Slider

പിൻഗാമി (ഭാഗം ഏഴ്)

0

Image may contain: 1 person

കൃത്യ സമയത്ത് തന്നെ മയ്യത്ത് ഖബറടക്കി നാട്ടുകാരെല്ലാം പിരിഞ്ഞു പോയി. ഖബർ വെട്ടി സെയ്താലിയുടെ സഹായിക്ക് കാലിൽ പിക്കാസുകൊണ്ട് എല്ല് പൊട്ടി. കമ്പിയിടാൻ ഉള്ളതിനാൽ ആശുപത്രിയിൽ അഡ്മിറ്റാണിപ്പോൾ..
" എന്താ സെയ്തു... ചില അശുഭ വാർത്തകളാണല്ലൊ കേൾക്കുന്നത്"?.
ഉസ്മാൻ മുസ്ല്യാർ സെയ്തു കാക്കാന്റെ അടുത്തിരുന്നു ചോദിച്ചു.
"നിങ്ങളെവിടെയായിരുന്നു ഇത്രേംദിവസം"?.
സെയ്തു കാക്കാന്റെ ചോദ്യത്തിന് ദീർഘമായി ഒന്നു നിശ്വസിച്ചു ഉസ്മാൻ മുസ്ലിയാർ.
" ഇൻ ഷാ അല്ലാഹ്. എല്ലാം പറയാം..
ഉസ്മാൻ മുസ്ലിയാർ പറഞ്ഞു തുടങ്ങി..
''എന്റെ ഇരുപതാമത്തെ വയസ്സിലാണ് ഞാനാ സ്വപ്നം കണ്ടത്.തുടർച്ചയായി കണ്ടപ്പോൾ എന്റെ ഗുരുവിനെ സമീപിച്ചു.ഗുരു അതിനെ വിശദീകരിച്ചില്ല.
"താങ്കൾ മഹാനായ ഒരു ശൈഖിന്റെ സാമീപ്യം കൊണ്ട് അനുഗ്രഹീതനായിരിക്കും"
എന്നു മാത്രമാണ് ഗുരു പറഞ്ഞത്.
അന്ന് മുതൽ എനിക്ക് ജിജ്ഞാസയായിരുന്നു ആരാണ് ആ ശൈഖെന്ന്.എങ്ങിനെ ശൈഖിനെ മനസിലാക്കാമെന്നുള്ള എന്റെ സംശയം കൂടി ഗുരുതീർത്തു തന്നു.
പണ്ട് സുലൈമാൻ നബി(സോളമൻ ചക്രവർത്തി) ധരിച്ചിരുന്ന പോലോത്ത ഒരു മോതിരം അദ്ദേഹത്തിന്റെ വിരലിലുണ്ടാകുമെന്നും ചില ഭാഗ്യവാന്മാർ മാത്രമെ അത് തിരിച്ചറിയുകയുള്ളുയെന്നും ശൈഖ് മുറബ്ബിയായിരിക്കുമെന്നും ഗുരു പറഞ്ഞിരുന്നു.
പക്ഷെ ഇന്നെനിക്ക് അറുപത് വയസ്സ് കഴിഞ്ഞു. 40 വർഷം ഞാൻ ശൈഖിനെ തിരഞ്ഞു.. ഇതു വരെ എനിക്കാരഹസ്യം അല്ലാഹു
വെളിപ്പെടുത്തിത്തന്നിട്ടില്ല..
ഉസ്മാൻ മുസ്ല്യാർ പറഞ്ഞു നിർത്തി.
" എന്താണ് ഈ മുറബ്ബിയായ ശൈഖ് എന്ന് പറഞ്ഞാൽ?.
മുറബ്ബിയായ ശൈഖ് എന്ന് പറഞ്ഞാൽ നമുക്ക് അദ്ദേഹത്തിന്റെ ശിഷ്യത്വം കിട്ടിക്കഴിഞ്ഞാൽ നമ്മൾ എന്ത് തെറ്റ് ചെയ്യുകയാണെങ്കിലും അത് തടയാൻ അദ്ദേഹത്തിന് കഴിവുണ്ടായിരീക്കും. നമ്മൾ അപകടത്തിൽ പെട്ടാൽ രക്ഷപ്പെടുത്താൻ കഴിവുണ്ടായിരിക്കും. രോഗം വന്നാൽ ചികിത്സിക്കാൻ കഴിവുണ്ടായിരിക്കും. എത്ര അകലെയാണെങ്കിലും ജ്ഞാനദൃഷ്ടികൊണ്ട് കാര്യങ്ങൾ അറിയും. ആത്മാവ് കൊണ്ട് പ്രവർത്തിക്കും.
അപ്പോൾ നിങ്ങളുടെ നിലവിലുള്ള ശൈഖോ?...
നിലവിലുള്ള ശൈഖിന്റെ ശിഷ്യത്വം എനിക്കിതുവരെ കിട്ടിയിട്ടില്ല.. അതിനു വേണ്ടിയാണ് ഞാൻ ഓടി നടക്കുന്നത്. അദ്ദേഹം അടുത്ത് തന്നെ കേരളത്തിലെത്തിയേക്കാം എന്ന ഒരു സൂചനയുമുണ്ടായിരുന്നു.
ഒരു പക്ഷെ അദ്ദേഹം ഇവിടെയും വന്നേക്കാം".
................................
"സുബ്ഹി ബാങ്കിലുണർന്നിട്ട്
വൊളുവുള്ള മനസാലെ
സുജൂദിൽ നിന്നുയരേണം
ഇസ്ലാം നാട്
മനിതരെ, തഴമ്പുള്ള
വിരി നെറ്റി,
തടവിക്കൊണ്ട്"
കാന്റീനിന്റെ തൊട്ടടുത്തെത്തിയപ്പോഴാണ് സെയ്തു കാക്കാന്റെ മധുരമനോഹരഗാനം ഞാൻ കേട്ടത്. പാട്ടുകേട്ടപ്പോൾ പുറത്ത് ചുമരിനോട് ചാരി ഞാൻ നിന്നു. എന്നെ കണ്ടാൽ സെയ്തു കാക്ക പാട്ട് നിർത്തും.
"ആ കുടിലിന്റൊരു കോണില്
കിനാവെന്തന്നറിയാതെ
പതിനാലാം രാവിനൊത്ത്
വളർന്ത ബീവി.
അവളുടെ ഹൃദയത്തിൻ
മണം പൂണ്ട് അണയ്ന്തമാരൻ".
സെയ്തു കാക്ക കുറച്ചു സമയം നിശ്ചലനായപ്പോൾ ഞാൻ ഒന്നു ചുമച്ചു.
അതു കേട്ട് സെയ്തു കാക്ക അകത്തേക്ക് കയറിച്ചെല്ലാൻ ആവശ്വപ്പെട്ടു.. സെയ്തു കാക്കാന്റെ കാലിന് കാര്യമായ പരിക്കില്ലെങ്കിലും പ്ളാസ്റ്ററിട്ടത് കണ്ടപ്പോൾ കരച്ചിൽ വന്നു പോയി. കരച്ചിലടക്കാൻ പ്രയാസപ്പെടുന്ന എന്നെ കണ്ടപ്പോൾ സെയ്തു കാക്കാക്കും സങ്കടം വന്നിട്ടുണ്ടാകും. സെയ്തു കാക്കക്ക് പിറക്കാതെ പോയ മകനാണ് ഞാനെന്ന് ആ മനസ് പറയുന്നുണ്ടെന്ന് എനിക്ക് നന്നായറിയാം. ആരോരുമില്ലാത്ത ഞാനും ഭാര്യയും മക്കളുമില്ലാത്ത സെയ്തു കാക്കയും ഒരു പാട് വേദനകളുടെ ഇടയിലാണ് ജീവിക്കുന്നത് എന്നത് പരസ്പരം അറിയാം. അതു കൊണ്ട് തന്നെ ഒരു സാഹചര്യമുണ്ടായപ്പോൾ ആ വികാരങ്ങൾ പ്രതിഫലിച്ചു എന്നും പറയാം.
കട്ടിലിൽ സെയ്തു കാക്കാന്റെ അരികിലായി ഞാൻ ഇരുന്നു.
എന്റെ മുടിയിഴകളിലൂടെ സെയ്തു കാക്കാന്റെ വിരലുകൾ ഓടിക്കൊണ്ടിരുന്നു.
"നല്ല വേദനയുണ്ടോ?..
നല്ല വേദന മാത്രമല്ല ചുട്ടുപൊകച്ചിൽ,നീറ്റൽ, ചൊറിച്ചിൽ എല്ലാം ഉണ്ട്...
അത് കേട്ടപ്പോൾ എനിക്ക് വല്ലാതായി.. എന്റെ വലത് കൈ സെയ്തു കാക്കാന്റെ കാലിൽ സ്പർശിച്ചു.കാലിന്റെ മുട്ടിന് മുകളിലൂടെ എന്റെ കുഞ്ഞുകൈ കാൽവിരലുകളിലെത്തി.. എപ്പോഴും ഇളക്കാൻ പറഞ്ഞിട്ടുണ്ടത്രെ ഡോക്ടർ. വിരലുകൾ ഞാൻ മെല്ലെ ഇളക്കി കൊടുത്തു.
ഈ സമയം സെയ്തു കാക്ക ആകെ വിയർക്കുകയായിരുന്നു. കാലിൽ എന്തോ ഒരു പ്രവാഹം പോലെ... പരിക്ക് പറ്റിയ സ്ഥലത്ത് എന്തോ ഒരു അസ്വസ്ഥത. വിരലിൽ നിന്ന് കുട്ടി കൈ എടുക്കുമ്പോൾ പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചു പോകുന്നു. കുട്ടി കൈ വയ്ക്കുമ്പോൾ ഒരു സുഖമുള്ള തരംഗം...
സെയ്തു കാക്ക എന്നെ സൂക്ഷിച്ചു നോക്കുന്നു.. പുഞ്ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു.. ഉറങ്ങിക്കോളൂ...
എന്റെ സംസാരം കേട്ട സെയ്തു കാക്ക ആശ്ചര്യത്തോടെ എന്നെ നോക്കുകയാണ്. എന്നിട്ട് എന്തോ പറയാൻ ശ്രമിക്കുന്നു..
നീ... നി...... ആ.....
പറഞ്ഞത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല... അതിനു മുമ്പെ സെയ്തു കാക്ക പിന്നിലേക്ക് മലച്ചു..
തുടരും... ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo