Slider

ബ്രൂട്ടസ് , എത്ര നല്ലവൻ !

0

അവർ ദേവന്മാർ
സന്മാർഗികൾ
അവരെ നാം കുറ്റം പറയരുത്.
ശരിയാണ് , അവർ സുരകഴിച്ച് മത്താടുന്നവരാണ് ,
അപ്‌സരസ്സുകളുമായി കൂത്താടുന്നവരാണ് .
അതുകണ്ട് കൊതിച്ച് കള്ളുചെത്താനും
ചാരായം വാറ്റാനും പുറപ്പെട്ടതുകൊണ്ടല്ലേ
അവർ നമ്മളെ അസുരരെന്നു വിളിച്ച് അപമാനിച്ചത്!.
അവർ ദേവന്മാർ , നല്ലവർ
അവർ ചെയ്യുന്നത് കണ്ട് നമ്മൾ തുള്ളരുത്
നമ്മുടെ മണ്ണിൽ വിളഞ്ഞ സീതയിൽ അവർ ഭ്രമിച്ചതും
ഭ്രമം തീർന്നപ്പോൾ കാട്ടിൽ തള്ളിക്കളഞ്ഞതും
നമ്മുടെ പെണ്ണിന്റെ മതിഭ്രമം കൊണ്ടല്ലേ ?
അവർ ദേവന്മാർ , സന്മാര്ഗികൾ
അവരുടെ ഹിതം അറിയുന്നുവെന്ന് ധരിക്കുന്നത്
നമ്മുടെ ധിക്കാരമല്ലേ?
നമ്മുടെ പൗത്രൻ നമ്മളെ കൊല്ലുമെന്ന്
അവർ അശരീരികേൾപ്പിച്ചത്
നമ്മളെ രോഷം കൊള്ളിക്കരുതായിരുന്നു.
ആ പൗത്രന്റെ മുൻപിൽ തലതാഴ്ത്തിക്കൊടുത്ത്
നമുക്ക് സ്വർഗ്ഗപ്രാപ്തി നേടാമായിരുന്നു.
അവർ പ്രകോപിച്ചാലും നമ്മൾ കോപിക്കരുതെന്ന്
അറിയാതിരുന്നത് നമ്മുടെ കുറവല്ലേ:?
അവർ ദേവന്മാർ . സംസ്കൃത പണ്ഡിതർ
വാക്കുകൾക്കുള്ളിൽ അർത്ഥം ഒളിപ്പിക്കുന്നവർ
നമ്മൾ പ്രാകൃതർ .
വാക്കുകളില്ലാത്തവർ .
ഇരതേടി അലയുന്നവർ
നിഷാദർ, കീഴാളർ , നീചർ
നമ്മുടെ വംശനാശത്തെപ്പറ്റി
അവർ പാടിയ സങ്കീർത്തനം
ഏറ്റുപാടി നമുക്ക് അവരെ പ്രീതിപ്പെടുത്താം
ചിതലരിച്ച് മണ്ണാവുന്നതുവരെ
അവർ ദേവന്മാർ , വാഴ്ത്തപ്പെടേണ്ടവർ .....
By: 
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo