Slider

എന്റെ അഞ്ച് രൂപ

0

എന്റെ അഞ്ച് രൂപ
==============
''ഇക്കാക്ക എണീക്ക് പത്ത് മണി ആയി എന്തുറക്കാ........''
കെട്ട്യോള് തുടങ്ങി ........
ഒന്നു മനസ്സമാധാനായി ഉറങ്ങാന്‍ സമ്മതിക്കില്ലല്ലൊ....പടച്ചോനെ....ആഴ്ചയില്‍ കാത്തിരുന്നു കിട്ടുന്ന ഞായറാഴ്ചയാണ്....കൊച്ചിയിലെ മച്ചാന്‍മാരായെ കൊതുകിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശനിയാഴ്ച ആവാന്‍ കാത്തിരിക്കും ഒന്ന് വിടണയാന്‍....വീട്ടിലേക്ക് എത്തിയാല്‍ കിടക്കണമെങ്കില്‍ കുറുമ്പത്തി പാത്തുവിനെ ഉറക്കണം.....രണ്ടര വയസ്സ്കാരി വാവാച്ചിയെ ഞാന്‍ വരുന്ന ദിവസം ഉറക്കാന്‍ ശ്രീമതി പെടാപാട് പെടും....
വാവാച്ചി കുട്ടിക്ക് വാപിച്ചിയോട് കളിച്ചാല്‍ മതി ഉറങ്ങണ്ട....
''പാപിച്ചീ....പാപിച്ചീ.....''
വാവാച്ചി മുഖത്ത് നിന്ന് പുതപ്പ് വലിച്ച് മാറ്റി......ഇനി ഉറക്കിന്റെ കാര്യം തീരുമാനമായി....
'' എത്ര നാളായി പറയുന്നു ബെര്‍ത്തിന്റെ മുകളിലെ പൊടിയും മാറാലയും ക്ലീന്‍ ആക്കാന്‍....ആകെ പൊടിയും മാറാലയും പിടിച്ച് കിടക്കേണ്....എനിക്ക് മുകളില്‍ കയറാന്‍ പറ്റാത്തോണ്ടാ....ഇല്ലെങ്കില്‍ ഞാന്‍ വൃത്തിയാക്കിയേനെ...''
അടുത്ത പണി ഉമ്മാടെ വക....എന്തായാലും ഇന്ന് അത് അങ്ങട്ട് ചെയ്യുക തന്നെ...മുണ്ട് മടക്കുത്ത് കുത്തി തട്ടിന്‍ പുറത്ത് വലിഞ്ഞ് കയറി....
വൃത്തിയാക്കി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ മൂലയില്‍ വിശ്രമിക്കുന്ന...പഴയ പെട്ടി കണ്ടത്...വാപ്പയുടെ പ്രവാസത്തിന്റെ വിയര്‍പ്പ് പറ്റിയ പെട്ടിയാണ്....എന്റെയും അനുജന്റെയും കുട്ടിക്കാലത്തെ കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന നീല പെട്ടി ഒരു കൗതുകത്തിന് താഴെ ഇറക്കി.വാവാച്ചിയെ കാണിക്കാലൊ അവളുടെ വാപ്പിച്ചിയുടെ പഴയ സമ്പാദ്യങ്ങള്‍....
പെട്ടിയില്‍ ഒരു പട്ടിക്കുട്ടി,ചിറക് ഒടിഞ്ഞ വിമാനം,കാറുകള്‍ തുടങ്ങിയ ഒരുപാട് കളിപ്പാട്ടങ്ങള്‍ കിട്ടി.വാവാച്ചിക്ക് സന്തോഷമായി...ഇനി കളിച്ച് മടുക്കുന്നത് വരെ അതുമതി അവള്‍ക്ക്.
അപ്പോഴാണ് ചെറിയ ഒരു പ്ലാസ്റ്റിക് കവര്‍ ശ്രദ്ധയില്‍ പെട്ടത്.അത് എന്റെ ഏറ്റവും വിലപ്പെട്ടവ സൂക്ഷിച്ചിരുന്ന പഴയ ലോക്കര്‍ ആയിരുന്നു.സിബ്ബ് ഉള്ള ഒരു കവര്‍ ആണ്.തുറന്ന് നോക്കിയപ്പോള്‍ അതില്‍ കുറച്ച് തീപ്പട്ടി പടങ്ങളും...ഉന്നം വെക്കുന്ന എന്റെ മഞ്ഞ ഗോട്ടി....ഒരു അഞ്ച് രൂപ നോട്ട്..
ഒരുകാലത്ത് ഈ അഞ്ച് രൂപ ഞാന്‍ നെഞ്ചില്‍ ചേര്‍ത്ത് വെക്കുമായിരുന്നു....അഞ്ച് രൂപ എന്റെ മനസ്സിനെ വല്ലുമ്മാടെ ഓര്‍മ്മകളിലേക്കും കുട്ടിക്കാലത്തേക്കും കൂട്ടിക്കൊണ്ട് പോയി.
വല്ലുമ്മാടെ നാല് ആണും നാലു പെണ്ണും ആയ എട്ട് മക്കളില്‍ ഇളയ മകളാണ് എന്റെ ഉമ്മ എെഷ.ആണും പെണ്ണുമായി ഇരുപത്തിനാല് പേരക്കുട്ടികള്‍.ഒരുകാര്യം കൂടിപറയാം...എന്നെയാണ് വല്ലുമ്മാക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം.......ഇത് എനിക്ക് മാത്രമല്ല എല്ലാ പേരക്കുട്ടികള്‍ക്കും അങ്ങിനെയാ തോന്നുക......എല്ലാവരെയും വല്ലുമ്മ ഒരുപോലെ സ്നേഹിച്ചിരുന്നു.
എന്റെ ഉമ്മാക്ക് ഞങ്ങള്‍ രണ്ട് ആണ്‍ മക്കള്‍.കുട്ടിക്കാലത്ത് സ്വന്തം വീടിനേക്കാള്‍ ഇഷ്ടം ഉമ്മാടെ വീടാണ്.ഇന്നും അങ്ങിനെ തന്നെ ആണ് കെട്ടൊ...ഇപ്പോളും തറവാട്ടില്‍ പോയി ഇരിക്കുമ്പോള്‍ മനസ്സിന് ഒരു സുഖവും സമാധാനവും ആണ്.കാരണം വല്ലുമ്മ ജീവിച്ച ആവീട്ടില്‍ ഇന്നും വല്ലൂമ്മാടെ സ്നേഹം തങ്ങി നില്‍ക്കുന്നുണ്ട്.
ഒഴിവ് ദിവസം ആയാല്‍ ഞങ്ങള്‍ തറവാട്ടിലേക്ക് പോകും.പഴയ തുറമുഖവും പട്ടണവും ആയ കൊടുങ്ങല്ലൂരിന്റെ വിരിമാറിലൂടെ ഒഴുകുന്ന കായലിന്റെ തീരത്തുള്ള പ്രദേശമാണ് പുല്ലൂറ്റ് അവിടെ ആണ് ഉമ്മയും മറ്റു സഹോദരങ്ങളും ഒാടി കളിച്ച് വളര്‍ന്നത്.ഞാനും അവിടെ നിന്നാണ് എന്റെ ബാല്യകാലത്തെ സുന്ദര ഓര്‍മ്മകള്‍ തേടാറ്‌.
ഉമ്മാടെ കൈപിടിച്ച് ബസ്സിന്റെമുന്നിലൂടെ കയറിയിരുന്ന ഞാന്‍ പിന്നിലൂടെ കയറാന്‍ വാശിപിടിച്ച് വിജയിച്ച കാലം.വല്ലുമ്മ തറവാട് വിട്ട് എവിടെയും പോയി നില്‍ക്കാറില്ല.ഒരുദിവസം വല്ലുമ്മ ഞങ്ങളുടെ കൊച്ച് വീട്ടിലേക്ക് വരാമെന്ന് സമ്മതിച്ചു.വല്ലുമ്മാനെ കൂട്ടികൊണ്ട് വരാനുള്ള ദൗത്യം ഞാന്‍ ഏറ്റെടുത്തു.
ഞാന്‍ നെഞ്ച് വിരിച്ച് വല്ലുമ്മാനെ കൂട്ടി ബസ്സ് സ്റ്റോപില് എത്തി.അന്ന് അധികം ബസ്സുകള്‍ ഉണ്ടായിരുന്നില്ല ഞങ്ങളുടെ റൂട്ടിലൂടെ...മാള എന്ന സ്ഥലത്തോട്ട് ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെ ആണ് പോവുക.അവരുടെ ബസ്സുകള്‍ മാളയിലേക്ക് മറ്റ് പല വഴികളിലൂടെയും പോകും എന്ന് എനിക്ക് അറിയില്ലായിരുന്നു.
മാള എന്നെഴുതിയ ബോര്‍ഡും ബസ്സിന്റെ നിറവും കണ്ട് ഞാന്‍ വല്ലുമ്മാനോട് പറഞ്ഞു.....
''കയറിക്കൊ വല്ലുമ്മ....''
വല്ലുമ്മ സംശയത്തോടെ എന്നോട് ചോദിച്ചു ....
''ചിലങ്കക്ക് പോകോ മോനെ ഇത്....''
''വല്ലുമ്മ ഒന്ന് കയറിയേ.....എനിക്കറിയാം ഇത് പോകും''
ടിക്കറ്റ് എടുത്തപ്പോഴാണ് ആ ഭയങ്കര സത്യം അറിയുന്നത് ബസ്സ് മാറിപ്പോയ്.കണ്ടക്ടര്‍ പറഞ്ഞു ഓരു സ്റ്റോപ്പില് ഇറക്കിത്തരാം അവിടെ നിന്ന് നടന്നു പൊയ്കോളു എന്ന് പറഞ്ഞു.
നല്ല നട്ടുച്ച സമയം പാടവരമ്പത്ത് കൂടെ ഞാനും വല്ലുമ്മയും അഞ്ച് കിലോമീറ്ററോളം നടന്നു.എന്റെ വീടിന്റെ മുറ്റത്ത് ബസ്സ് നിറുത്തും....അത് കൊണ്ടാണ് വയ്യാത്ത വല്ലുമ്മ വന്നത് തന്നെ....വല്ലുമ്മാനെ പാടായ പാടവും തോടും നടത്തിച്ച് ഒരു കണക്കിന് വീട് എത്തിച്ചു...നടത്തത്തിലും കുറേ വട്ടം വഴിയും തെറ്റി.....വീട് എത്തുന്നത് വരെ എനിക്ക് വയറ് നിറച്ച് കിട്ടി.
തിരിച്ച് പോയപ്പോള്‍ ഉമ്മ കൂട്ട് പോയി....പോകുമ്പോള്‍ തലയില്‍ തലോടി......കവിളില്‍ ഒരു ഉമ്മയും തന്നു....
''എന്റെ മോനെ കുറേ ശകാരിച്ചു....പോട്ടേട്ടാ....ഇന്നാ മുട്ടായി വാങ്ങിച്ചോട്ടാ......'' അഞ്ച് രൂപ എന്റെ കൈകളില്‍ തന്നു......
അന്നാണ് അവസാനമായി വല്ലുമ്മ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്.കൊതിയനായ എനിക്ക് എന്തോ മിഠായി വാങ്ങാന്‍ തോന്നിയില്ല.വല്ലുമ്മ തന്ന അഞ്ച് രൂപ ഞാന്‍ സൂക്ഷിച്ച് വെച്ചു.
ഒന്ന് കൂടി ഞാന്‍ അഞ്ച് രൂപയില്‍ ചുംബിച്ചു.
ഓര്‍മ്മയില്‍ ഞാന്‍ വല്ലുമ്മാനെ മുത്തം വക്കുന്നത് അര്‍ബുദം ബാധിച്ച് വേദന കൊണ്ട് പുളയുന്ന വല്ലുമ്മ...വേദനക്കുള്ള ഡോസ് കൂടിയ മരുന്ന് കഴിച്ച് മയങ്ങി കിടക്കുമ്പോളാണ്.ആ നെറ്റിയില്‍ ഞാന്‍ ചുംബനം അര്‍പ്പിച്ചപ്പോള്‍ എന്റെ പൊന്ന് വല്ലുമ്മ അറിഞ്ഞുവോ ഈ പേരക്കുട്ടിയുടെ സ്നേഹം.
ഞാന്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത് വല്ലൂമ്മാനെ വെള്ളത്തുണിയില്‍ പൊതിയുന്നത് കണ്ടപ്പോഴാണ്.തറവാടിന്റെ ഉമ്മറപ്പടിയില്‍ എെഷയും മക്കളും വരുന്നത് കാത്ത് ഇനി വല്ലുമ്മ ഇല്ലെന്നറിഞ്ഞപ്പോളാണ്.....
[നമുക്ക് നമ്മുടെ വീട്ടിലെ പ്രായമായ മാതാപിതാക്കളെ സ്നേഹിക്കാം....അവര്‍ക്ക് പരിഗണന നല്‍കാം.....പേരമക്കളെ.......നിങ്ങളുടെ മുത്തശ്ശനും മുത്തശ്ശിക്കും സ്നേഹ ചുംമ്പനങ്ങള്‍ നല്‍കുക.....അവരുടെ മനസ്സ് നിറയാന്‍ അത് മാത്രം മതി....നഷ്പ്പെട്ടാല്‍ ഒരിക്കലും തിരിച്ച് കിട്ടാത്ത നിധിയാണ് അവര്‍.........അരുതേ തള്ളിവിടരുതെ അവരെ പ്രയാസത്തിലേക്കും......
വൃദ്ധസദനങ്ങളിലേക്കും.......]
****************
സിയാദ് ചിലങ്ക
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo