Slider

പിൻഗാമി ( ഭാഗം ആറ്)

0

പിൻഗാമി ഒന്നാം ഭാഗം - http://www.nallezhuth.com/2017/04/1.html

പിൻഗാമി  രണ്ടാം ഭാഗം  - http://www.nallezhuth.com/2017/04/blog-post_8.html

പിൻഗാമി  മൂന്നാം ഭാഗം  - http://www.nallezhuth.com/2017/04/blog-post_452.html

പിൻഗാമി  നാലാം ഭാഗം  - http://www.nallezhuth.com/2017/04/blog-post_431.html

പിൻഗാമി  അഞ്ചാം ഭാഗം - http://www.nallezhuth.com/2017/04/blog-post_872.html

പള്ളിക്കാരണവർ അബൂബക്കർ ഹാജി പള്ളിയുടെ എല്ലാം എല്ലാം ആണ്. പൂർവ്വികരിലാരോ ദാനം ചെയ്ത പതിനഞ്ച് ഏക്കർ ഭൂമിയിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ മുതവല്ലി ( ഭരണാധികാര ചുമതല ) ആ കുടുംബത്തിലെ കാരണവരാണ് ഏറ്റെടുക്കാറ്. നാട്ടുകാർക്ക് ഭരണപരമായ കാര്യത്തിൽ ഒരു റോളുമില്ല. കാര്യങ്ങൾ വളരെ സുഗമമായി നടന്നു പോകുന്നതിനാൽ ആർക്കും പരാതിയുമില്ല.
അബൂബക്കർ ഹാജിയുടെ വാക്കുകൾക്ക് നാട്ടുകാർ എന്നും വില കൽപ്പിച്ചിരുന്നു. നാട്ടിലെ എന്ത് പ്രശ്നങ്ങൾക്കും പരിഹാരത്തിനായി മുന്നിൽ നിർത്താൻ പറ്റിയ ഒരു കാരണവർ.അദ്ദേഹമാണിപ്പോൾ പെട്ടെന്ന് മരിച്ചിരിക്കുന്നത്.
പള്ളിയും പരിസരവും ആളൊഴിഞ്ഞു.ഇശാ നമസ്കാരം കഴിഞ്ഞ പാട് എല്ലാവരും അബൂബക്കർ ഹാജിയുടെ വീട്ടിലേക്ക് പോയി.
കുറച്ച് കഴിഞ്ഞപ്പോൾ ഖബർ വെട്ടിയും രണ്ട് ഹെൽപർമാരും കൂടി കാന്റീനിലേക്ക് വന്നു. കാന്റീനിൽ സെയ്തു കാക്കാനെ സന്ദർശിച്ച സംഘം വിറകുപുരയിൽ നിന്ന് ആയുധങ്ങളെടുത്ത് പള്ളിപ്പറമ്പിലേക്ക് നീങ്ങി. ഒറ്റക്കായതിനാൽ ബാവുട്ടിയുടെ പണി തീർന്നിട്ടുണ്ടായിരുന്നില്ല. മരണ വീട്ടിൽ പോകണമെങ്കിൽ പണിയെല്ലാം കഴിഞ്ഞ് കുളിച്ച് സെയ്തു കാക്കാന്റെ അടുത്ത് ആളെയാക്കിയതിന് ശേഷമെ കഴിയുകയുള്ളു.
ഖബർ വെട്ടി സെയ്താലി ഗോഡൗണിൽ നിന്ന് വയറിന്റെ കെട്ടെടുത്ത് നിവർത്തി ഒരു തല കാന്റീനിൽ ബന്ധിപ്പിച്ച് മറുതല വലിച്ച് കൊണ്ട് പോയി. ഖബർ കിളക്കാൻ വെളിച്ചം ആവശ്യമാണ്. രാവിലെ എട്ട് മണിക്കു മുമ്പ് ഖബർ റെഡിയാക്കണം. എട്ട് മണിക്ക് മയ്യിത്ത് വീട്ടിൽ നിന്ന് എടുക്കും. ഇരുപത് മിനിറ്റ് നടത്തം. പത്ത് മിനിറ്റ് പള്ളിയിൽ.എട്ടേ മുപ്പതിന് മയ്യിത്ത് ഖബറിലേക്കിറക്കണം.പാറപ്പുറമായതിനാൽ പണി സാവധാനമെനടക്കൂ.
ഇപ്പോൾ തുടങ്ങിയാൽ പുലരുന്നതിന് മുന്നെ പണി പൂർത്തിയാക്കാം. വയർ ഖബറിലേക്ക് വെളിച്ചം കിട്ടുന്ന രീതിയിൽ ഒരു മരച്ചില്ലയിൽ തൂക്കിയിട്ടശേഷം സി എഫ് ൽ ലാമ്പ് ഫിറ്റ് ചെയ്തു.
പറങ്കിമാങ്ക ചീഞ്ഞ മണം. കുന്നിൻ മുകളായതിനാൽ നല്ല കുളിർ കാറ്റ് വീശുന്നുമുണ്ട്. സമയം ഒമ്പതേ മുപ്പത് കഴിഞ്ഞു.സെയ്താലിയുടെ കയ്യിന്റെ മസിലിൽ കെട്ടിയ ഹൈക്കൽ (ഏലസ്) സി എഫ് എല്ലിന്റെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങി.അപ്പുറത്ത് കാട്ടിൽ പക്ഷികൾ കലപില കൂട്ടുന്നുണ്ടിപ്പോഴും. കാന്റീനിന് സമീപത്ത് ചുറ്റിത്തിരിയുന്ന ഒരു നായയെ സെയ്താലി കല്ലെടുത്തെറിഞ്ഞോടിച്ചു. കാട്ടിൽ നിന്ന് കുറുക്കന്റെ ഓരിയിടൽ പോലെ. കാട്ടിലെ ഒറ്റപ്പെട്ട തെങ്ങോലകളിലൊന്നിൽ തിളങ്ങുന്ന രണ്ട് കണ്ണുകൾ കാണാം.ഒരു പക്ഷെ അത് മരപ്പട്ടിയായിരിക്കാം.
മരണ വീട്ടിലേക്ക് പോയ വിദ്യാർത്ഥികൾ പലരും മടങ്ങി വന്ന് തുടങ്ങി. അവർ ഉറങ്ങാൻ കിടക്കുന്നത് വരെ കാന്റീനും പരിസരവും ആളനക്കമുണ്ടാകും. പള്ളിയിലെ ഉസ്താദ് ഉസ്മാൻ മുസ്ല്യാർ ദൂരെയെവിടെയോ ആണ്. അദ്ദേഹം രാവിലെ എത്തൂ,,മദ്രസ പൂട്ടിയതിനാൽ മുതിർന്ന ശിഷ്യൻമാരൊക്കെ നാട്ടിൽ പോയിരിക്കുന്നു. അവരും നാളെയേ എത്തൂ.
സെയ്താലി ഖബർ കുഴിക്കേണ്ട സ്ഥലം അടയാളപ്പെടുത്തി. തൊട്ടടുത്ത് തന്നെ ഒരു താർപ്പായ വിരിച്ചു.ബാവുട്ടിയുടെ കട്ടൻ ചായയും കുടിച്ച് സെയ്താലി താർ പായയിൽ കിടന്നു.
നായയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടുകൊണ്ടാണ് സെയ്താലി ഉറക്കിൽ നിന്നും ഞെട്ടിയുണർന്നത്. ഹെൽപർമാരിൽ ഒരാളുണ്ട് നായയെ എറിഞ്ഞോടിക്കുന്നു. വെറുതെ ഒന്ന് കിടന്നതാണ്. അറിയാതെ ഉറങ്ങിപ്പോയി.ഖബറിന്റെ പകുതി പണി പൂർത്തിയാകാനായിരിക്കുന്നു. അകഖബറിന്റെ പണിയാണ് സെയ്താലി എടുക്കാറ്. സമയം പന്ത്രണ്ട് മണി.
പള്ളിയുടെ മൂന്നാമത്തെ നിലയുടെ വരാന്തയിൽ ഒരാളെ കണ്ടപ്പോഴാണ് ദർസ് വിദ്യാർത്ഥികളെക്കുറിച്ച് സെയ്താലി ചിന്തിച്ചത് 'ഉസ്താദ് ഉണ്ടെങ്കിൽ ഇതുപോലെ അസമയത്തൊന്നും മേഞ്ഞുനടക്കാൻ സമ്മതിക്കില്ല. താൻ ഉണർന്ന് കിടക്കുകയാണെന്ന് ആ കുട്ടി അറിഞ്ഞിട്ടുണ്ടാകില്ല. അല്ലെങ്കിൽ അങ്ങിനെ വന്ന് നിൽക്കില്ലായിരുന്നു. ഇനി എന്തെങ്കിലും പറയാൻ വന്നതായിരിക്കുമോ?. ഇലകൾ കൊഴിഞ്ഞ പൊടിയണ്ണി മരത്തിന്റെ ഇടയിലൂടെ ആളെ വ്യക്തമായി കാണാം. ഹെൽപമാരെ നോക്കിയപ്പോൾ അവർക്ക് കാണാൻ കഴിയില്ല. മരത്തിന്റെ തടസ്സമുണ്ട്. അവൻ ഇങ്ങോട്ട് തന്നെയാണ് നോക്കുന്നത്. വളരെ ശ്രദ്ധിച്ചാണല്ലൊനോക്കുന്നത്. മുഖം കാണാനില്ല.തലക്ക് പിന്നിൽ നല്ല ശേഷിയുള്ള സി എഫ്‌ എൽ ആണ് കത്തുന്നത്.തലയിൽ ഒരു വെള്ള മുണ്ടും ഇട്ടിരിക്കുന്നു.
ആൾക്ക് ഒരനക്കവും ഇല്ലല്ലോ. വളരെ സൂക്ഷിച്ചാണ് നോക്കുന്നത്. ഒരു പക്ഷേ താൻ ഉണർന്നോ എന്ന് നോക്കുകയാകും.
പക്ഷെ സിഎഫ് എല്ലിന്റെ തൊട്ട് താഴെയാണല്ലൊനിൽക്കുന്നത്. അപ്പോൾ ശക്തമായ ചൂട് ഉണ്ടാകുമല്ലൊ.?
സെയ്താലി ആളെ ഒന്നുകൂടി അളന്നു. ആൾ ആജാനുബാഹുആണ്.ഈ വലിപ്പത്തിലുള്ള ആരും പള്ളിയിലില്ലാ എന്നത് സെയ്താലിയെ വീണ്ടും ആശ്ചര്യപ്പെടുത്തി.
സെയ്താലി തന്റെ കൈത്തണ്ടയിൽ കെട്ടിയ ഹൈക്കലിലൂടെ ഒന്ന് വിരലോടിച്ചു.
അപ്പോഴാണ് ആ കാര്യം ശ്രദ്ധയിൽ പെട്ടത്. ആൾക്ക് നിഴലില്ല.ലാമ്പിന്റെയും ആളുടെയും നിൽപനുസരിച്ച് നിഴൽ ചെറിയ മുറ്റവും കഴിഞ്ഞ് മൈലാഞ്ചിക്കൂട്ടത്തിലേക്ക് കടക്കേണ്ടതാണ്.
! അപകടം! അപകടം! സെയ്താലി മനസിലോർത്തു.
വേഗം തിരിഞ്ഞു പണിക്കാരോട് പണി നിർത്താൻ പറഞ്ഞതും കറണ്ട് പോയതും ഒരുമിച്ചായിരുന്നു.
പെട്ടെന്ന് കിളച്ചു കൊണ്ടിരിക്കുന്ന ഖബറിൽ നിന്നും ഒരു നിലവിളി ഉയർന്നു.
തുടരും ഹുസൈൻ എം കെ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo