Slider

ഓണസ്മൃതി

0

ഓർത്തുപോകുന്നു ഞാൻ നഷ്ടബാല്യത്തിന്റെ
പൂക്കൂടയിൽ ബാക്കിനിൽക്കുന്ന പൂക്കളെ ,
ഓർമ്മതൻ വെള്ളിത്തിരശ്ശീലയിൽ മിന്നി-
മായും തിരുവോണനാളിൻ സ്മൃതികളെ
തോർത്തുമുണ്ടുംചുറ്റി പാടവരമ്പിലും
തോട്ടിൻകരയിലും ക്ഷേത്രപ്പറമ്പിലും
ഓടിനടന്നു സ്വരൂപിച്ചുകൂട്ടി ഞാൻ
ഓണക്കളത്തിനായ്‌ പൂവുകൾ, മോഹങ്ങൾ !
കാലപ്രവാഹത്തിലെല്ലാം പഴമയായ്‌,
കോലം പുതിയതായ്‌, കോവിൽ പുതിയതായ്‌
കോൺക്രീറ്റ്‌കട്ടകൾ പാകിയ മുറ്റത്ത്‌
കാണ്മതു പ്ലാസ്റ്റിക്ക്‌പൂക്കളം മോഹനം!
ഊൺമേശമേൽവന്നു തയ്യാറായ്‌നില്പതോ
ഓർഡറിലെത്തിയ ഹോട്ടലിൻ സദ്യയും.
ആടിത്തിമിർക്കുവാൻ ഊഞ്ഞാലൊരുക്കുന്നു
ഓണപ്രദർശനമേളകൾ നൂതനം
ഓണത്തിനായി സ്പെഷൽ നഗ്നനൃത്തങ്ങൾ
കാണിക്കുവാൻ 'ചാനൽ' മത്സരിച്ചീടുന്നു
വാണിഭം റോഡിൻ വശങ്ങളിൽ, കേവലം
ഗാർഹിക വസ്തുക്കൾകൂടാതെ നില്പുണ്ട്‌
കോടിമായാത്തതാം മാംസച്ചരക്കുകൾ,
കോടപ്പുകമറതീർക്കാൻ ചരസ്സുകൾ,
നീന്തിത്തുടിക്കാൻ വിദേശമദിരതൻ
നീന്തൽക്കുളങ്ങളും പൊയ്കയുമെങ്ങുമേ !
ഓലക്കുടയുമായോടിമറയുന്ന-
താരാണ്‌, ദു:ഖിതൻ മവേലിമന്നനോ?
കണ്ണട ഞാനൂരിവെക്കട്ടെ, കാഴ്ചയൊ-
ട്ടില്ലാതെയോണം കടന്നങ്ങു പോകട്ടെ.

By: 
Madhusudanan PV
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo