Slider

ചുമന്ന മൂക്കൂത്തി

0
ചുമന്ന മൂക്കൂത്തി
കണ്ണാ വേണ്ട ..ദേ വേണ്ട എനിക്ക് വേദനിക്കുന്നുണ്ടേ..!ഇനി മൂക്കൂത്തില്‍ കുത്താന്‍ വന്നാല്‍ ഞാന്‍ നല്ല നുള്ള് തരുമേ.!
അവള്‍ കമ്പിളി തല
വഴി പുതയ്ക്കാന്‍ ഒരു പാഴ് ശൃമം നടത്തി..
അവനൊരു ചെറുചിരിയോടെ നോക്കി ചരിഞ്ഞു കിടന്നു..ഒന്നേ രണ്ടേ അഞ്ചു വരെ എണ്ണും മുന്നെ കമ്പിളി മാറ്റി അവന്റെ കൈകളില്‍ തല വച്ച് അവന്റെ നെഞ്ചത്തേക്ക് അവള്‍ ചൊതുങ്ങി..!ഒരു കള്ള ചിരിയോടെ അവനവളെ ചേര്‍ത്തു പിടിച്ചു ..
ദേവൂട്ടാ എന്തേ എന്റെ കുറുമ്പീടെ ദേഷ്യം പോയോ?ഒന്നും പറയാതെ അവള്‍ ഒന്നുകൂടെ അവനിലേക്ക് ചേര്‍ന്നു കിടന്നു..
അവളുടെ വീര്‍ത്ത വയറിലെ തുടുപ്പ് അവളുടെ വയറിനു മുകളില്‍ വച്ച കൈകളിലവനറിഞ്ഞു..
ദേവൂട്ടാ ദേ നോക്കേ മോളൂട്ടി ഉണര്‍ന്നു ..കണ്ടോ അവളും നിന്നെ ഉണര്‍ത്തുവാ..
രാവിലെ തുടങ്ങി ക്കോ ഒരു അച്ഛനും മോളും..പെണ്ണേ വയറ്റില്‍ അടങ്ങി കിടന്നോ ഇല്ലേല്‍ പുറത്തുവരുമ്പോള്‍ ഞാന്‍ നല്ല നുള്ളു വച്ചുതരുമേ.
.പറഞ്ഞു തീരും മുന്നെ അവനവളുടെ മൂക്കൂത്തിയില്‍ ഒന്നൂടെ കുത്തി..
അയ്യോ അമ്മേ ദാ ഈ വിഷ്ണു ഏട്ടന്‍ എന്നെ നോവിക്കുന്നേ..!വാ പൊത്തി എങ്കിലും ചീവിടിന്റെ ഒച്ച എല്ലാവരും കേട്ടു..!
അഞ്ചു മിനിട്ടായില്ല വന്നു അമ്മേടെ ഭീഷണി സ്വരം..നീ എന്തു ചെയ്യുവാ വിച്ചുഅവളെ ..പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് മോളെ വേദനിപ്പിക്കരുതെന്ന്..
അമ്മേ എന്റെ മൂക്കൂത്തിയില്‍ പിന്നേം കുത്തുന്നേ അയ്യോ!
ഇനി കതക് തുറന്നില്ലെങ്കില്‍ അമ്മ രാവിലെ തന്നെ വയലന്റാവും.
.ഒന്നും അറിയാത്ത പോലെ കതക് തുറന്ന് തന്നെ കൊഞ്ഞണം കാട്ടി അവളമ്മയോട് ഇടത്തേ മൂക്ക് കാട്ടി പറഞ്ഞു.
.കണ്ടോ അമ്മേ രാവിലെ മുതല്‍ കുത്തുവാ ഇതില്‍ നീരുണ്ടോന്ന് നോക്കേ.?
ഒരു ഡോക്ടറിന്റെ സൂക്ഷ്മതയോടെ അമ്മ അവളുടെ മൂക്ക് നോക്കീട്ട് എന്നെ തറപ്പിച്ചൊന്നു നോക്കി..
ഇനി അവ്ടെ നിന്നാല്‍ സ്ഥിതി വളരെ മോശമാകുമെന്നുള്ളത് കൊണ്ട് പതിയെ ഒരുമൂളിപാട്ടോടെ മുറ്റത്തേക്ക് നടന്നു..
പോകും മുന്നെ ഇടം കണ്ണിട്ട് അവളെ ഒന്ന് നോക്കി ...അവളങ്ങനെ വിജയിയെ പോലെ നിക്കുവാ..കണ്ടിട്ട് സഹിച്ചില്ല ഒരു കുത്തിനു കൂടി വിരലു നീട്ടിയതാ..അമ്മേടെ പിടി വീണു..ഒരു കുഞ്ഞിന്റെ അച്ഛനാവാറായ് അവനിപ്പോളും കുട്ടികളി മാറീട്ടില്ല..തോളില്‍ ഒരടികൂടി തന്ന് അവളെ അടുക്കളയിലേക്ക് കൊണ്ട് പോകുമ്പോള്‍ ഓര്‍ത്തു..!എത്ര പെട്ടെന്നാ അമ്മ മാറിയേ.!
ഈ വീട്ടില്‍ എനിക്ക് ഒരു വിലയുമില്ല ഞാനാ അമ്മേടെ മോനെന്നുറക്കെ സ്ഥാപിക്കുമ്പോള്‍ ദേ വന്നു അവള്‍ടെ കമന്റ്..!
പിന്നെ ഒന്ന് പോ വിഷ്ണു ഏട്ടാ ഇപ്പളും കൂടി ഞാനമ്മയോട് പറഞ്ഞതേ ഉള്ളൂ വിഷ്ണു ഏട്ടനെ തൊട്ടിലുമാറി എടുത്തതാന്ന്..അല്ലേല്‍ ഇത്ര നല്ല അമ്മയ്ക്ക് ഇങ്ങനൊരു മോന്‍ വരുമോ?
ദൈവമേ രാവിലെ തിരിച്ചടികളാണല്ലോ?മിണ്ടാതിരിക്കുന്നതാ നല്ലത്..!
കുളിച്ച് ഓഫീസില്‍ പോകാറായിട്ടും അവളെ കണ്ടില്ല..ദേവൂട്ടാ ദേവൂട്ടാ മൊബൈലെവ്ടെ?
ആ കട്ടിലില്‍ കാണും അല്ലേല്‍ ഉറങ്ങുമ്പോളും മുറുകെ പിടിക്കുന്ന സാധനമാ നീ അവ്ടെങ്ങാണം നോക്കെടാ..അവളെ വെറുതെ നടത്താതെ..
കൈയ്യിലിരുന്ന മൊബൈല്‍ പോക്കറ്റിലിട്ട് അവളെ ചേര്‍ത്ത് പിടിച്ച് നെറുകയില്‍ ഒരുമ്മ കൊടുത്തു...ഇതെന്റെ ദേവൂട്ടന്..പിന്നെ കുനിഞ്ഞ് വയറിനു മേളില്‍ ചുണ്ടമര്‍ത്തി ഇതെന്റെ കുഞ്ചൂസിന്..
അയ്യടാ അവള്‍ക്കൊന്നു കൊടുത്താല്‍ ഇനീം എനിക്ക് വേണം..കൊഞ്ചുന്ന അവളുടെ മുഖം പൊക്കി മൂക്കൂത്തിയില്‍ ചുണ്ടമര്‍ത്തിയപ്പോള്‍ അവളുടെ മുഖം ചുകന്നോ?
അമ്പടി കള്ളി നിനക്ക് ഇപ്പോള്‍ വേദനിച്ചില്ല അല്ലേ?
അത് പിന്നെ ഈ കള്ള ചെക്കനല്ലേ തന്നേ?
വൈകിട്ട് ജോലി കഴിഞ്ഞ് വന്നപ്പോള്‍ വീട്ടിലൊരനക്കം ഇല്ലാ..അല്ലെങ്കില്‍ ബൈക്കിന്റെ ഒച്ച കേള്‍ക്കുമ്പോള്‍ വരേണ്ടതാ...അമ്മേ എന്ന് വിളിച്ചാലും കണ്ണുകള്‍ അവളെ തിരയും.
.കയ്യിലുള്ള കാരയ്ക്കാ ഉപ്പിലിട്ടതോ തേന്‍മിഠായിയോ നീട്ടി കൊടുക്കാതെ കൊതിപിടിപ്പിച്ച് വഴക്കിട്ട് ഒടുവില്‍ പിണങ്ങുമ്പോള്‍ ഒരെണ്ണത്തിന്റെ പകുതി കഴിച്ചിട്ട് ബാക്കി അവളുടെ വായില്‍ വച്ചു കൊടുക്കും..
കഴിച്ചതിന്റെ ബാക്കി വേണ്ടെന്നു പറയുമെങ്കിലും അവള്‍ക്കിഷ്ടമാ അത്...
ഇന്നെവ്ടെ പോയ് കാണുന്നില്ലല്ലോ?
അടുക്കളയുടെ കോലായില്‍ ഉണ്ട് രണ്ടാളും..അമ്മ കിണ്ണതിലുള്ള മഞ്ഞളും എണ്ണയും ചൂടാക്കിയത് അവളുടെ മൂക്കില്‍ ഇറ്റിക്കുവാ..!
തന്നെ കണ്ടതും ഒരു സ്ഫോടനമായിരുന്നു...
അവന്റെ ഒരു മൂക്കൂത്തി കണ്ടില്ലേ മോള്‍ടെ മൂക്ക് പഴുത്തിരിക്കുന്നത്..ആരെങ്കിലും ചെയ്യുന്നതാണോ ഈ സമയത്ത് കൊണ്ട് പോയ് മൂക്ക് കുത്തല്‍..!എന്നിട്ട് അവന്റെ കുത്തിനോട്ടവും..
അല്ല അമ്മേ വിഷ്ണു ഏട്ടന്‍ ഞാന്‍ പറഞ്ഞിട്ടാ.
.അവള്‍ പൂര്‍ത്തിയാക്കു മുന്നെ അമ്മ തടഞ്ഞു..
മിണ്ടരുത് നീ.നിനക്കാണാദ്യം അടി തരേണ്ടത്..അവന്‍ എന്തേലും ഭ്രാന്ത് പറഞ്ഞൂന്നും പറഞ്ഞ്..അതുപോലെ ചെയ്യണോ?എന്നോടു പോലും പറയാതെ നിറവയറുമായ് നിക്കുന്ന പെണ്ണിനേം കൊണ്ട് പോയേക്കുന്നു..എന്നിട്ട് അവനു വക്കാലത്തുമായ് വരുവാ..!വേഗം പോയ് കുളിച്ച് റെഡിയാക്..കൃഷ്ണന്റെ അമ്പലത്തില്‍ ചുറ്റ് വിളക്ക് നേര്‍ന്നിട്ടുണ്ട് ഇതൊന്നുണങ്ങാന്‍.
.പിന്നെ ലോകത്ത് ആദ്യമായ് മൂക്കൂത്തി കുത്തുന്ന പെണ്ണ് ഇവളല്ലേ കൃഷ്ണനല്ലേ ഇപ്പോള്‍ ഡോക്ടര്‍ എന്നൊക്കെ പറഞ്ഞൊന്ന് ശാന്തമാക്കാന്‍ നോക്കി എങ്കിലും ഏറ്റില്ല.
.തൊഴുത് വന്നിട്ടും അവളുടെ മുഖം മൂടി കെട്ടി നിന്നു...അതെന്നോടുള്ള ദേഷ്യമല്ല അമ്മ വഴക്ക് പറഞ്ഞ സങ്കടമാണ്...
അത്താഴം കഴിച്ച് റൂമിലെത്തി കതകടയ്ക്കും നേരം അമ്മേടെ വിളി വന്നു...വിച്ചുവേ പോത്തു പോലെ ഉറങ്ങരുത് ...അവള്‍ക്ക് പകല് പനി ഉണ്ടാരുന്നു...അവളെ നോക്കണം മൂക്കൂ ത്തി പഴുത്തതിന്റെയാ...
നീ പറഞ്ഞപോലെ ലോകത്ത് ആദ്യമായ് മൂക്കുകുത്തുന്ന പെണ്ണ് അവളാവില്ല...പക്ഷെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കൊണ്ട് പോയ് നിര്‍ബന്ധിച്ചു കുത്തുന്ന കെട്ടിയവന്‍ നീയാകും...,
മോളെ നീ ഉറങ്ങ് എന്തേലും ഉണ്ടേല്‍ അമ്മേ വിളിക്കണം
..ഓഫീസിലെ ഫയലുകള്‍ നോക്കി തിരിച്ച് വന്നപ്പോള്‍ അവള്‍ ഉറക്കം പിടിച്ചിരുന്നു...
മുറിയിലെ ചെറിയ വെട്ടത്തില്‍ ആ ചുമന്ന കല്ലുമൂക്കൂത്തി തിളങ്ങി..ശരിയാണ് മൂക്ക് പഴുത്തിട്ടുണ്ട്..!
അവളുമായ് അടുത്ത നാളിലെന്നോ തന്നോട് പറഞ്ഞ ആഗ്രഹമാണ് ഒരു മൂക്കൂത്തി..,അന്നൊന്നും താനത് സാധിച്ച് കൊടുത്തില്ല...അവളും മറന്നിരുന്നതാണ്..ഒരു സസ്പെന്‍സായ് കൊണ്ട് പോയ് കുത്തിയതാണ്..ഇങ്ങനെ ആകുമെന്ന് കരുതില്ല...
പനി ഉണ്ടോന്നറിയാന്‍ നെറ്റിയില്‍ കൈവച്ചു നോക്കി..നല്ല ചൂടുണ്ട്..കൈ പൊള്ളുന്നത് പോലെ.
.ദേവൂട്ടാ ദേവൂട്ടാ ഇണീക്ക് ഹോസ്പിറ്റലില്‍ പോകാം...ഞാന്‍ വണ്ടി എടുക്കാം...പാതി ഉറക്കത്തില്‍ നിന്നും കണ്ണുകള്‍ തുറന്നവള്‍ കൊഞ്ചി.വേണ്ട കണ്ണാ നാളെ ആവട്ടെ.
തന്നോട് ഒരുപാടിഷ്ടം തോന്നുമ്പോള്‍ അല്ലെങ്കില്‍ താന്‍ ദേഷ്യപെട്ടു നില്‍കുമ്പോള്‍ തന്നെ വിളിക്കുന്ന പേരാ കണ്ണന്‍..അവളുടെ മാത്രം അവകാശം...പക്ഷെ ഇപ്പോള്‍ നീ എന്ത് പറഞ്ഞാലും രക്ഷയില്ല ദേവൂട്ടാ നമുക്ക് ഹോസ്പിറ്റലില്‍ പോകാം...
കണ്ണാ സ്വപ്നത്തിലെന്ന പോലെ അവള്‍ പതിയെ വിളിച്ചു കൊണ്ടിരുന്നു..
രണ്ടു ദിവസമായ് പനി കുറയുന്നില്ല..ബി പിയും കൂടുതലാണത്രേ!എന്തൊക്കെയോ ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്..ഒടുവില്‍ അവളെ എെ സി യുവിലേക്ക് മാറ്റി..!
ഇടയ്ക്ക് അനുവദിച്ച അരമണിക്കൂര്‍ സമയത്തില്‍ അവന്‍ അകത്ത് ചെന്നു..
എെ സി യു വിലെ തണുപ്പിലും അവള്‍ പനിചൂടിലായിരുന്നു...അവന്റെ സാമിപ്യം അറിഞ്ഞതു പോലെ അവള്‍ കണ്ണുകള്‍ തുറന്നു...
കണ്ണാ ...അവന്റെ കൈകളില്‍ അവള്‍ മുറുകെ പിടിച്ചു...തണുക്കുവാ ദേവൂട്ടന് എന്നെ ഇവിടുന്ന് കൊണ്ട് പോ..!എനിക്ക് അമ്മയെ കാണണം..!
പുറത്തിറങ്ങി അമ്മയെ അകത്ത് വിടുമ്പോള്‍ തീരുമാനിച്ചു..ഇല്ല ഇവ്ടെ പറ്റില്ലെങ്കില്‍ ഈ ലോകത്ത് എവ്ടെ വേണേലും താന്‍ ഇവളെ കൊണ്ട് പോകും.തനിക്കും വേണം അവളെ..എന്നും ..
ഡോക്ടറുടെ വാക്കുകള്‍ അവന്റെ തലച്ചോറില്‍ പ്രതിധ്വനിച്ചു.
..നോക്കൂ മിസ്റ്റര്‍ വിഷ്ണു നിങ്ങള്‍ക്ക് അവളെ എവ്ടേക്ക് വേണേലും കൊണ്ട് പോകാം.പക്ഷെ ഇതിലും നല്ല ചികിഝ വേറെ എവ്ടെയും കിട്ടില്ല..ആ കുട്ടിക്ക് സെറിബ്രല്‍ മെനിഞ്ചൈറ്റിസ് ആണ്...നിങ്ങള്‍ക്ക് തന്നെ അറിയാം അവളുടെ ഗര്‍ഭപാത്രത്തിലുള്ള മുഴയെ കുറിച്ച്..ഇന്‍ഫെക്ഷന്‍ ഇപ്പോള്‍ ശ്വാസകോശത്തെയും ലിവറിനെയും ബാധിച്ചിട്ടുണ്ട്...ഈ കണ്ടീഷനില്‍ പ്രഗ്നന്‍സി കണ്ടിന്യു ചെയുക ബുദ്ധിമുട്ടാകും...അതു കൊണ്ട് ഒാപ്പറേഷന്‍ ചെയ്തേ പറ്റൂ ..ബ്ളീഡിംഗിന് ചാന്‍സുള്ളത് കൊണ്ട് എന്തും സംഭവിക്കാം...ഈ അവസ്ഥയിലാണെങ്കില്‍ അമ്മയെ രക്ഷിച്ചു കിട്ടാനുള്ള ചാന്‍സ് കുറവാണ്..അറ്റ് ലീസ്റ്റ് കുഞ്ഞിനെ എങ്കിലും നമുക്ക് രക്ഷിക്കാം...തീരുമാനം നിങ്ങളുടേതാണ് ..വൈകുന്ന ഓരോ നിമിഷവും രണ്ട് ജീവനാണ് നഷ്ടപെടുക...
അവന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീരിറ്റ് വീണു..
തളര്‍ന്ന മിഴികളുയര്‍ത്തി അവനെ നോക്കി..പകുതി വിടര്‍ന്നൊരു പുഞ്ചിരി അവളുടെ ചുണ്ടില്‍ വിരിഞ്ഞു...കണ്ണാ എപ്പോളാ വീട്ടില്‍ പോകുക..
നമ്മുടെ പവിഴമല്ലിയില്‍ പൂക്കള്‍ വിരിഞ്ഞ് തുടങ്ങിയിട്ടുണ്ടാകും..നിന്റെ മടിയില്‍ തല വച്ച് നമ്മുടെ കുഞ്ഞ് പൂന്തോട്ടത്തില്‍ വിടര്‍ന്ന പിച്ചിയുടെയുേ മുല്ലയുടെയും മണത്തില്‍ പവിഴമല്ലിപൂ ക്കളെ കാണാന്‍ എന്താഗ്രഹമായിരുന്നു..!നിന്റെ കുഞ്ചൂസിന് തുന്നിയ കുഞ്ഞുടുപ്പുകളെല്ലാം ആ തടി പെട്ടിയിലുണ്ട്...കണ്ണാ എനിക്ക് ഇനി തിരിച്ച് വരാന്‍ കഴിയില്ലേ?പോകും മുന്നെ നിനക്ക് ഒരു കുഞ്ഞിനെ എങ്കിലും തരാന്‍ കഴിഞ്ഞെങ്കില്‍..!അമ്മയോടും നിന്നോടും ജീവിച്ച് കൊതിതീര്‍ന്നില്ല..ദൈവങ്ങള്‍ക്ക് അസൂ യയാണോ കണ്ണാ നമ്മുടെ സ്നേഹത്തില്‍..!എനിക്ക് മരിക്കണ്ടാ എന്നെ കൂടി കൊണ്ട് പോ കണ്ണാ...നമ്മുടെ വീട്ടിലേക്ക്
വാക്കുകള്‍ പൂ ര്‍ത്തിയാകും മുന്നെ അവള്‍ അബോധാവസ്ഥയിലേക്ക് വീണു..
.വായില്‍ നിന്നും നുരയും പതയും വന്ന് കൈകാലിട്ടടിക്കുന്ന അവളെ എമര്‍ജന്‍സി ഓപ്പറേഷനു ഷിഫ്റ്റു ചെയ്യുമ്പോള്‍ മരവിച്ച് ഒരു പ്രതിമ പോലെ നില്‍ക്കാനെ കഴിഞ്ഞുള്ളൂ
....ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് അവന്റെ കൈകളില്‍ കൊടുത്ത ആഭരണങ്ങളില്‍ അവള്‍ എന്നും കുങ്കുമം തൊടുന്ന ആലിലതാലിയും പിന്നെ ആ ചുമന്ന ഒറ്റകല്‍ മൂക്കൂത്തിയുമുണ്ടായിരുന്നു..!
ഒടുവില്‍ മാലാഖപോലെ തന്റെ കൈകളിലേക്ക് കുഞ്ചൂസിനെ തരുമ്പോള്‍ ആരോ പറഞ്ഞു....
അമ്മ പോയ്...പെണ്‍കുട്ടി ആണ്..പിന്നെ പറഞ്ഞതൊന്നും കേട്ടില്ല..,
തന്റെ ദേവൂട്ടനില്ലാത്ത ഈ ലോകത്ത് തനിക്കായ് ഒരു ജീവിതം വേണ്ടെന്ന് തോന്നി..
പക്ഷെ അവള്‍ തന്നെ ഏല്‍പിച്ച് പോയ ജീവന്റെ ഈ മുത്ത്....അവനാ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് കരയാന്‍ പോലും മറന്ന് നിന്നു..
ചടങ്ങുകളൊക്കെ തീര്‍ന്നെല്ലാവരും പലവഴിക്ക് പോയ്..അവളുടെ പരിഭവ കൊഞ്ചലില്ലാത്ത അവരുടെ മുറിയിലവന്‍ കൈകുഞ്ഞുമായ് കയറി...
ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ താനവളോട് പറഞ്ഞു മോളാണെന്ന്...പക്ഷെ അവള്‍ക്കിഷ്ടം മോനോടാരുന്നു...ഒരു മോളുണ്ടായാല്‍ തന്റെ ഇഷ്ടം കുറഞ്ഞാലോ എന്ന പേടി..
ഇല്ല ദേവൂട്ടാ ഇപ്പോളും നിന്നോടുള്ള ഇഷ്ടം കൂടുന്നതേ ഉള്ളൂ ..!നിന്നെ മറന്നെനിക്കൊരു ജീവിതമില്ല..ഈ മുറിയിലിപ്പോഴും നിന്റെ മണമുണ്ട്..നിന്റെ കൊഞ്ചലുകളും പിണക്കങ്ങളുമുണ്ട്..ഒന്ന് കണ്ണടച്ചാല്‍ എനിക്ക് കേള്‍ക്കാം എന്റെ കാതോരം നിന്റെ സ്വരം..
.മോളെ കട്ടിലില്‍ കിടത്തി അവള്‍ തുന്നിയ കുഞ്ഞുടുപ്പുകള്‍ അണിയിക്കുമ്പോള്‍ മനസ്സ് ഇരമ്പുന്ന കടലായ മാറി..!
മുഖം കഴുകി തുവര്‍ത്തുമ്പോള്‍ കണ്ടു കണ്ണാടിയിലെ ചുകന്ന പൊട്ടുകള്‍...അവളുടെ സിന്ദൂരചെപ്പ്...
ദേവൂട്ടാ നീ പോകരുതാരുന്നു..എന്നെയും മോളെയും അമ്മയെയുമൊക്കെ ഉപേക്ഷിച്ച്..!
ചിരികള്‍ ചിലമ്പിച്ചിരുന്ന ആ ചുമരുകളവന്റെ ഏങ്ങലടികളേറ്റ് വാങ്ങി...
അന്ന് സന്ധ്യക്കവനാ പവിഴമല്ലിയുടെ ചുവട്ടില്‍ പോയ്..അപ്പോള്‍ അവനു മാത്രം കാണാനായ് ദൂരെ ആകാശത്തിന്‍ കോണിലായ് ഒരു കുഞ്ഞ് നക്ഷത്രം മിഴി ചിമ്മി..അവളുടെ ചുവന്ന ഒറ്റകല്‍ മൂക്കത്തി പോലെ...!
ദേവൂട്ടി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo