Slider

പ്രലോഭനം !!

0

പ്രലോഭനം !!
ഓഫീസില്‍ നിന്നും തിരിക്കാന്‍ നേരം അയാള്‍ മനസ്സിലോര്‍ത്തു, ഇന്ന്‍ നല്ലപാതിയെ ഒന്ന് ഞെട്ടിച്ചാലോ...
പതിവുപോലെ ബാലന്‍ വന്നുവിളിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, "നീ വിട്ടോ, എനിക്ക് ഒന്നുരണ്ടു കൂട്ടം വാങ്ങാനുണ്ട്‌, താമസിക്കും...."
"ശരി, അപ്പൊ നാളെക്കാണാം.." എന്ന് പറഞ്ഞ് അവന്‍ പോയി.
അയാള്‍ പതുക്കെ തന്‍റെ കസേരയിലേയ്ക്കു ചാഞ്ഞു,
സംഗതിയൊക്കെ കൊള്ളാം, അതിനിപ്പോ എന്തോ എടുത്തുവച്ച്‌ ഞെട്ടിയ്ക്കാനാ ?? കൈയിലാണേല്‍ ആയിരം രൂപ തെകച്ചെടുക്കാനില്ല. തിയ്യതിയാണേല്‍ 15 ആയതേ ഉള്ളൂ, ഭാരിച്ചതൊന്നുമല്ലേലും ഉള്ള ശമ്പളം കിട്ടണേല്‍ ഇനീം കാത്തിരിയ്ക്കണം. കാര്യമായ എന്തെങ്കിലും ഇല്ലാതെ ഇപ്പൊ, പെമ്പറന്നോത്ത്യെ ഞെട്ടിയ്ക്കുന്നതെങ്ങനാ ?? അയാള്‍ തല പുകഞ്ഞാലോചിച്ചു.....
അപ്പോഴാണ് കഴിഞ്ഞ ദിവസങ്ങളിലെന്നോ കണ്ട "അനുരാഗക്കരിക്കിന്‍ വെള്ളം" എന്ന സിനിമയിലെ തത്തുല്യമായ രംഗം ഓര്‍മ്മേല്‍ വന്നത്...
വൌ, അതന്നെ... മസാലദോശ !!!!!!!! അവള്‍ക്കാണേല്‍ അത് പെരുത്തിഷ്ടവും....
ഐഡിയ കിട്ടിയതും ബാഗുമെടുത്ത് അയാളിറങ്ങുകയായിരുന്നു. ടൌണിലെ, മസാലദോശ-യ്ക്കു പേരുകേട്ട ഹോട്ടലില്‍ നിന്നുതന്നെ അയാളതു വാങ്ങി. പിന്നെ നേരെ ബസ് പിടിച്ച് വീട്ടിലോട്ട്...
ബസിറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ അയാള്‍ടെ മനസ്സുമൊത്തം, ആ സമ്മാനം കാണുമ്പോള്‍ ഭാര്യയ്ക്കുണ്ടാകാന്‍ പോകുന്ന സന്തോഷവും മറ്റുമൊക്കെയായിരുന്നു. വഴിയില്‍ പരിചയക്കാരെപ്പോലും അയാള്‍ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നില്ല.
വീട്ടിലെത്തി പൊതി അവള്‍ക്ക് കൈമാറുമ്പോള്‍ അവള്‍ടെ തെളിഞ്ഞ മുഖം കണ്ടയാള്‍ ആനന്ദപുളകിതനായി. മുറിയ്ക്കകത്തെ കണ്ണാടിയില്‍, തന്നെ സ്വയം കണ്ടപ്പോള്‍ അയാള്‍ക്കൊരു ആത്മവിശ്വാസമൊക്കെ തോന്നി.
മകന്‍ ബാംഗ്ലൂര്‍-ക്ക് പഠിയ്ക്കാന്‍ പോയതില്‍പ്പിന്നെ തനിക്ക് അവള്‍ടെ ഒരു കാര്യത്തിലും ശ്രദ്ധയില്ല, സ്നേഹമില്ല എന്നൊക്കെയാണവള്‍ടെ പരാതി. അവളേം കുറ്റം പറയാന്‍ പറ്റില്ല, ഈയിടെയായി തനിക്കൊരു കാര്യത്തിലും അങ്ങ്, വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല, അത് മോന്‍ പോയേന്‍റെ വെഷമം ആണ്, എന്നിരുന്നാല്‍പ്പോലും. ഇനിയങ്ങനെ ആയാ പറ്റില്ല.....
അയാള്‍ കണ്ണാടിയില്‍ നോക്കി മീശയൊന്നു തടവി.
"ചേട്ടാ, ഞാന്‍ ഒന്ന്‍ മേലു കഴുകീട്ട് വരാം, മേശേമ്മേ ചായെടുത്തു വച്ചിട്ടൊണ്ട്, കഴിച്ചേക്കണേ...." അതും പറഞ്ഞവള്‍ കുളിമുറിയില്‍ കേറി.
അയാള്‍ ഡ്രെസുമാറി ഡൈനിംഗ് റൂമില്‍ വന്നപ്പോ, ടേബിളില്‍ ചായയും അവിലു വെളയിച്ചതും.....
"ഹോ ഇന്നും ഈ അവിലാണോ..." എന്നു ദേഷ്യത്തോടെ പിറുപിറുത്തതും, തൊട്ടടുക്കല്‍ ഇരിയ്ക്കുന്ന പാതി തൊറന്ന മട്ടിലുള്ള മസാലദോശപ്പൊതി കണ്ടതും ഒന്നിച്ച്. ആ പാതിവിടര്‍ന്ന പൊതി, തന്നെ മാടിവിളിയ്ക്കുന്നതു പോലയാള്‍ക്ക് തോന്നി.. അയാള്‍ കുളിമുറിയുടെ ഭാഗത്തേയ്ക്ക് ഒന്നു പാളി നോക്കി, ഇല്ല അവള് കുളി തൊടങ്ങീട്ടേയുള്ളൂ..... ഹോ, ഇതിന്‍റെ മണമാണെങ്കില്‍ മനുഷ്യന്‍റെ കണ്ട്രോള് കളയുന്നു. രണ്ടു വട്ടം പൊതിയ്ക്ക് നേരെ നീണ്ട തന്‍റെ വലതുകൈയിനെ, ഇടതുകൈ കൊണ്ടയാള്‍ തട്ടിയെറിഞ്ഞു. പക്ഷെ, പിന്നെയും വന്ന പ്രലോഭനത്തില്‍ സര്‍വ്വതും മറന്ന്, ഒന്ന്‍ ടേസ്റ്റ് ചെയ്തു മാത്രം നോക്കാം-ന്ന്‍ കരുതിയ അയാള്‍ ആ മസാലദോശയും തീര്‍ത്ത് ഒരേമ്പക്കവും വിട്ടെണീക്കുകയായിരുന്നു....
കുളികഴിഞ്ഞെത്തിയ ഭാര്യ മസാലദോശ തേടിയപ്പോള്‍,
"ഓ, അത് ഞാനങ്ങു തിന്നു, നിനക്ക് നാളെ കൊണ്ടെത്തരാമെടീ...."
പിന്നെ കൊറച്ച് നേരത്തേയ്ക്കയാള്‍ക്ക്, താന്‍ കൊടുങ്ങല്ലൂര് കാവ്തീണ്ടലിന്റെ ഇടയില്‍, ഒറ്റയ്ക്ക് പെട്ടുപോയ പോലാര്‍ന്നു......
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo