Slider

നരകത്തിലെ കാക്കകൾ

0

മഞ്ഞിച്ച പുല്ലുമേടുകളിൽ ആ കറുത്ത പക്ഷി വശങ്ങളിലേക്ക്‌ ചാടി നടന്നു.
കൊക്കുകൾ ദാഹം കൊണ്ട്‌ തുറന്ന് പിടിച്ച്‌ കറുത്തിരുണ്ട കണ്ണുകൾ മിഴിച്ച്‌ പറന്നു.
ചുണ്ണാമ്പ്‌ പാറകളിൽ കാഷ്ടിച്ച്‌ വെള്ള തൊട്ടില്ല.
ദിവസങ്ങളായത്‌ അന്നമില്ലാതെ അലയുകയായിരുന്നു.
ഒരു കാക്ക പട്ടിണിപ്പെട്ടു പോകാൻ ഇത്‌ ഭൂമിയല്ലല്ലോ.
നരകമാണ് നരകം.
ഏകാന്തതയാണതിന്റെ വിധി.
പാഴില പോലും കുരുക്കാത്തൊരു ചില്ലയിലിരുന്നുറങ്ങി.
കാറ്റിനെ തേടി കരഞ്ഞു.
ആകാശത്തുനിന്നെങ്ങാൻ ആർത്ത്‌ വരുന്ന ഒരു പറ്റം കിളികളെ കൊതിച്ചു.
ദൈവ പുസ്തകങ്ങളിൽ പറയുന്ന നരകം 
ഭയപ്പെടുത്താനുള്ളത്‌ മാത്രമാണ്.
ഏകാന്തതയോളം വലുതല്ല മുടിയിഴയിൽ തീർത്ത പാലവും തീക്കുഴികളും ഒന്നും. 
എത്ര ദൂരം പറന്നിട്ടും മഴ വീഴാത്ത, കാറ്റ്‌ വീശാത്ത ആ ഇടം ഒരു ബിന്ദുവിൽ നിന്ന് അതിൽ തന്നെ ഒടുങ്ങി.
ഭൂമിയിലേക്ക്‌ പറക്കാനുള്ള ആകാശം എവിടെയെന്നറിയാത്ത പക്ഷി മറുവിളിക്ക്‌ കേണുകൊണ്ടിരുന്നു.
നിലവിളിച്ച്‌ അത്‌ നരകത്തിലെ ഒറ്റ മരത്തിന്റെ ആകാശത്തോട്‌ ചേർന്ന ചില്ലയിലിരുന്നുറങ്ങി.
നെഫറെറ്റി നിന്റെ ചുരുണ്ട മുടികൾക്ക്‌ ഗിലയാദിലെ മാനുകളുടെ കസ്തൂരി മണമാണ്.
അവൾ എനിക്ക്‌
വേണ്ടി തുന്നിയ ഉറുമാലിനു ഒരു മാസക്കാലത്തെ ഗോതമ്പിന്റെ വിലയുണ്ടായിരുന്നു.
ഖാമോൻ രാജാവിനു 
വേണ്ടി തല മുറിഞ്ഞ്‌ മരിച്ച പിതാവിന്റെ മകൾ അമ്മ ഉപേക്ഷിച്ചവൾ.
അവളെ കേൾക്കാൻ ആരുമുണ്ടായിരുന്നില്ല എന്നതിനാൽ
അവളെ പ്രേമ വിവശയാക്കുവാൻ ഞാനെന്റെ കാതുകളെ തുറന്നു വയ്ക്കുക മാത്രം ചെയ്താൽ മതിയായിരുന്നു.
ആയിരം നാണയങ്ങൾക്ക്‌ അവളെ നീല നദിയിലെ അറബിക്കപ്പലിൽ ഉപേക്ഷിക്കുമ്പോൾ.
അവൾ പ്രപഞ്ചം നടുങ്ങുമാറു നില വിളിച്ചു.
രെക്ഷിപ്പാൻ കേണു.
ഞാനെന്റെ കാതുകളെ കൊട്ടിയടച്ചിരുന്നു.
അവളെ പിന്നീടാരും നീല മേടുകളിൽ കണ്ടില്ല.
ഗോതമ്പ്‌ പാടത്ത്‌ കിളിയാട്ടാൻ മറ്റൊരു പെണ്ണെത്തി.
അവളുടെ വളർത്ത്‌ കിളികൾ കൂടിനുള്ളിൽ ചത്ത്‌ പുഴുത്തു.
വേലി കെട്ടിയ പനമടലുകളിൽ പടലുകൾ ചുവന്ന് പൂവിട്ടു.
അവളുടെ ഏകാന്ത വാസത്തിന്റെ മാടം ഉപ്പ്‌ കാറ്റിൽ നിലം പതിച്ചു.
അന്ന് വീണ്ടും ഞാനവളെ കണ്ടു.
തിരകളുടെ ഒഴുക്ക്‌ തീരുന്ന ചരലിൽ ചുരുണ്ട മുടികളുള്ള നെഫറെറ്റി മലർന്ന് കിടന്നു.
കടൽ കാക്കകൾ അവളുടെ മാറിൽ ചാടി കയറുന്നതും ചോര പഴുത്ത്‌ മഞ്ഞിച്ച ഹൃദയത്തെ കൊത്തി വലിക്കുന്നതും ഞാൻ കണ്ടു.
അതി ഭീകരമായ ആ കാഴ്ച്ച കണ്ട്‌ ഞാൻ ഉറക്കത്തിൽ നിന്ന് ചാടി എഴുനേറ്റു.
നഗ്നയായ ഒരു പെണ്ണെന്നോട്‌ എന്തൊക്കയോ ചോദിച്ചു.
ഒന്നും വ്യക്തമായില്ല.
ഭയന്ന് ഒരു മൂലയിലേക്ക്‌ വീണ എന്റെ പണം മുഴുവൻ ആ കുടലകൾ അപഹരിച്ചു.
എന്നെ പുറത്തേക്ക്‌ തള്ളി വാതിലുകളടച്ചു.
കണ്ണിൽ കറുപ്പ്‌ മാത്രമാണുള്ളത്‌.
മെഴുക്‌ പോലെ തിളക്കമുള്ള കാക്കകളുടെ കറുപ്പ്‌.
എന്നെ അവ കൊന്നുകളയും എന്ന് ഞാൻ പേടിച്ചു.
ഭ്രാന്ത്‌ പിടിപെട്ടപോലെ ഞാൻ ഓടി. 
ദിവസങ്ങളോളം ഞാനാ തുറമുഖത്തെ വിളക്ക്‌ ഗോപുരത്തിൽ ഒളിച്ചിരുന്നു.
അവിടം വിട്ട്‌ ഞാനൊരു കപ്പലിൽ യെമുദാമിലെത്തി.
കാക്കകൾ എന്നെ പിൻ തുടർന്ന് വന്നു.
കടൽ തിരകളിലേക്ക്‌ മലനീരൊഴുകി വരുന്ന പൊന്തകളുള്ള ഒരു തുരുത്തിൽ ഞാനവളെ വീണ്ടും കണ്ടു.
പെട്ടെന്നൊരു പറ്റം കടൽ കാക്കകൾ എനിക്ക്‌ ചുറ്റും തിരകളെക്കാളൊച്ചയിൽ ആർത്തുകൊണ്ട്‌ വട്ടം ചുറ്റി.
കറുത്ത കൊക്കുകളാഴ്ത്തി അവ എന്റെ കണ്ണുകൾ തുരന്നെടുത്തു.
എന്റെ ചുറ്റും കസ്തൂരി മണക്കുന്നു. എന്റെ കൈകൾ പിടിച്ച്‌ അവൾ വലിക്കുന്നു.
ചോരയൊലിക്കുന്ന എന്റെ കണ്ണുകളിൽ വീണ്ടും കാക്കകൾ ചുണ്ടുകളാഴ്ത്തുന്നു.
മരണ വേദന.
കരിമ്പാറകൾക്കിടയിൽ അടിതെറ്റി പതിച്ച എന്റെ നെഞ്ച്‌ പൊളിച്ച്‌ ഒരു കറുത്ത പക്ഷി ഊഷരമായ നരകത്തിൽ പതിച്ചു.
അത്‌ ഞാൻ തന്നെ.
പാപികളൊക്കെ കാക്കകളാകും.
വന്ധ്യമായ നരകത്തിൽ അവർ ഏകാകിയായി ഉഴറി നടക്കും.
മുടിനാരിഴ പാലവും തീക്കുഴികളുമല്ല ഏകാന്തതയാണു ഏറ്റവും വലിയ ശിക്ഷ.

By: 
Hari Kumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo