ഏതോ പാർട്ടിക്കാരുടെ ജില്ലാ സമ്മേളനത്തിന്റെ സമാപന റാലി തീരുംവരെ ട്രാഫിക്ബ്ളോക്കിൽപ്പെട്ട ബസിലിരുന്ന ഏതൊരു മലയാളിയേയും പോലെ അവളും ജാഥാ ക്യാപ്റ്റൻ്റെയും അണികളുടെയും കുടുംബത്തിലെ എല്ലാവർക്കും മനസിൽ സ്തുതി പറഞ്ഞു.ക്ഷമ നശിച്ച ഏതോ ഒരമ്മാവൻ തെല്ലുറക്കെത്തന്നെ സ്തുതിക്കുന്നതുകേട്ട് അവൾക്ക് ചിരിപൊട്ടി.പതിവിലും വെെകിയതുകൊണ്ട് ജംഗ്ഷനിൽനിന്ന് ഓട്ടോ കിട്ടുമെന്ന പ്രതീക്ഷ അവൾക്കില്ലായിരുന്നു.വീടുവരെ ഒറ്റയ്ക്ക് ഈ അസമയത്ത് പോകുന്നതോർത്തപ്പോൾ അവളുടെ കാലിലൂടെ ഒരു വിറയൽ പാഞ്ഞുപോയി.
പ്രതീക്ഷിച്ചതുപോലെ തന്നെ ഓട്ടോ പോയിട്ട് ജംഗ്ഷനിലെങ്ങും ഒറ്റ മനുഷ്യകുഞ്ഞുപോലുമില്ലായിരുന്നു.രണ്ടും കല്പിച്ചു നടക്കതന്നെ അല്ലാതെന്തുവഴി.ദെെവമേ കാത്തോളണേ എന്ന് മനസിൽ പ്രാർത്ഥിച്ച് അവൾ മുൻപോട്ടു നടക്കാൻ തുടങ്ങി.പത്രത്തിൽ വയിച്ച ഓരോരോ വാർത്തകളായി അവളുടെ മനസിൽ ഓടിയെത്താൻ തുടങ്ങി.ഈശ്വരാ എങ്ങനേലും ആ ചെകുത്താൻ കുന്ന് കടന്നുകിട്ടിയാൽമതിയാരുന്നു.മുൻസിപ്പാലിറ്റിയുടെ സകലമാലിന്യങ്ങളും കൊണ്ടുതട്ടുന്ന ഇടം.പാതിരായ്ക്ക് മാലിന്യം കൊണ്ട് തട്ടാൻവേണ്ടി കേടായ തെരുവുവിളക്കുപോലും മാറ്റാൻ അവർ തയാറായിട്ടില്ല ഇതുവരെ.ഈ അസമയത്ത് അതുവഴി പോകുന്നതോർക്കാനേ വയ്യ പക്ഷേ പോകാതെ പറ്റില്ലല്ലോ.അവൾ ധെെര്യം സംഭരിച്ച് മുന്നോട്ടു നടന്നു.ചെകുത്താൻ കുന്ന് എത്തിയപ്പോൾ അവൾ ചെറുതായി വിറയ്ക്കാൻ തുടങ്ങി.അപ്പോഴാണ് മുന്നിലെ നിഴലനക്കം അവൾ ശ്രദ്ധിച്ചത്.ആദ്യം തിളങ്ങുന്ന ഏതാനും ജോഡി കണ്ണൂകളാണ് അവളുടെ കാഴ്ചയിൽപെട്ടത്.സംഭവിക്കാൻപോകുന്നതെന്തെന്ന് തിരിച്ചറിയുമുന്നേ ഒന്നുറക്കെ നിലവിളിക്കുംമുന്നേ ആ നിഴൽരൂപങ്ങൾ അവളുടെമേൽ ചാടിവീണുകഴിഞ്ഞിരുന്നു.
പാതിരായ്ക്കെപ്പോഴോ വേസ്റ്റ് തട്ടാൻ വന്ന ലോറിക്കാരാണ് പിച്ചിചീന്തപ്പെട്ട ശരീരവും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി അവളെ കണ്ടെത്തിയത്.
പിറ്റേന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്ത ഇതായിരുന്നു.തെരുവുനായ ആക്രമണം;യുവതി അത്യാസന്ന നിലയിൽ.
By-

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക