Slider

നഷ്ടപ്രണയം വെറുംവാക്കാണ്

0

തനിച്ചായിയെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് ഞാൻ ഫേസ്‌ബുക്കുമായി കൂട്ടുകൂടിയത്, ശരിക്കും പറഞ്ഞാൽ മോള് ഹോസ്റ്റലിലേക്ക് മാറിയതിന്റെ അടുത്ത ആഴ്ച മുതൽ. പിന്നെപ്പിന്നെ അതൊരു ശീലമായി. ആകെ അതിനൊരു മാറ്റം അവൾ വരുന്ന അവധി ദിവസങ്ങളിൽ മാത്രമാണ്.
ഇന്ന് വെറുതെ എന്തൊക്കെയോ വായിച്ചിരുന്നപ്പോഴാണ് ആ പോസ്റ്റ് കണ്ണിൽപ്പെട്ടത്. പ്രവീൺ; വായിക്കുമ്പോൾ ഉള്ളൊന്നു പിടഞ്ഞ പോലെ, പാതിവഴിയിൽ മുറിഞ്ഞുപോകുന്ന ചില കണ്ണികൾ.
ഡിഗ്രിക്ലാസ്സിലെ പ്രിയസുഹൃത്ത്, പതിയെ പ്രണയത്തിലേക്ക് വഴിമാറിയ സൗഹൃദം. വീട്ടിലറിഞ്ഞപ്പോൾ സ്വാഭാവികമായും അച്ഛൻ എതിർത്തു. മകളുടെ സുരക്ഷിതഭാവിക്കുതകുന്ന ഒന്നും അച്ഛൻ അവനിൽ കണ്ടില്ല. തിരക്കിട്ട് കൊണ്ടുവന്ന ആലോചനയാണ് അജയന്റേത്. എന്തുകൊണ്ടും എനിക്ക് നല്ലത് അതാണെന്ന് എല്ലാവരും ഉറപ്പിച്ചു പറഞ്ഞു. പ്രായോഗികതയുടെ തുലാസിൽ അജയനായിരുന്നു മുന്നിൽ.
കല്യാണം ഉറപ്പിച്ചതറിഞ്ഞ ശേഷം പ്രവീൺ ഒരു ദിവസം എന്നെ കണ്ടു. കാത്തിരിക്കണം എന്ന് പറയാനായിരുന്നില്ല; കൂടെ ചെല്ലുന്നോ എന്നായിരുന്നു ചോദ്യം. ഞാൻ ചിന്തിച്ചുറപ്പിച്ച മറുപടി ആ കണ്ണുകളിൽ നോക്കി പറയാൻ എനിക്ക് കഴിഞ്ഞില്ല. മറക്കണം എന്ന് പറഞ്ഞൊപ്പിച്ച് ഞാൻ തിരിഞ്ഞു നടന്നു, അവസാനത്തെ കൂടിക്കാഴ്ച.
സൗകര്യാർത്ഥം ഞാൻ അവനെ മറന്നു. ഭർത്താവിന്റെ തിരക്കുകളിലേക്കും മകളുടെ കുസൃതികളിലേക്കും ജീവിതം ചുരുങ്ങിക്കൂടി. അജയന്റെ മരണശേഷം നാട്ടിലെത്തുന്നതുവരെ, ഭൂതകാലം വല്ലപ്പോഴും കാണുന്ന സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങി.
ഫേസ്‌ബുക്കിൽ വന്ന ശേഷമാണ് പഴയ കൂട്ടുകാരെ കാണുന്നതും സംസാരിക്കുന്നതും ബോധപൂർവം മറന്നുവച്ച പലതും ഓർത്തെടുക്കുന്നതും. പലപ്പോഴും കണ്ടിരുന്നു പ്രവീണിന്റെ ഫോട്ടോകളും എഴുത്തുകളും. സംസാരിക്കാനുള്ള ധൈര്യം ഒരിക്കലും ഉണ്ടായില്ല. വളരെ വൈകി ഉള്ളിൽ കുറ്റബോധം നിറഞ്ഞുതുടങ്ങിയിരുന്നു.
നിനച്ചിരിക്കാതെ ഒരു ദിവസം പ്രവീൺ ഇൻബോക്സിലെത്തി, കുറെ സംസാരിച്ചു. എനിക്ക് ഒന്നും അങ്ങോട്ട് പറയേണ്ടി വന്നില്ല. അജയന്റെ മരണവും ഞങ്ങൾ നാട്ടിലെത്തിയതും ഒക്കെ അവൻ അറിഞ്ഞിരുന്നു. ഇന്നും അവന്റെ വാക്കുകളിൽ കഥയും കവിതയുമൊക്കെ തന്നെയാണ്. കുഞ്ഞുങ്ങളുടെ കാര്യം അധികമായുണ്ടെന്നുമാത്രം. നാട്ടിലെത്തുമ്പോൾ വിളിക്കാമെന്ന ഉറപ്പിലാണ് അന്ന് പിരിഞ്ഞത്.
പ്രതീക്ഷിച്ചിരുന്നുവെങ്കിലും പിന്നെ അവനെ കണ്ടില്ല; വിളിക്കാൻ മനസ്സ് അനുവദിച്ചുമില്ല. അവന്റെ മുന്നിൽ ഞാൻ വളരെ ചെറുതായിരുന്നു, ഒരു വാക്കുകൊണ്ടുപോലും എന്നെ വേദനിപ്പിക്കാത്തത് കൊണ്ടാവും, ചെയ്തുപോയ തെറ്റിൽ ഉള്ള് നീറാനും തുടങ്ങി.
ഒരു ഏറ്റുപറച്ചിലിന് പ്രസക്തിയില്ലായിരുന്നുവെങ്കിലും വിളിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. പക്ഷേ; എന്റെ തിരിച്ചറിവുകൾ ഏറെ വൈകിയാണ്.
തികച്ചും യാന്ത്രികമായാണ് ഇന്ന് അവന്റെ പ്രൊഫൈൽ തുറന്നുനോക്കിയത്.
ഇന്നലെ രാത്രിയിലെ പോസ്റ്റ്, ഹൃദയം പിണങ്ങിപ്പിരിയുന്നതിന് മുൻപ് അവനെഴുതിയ അവസാനത്തേത്, അതിങ്ങനെ വായിച്ചു;
"നഷ്ടപ്രണയം വെറുംവാക്കാണ്,
പ്രണയം നഷ്ടമാകുന്നില്ല; നഷ്ടമാകുന്നത് പ്രണയിയെ മാത്രം..."
- Swapna Kv
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo