് ചാഞ്ഞു.. ! ആകെ നിശ്ശബ്ദത....., കൊല്ലുന്ന നിശ്ശബ്ദത......! മകൾ അമ്മയെ താങ്ങിപ്പിടിച്ച്, ആ പുറത്ത് മെല്ലെ തലോടി....! മകളുടെ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ...., ആ അമ്മക്കൊരു സാന്ത്വനമായി...
- - - - - -അംബിക മേനോൻ - - - - -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo