Slider

ഒരു മാമ്പഴക്കാലം

0

ഒരു മാമ്പഴക്കാലം
*******************
അമ്മുക്കുട്ടി ഒന്നാം തരത്തിൽ പഠിക്കുമ്പോഴാണ്, തറവാട് ഭാഗം വയ്ക്കലും, മാറിത്താമസവുമൊക്കെ നടന്നത്.. തറവാടിനോട് ചേർന്നു കിടക്കുന്ന പുരയിടമായിരുന്നു അവളുടെ അച്ഛന് വീതം കിട്ടിയത്, അവിടെത്തന്നെ വീടുവച്ചു അമ്മുക്കുട്ടിയും കുടുംബവും താമസവും തുടങ്ങി..
അവരുടെ വീടിനു സമീപത്തായി ചെറിയൊരു കനാലുണ്ടായിരുന്നു. പറമ്പിന്റെ കിഴക്കേ മൂലയ്ക്കായി കനാലിനോട് ചേർന്നു ഒരു വലിയ മൂവാണ്ടൻ മാവും.. ഓണക്കാലമായാൽ മുത്തശ്ശൻ അമ്മുക്കുട്ടിക് ഊഞ്ഞാലൊരുക്കുന്നതും അതേ മൂവാണ്ടൻ മാവിൽ തന്നെയായിരുന്നു
മാമ്പഴക്കാലമായാൽ മൂവാണ്ടന്റെ ചുവട്ടിൽ ബഹുരസമാണ്, ചറപറേന്നു മാങ്ങ വീണുകൊണ്ടിരിക്കും. നല്ല രസമുള്ള മധുരം കിനിയുന്ന മാമ്പഴം. ചുനകടിച്ചു കളഞ്ഞു അതൊന്നകത്താക്കുമ്പോൾ കിട്ടുന്ന സുഖം വേറൊന്നും കഴിച്ചാൽ കിട്ടൂല്ല., അത്രക്ക് രുചിയുള്ള മാമ്പഴം..
ധടു പിടു ന്നു മാമ്പഴം വീഴണ്ട താമസം, അമ്മുക്കുട്ടിയും അനുജത്തി പാറുക്കുട്ടിയും കൂടി ജീവൻ പണയം വച്ചുള്ള ഓട്ടമാണ്, അതിനു കാരണവുമുണ്ട്..
കനാലിനടുത്തു പഞ്ചായത് വക ഒരു ചെമ്മൺ നടപ്പാതയുണ്ട്, അതിനപ്പുറത്താണ് മൂത്താലിൽ വീട്, അവിടെ മാധവൻകുട്ടി എന്ന് പേരുള്ളൊരു കുരുത്തംകെട്ട ചെക്കനുണ്ട്,. മാമ്പഴം വീഴുന്ന ശബ്ദം കേട്ടാൽ, ആ ചെറിയ കനാൽ ചാടിക്കടന്നു അവൻ മാവിൻ ചോട്ടിൽ ഹാജരാകും.. അമ്മുക്കുട്ടി എത്തുമ്പോഴേക്കും മാമ്പഴമെല്ലാം പെറുക്കി വള്ളി നിക്കറിന്റെ കീശകളിൾ നിറച്ചു, കയ്യിലിരിക്കുന്ന മാമ്പഴവും കടിച്ചു അവൻ അവളെ നോക്കി കൊഞ്ഞനം കുത്തും, ഭാഗ്യത്തിനെങ്ങാനും ഒരു മാമ്പഴം അമ്മുക്കുട്ടിക് കിട്ടിയാലായി..
"എന്ത് തോന്യാസാ ഈ ചെക്കൻ കാട്ടണേ, നമ്മുടെ വീട്ടിലെ മാമ്പഴം നമുക്കുതരാതെ ഒക്കെ പിറക്കി അകത്താക്കുന്നത് കണ്ടില്ലേ നാണമില്ലാത്തവൻ,., "
" നിന്നെക്കൂട്ടി വരാൻ നിന്നിട്ടാ മാമ്പഴം കിട്ടാണ്ടുപോയെ ", അമ്മുക്കുട്ടി പാറുക്കുട്ടിയെ നോക്കി പറഞ്ഞു.
പാവം പാറുക്കുട്ടി മൂന്നു വയസ്സ് പ്രായമുള്ള അവൾക് ചേച്ചി പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും സങ്കടത്തോടെ തലയാട്ടി. മാമ്പഴം കിട്ടാത്ത വിഷമം അവൾക്കുമുണ്ടായിരുന്നു..
നീ നോക്കിക്കോ ഈ കുരങ്ങനെ ഞാനൊരു പാഠം പഠിപ്പിക്കും., എന്നും പറഞ്ഞു പാറുക്കുട്ടിയുടെ കയ്യും പിടിച്ചു അമ്മുക്കുട്ടി വീട്ടിലേക്ക് നടന്നു..
പിറ്റേദിവസം അതിരാവിലെ തന്നെ എഴുനേറ്റു അമ്മുക്കുട്ടി മൂവാണ്ടൻമാവിന്റെ ചുവട്ടിലേക്കോടി. മാവിൻ ചുവട്ടിലുണ്ടായിരുന്ന മാമ്പഴം മുഴുവൻ പിറക്കി സഞ്ചിയിലാക്കി. വേറൊരു ചെറിയ സഞ്ചിയിൽ അണ്ണാൻ ചപ്പിയതും കിളികൊത്തിയതുമായ മാങ്ങകളും കുറേ ഉരുളൻ കല്ലുകളും പെറുക്കി നിറച്ചു.. നിറച്ച കൂടകളുമായി നേരെ വീടിന്റെ മുകളിലേക്ക് വലിഞ്ഞു കയറി.. മുകളിൽ നിന്നു നോക്കിയാൽ മൂത്താലിൽ വീടുകാണാം.
വീട്ടുമുറ്റത്തു മാധവൻ കുട്ടി ഉറക്കമുണർന്നു കൈ മുകളിലേക്കുയർത്തി മൂരി നിവർന്നു ഉലാത്തുന്നു.. പെട്ടെന്ന് തന്നെ അമ്മുക്കുട്ടി സഞ്ചിയിൽ നിന്നും ഉരുളൻ കല്ലുകളും ചീഞ്ഞ മാങ്ങകളും ഒന്നൊന്നായി മൂവാണ്ടൻ മാവിന്റെ നേരെ എറിഞ്ഞു.
മാവിന്റെ ചുവട്ടിൽ ധടു പിടുന്നുള്ള ഒച്ചകേട്ട്. ഉലാത്താലൊക്കെ അവസാനിപ്പിച്ചു അവൻ മാവിൻ ചുവട്ടിലേക്ക് ഓടി
മാവിൻ ചുവട്ടിൽ നിന്നും അവനൊരൊറ്റ മാങ്ങപോലും കിട്ടിയില്ലെന്നു മാത്രമല്ല, കിട്ടിയതൊക്കെയും അണ്ണാൻ ചപ്പിയതും, വവ്വാല് കടിച്ചതും, കിളികൊത്തിയതും മാത്രം.. അമ്മുക്കുട്ടി പുരപ്പുറത്തുനിന്നും കൈകൊട്ടി ആർത്തു ചിരിച്ചു.. മാങ്ങ വീണതല്ല അമ്മുക്കുട്ടി കല്ലുപിറക്കി എറിഞ്ഞതാണെന്നു മാധവന്കുട്ടിക് മനസ്സിലായി, അവൻ അവളെ നോക്കി പല്ലുകൾ ഞെരിച്ചു.. കനാല് ചാടിക്കടന്നോടി പോയി.
എല്ലാ ദിവസവും ഇത് തന്നാവർത്തിച്ചു, അവസാനം മാങ്ങ വീഴുന്ന ശബ്ദം കേട്ടാലും അമ്മുക്കുട്ടി കല്ലെറിയുകയാണെന്നു കരുതി മാധവൻകുട്ടി മാവിൻ ചോട്ടിൽ വരാണ്ടായി..അമ്മുക്കുട്ടിക്കും പാറുക്കുട്ടിക്കും ധാരാളം മാമ്പഴവും കിട്ടിത്തുടങ്ങി..
ഇടക്കിടക്ക് മാധവൻ കുട്ടിയെ കാണുമ്പോൾ അമ്മുക്കുട്ടി പൊട്ടിച്ചിരിക്കും, അത് തന്നെ കളിയാക്കുകയാണെന്നു അറിയാവുന്ന മാധവൻ കുട്ടിയാകട്ടെ പിന്നെ ആ വശത്തേക്കു നോക്കാറേയില്ല. മാമ്പഴം എന്ന് കേട്ടാലേ ഇപ്പോൾ അവനു കലിയാണ്. പാവം മാധവൻകുട്ടി അവൻ മാമ്പഴം പോലും വെറുത്തുപോയി...
മായാത്ത ഓർമകൾ എന്ന കഥക്കൂട്ടിൽ നിന്നൊരേട് ..
Dhanya jijesh.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo