Slider

"എന്താടീ നീ ഇങ്ങനെ തുറിച്ചു നോക്കുന്നെ .."

0

"എന്താടീ നീ ഇങ്ങനെ തുറിച്ചു നോക്കുന്നെ .."
ഒരു കള്ളച്ചിരിയോടെ നിയാസങ്ങിനെ പറഞ്ഞപ്പോ ആ മൂക്കിനിട്ട് ഒരിടി കൊടുക്കാനാ അവൾക്കു തോന്നിയെ ...
അതിൽ കാര്യമുണ്ട് താനും ...
ഇനി അടുത്തൊന്നും കമ്പനി ലീവു തരില്ലാന്നും അതൊണ്ട് നാട്ടിൽ വരാനാവില്ല മോളേന്നും പറഞ്ഞ മനുഷ്യനാ പെട്ടെന്നു വന്നു മുന്നിൽ നിക്കുന്നതു...
"ഈയിടെയായിട്ട് നിങ്ങൾക്ക് തമാശ അൽപം കൂടുന്നുണ്ട് കെട്ടോ ..
അന്ന് നിങ്ങൾക്കു ആക്സിടെന്റ്റ്‌ ആയീന്നും സീരിയസായിട്ട് ആശുപത്രീൽ ആണെന്നും പറഞ്ഞു ശബ്ദം മാറ്റി വിളിച്ചപ്പോ ഒരുനിമിഷം ഭൂമി പിളർന്ന് താഴേക്കു പോയെങ്കിൽ എന്നു തോന്നിപ്പോയെനിക്ക്...."
മൊബൈൽ വലിച്ചെറിഞ്ഞു നേരെ നിസ്കാരപ്പായയിലെക്ക് ഓടുകയായിരുന്നു...
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പടച്ചോനോട് കേഴുകയായിരുന്നു ..
അരുതാത്തതൊന്നും സംഭവിക്കല്ലെന്നു...."
അപ്പോഴാ നിങ്ങളുടെ കാൾ ഉണ്ടെന്നും പറഞ്ഞു മൊബൈലുമായി ഉമ്മ അടുത്തേക്കു വന്നതു..."
വിറക്കുന്ന കൈകളോടെ വാങ്ങിച്ചു ഹെലോന്നു പറയുമ്പോ നിങ്ങളവിടെ കിടന്നു ചിരിച്ചു മറിയുകയായിരുന്നില്ലേ..."?
അല്ലേലും ഇവിടിരുന്നു പുകയുന്ന ഞങ്ങളെ പോലുള്ളവരുടെ മനസ്സു കാണാൻ നിങ്ങൾ ഭർത്താക്കന്മാർക്ക് കഴിയാറില്ല ...! "
അങ്ങിനൊന്നും പറയല്ല മോളേ ...
ഇതൊക്കെ ഒരു തമാശയായിട്ടെടുക്ക്...
അവിടിരുന്നു വീർപ്പ് മുട്ടുമ്പോ ഇതുപോലുള്ള കൊച്ചു കൊച്ചു കാര്യങ്ങളല്ലെയുള്ളൂ ഞങ്ങൾക്കു സന്തോഷിക്കാൻ ..."
"മനുഷ്യനേ ആധിപിടിപ്പിച്ചു കൊല്ലാതെ കൊന്നിട്ടാണോ നിങ്ങള് സന്തോഷം കണ്ടെത്തുന്നെ...."
പോട്ടെടാ ..നീ ക്ഷമിക്കു ..
വേഗം ചെന്നു കഴിക്കാനെന്തെലും എടുത്തു വെക്കു ...
നല്ല വിശപ്പുണ്ട്...
നിന്റെ കൈകൊണ്ടു ഉണ്ടാക്കിയതു കഴിക്കാനുള്ള ആർത്തി കൊണ്ടു വരുന്ന വഴിക്കൊന്നും കഴിക്കാനേ തോന്നിയില്ല .."
ആരാ മോളേ അപ്പുറത്തു ...
അല്ലാഹ് ഉമ്മ ഉറക്കമുണർന്നുന്നു തോന്നുന്നു ..
ശ് ശ് ...നീ ഒന്നും പറയണ്ട ..ഞാൻ തന്നെ ഉമ്മാനെ പോയി കണ്ടോളാം ..
കദീസൂ ..
റബ്ബേ ...എന്തായീ കാണുന്നെ ..
നീയെന്താടാ ഒരു വിവരോം അറിയിക്കാണ്ട് പെട്ടെന്നു..
ഓഹോ ..എന്നാ ഞാൻ പോയെക്കാം..
പോടാ ..പനപോലെ വളർന്നിട്ടും ചെക്കൻറെ കുട്ടിക്കളി മാറീട്ടില്ല ...
ഉമ്മാന്റെ അടുത്തെത്തിയാ ഞാനെന്നും കൊച്ചു കുട്ട്യല്ലേ എന്റെ പൊന്നുമ്മാ ..
മോനു വിശക്കുന്നുണ്ടാവില്ലേ ..
റസീനാനോട് തിന്നാനെടുത്തു വെക്കാൻ പറയട്ടേ ...
അവളതു റെഡിയാക്കുന്നുണ്ട് ..
ഉമ്മേം വാ നമുക്കൊരുമിച്ചു കഴിക്കാം ..
എനിക്കു കഷായം കഴിക്കുന്നതു കൊണ്ട്‌ എല്ലാമൊന്നും കഴിച്ചൂട ..
നീ കുളിച്ചു വേഷം മാറിവാ ...
എന്തൊരു കോലമാ ഇതു.
★★
"ഇനി നോക്കിക്കോ ...
നിങ്ങളെന്തു പറഞ്ഞു പേടിപ്പിചാലും ഞാനൊരു തരിമ്പും പേടിക്കില്ല ..
ഭക്ഷണം കഴിച്ചോണ്ടിരിക്കെ അവളങ്ങിനെ പറഞ്ഞപ്പൊ അയാൾ പൊട്ടിച്ചിരിച്ചു പോയി ...
"എനിക്കറിയാലോ നിന്നെ ..
നീ എന്നത്തെം
പോലെ പൊട്ടിക്കരയും ..
അയ്യട ...നമുക്കു കാണാം ...
"കാണാം !!
"മതി രണ്ടാളും സംസാരിച്ചതു...
ഭക്ഷണത്തിനു മുന്നിലിരുന്നാണോ വർത്താനം ...
അതും പറഞ്ഞോണ്ടു ഉമ്മയങ്ങോട്ടെക്ക് കേറി വന്നതോടെ സഡൻബ്രേക്കിട്ടതു പോലെ രണ്ടാളും സംസാരം നിർത്തി ..
അതിനിടെ നിയാസ് കാൽവിരല് കൊണ്ടു അവളുടെ കണങ്കാലിൽ ചിത്രപ്പണികൾ നടത്തുന്നത് ഉമ്മ കാണുമോന്നുളള ഭയം കൊണ്ടാവണം അവൾ മനസ്സില്ലാ മനസോടെ കാൽ പിറകോട്ടെക്കു വലിച്ചത്.
ഉച്ചയുറക്കവും വൈകുന്നെരത്തെ ചായകുടിയും കഴിഞ്ഞു ബൈക്കുമെടുത്ത് കവലയിലെക്കിറങ്ങാൻ തുടങ്ങുമ്പോഴെക്കും 'ഇനി ഇന്നെങ്ങോട്ടെക്കും പോണ്ടാന്നും പറഞ്ഞു ഉമ്മയവനെ തടഞ്ഞു...
ഉമ്മാന്റെ വാക്കു ധിക്കരിച്ചു ശീലമില്ലാത്തോണ്ട് തന്നെ അവനു തിരിച്ചു വീട്ടിനകത്തേക്ക്‌ കയറുകയെ നിവൃത്തി ഉണ്ടായിരുന്നുളളൂ...
അപ്പോഴാണു ഉമ്മാന്റെ പിറകെ ചിരിച്ചു കൊണ്ടു നിക്കുന്ന അവളെ കണ്ടതു...
"നീയാണല്ലെ ഇതിനു പിറകിൽ ..
നിനക്കു ഞാൻ വെച്ചിട്ടുണ്ടെടീ ...
എന്നും പറഞ്ഞു ഉമ്മയുടെ കണ്ണിൽപ്പെടാതെ അവളെയും പിടിച്ചു വലിച്ചു മുറിയിലേക്കു നടന്നു...
അകത്തു കയറി വാതിൽ ചാരാൻ പോലും നിക്കാതെ അവളെ ചേർത്തു പിടിച്ചു കിടക്കയിലേക്കു മറിഞ്ഞു .
★★
പിറ്റെന്നു രാവിലേ സുഹൃത്തിന്റെ വീട്ടിലേക്കെന്നും പറഞ്ഞു ഇറങ്ങുമ്പോ അവളേം കൂട്ടിക്കോന്നു ഉമ്മ പറഞ്ഞതാ ..
ഒരുപാടു ദൂരം യാത്ര ചെയ്യേണ്ടതുള്ളത് കൊണ്ടു അവൻ വിസമ്മതിച്ചു..
ഏകദേശം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടടുത്ത് ലാൻഡ്‌ ഫോണിലേക്കൊരു കാൾ വന്നു..
റസീനയാരുന്നു അറ്റൻഡ് ചെയ്തത്‌ ..
ഹെലോ ..
നിയാസിന്റെ വീടാണോ ..
അതെ ..
ആരാണ് സംസാരിക്കുന്നത്...
ഞാൻ ഹൈവേ പൊലീസിൽ നിന്നാണ് അദ്ദേഹത്തിനു ഒരപകടം പറ്റി അൽപം സീരിയസാണ്...
ഇപ്പോ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയിട്ടുണ്ട്..
ആണൊ ...വല്യ കാര്യമായിപ്പോയി ..
വൈകീട്ടിങ്ങു വാ ...നിങ്ങക്ക് ഞാൻ വച്ചിട്ടുണ്ട്....
എന്നും പറഞ്ഞവൾ ഫോണ്‍ കട്ട് ചെയ്തു...
ആരാ മോളെ വിളിച്ചതു ..?
ഇക്കയാണ്‌ ഉമ്മാ ..
ഇത്തവണ ഹൈവേ പോലീസായിട്ടാ വേഷം കെട്ടൽ ...
പക്ഷെ ഉമ്മാന്റെ മുഖത്തു പതിവു പോലേ തെളിച്ചമുണ്ടായിരുന്നില്ല...
നീയാ മോബൈലിലെക്കൊന്നു വിളിച്ചു നോക്കു മോളെ ...
"വിളിചിട്ടെന്തിനാ ഉമ്മാ ...
എടുക്കുല്ല ..
എന്നിട്ടു തിരികെ വരുമ്പൊ നൂറ് കാരണങ്ങളുണ്ടാവും പറയാൻ ...!
എകദേശം എഴുമണി ആയിക്കാണും ..
വീടിന്റെ ഗെയിറ്റ് കടന്നു ഒരു ജീപ്പ് മുറ്റത്തേക്കു വന്നു..
തൊട്ടുപിറകെ ഒരാംബുലൻസും ഉണ്ടാരുന്നു..
ശബ്ദം കേട്ടു വാതിൽ തുറന്നു പുറത്തേക്കിറങ്ങിയ ഉമ്മ ആ കാഴ്ച കണ്ടതും മോനേന്നു വിളിച്ചു പിറകിലേക്കു മറിഞ്ഞു..
ഉമ്മാന്റെ അലർച്ച കേട്ടോടി വന്ന അവൾ ഉമ്മാനെ താങ്ങിപ്പിടിച്ചു നിലത്തിരുത്തി..
പിന്നെ വണ്ടിയിലെക്കും മുറ്റത്തു കൂടി നിന്ന ആൾക്കാരുടെ നേർക്കും മാറി മാറി നോക്കി ..
ഒരു നിമിഷത്തെ നിശബ്ദത ...
പിന്നീടവൾ പൊട്ടിച്ചിരിച്ചു മുറ്റത്തേക്കിറങ്ങി ..
"മതിയിക്കാ കളിപ്പിച്ചത് ..
ഭക്ഷണം ഉണ്ടാക്കി വെച്ചു ഇക്കാനേം കാത്തിരിക്കയാ ഞാനും ഉമ്മയും" എന്നും പറഞ്ഞോണ്ടു ആംബുലൻസിൽ നിന്നും പുറത്തെക്കിറക്കുകയായിരുന്ന നിയാസിന്റെ മേലേ പുതച്ചിരുന്ന വെള്ളത്തുണി വലിച്ചെടുക്കാൻ ശ്രമിച്ചു...
ആരൊക്കെയൊ ചേർന്നു പിടിച്ചു മാറ്റുമ്പോഴും ചിരിച്ചു കൊണ്ടു എന്തൊക്കെയൊ പുലമ്പുന്നുണ്ടായിരുന്നു അവൾ .
ആ കാഴ്ച കണ്ടു സഹിക്കാനാവാതെയെന്നോണം മുഖം തിരിക്കുന്നുണ്ടാരുന്നു അവിടെ കൂടി നിന്നവരിൽ പലരും.

By
Rayan Sami

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo