...ഭാര്യ....
..
ഇനി ഇപ്പോൾ പൈസക്ക് എന്ത് ചെയ്യും.. നാല് അഞ്ച് പേരോട് ചോദിച്ചു. ആരുടെ അടുത്തും ഇല്ല.. വീട് പണി തീർന്ന് പാലുകാച്ചലും നടത്തിയപ്പോൾ നടുവൊടിഞ്ഞിരിക്കുന്നു. ലീവിന് വന്ന പ്രവാസിയാണ്.ഇനി രണ്ട് മാസം കൂടി ഉണ്ട് മടങ്ങാൻ.. ഗൾഫിലുള്ള കൂട്ടുകാരുടെ അടുത്ത് നിന്നെല്ലാം പരമാവധി വാങ്ങിയിരിക്കുന്നു.. നാട്ടിൽ നിന്നാണെങ്കിൽ ഒരു പ്രവാസിക്ക് കടം കിട്ടാനും ബുദ്ധിമുട്ടാണെന്ന് തോന്നുന്നു..
ഇനി ഇപ്പോൾ പൈസക്ക് എന്ത് ചെയ്യും.. നാല് അഞ്ച് പേരോട് ചോദിച്ചു. ആരുടെ അടുത്തും ഇല്ല.. വീട് പണി തീർന്ന് പാലുകാച്ചലും നടത്തിയപ്പോൾ നടുവൊടിഞ്ഞിരിക്കുന്നു. ലീവിന് വന്ന പ്രവാസിയാണ്.ഇനി രണ്ട് മാസം കൂടി ഉണ്ട് മടങ്ങാൻ.. ഗൾഫിലുള്ള കൂട്ടുകാരുടെ അടുത്ത് നിന്നെല്ലാം പരമാവധി വാങ്ങിയിരിക്കുന്നു.. നാട്ടിൽ നിന്നാണെങ്കിൽ ഒരു പ്രവാസിക്ക് കടം കിട്ടാനും ബുദ്ധിമുട്ടാണെന്ന് തോന്നുന്നു..
ഭാര്യയുടെ ബന്ധത്തിൽ ഒരു കല്യാണമുണ്ട് അടുത്ത ആഴ്ച. മൂന്നാ നാലോ ഗ്രാം ഉള്ള ഒരു മോതിരമെങ്കിലും വാങ്ങിക്കണ്ടേ?... നാട്ടിൽ ജോലിയെടുക്കുന്ന സമയത്താണെങ്കിൽ കുറച്ച് പൈസ ഒരു കവറിൽ ഇട്ട് കൊടുത്താൽ മതിയായിരുന്നു.. ഇതിപ്പോൾ ഗൾഫുകാരനായി പോയില്ലേ?..
ഇനിയിപ്പോൾ അവളോട് എന്ത് പറയും?. അവളുടെ വീർത്ത മുഖം കാണേണ്ടി വരുമല്ലോ എന്ന് മനസ്സിലോർത്ത് വീട്ടിലേക്ക് എത്തി. പൂമുഖ വാതിൽക്കൽ തന്നെ ഉണ്ട് ഒരു ചിരിയും ഫിറ്റ് ചെയ്ത് അവൾ.. ഇവളെ മനസ്സിൽ കണ്ടിട്ടാണോ ഈ പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂ തിങ്കളാണെന്റെ ഭാര്യ എന്ന പാട്ട് എഴുതിയത്... ആ... ആയിരിക്കാം..
ഡൈനിംഗ് ഹാളിലേക്ക് കയറിയ പാടെ അവൾ പറഞ്ഞു. അതേയ് നമുക്ക് ചോറ് കഴിക്കൽ കഴിഞ്ഞിട്ട് ഒന്നു പുറത്ത് പോയാലോ?
അപകടം മണത്ത ഉടനെ എന്റെ മുഖം വാടി... ഒന്നു പുറത്ത് പോയി കറങ്ങി വരണമെങ്കിലും വേണം ഒരു സംഖ്യ..
എനിക്കിപ്പോൾ എങ്ങോട്ടും വരാൻ വയ്യ.... എന്തിനാ പോകുന്നത്?.
അല്ലെങ്കിലും ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ കേൾക്കില്ലല്ലോ?.. എന്നെ ഒരിടത്തും കൊണ്ട് പോകില്ല..
അവൾ തുടങ്ങി.ഇനിയിപ്പോൾ വരും ബാക്കി പഴങ്കഥകൾ...
നി ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ?.ഒരു സമാധാനം തരുമോ?..അല്ലെങ്കിലേ ഞാനാകെ ഭ്രാന്ത് പിടിച്ചിരിക്കാണ്.. ആരുടെ അടുത്ത് നിന്നും പൈസ കിട്ടാനില്ലാ.. ഇനിയിപ്പോൾ ആ കല്യാണത്തിന് പോകാൻ എന്ത് ചെയ്യും എന്ന് ആലോചിച്ച് തല പുണ്ണാക്കുമ്പോഴാ അന്റെ ഒരു കറക്കം... ഞാൻ നിന്ന് വിറച്ചു..
ദേഷ്യത്തിലാണോ?.. ദേഷ്യം വരുമ്പോൾ നിങ്ങളുടെ മൂക്ക് എന്താ വിറക്കുന്നത് ?. കാണാൻ നല്ല രസം.. ദേഷ്യം ഒക്കെ മൂക്കിന് അകത്താണല്ലേ എന്നും ചോദിച്ച് കൊണ്ട് അവൾ കൊഞ്ചുകയാണ്.. മൂക്ക് പിടിച്ച് വലിക്കുന്നുമുണ്ട്..
നീ ഇപ്പോൾ പൊയ്ക്കോ... അതാ നിന്റെ തടിക്ക് നല്ലത്..
സന്ദർഭം പന്തിയല്ല എന്ന് കണ്ട് അവൾ അടുക്കളയിലോട്ട് പോയി..
കുറച്ച് കഴിഞ്ഞ് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് അവൾ വീണ്ടും തുടങ്ങിയത്.. എന്താ ഈയിടെ ആയി ഭയങ്കര ദേഷ്യമാണല്ലോ എന്നോട്... എന്താ കാര്യം കുശുമ്പാ.. അതെയ് എനിക്കൊരു സാധനം വാങ്ങിത്തരുമോ?...
എന്റെ മനസ്സ് വീണ്ടും ഒന്നു കാളി.ക്ഷമ വിശ്വാസത്തിന്റെ പാതി ആണല്ലോ.. ഞാൻ കടിച്ച് പിടിച്ചു... എന്താണ് എന്ന ഭാവത്തിൽ മുഖത്ത് പരമാവധി സൗമ്യത വരുത്തി അവളെ നോക്കി...
എനിക്ക് ഒരു വെള്ളി പാദസരം വാങ്ങി തരുമോ?..
ഇപ്പോൾ ഉള്ള ഈ പാദസരത്തിന് എന്താ കുഴപ്പം? (മൂന്ന് പവനോളം ഉള്ള സ്വർണ്ണത്തിന്റേത് കാലിലുണ്ട്)
അതെയ് നമ്മുടെ പ്രമീള ചേച്ചീടെ പാദസരം കൊഴിഞ്ഞ് പോയത്രെ... എനിക്ക് പേടിയാ.. ഇതും എവിടെയെങ്കിലും പോയാലോ.... നമുക്ക് തൽക്കാലം ഇത് പണയം വെക്കാം.. എന്നാൽ ആവശ്യങ്ങളൊക്കെ നടക്കുകയും ചെയ്യും... എവിടെയും കൊഴിഞ്ഞ് പോകുകയും ഇല്ലല്ലോ?... നിങ്ങൾ പോയിട്ട് സാവധാനം എടുത്ത് തന്നാൽ മതി...
അവൾ ഒരു ചെറു ചിരിയോടെയാണ് അത് പറഞ്ഞത്.. പൈസക്ക് ബുദ്ധിമുട്ട് വന്ന സമയത്ത് മനസ്സിലോട്ട് വന്നിരുന്നു ഈ പാദസരത്തിന്റെ കാര്യം.. പക്ഷെ ചോദിക്കാൻ ഒരു മടി.. താലിയും ഇതും അല്ലാത്തതൊക്കെ കഴിഞ്ഞിരിക്കുന്നു വീടു പണിയിൽ.. പിന്നെ വിവാഹത്തിന് മുമ്പ് അവളുടെ വലിയ ആഗ്രഹമായിരുന്നത്രെ സ്വർണ്ണത്തിന്റെ പാദസരം എന്ന് മുമ്പ് എന്നോ പറഞ്ഞതും ഓർമ്മ വന്നത് കൊണ്ട് ചോദിക്കാതിരുന്നതാണ്...
എന്നാൽ നമുക്ക് ഇപ്പോൾ തന്നെ പോയാലോ... ഇത് പണയം വെച്ച് മോതിരവും വാങ്ങാം.. പിന്നെ ഒരു സിനിമക്കും കയറാം.. തിളങ്ങുന്ന മുഖത്തോടെ ആണ് അവൾ പറഞ്ഞത്...
ഞാൻ ഒരുങ്ങട്ടെ എന്നാൽ പോവുകയല്ലേ?...
എന്നാൽ പെട്ടെന്ന് നോക്ക് നിന്റെ മേക്കപ്പ് ഇടലൊക്കെകഴിയുമ്പോഴേക്കും രാത്രിയാകും...
ഈ മനുഷ്യന് എന്ത് അസൂയയാണ് ഞാൻ അണിഞ്ഞൊരുങ്ങുന്നത് എന്നും പറഞ്ഞ് കൊണ്ട് എന്റെ കവിളിൽ ഒന്ന് നുള്ളിക്കൊണ്ടവൾ അകത്തേക്ക് പോയി..
എനിക്കറിയാം അവൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ആ പാദസരങ്ങൾ.. പെട്ടെന്ന് തന്നെ തിരിച്ച് എടുത്ത് കൊടുക്കണം. വീട് പണിക്ക് പോലും ചോദിച്ചിട്ട് തരാത്ത ആളാണ്.. ഇപ്പോൾ എന്ത് പറ്റി...
അല്ലെങ്കിലും ഈ പെണ്ണുങ്ങൾ എന്ന് പറയുന്ന സാധനങ്ങൾ വല്ലാത്ത ഒരു സൃഷ്ടികൾ തന്നെ.. പൂർണമായും മനസ്സിലാക്കി എടുക്കാൻ കഴിയും എന്ന് തോന്നുന്നില്ല.. ഇവൾ തന്നെ ചില നേരങ്ങളിൽ കുട്ടികളെ പോലെ.. പണ്ട് ഒരു ദിവസം ഒരു രൂപക്ക് രണ്ടെണ്ണം കിട്ടുന്ന ജോതി അച്ചാറിന് വേണ്ടി എന്നെ അങ്ങാടി മുഴുവൻ നടത്തിച്ചതും അവസാനം അടച്ച കട തുറപ്പിച്ച് വിട്ടിലേക്കുള്ള കുറെ സാധനങ്ങളും വാങ്ങിയതിന്റെ ഒപ്പം അച്ചാറ് വാങ്ങിയതും മനസ്സിലെക്ക് വരുന്നു.. അല്ലാതെ അച്ചാറിന് വേണ്ടിയാണ് കട തുറപ്പിച്ചത് എന്നറിഞ്ഞാൽ കടക്കാരൻ വെറുതെ വിടുമോ?.. ആലോചിച്ചാൽ ഒരു ചെറിയ കാര്യമായിരിക്കാം... പക്ഷെ അത് അവർക്ക് കൊണ്ട് കൊടുക്കുമ്പോൾ മുഖത്ത് വിടരുന്ന ആ വർണ്ണങ്ങൾ വലിയ സന്തോഷം നൽകും.
അതേ പോലെ നമുക്ക് വല്ല പനിയോ ജലദോഷമോ വന്നാൽ അവൾ അമ്മ കുട്ടികളെ നോക്കുന്ന പോലെ നമ്മളെ നോക്കുന്നു.. ചില നേരങ്ങളിൽ കൂടപ്പിറപ്പായും കാമുകിയായും.പല വേഷങ്ങളിൽ..
ഭർത്താവിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി പെരുമാറുന്ന, കൊച്ചു കൊച്ചു ദേഷ്യങ്ങളെ മനസ്സിലാക്കാൻ കഴിയുന്ന ഒരു ഭാര്യ.. അവളുടെ കുട്ടിത്തരങ്ങളെ ഉൾക്കൊള്ളാനും രസിക്കാനും കഴിയുന്ന ഭർത്താവ്... ഇത് രണ്ടും ചേർന്നാൽ ഭൂമിയിൽ സ്വർഗം തീർക്കാം....
മൻസൂർ.
മൻസൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക