Slider

ബർക്കത്തിന്റെ ആത്മാവ്‌

0

അവൾ എങ്ങനെ എന്റെ വീട്ടിൽ തന്നെ എത്തിപ്പെട്ടുവെന്ന് ഇന്നും എനിക്കറിഞ്ഞു കൂട. സാരമായ പരിക്കുകളുമായി വടക്കേത്തിണ്ണയിൽ കിടന്ന് ദീനമായി കരഞ്ഞുകൊണ്ടിരുന്ന അവളെ ഉമ്മയാണു ആദ്യം കണ്ടത്‌.
അവൾക്കു കറുപ്പിൽ വെളുത്ത വലിയ പൊട്ടുകളുള്ള സുന്ദരമായ ശരീരമായിരുന്നു.ദയ തോന്നിയ ഉമ്മ ദിവസങ്ങോളോളം പരിചരിച്ച്‌ അവളുടെ മുറിവുകൾ സുഖപ്പെടുത്തിയതിന്റെ നന്ദി കൊണ്ടാകണം അവൾ പിന്നെ ഞങ്ങളുടെ വീടു വിട്ട്‌ എങ്ങും പോയില്ല..
" ആരൊ വളർത്തിയിരുന്നതാണു. അല്ലാതെ ഇത്ര ഇണക്കമാവില്ല." ഉമ്മ അവളെപ്പറ്റി ഇടക്ക്‌ പറഞ്ഞു.
അവൾ ആരെയും കൂസാതെ ഞങ്ങളുടെ ഊൺ മേശക്കടിയിൽ സ്ഥാനം പിടിച്ചു. രണ്ടര വയസുകാരൻ അനിയന്റെ വിചാരം അവനു പുതിയതായി ആരോ വാങ്ങിക്കൊടുത കളിപ്പാട്ടമാണതെന്നായിരുന്നു. അവൻ അവളുടെ പിന്നാലെ എപ്പൊഴും ഓടി. അവളുടെ വാലിൽ പിടിച്ചു വലിച്ചു. ഈർക്കിലി തുമ്പ്‌ കൊണ്ട്‌ അവളെ ഭ്രാന്ത്‌ പിടിപ്പിച്ചു. അമ്പരപ്പിക്കുന്ന കാര്യം അവൾ തിരിച്ച്‌ ഒന്നു മുരളുക പോലും ചെയ്യാറുണ്ടായിരുന്നില്ലെന്നതാണു.
പതിയെ എനിക്കവളോടു സ്നേഹമായിതുടങ്ങി. അവളുടെ സ്വഭാവ ശുദ്ധിയെപ്പറ്റി ഉമ്മ പറയുന്നത്‌ ഞാൻ കേട്ടിരിക്കുന്നു. " ഒരു വക മോഷ്ടിക്കില്ല. എന്തേലും ഇട്ടു കൊടുതാ അത്‌ കഴിക്കും. ഇതു വരെ ആത്ത്‌ മുള്ളിക്കണ്ടിട്ടില്ല. അതവിടൊരു മൂലേ ക്കെടന്നോട്ടെ. ഞമ്മക്ക്‌ ബർക്കത്താ.."
അവളുടെ വയർ വീർത്തു വരുന്നുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു. ഇടക്കിടെ അകത്തളങ്ങളിലെല്ലാം പോയി എന്തോ തിരയുക പതിവായി. തിരഞ്ഞു തിരഞ്ഞ്‌ ഒടുവിൽ തനിക്കിണങ്ങിയ സ്ഥലം അവൾ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു.
ഒരു അർദ്ധരാത്രി അവ്യക്തമായ ചില കരച്ചിലുകളെന്റെ ഉറക്കം കളഞ്ഞു. പരിഭ്രാന്തി വിട്ട്‌ പരിസര ബോധം വന്നപ്പോൾ ഞാനറിഞ്ഞു . ഹാ അവൾ പണി പറ്റിച്ചിരിക്കുന്നു. അതും എന്റെ മുറിയിൽ. കാർട്ടൂണിനുള്ളിലേക്ക്‌ ഇചിരി അറപ്പോടെ ഞാൻ തല നീട്ടി . എന്റല്ലാഹ്‌.. എന്തൊരോമനത്തമുള്ള കുഞ്ഞുങ്ങൾ.. മൂന്നെണ്ണം.. തള്ളയുടെ ചൂടിന്റെ മാസ്മരികതയിൽ അവ മതി മറന്നു കിടക്കുകയാണു. പിറ്റേന്നും ഉമ്മ പറഞ്ഞു. അത്‌ ബർക്കത്താണെന്ന്.
കുഞ്ഞുങ്ങൾ സ്വയം വഴികൾ തിരഞ്ഞെടുത്തപ്പോൾ തള്ള പിന്നെയും ഒറ്റത്തടിയായി.. അവൾ എന്റെ മുറിയിൽ സ്തിരമായി ഉറങ്ങിത്തുടങ്ങി. അർദ്ധരത്രിയിൽ പതിയെ തന്റെ കൈകൾ കൊണ്ടെന്നെ തോണ്ടി വിളിക്കും. ഞാൻ കിളിവാതിൽ തുറക്കുമ്പോൾ പുറത്തേക്ക്‌ പോകുകയും പുലർച്ചെ വാതിൽ തുറക്കുന്നത്‌ വരെ പുറത്ത്‌ കാവൽ കിടക്കുകയും ചെയ്തു.
അവളുടെ പ്രസവങ്ങൾക്ക്‌ കയ്യും കണക്കുമുണ്ടായിരുന്നില്ല.അവളെ നിരന്തരമിങ്ങനെ ഗർഭിണിയാക്കുന്ന കള്ളൻ ഞങ്ങളുടെ തൊട്ടയൽ വീട്ടിൽ താമസമുണ്ടെന്ന് ഒരിക്കൽ ഞാൻ കണ്ടുപിടിച്ചു. ഇനി മേലാൽ അവനെ കണ്ടുപോകരുതെന്ന് ശട്ടം കെട്ടുകയും ചെയ്തു. പക്ഷെ എന്തു ഫലം. പെണ്ണുങ്ങൾ എത്ര കിട്ടിയാലും പഠിക്കില്ലല്ലോ..
എന്റെ വിവാഹ ശേഷം അവളുടെ വീട്ടിലേക്കുള്ള വരവ്‌ കുറഞ്ഞെന്ന് ഉമ്മ പറഞ്ഞിരുന്നു.
ഞാൻ വീട്ടിൽ വരുമ്പോൾ മാത്രം പതിയെ പ്രാഞ്ചി പ്രാഞ്ചി ഒരു വയസിയെ പ്പോലെ അവൾ വരും. ഇനി നിനക്ക്‌ പ്രസവിക്കണോ എന്നു ഞാനവളെ കളിയാക്കി.
എലിശല്യം കൂടിയിരിക്കുന്നു.. ഉമ്മ പിറുപിറുത്തു.
ഒരുദിവസം വീട്ടിൽ ചെന്നപ്പോൾ ഉമ്മ പറഞ്ഞു. അവൾ ചത്തു പോയെന്ന്.
"ദീനം ബാധിച്ച്‌ അവിടവിടൊക്കെ കുറെ നടന്നു. ചത്തു മണം വന്നിട്ടാ കണ്ടത്‌.താഴെപറമ്പിൽ കൊണ്ടോയി കുഴിച്ചിട്ടു."
എനിക്കു ഭയങ്കര വിഷമം തോന്നി.ഒരു സുഹൃത്തിനെ പിരിഞ്ഞതു പോലെ....
അവളെ വീണ്ടും ഓർക്കാൻ ഒരു കാരണമുണ്ടായി. കുറച്‌ ദിവസങ്ങളായി ഇവിടെ അവളെപ്പോലൊരുത്തി കറങ്ങിത്തിരിയുന്നു. അതേ സ്വഭാവം. അതേ ഇണക്കം . ഗർഭിണി. സർവ്വത്ര അവൾ തന്നെ. അവളുടെ സൗന്ദര്യം മാത്രം ഇല്ല.
ഞാൻ ഉമ്മയെ ഫോണിൽ വിളിച്ച്‌ പറഞ്ഞു." ഉമ്മാ എന്നെത്തേടി ഇതാ ബർക്കത്തിന്റെ ആത്മാവ്‌ വന്നിരിക്കുന്നു"...!
നസീഹ ഷമീൽ...!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo