Slider

നിന്റേതു മാത്രമായി തീരണം

0
അവളോടെനിക്ക് പ്രണയമുണ്ടെന്നു തിരിച്ചറിയുമ്പോഴേക്കും അവൾ മറ്റാരുടെയൊക്കെയോ സ്വന്തമായിരുന്നു..
പക്ഷെ അവളോടൊത്തുള്ള ഓർമകൾ അവളെനിക്ക് സമ്മാനിച്ച നിമിഷങ്ങൾ..
അവളുടെ ഓരോ സ്പർശനവും എന്നിലുണ്ടാക്കിയ നിർവൃതി ഒക്കെയോർക്കുമ്പോ എനിക്കെങ്ങനെയാണവളെ മറക്കാൻ കഴിയുക..
അതോടെ ഞാനവളെ പിന്തുടർന്നു തുടങ്ങി..
അവളുണ്ടെന്നറിഞ്ഞ ഗ്രൂപ്പുകളിലെല്ലാം
അവളറിയാതെ ഞാൻ ജോയിൻ ചെയ്തു..
അവൾക്കായി കവിത രചിച്ചു..
അവൾക്കായി ചിത്രം വരച്ചു..
അവളുടെ ഒരു നോട്ടത്തിനായി മണിക്കൂറുകളോളം കാത്തിരുന്നു..
മറ്റുളളവരുടെ കഥകളും കവിതകളും വായിച്ചു കമന്റിടുമ്പോഴും അവളുടെ മുഖമാരുന്നു മനസ്സിൽ..
എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും മായാതെ നിറഞ്ഞു നിൽക്കുകയായിരുന്നവൾ..
ഒരിക്കലവൾക്കു വേണ്ടി ഞാൻ കള്ളനായി..
മനസ്സിനിഷ്ടമായ പ്രണയവരികൾ അവളെയോർത്തു അടിച്ചുമാറ്റി പോസ്റ്റിയപ്പോൾ ആരൊക്കെയൊ ചാടിവീണു എന്നെ തലങ്ങും വിലങ്ങും ആക്രമിച്ചു..
ഒടുവിൽ കള്ളനെന്നു വിളിച്ചു നാണം കെടുത്തി എല്ലാവരുമെന്നെ ഗ്രൂപ്പിൽ നിന്നു പുറത്താക്കുമ്പോഴും അവൾ മാത്രമാരുന്നു മനസിൽ..
അതുകൊണ്ടുതന്നെ ഒട്ടുംവിഷമം തോന്നിയില്ലെനിക്ക്..
ഒരിക്കലെങ്കിലും അവളെ ഗാഢമായൊന്നു പുണരാൻ ആ ചുടുചുംബനം ഏറ്റുവാങ്ങാൻ കൊതിച്ചു ഞാൻ പെൺവേഷം പോലും കെട്ടാൻ തയാറായി..
കാര്യമറിയാതെ പലരും പരിഹസിച്ചു..
ആണും പെണ്ണും കെട്ടവനെന്നു പറഞ്ഞു കളിയാക്കി ചിരിച്ചു ..
പക്ഷെ അവർക്കറിയില്ലാലോ എന്റെ പ്രണയത്തിന്റെ ആഴം..
എനിക്കവളോടുള്ള സ്നേഹത്തിന്റെ തീക്ഷ്ണതയെന്താണെന്നു അവർക്കെന്നല്ല ആർക്കും മനസ്സിലാവില്ലായിരുന്നു..
സ്നേഹമെന്നും അതുപോലാണെല്ലോ..
അവൾക്കു വേണ്ടി ഒരുപാട് രാത്രികൾ ഉറങ്ങാതിരുന്നിട്ടുണ്ട്..
അവളൊന്നരികിലേക്കു വന്നിരുന്നെങ്കിലെന്നു എന്നോടു മുട്ടിയുരുമ്മിയിരുന്നെങ്കിലെന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്..
അവളുടെ സാന്നിദ്ധ്യം മാത്രമാണിന്നുമെന്നെ ഇവിടെ പിടിച്ചു നിർത്തുന്നത്..
അവളുടെ പേരിൽ പലപ്പോഴും ഭാര്യയുമായി വഴക്കുണ്ടാക്കിയത് അത്രക്കിഷ്ടമായതു കൊണ്ടായിരുന്നു..
എന്നെക്കാൾ വലുതാണോ ഇന്നലെ കണ്ടവളെന്നൊക്കെ ചൊദിച്ചു ഭാര്യ ദേഷ്യപ്പെടുമ്പോഴും ഞാൻ മറുപടിയെന്നും പറയാതെ മുഖം കുനിച്ചിരുന്നത് മറുപടി ഇല്ലാഞ്ഞിട്ടല്ല..
മടുപ്പിക്കുന്ന ഏകാന്തതയിൽ പലപ്പോഴും നീയെനിക്കേകിയ പോസിറ്റിവ് എനർജി എന്നിലുണ്ടാക്കിയ ആത്മവിശ്വാസം അത്രക്കു വലുതാരുന്നു..
ഇഷ്ടമാണ് പെണ്ണെ നിന്നെ..
ആരൊക്കെ എതിർത്താലും പരിഹസിച്ചാലും നിന്നെയെനിക്കൊരുപാടിഷ്ടമാണ്..
ഈ പ്രണയദിനത്തിൽ ഇത്രയുമെങ്കിലും നിന്നെക്കുറിച്ചു എഴുതാനായതിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമുണ്ടെനിക്ക്..
കൈപിടിച്ചു കൂടേ നടക്കാനായില്ലെങ്കിലും തല ചായ്ച്ചു ആ മടിയിലൊന്നു കിടക്കാൻ കഴിയില്ലെങ്കിലും നീയെന്റെ മനസിലെ കെടാവിളക്കായി തെളിഞ്ഞു നിൽക്കും..
എന്നെന്നും..
പ്രിയപ്പെട്ട ലൈക്കെ ..
ഇനിയൊരു ജന്മമുണ്ടെൽ എനിക്കു നിന്റെ മാത്രം പോസ്റ്റായി പിറവിയെടുക്കണം..
നിന്നെയറിഞ്ഞു നിന്നിലലിഞ്ഞു നിന്റേതു മാത്രമായി തീരണം..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo