Slider

നവഗ്രഹങ്ങളുടെ ഡയറികുറിപ്പുകൾ (ചെറുകഥ )

0
Image may contain: 1 person, closeup

2008 ഏപ്രിൽ ഒൻപതു രാവിലെ 8 മണി........
" അനന്തരാമന്റെ ഗ്രഹനില... കുഴപ്പമില്ല.... പക്ഷെ.. ആറാം ഭാവാധിപൻ ലഗ്നത്തിൽ നിൽക്കുന്നതിനാൽ ആരോഗ്യത്തെ ബാധിക്കും.... ബന്ധുക്കളുടെ ശത്രുത ഉണ്ടാകാം.. എട്ടാം ഭാവാധിപൻ ലഗ്നത്തിൽ നിൽക്കുന്നതിനാൽ ശരീര സുഖം കുറയാം... മുറിവുകൾ ഉണ്ടായെന്ന് വരാം "
"മനസിനാണെങ്കിൽ ഒരുപാട് മുറിവേറ്റിട്ടുണ്ട്....ജോത്സ്യരെ "
" ഞാൻ ഉദ്ദേശിച്ചത് ശരീരത്തിന്റെ കാര്യമാണ്.... "
" ജോലി, വിവാഹം.... എന്നിവ... ?.."
" ഏഴാം ഭാവാധിപൻ പന്ത്രണ്ടിൽ... സ്ത്രീകളോട് വിശ്വാസപൂർവം പെരുമാറും... പക്ഷെ ചീത്തപ്പേരു കേൾക്കാതെ നോക്കണം... വിവാഹത്തിനും ഉദ്ദേശിക്കുന്ന ജോലിക്കും കുറെക്കൂടി താമസം കാണുന്നു. "
" പരിഹാരമൊന്നും.... ?"
" പരിഹാരമുണ്ട്.... ആ ഒൻപതു പേരാണല്ലോ നമ്മുടെ ജീവിതഗതികൾ നിശ്‌ചയിക്കണത്... "
" അതാരാണ്... അവരോട് പറഞ്ഞാൽ... പരിഹാരം വല്ലതും.... ? "
"ഞാൻ നവഗ്രങ്ങളുടെ കാര്യമാണ് ഉദ്ദേശിച്ചത്... നവഗ്രഹ പ്രീതിക്കായി ഒരു പൂജ നടത്തിയാൽ ഫലം നിശ്‌ചയം.. "
" ഇപ്പൊത്തന്നെ വഴിപാടും പൂജയുമായി ഒരു പാട് ചെലവായി.....ഫലം ഉണ്ടാകുമോ എന്തോ.... "
" വിഷമിക്കാണ്ടിരിക്കു... ജ്യോതിഷം ഒരു ശാസ്ത്രമാണ്... എല്ലാം ശരിയാകും... "
........... 2008 ഏപ്രിൽ ഒൻപതു രാത്രി 9.30............
" അമ്മേ... ശങ്കരൻ ജ്യോത്സര് പറേന്നതു.. പൂജ ചെയ്യണമെന്നാ.. "
" ന്നാലും ന്റെ കുട്ടീടെ ഒരു വിധി.... ഈ ദുരിതമൊക്കെ എന്നാ തീർന്നുകിട്ടുക ന്റെ ദേവീ.... "
" ആ ഒൻപതു പേരാണത്രെ എന്റെ ജീവിതം ഇങ്ങനെയൊക്കെ കൊണ്ടുപോകുന്നേ ..അമ്മേം മുത്തശ്ശീയും വിഷമിക്കാൻ പറേന്നതല്ല...ഞാൻ ഇനി ഒരു പൂജക്കും വഴിപാടിനുമില്ല...വരുന്നിടത്തു വച്ചു കാണാം അല്ലാതെന്താ"
............... രാത്രി 12 മണി...........
" നീയ്യ് വിഷമിക്കാതെ മാലതി... അവൻ സങ്കടം കൊണ്ട് പറേന്നതല്ലേ... "
"അതേമ്മേ... എനിക്കറിയാം.. ദിവാകരേട്ടൻ അവന്റെ ഒൻപതാമത്തെ വയസിൽ മരിച്ചതിനു ശേഷം തുടങ്ങിയതല്ലേ നമ്മടെ കഷ്ടപ്പാട്... "
" നമ്മള്.. എത്ര ബുദ്ധിമുട്ടിയാ അവനെ ഇത്രേം പഠിപ്പിച്ചത്.. കുഞ്ഞു ആഗ്രഹിച്ചിടം വരെ പഠിപ്പിക്കാന്.. കഴിഞ്ഞോ.. അതുമില്ല.. "
" ശരിയാ അമ്മേ... എന്റെ കുട്ടി അലയാൻ തുടങ്ങിയിട്ട് എത്ര കാലമായി ... "
" കരയാണ്ടിരിക്കു മലതീ നീയ്‌.. "
" അതല്ലമ്മേ...ന്റെ കുട്ടിക്ക് ഒരു നല്ല ജോലിയുണ്ടോ.... ഉറക്കിളച്ചു പഠിച്ചു ജോലിപരീക്ഷകൾ എഴുതുന്നുണ്ട് .. പക്ഷെ...., ഗോപാലേട്ടന്റെ കടേലെ കണക്കെഴുത്തുകൊണ്ടു ജോലി മാത്രം അവനൊരു ജീവിതമുണ്ടോ... വിവാഹത്തിനാണെങ്കിൽ ..നല്ലൊരു തൊഴിലും വരുമാനവുല്ലാത്ത കാരണം ആരെങ്കിലും.. ഇഷ്ടപ്പെടുമോ.... "
" വഴിയുണ്ടാകും മാലതി ന്റെ മനസ് അങ്ങനെ പറയണു .
............. .2008 ഏപ്രിൽ 10. 8.30 am.................
" അമ്മേ ഞാൻ കടയിലോട്ടു.. പോകുന്നു "
" ഗോപാലനോട്......... ചോദിച്ചു ഇന്നിത്തിരി നേരത്തെ... വന്നോളൂ രാമാ... "
" വേണ്ട..മുത്തശീ . പൂജക്കും വഴിപാടിനുമാണെങ്കല്.. ഞാനില്ല.... "
..............രാത്രി 9.30...................
" ദാ ഈ സഞ്ചി അങ്ങകത്തേക്കു വച്ചോളു അമ്മേ... "
" നിന്നെത്തിരക്കി... കുറച്ചു പേരിവിടെ വന്നിരുന്നു രാമാ."
" ആരാ മുത്തശ്ശീ.... "
" ആരാന്നറിയില്ല കുട്ടീ..."
" ആരാണമ്മേ വന്നത്... മുത്തശ്ശി പറേന്നതു കേട്ടില്ലേ "
" ഞാൻ കണ്ടില്ല... ആരാണ്.. ആരോ വന്നു എന്ന് അമ്മ കുറെ നേരമായി പറേന്നു. "
" മുത്തശ്ശീ... പറഞ്ഞാട്ടെ "
" വെയില് മങ്ങികഴിഞ്ഞുകാണും മാലതി അമ്പലത്തിലും പോയി ..അപ്പൊ ദാ കുറച്ചു പേര് കയറി വന്നു ഈ വരാന്തയില് ഇരുന്നു."
"എന്നിട്ട്....? "
" എന്നിട്ടെന്താ അവര് നിന്നെ അന്വേഷിച്ചു...അപ്പൊ ഞാമ്പറഞ്ഞു... ഗോപാലന്റെ കടേല് ചെന്നാ മതീന്ന്... "
" അവര് വന്നില്ലല്ലോ അവിടെ..? "
" നേരില് കാണണം എന്ന് നിർബന്ധമില്ലാന്ന് പറഞ്ഞു..പറ്റിപോയ പിഴവിന് നിന്നോട് അവര് ക്ഷമ ചോദിച്ചെന്നു പറയാൻ പറഞ്ഞു..ഒരുപാട് ദൂരം നടന്നു വന്നവരാ , ദാഹം തീർത്തിട്ടാ പോയത്..
"ക്ഷമയോ എന്നോടോ, എന്നോട് ആരും തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ മുത്തശ്ശീ... ?"
"അതാ രാമാ ഞാനും ഓർക്കണത്... "
" അവര് എത്രപേരുണ്ടായിരുന്നു മുത്തശ്ശീ..... ?
" അത് പറയാൻ മറന്നു രാമാ ... അവര് ഒൻപതു പേരുണ്ടായിരുന്നു... !!! "
.........2017 ഏപ്രിൽ 20 രാത്രി.......
വർഷങ്ങൾ പലത് കഴിഞ്ഞു. അനന്തരാമൻ പിന്നീട് പൂജയും വഴിപാടുകളും ഒന്നു കഴിച്ചതേയില്ല. രാമന് വേണ്ടി മുത്തശ്ശിയും അമ്മയും വഴിപാടുകളും പൂജകളും ചെയ്തുകൊണ്ടിരുന്നു. ഉറക്കിളച്ചു പഠിച്ച രാമന് സർക്കാർ ജോലി കിട്ടി, ക്ലർക്ക് പരീക്ഷയിൽ ഒൻപതാം റാങ്കായിരുന്നു. രാമനെ തിരക്കി വന്ന ഒൻപതു പേരെക്കുറിച്ചു മുത്തശ്ശി മരിക്കുന്നിടം വരെ പറയുമായിരുന്നു. രാമന്റെ വിവാഹം കഴിഞ്ഞു. അമ്മയുടെ ദുഃഖങ്ങൾ എല്ലാം മാറി. ഗോപലേട്ടൻ മരിച്ചു, കട ഇപ്പോഴുമുണ്ട്....മകനാണ് ചുമതല, പക്ഷെ വലിയ കെട്ടിടത്തിലാണ്.
നല്ലെഴുത്തിൽ പോസ്റ്റ് ചെയ്ത എന്റെ നേരെഴുത്തുകളിലെ "ഇതു കഴിഞ്ഞ കഥ " എന്ന കഥയിലെ ആദിച്ചനെപ്പോലെ അനന്തരാമനും എന്റെ കൺമുൻപിൽ ജീവിക്കുന്ന ഒരാളാണ്.
പ്രമോദ് കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo