By: കൃഷ്ണകുമാര്‍ ചെറാട്ട്
എവിടേയ്ക്കോ പോവാനൊരുങ്ങുന്നതിനിടയില്‍ പാന്റിട്ട് ഷര്‍ട്ടിടാതെ നിന്നിരുന്ന മനോഹരനെ കണ്ട് കൂട്ടുകാര്‍ "ദേഡാ, ഇവന്‍റെ വയറ് ഷര്‍ട്ട് ഇന്‍ ചെയ്ത പോലെ പാന്റിന്‍റെ മോളിലേയ്ക്ക് നിക്കുണു..." എന്ന്‍ പരസ്പരം പറഞ്ഞ്, കളിയാക്കുകയുണ്ടായി.
എങ്ങനേലും ഈ വയറൊന്നു കുറയ്ക്കണം, മനോഹരന്‍ മനസ്സില്‍ ആ കടുത്ത തീരുമാനം അന്നെടുത്തു.
പിറ്റേന്ന് അതിരാവിലെ (7 മണിയ്ക്ക്) അലാറം വച്ച് അവനെഴുന്നേറ്റു. ആരേലും കാണ്‍കെ കസര്‍ത്ത് ചെയ്യാന്‍ ജാള്യതയായിരുന്നതിനാല്‍ തളത്തില്‍ തന്നെയാകട്ടെ എന്നു വച്ചു. ചാടിയും തലകുത്തിയും ഇരുന്നും കെടന്നുമെല്ലാം അവന്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് ശവാസനത്തില്‍ കെടന്നാല്‍ തളര്‍ച്ച മാറ്റാം എന്ന്‍ എവിടെയോ വായിച്ച ഒരോര്‍മ്മ, എന്നാപ്പിന്നെ അങ്ങനെ തന്നെ ആവാമെന്ന് കരുതി ശവാസനത്തില്‍ കിടന്നു.
"കേടക്കേല് ഒറങ്ങീതു പോരാണ്ട് ഇവിടേം കെടന്നൊറങ്ങ്വാണോടാ" എന്ന, അച്ഛന്‍റെ അലര്‍ച്ച കേട്ടാണ് അവന്‍ തട്ടിപ്പെടഞ്ഞെണീറ്റത്.
ശവാസനത്തില്‍ കെടന്നങ്ങനെ ഒറങ്ങിപ്പോയതാണെന്ന വ്യാഖ്യാനത്തെ, അച്ഛന്‍ "ശവം" എന്ന്‍ പറഞ്ഞ് ഖണ്ഡിച്ചു.
അതും കേട്ട് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ അനിയത്തി "ഈ കൂര്‍ക്കംവലിച്ചാ വയറു കൊറയോ, അമ്മേ"....
അങ്ങ് ചത്താ മതീന്നായി മനോഹരന് !!
(കൃഷ്ണകുമാര്‍ ചെറാട്ട്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക