
ഞാൻ നന്ദ
ഗവണ്മെന്റ് ഉദ്യോഗസ്‌ഥരായ ബാലചന്ദ്രന്റെയും വത്സ കുമാരിയുടെയും നാലു മക്കളിൽ ഇളയവൾ.. മൂന്ന് എട്ടന്മാരുടെയും രണ്ട് എട്ടത്തിയമ്മമാരുടെയും പൊന്നനിയത്തി... എന്ത് സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു ഞങ്ങളുടേത്...
ഗവണ്മെന്റ് ഉദ്യോഗസ്‌ഥരായ ബാലചന്ദ്രന്റെയും വത്സ കുമാരിയുടെയും നാലു മക്കളിൽ ഇളയവൾ.. മൂന്ന് എട്ടന്മാരുടെയും രണ്ട് എട്ടത്തിയമ്മമാരുടെയും പൊന്നനിയത്തി... എന്ത് സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു ഞങ്ങളുടേത്...
പഠിക്കാൻ മോശംമല്ലായിരുന്നു ഞാൻ... P.G കഴിഞ്ഞപ്പോൾ മുതൽ കല്യാണ ആലോചനകൾ വന്നു തുടങ്ങി.. എം.ഫിൽ കൂടി എടുത്തിട്ട് മതി എന്ന എന്റെ ആഗ്രഹത്തെ വീട്ടിൽ ആരും എതിർത്തില്ല...
Mphil last sem ആയപ്പോൾ ആണ് ജിത്തുവിന്റെ ആലോചന വന്നത്.. നല്ല കുടുംബം.. അച്ഛനും അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി.. എട്ടന്മാർ അവർക്കാകും വിധം ആളെപ്പറ്റി അന്വേഷിച്ചു.. ആർക്കും എതിരഭിപ്രായം ഒന്നും തന്നെ ഇല്ല..
അങ്ങനെ പെണ്ണുകാണൽ കഴിഞ്ഞു.. കാണാൻ സുന്ദരൻ.. നല്ല പെരുമാറ്റവും.. എനിക്കും ഇഷ്ടമായി.. പ്രൊജക്റ്റ് പ്രെസെന്റഷൻ കൂടി കഴിഞ്ഞിട്ട് മതി കല്യാണം എന്നതിനാൽ വാക്കുറപ്പിച്ചു പിരിഞ്ഞു ...
സെക്കന്റ് സെമസ്റ്റർ ആയതിനാൽ thesis work ഉം practicals ഉം data collection ഉം ഒക്കെ ആയി ഞാൻ ബിസി ആയിരുന്നു.... അതുകൊണ്ടു തന്നെ വാക്കുറപ്പിക്കലിന് ശേഷം സാധാരണ ഉണ്ടാവാറുള്ള സ്നേഹ സല്ലാപങ്ങളോ പരസ്പരം കൂടുതൽ അറിയാനുള്ള സഹചര്യങ്ങളോ ഞങ്ങൾക്ക് ഉണ്ടായില്ല.. ആ സമയങ്ങളിൽ ജിത്തുവിന്റെ ഫോൺ വിളികളും വളരെ ചുരുക്കം ആയിരുന്നു.. വിളിച്ചാൽ തന്നെ അമ്മയോ പെങ്ങളോ ആവും കൂടുതൽ സംസാരിച്ചിരുന്നത്... പഠനത്തിന്റെ തിരക്കിൽ ഞാൻ അതത്ര കാര്യം ആക്കിയതും ഇല്ല...
ക്ലാസ് കഴിഞ്ഞ ഉടൻ തന്നെ നിശ്ചയവും നടത്തി.. തൊട്ടടുത്ത മാസം കല്യാണവും... എല്ലാം വളരെ ആർഭാടമായി തന്നെ നടന്നു.... അച്ഛനേം അമ്മയേം എട്ടന്മാരേം പിരിഞ്ഞു പരിചയമില്ലാത്ത മറ്റൊരു വീട്ടിലേക്കു കേറി ചെല്ലുന്നതിലുള്ള ആവലതികൾക്കിടയിലും പുതിയൊരു ജീവിതത്തെക്കുറിച്ചുള്ള സ്വപനങ്ങളും മോഹങ്ങളും എന്നിൽ നിറഞ്ഞു നിന്നിരുന്നു..
അവിടെ എത്തി ആദ്യ ദിവസം മുതൽ എനിക്ക് ആകെ ഒരു വല്ലായ്മ ആയിരുന്നു.... പരിചയം ഇല്ലാത്ത വീട്.. ആളുകൾ... അതാവും.. പതിയെ പതിയെ എല്ലാം ശരിയാവും എന്ന് സമാധാനിച്ചു...
പക്ഷെ ഓരോ ദിവസം കഴിയും തോറും ജിത്തുവിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി.. മറ്റുള്ളവരുടെ മുൻപിൽ കാണുന്ന ആൾ അല്ല ഞങ്ങൾ തനിച്ചവുമ്പോളുള്ള ജിത്തു...
എന്തിനും ഏതിനും കുറ്റപ്പെടുത്തലുകളും പരിഹാസവും മാത്രം...
എന്തിനും ഏതിനും കുറ്റപ്പെടുത്തലുകളും പരിഹാസവും മാത്രം...
ബന്ധുക്കളോടും സുഹൃത്തുക്കളോടും നന്നായി ഇടപെടാൻ അറിയില്ല... Modern ആയി ഡ്രസ്സ് ചെയ്യില്ല... പാചകം ചെയ്യാൻ അറിയില്ല... ഡ്രൈവിംഗ് അറിയില്ല...അങ്ങനെ പലതും പറഞ്ഞെന്നെ താഴ്ത്തികെട്ടാൻ ജിത്തു ഓരോ നിമിഷവും ശ്രമിച്ചു കൊണ്ടേ ഇരുന്നു..
നിന്നെ ഒന്നിനും കൊള്ളില്ല ഒന്നിനും കൊള്ളില്ല എന്ന് പലതവണ ജിത്തുവിൽ നിന്ന് കേൾക്കുമ്പോൾ ഞാൻ മാനസികമായി തകരുകയായിരുന്നു...കോളേജിൽ പഠിക്കുമ്പോൾ എന്റെ dressing style നു എത്ര തവണ സുഹൃത്തുക്കൾ എന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നോ... എനിക്ക് അറിയാം കാഴ്ച്ചയിൽ ഞാൻ അത്ര മോശമൊന്നും അല്ല.. പാചകത്തിലും...
ഡ്രൈവിംഗ്.. അത് ഞാൻ സമ്മതിക്കുന്നു.. എനിക്ക് പേടിയാണ്.. അച്ഛന്റെയോ എട്ടന്മാരുടെയോ ഒപ്പം ഫ്രന്റ് സീറ്റിൽ ഇരുന്നു യാത്ര പോകുമ്പോൾ പോലും വഴിക്കു വീതി പോരെന്നു complaint പറയുന്നവൾ ആണ് ഞാൻ... ടു വീലർ ഞാൻ ഒരു കൈ നോക്കിയിട്ടുണ്ട്.. എന്തേലും പറ്റിയാൽ വണ്ടിയെന്നു ചാടി ഇറങ്ങാല്ലോ എന്ന ധൈര്യത്തിൽ...
ജിത്തു പക്ഷെ എല്ലാ കാര്യങ്ങളിലും എന്നെ കഴിവില്ലാത്തവൾ എന്ന് മുദ്ര കുത്തിക്കൊണ്ടേ ഇരുന്നു..
എന്തിന്....കിടപ്പറയിൽ പോലും എന്റെ സ്ത്രീത്വത്തിന് അയാൾ വില നൽകിയില്ല.. അവിടെയും ഞാൻ കഴിവ് കെട്ടവൾ എന്ന വിളി കേട്ടു...
ഇതൊന്നും പക്ഷേ മറ്റുള്ളവരുടെ മുൻപിൽ വച്ചായിരുന്നില്ല... എല്ലാരുടെയും മുൻപിൽ ജിത്തു എന്നെ സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു....
മറ്റുള്ളവരോടുള്ള ജിത്തുവിന്റെ ഇടപെടൽ ഒന്ന് കാണണം ... തമാശ പറഞ്ഞും company അടിച്ചും എല്ലാരേം ജിത്തു കൈയ്യിൽ എടുക്കും..
എന്റെ വീട്ടിൽ പോയപ്പോളും മാറ്റം ഒന്നും ഇല്ല.. എന്ത് ജോളി ആയാണെന്നോ അച്ഛനോടും എട്ടന്മാരോടും പെരുമാറുന്നത്?? അടുക്കളയിൽ വന്നു പാതകത്തിൽ കയറി ഇരുന്ന് അമ്മയോടും ജിത്തു വാ തോരാതെ സംസാരിച്ചു... ഇങ്ങനൊരാളെ എനിക്ക് ഭർത്താവായി കിട്ടിയതിൽ അവരെല്ലാം ഒരുപാടു സന്തോഷിച്ചു...
എന്റെ മൗനവും സങ്കടവും എല്ലാം വീട് വിട്ടു മാറി താമസിച്ചതിന്റെ ആണെന്ന് എല്ലാരും കരുതി.. അവരെ വിഷമിപ്പിക്കേണ്ട എന്നോർത്ത് ഞാനും കുറെ ഒക്കെ സന്തോഷം അഭിനയിച്ചു..
ദിവസങ്ങൾ കഴിയും തോറും ജിത്തു പുതിയ ആളായികൊണ്ടേ ഇരുന്നു.. രാത്രി ഒരുപാടു വൈകിയേ കിടക്കാൻ വരൂ... എപ്പോളും ഫോണിൽ സംസാരം.. ഒഴിവു കിട്ടുമ്പോൾ ഫ്രണ്ട്സുമായി കറങ്ങാൻ പോക്ക്.. ഇതിനെല്ലാം ഇടയിലും മാനസികമായി എന്നെ തളർത്താനുള്ളതെല്ലാം അയാൾ ചെയ്തുകൊണ്ടേ ഇരുന്നു... വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ജിത്തുവിന്റെ എന്നോടുള്ള പെരുമാറ്റം..
രണ്ട് മാസങ്ങൾ കടന്നു പോയി.. ഇതിനിടയിൽ ഒരു നല്ല വാക്ക് പോലും അയാൾ എന്നോട് പറഞ്ഞിട്ടില്ല.സ്നേഹത്തോടെ ഒരു തവണ പോലും പെരുമാറിയിട്ടില്ല..പല തവണ വീട്ടിൽ പോയിട്ടും ഞാൻ ഒന്നും അവരോട് പറഞ്ഞില്ല... ജിത്തുവിന്റെ വീട്ടിലെ ഭക്ഷണ രീതി എനിക്ക് ചേരാത്തത് കൊണ്ടാണ് ഞാൻ മെലിഞ്ഞു പോകുന്നതെന്ന് അമ്മയേ പറഞ്ഞു സമാധാനിപ്പിച്ചു...ഓരോ വരവിലും എട്ടന്മാരും അച്ഛനും ജിത്തുവിനെ കൂടുതൽ സ്നേഹിച്ചു കൊണ്ടേ ഇരുന്നു...
ജിത്തുവിന്റെ ഫോൺ വിളികളിൽ നിന്നും ജിത്തു ഏതോ ഒരു പെൺകുട്ടിയുമായി അടുപ്പമാണെന്ന് എനിക്ക് മനസിലായി..എന്നിട്ടും കുറെ ഒക്കെ ഞാൻ സഹിച്ചു... ക്ഷമിച്ചു..പക്ഷേ സഹിക്ക വയ്യാതെ ഒരു ദിവസം ഞാൻ ജിത്തുവിനോട് ഇതേക്കുറിച്ചു ചോദിച്ചു...
ആ പെൺകുട്ടിയുമായി വര്ഷങ്ങളായി ഇഷ്ടമാണെന്നും.. ജാതി പ്രോബ്ലം കൊണ്ട് വീട്ടുകാർ അതു അംഗീകരിച്ചില്ലെന്നും.. എന്നെ ഭാര്യ ആയി നിർത്തികൊണ്ടു തന്നെ ആ ബന്ധം തുടരുമെന്നും ജിത്തു വളരെ കൂൾ ആയി പറഞ്ഞു.. ഈ കാര്യം പറഞ്ഞു ഞാൻ അന്ന് കുറെ വഴക്കുണ്ടാക്കി...
ആ സംഭവത്തിന് ശേഷം ജിത്തുവിന്റെ സ്വഭാവം സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. എന്തിനും ഏതിലും ആ പെണ്ണിനെ വച്ച് compare ചെയ്യുന്നത് പതിവാക്കി.. കിടക്കയിൽ പോലും അവളുടെ ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ വർണ്ണിച്ചു കൊണ്ടേ ഇരുന്നു.. മറ്റൊരുവളെ മനസ്സിൽ വച്ച് കൊണ്ട് എന്നെ പ്രാപിക്കുക...ഒരു സ്‌ത്രീ എന്ന നിലയിൽ ഒരു ഭാര്യ എന്ന നിലയിൽ എന്റെ മനസ്സിനെ കീറി മുറിക്കുന്നതിനു തുല്യമായിരുന്നു അത്....
സഹിക്ക വയ്യാതായപ്പോ ഞാൻ എന്റെ വീട്ടിലേക്ക് ഇറങ്ങി പോന്നു.... പക്ഷെ എത്ര പറഞ്ഞിട്ടും കരഞ്ഞിട്ടും ഞാൻ പറയുന്നത് ആരും വിശ്വസിച്ചില്ല.... എന്റെ കണ്ണൊന്നു നനയാൻപോലും ഇട നൽകാതെ എന്റെ എല്ലാ കുസൃതികൾക്കും കൂട്ട് നിന്ന എന്റെ എട്ടന്മാർ പോലും എന്റെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കേട്ടില്ല...
അവരെ കുറ്റം പറയാൻ പറ്റില്ല.. ജിത്തുവിന്റെ അവരോടുള്ള പെരുമാറ്റം അത്ര നല്ലതായിരുന്നല്ലോ ഇതുവരെ.. അവരുടെ മുന്നിൽ എന്നെ ഉള്ളം കൈയ്യിൽ കൊണ്ട് നടക്കുന്ന സ്നേഹ സ്വരൂപനയ ഭർത്തവയിരുന്നല്ലോ ജിത്തു..
എല്ലാവരും എന്നെ ഉപദേശിച്ചു തിരികെ കൊണ്ടാക്കി.. തിരിച്ചു ചെന്ന എന്നോടുള്ള ജിത്തുവിന്റെ പെരുമാറ്റം ഞാൻ പ്രതീക്ഷിചിരുന്നതിലും ക്രൂരം ആയിരുന്നു.. ജിത്തുവിന്റെ വീട്ടുകാരും അന്ന് മുതൽ എന്നെ ശത്രുവിനെ പോലെ കണ്ടു തുടങ്ങി.. മറ്റുള്ളവരുടെ മുന്നിൽ അവരുടെ കുടുംബത്തെ അപമാനിക്കാൻ ആണ് ഞാൻ ഇങ്ങനൊക്കെ ചെയ്തതെന്നാണ് അവർ പറഞ്ഞത്...
ഒരാഴ്ചയിൽ കൂടുതൽ എനിക്കാ വീട്ടിൽ പിടിച്ചു നില്കാനായില്ല.. ജനിച്ചപ്പോൾ മുതൽ എന്റെ ചിരിയുടെയും കരച്ചിലിന്റെയും അർത്ഥം മനസിലാക്കിയിരുന്ന അമ്മയും അച്ഛനും എട്ടന്മാരും തന്റെ സങ്കടം മനസിലാക്കാത്തതുകൊണ്ട് വീട്ടിൽ തിരികെ ചെന്നാലുള്ള അവസ്ഥയും എനിക്കറിയാം.. എല്ലാംകൂടെ ചിന്തിച്ചപ്പോൾ ഒരു നിമിഷം ജീവിതം അവസാനിപ്പിക്കാനാണ് എനിക്ക് തോന്നിയത്...
പക്ഷേ... പിന്നീട് ചിന്തിച്ചപ്പോൾ തെളിവ് സഹിതം ജിത്തുവിന്റെ കാര്യങ്ങൾ എട്ടന്മാരോട് വ്യക്തമാക്കുന്നതാണ് അതിൽ നല്ലതെന്നു തോന്നി... തന്നെ സ്നേഹിക്കാത്ത ഒരാൾക്ക് വേണ്ടി തന്റെ ജീവിതം എന്തിന് കളയണം....രണ്ടു ദിവസത്തെ ജിത്തുവിന്റെ എന്നോടുള്ള സംസാരം ഞാൻ ജിത്തു അറിയാതെ മൊബൈലിൽ റെക്കോർഡ് ചെയ്തു... ആ പെൺകുട്ടിയുടെ നമ്പറും ഒരു വിധത്തിൽ കൈക്കലാക്കി....
ഇതെല്ലം വല്യേട്ടന് സെൻറ് ചെയ്തും കൊടുത്തു...കാര്യത്തിന്റെ Seriousness അപ്പോളാണ് എന്റെ വീട്ടുകാർക്ക് മനസിലായത്...അവർ വന്നു എന്നെ വീട്ടിലേക്കു തിരിച്ചു കൊണ്ടുപോന്നു.. വീട്ടിലെത്തിയ എന്നോട് കുറച്ചു ദിവസം അതേകുറിച് ഒന്നും ആരും ചോദിച്ചില്ല.. എന്നെ അവരുടെ പഴയ നന്ദക്കുട്ടി ആകുവാൻ അവർ എല്ലാവരും വാശിയോടെ മത്സരിച്ചു...
പിന്നീട് എന്നിൽ നിന്നും എല്ലാം മനസിലാക്കിയ അവർ ജിത്തുവിനോടും വീട്ടുകാരോടും സംസാരിച്ചു... ആദ്യമാദ്യം ഇതെല്ലാം എന്റെ തെറ്റായി വ്യാഖ്യനിച്ചു.. എന്നെ കുറ്റപ്പെടുത്തി... പക്ഷേ.. പിന്നീട് ഞാൻ നൽകിയ മൊബൈൽ നമ്പരിൽ ആ പെൺകുട്ടിയെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞതു പറഞ്ഞപ്പോൾ അവർ എല്ലാം അംഗീകരിച്ചു ..
ആ ജീവിതത്തിലേക്ക് ഇനി ഒരു മടങ്ങി പോക്ക് ഇല്ല എന്നുള്ളതുകൊണ്ട് വിവാഹ മോചനത്തിന് വേണ്ടത് ചെയ്യുക എന്നത് ആയിരുന്നു അടുത്ത നടപടി... അങ്ങനെ 4 മാസം നീണ്ട മാനസീക പീഡനത്തിൽ നിന്നും ഞാൻ സ്വാതന്ത്രയായി....
വീണ്ടും കുറച്ചു മാസങ്ങൾ വേണ്ടി വന്നു ഞാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ.. അടുത്ത academic year തന്നെ ഞാൻ PhD ക്കു ജോയിൻ ചെയ്തു...അതിന്റെ തിരക്കുകളിലും പുതിയ കുറെ കൂട്ടുകാരുടെ സ്നേഹത്തിലും എല്ലാം ഞാൻ ആ നരക തുല്യമായ നാളുകൾ മറന്നു...
എന്റെ ജീവിത പുസ്തകത്തിൽ നിന്നും ആ പേജുകൾ കീറി കളഞ്ഞു എന്ന് തന്നെ പറയാം.. ഞാൻ ഇപ്പോൾ എന്റെ എട്ടന്മാരുടെ ആ പഴയ നന്ദക്കുട്ടി ആണ്...
ഒരു നല്ല അച്ഛനും എട്ടന്മാരും കുറെ നല്ല ആൺ സുഹൃത്തുക്കളും ഉള്ളതുകൊണ്ട് തന്നെ ജിത്തു എന്ന ഒരു പുരുഷനെ പ്രതി ആൺ വർഗത്തെ മുഴുവൻ ഞാൻ വെറുത്തില്ല...
അയാൾക്കൊപ്പം ഉള്ള എന്റെ ജീവിതത്തെ ഞാൻ ഇപ്പോ പോസിറ്റീവ് ആയി കാണാൻ ആണ് ഇഷ്ടപ്പെടുന്നത്.. അവൻ കാരണം എനിക്കിപ്പോ നന്നായി ജീവിക്കാനുള്ള വാശി ഉണ്ട്... പേടിയെ അതിജീവിച്ചു ഇന്ന് ഞാൻ driving പഠിച്ചു... പണ്ടത്തെതിലും നന്നായി പാചകം ചെയ്യാൻ പഠിച്ചു... അതിനെല്ലാം ഉപരി ജീവിതത്തിൽ എന്ത് പ്രശ്നങ്ങൾ വന്നാലും ധൈര്യത്തോടെ നേരിടാൻ പഠിച്ചു.... ഒരു നിമിഷത്തെ പാളിച്ച കൊണ്ട് നഷ്ടപ്പെടുമായിരുന്ന എന്റെ ജീവന്റെ വിലയും തിരിച്ചറിഞ്ഞു...
എന്റെ കാര്യങ്ങൾ എല്ലാം അറിയാവുന്ന ഒരാളുടെ... എന്റെ ഏട്ടന്റെ സുഹൃത്തിന്റെ ആലോചന വന്നിട്ടുണ്ട് ഇപ്പൊ... എല്ലാം അറിഞ്ഞുള്ള സഹതാപം കൊണ്ടല്ല യഥാർത്ഥ സ്നേഹം കൊണ്ടാണ് ആ ആലോചന വന്നത് എന്നുള്ളകൊണ്ടു ഞാൻ സമ്മതം പറഞ്ഞിട്ടുണ്ട്....
ഉടൻ ഞങ്ങളുടെ കല്യാണം കാണും.. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം കേട്ടോ....
നിഷ ബിബിൻ
15/04/2017
15/04/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക