പദപരിചയം എന്ന പംക്തിയുടെ ചുമതല എന്നെ ഏല്‍പ്പിച്ചിരിക്കയാണല്ലോ. പലരും എന്തെല്ലാമോ വലിയ പ്രതീക്ഷകളുമായി കാത്തിരിക്കുന്നുവെന്ന് അവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ തോന്നി. അവയോടെല്ലാം നീതി പുലര്‍ത്താന്‍ കഴിയുമോ എന്നറിയില്ല. കുറച്ചു വാക്കുകളും അവയുടെ അര്‍ത്ഥവും നല്‍കുക എന്ന കേവലവ്യായാമത്തില്‍ എനിക്ക് താല്പര്യമില്ല. വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകുന്നത് അവ കുറിക്കുകൊള്ളുംവിധം പ്രയോഗിക്കുമ്പോഴാണ്. നൊസ്റ്റാള്‍ജിയത്തിന്‍റെ പുസ്തകം എന്ന അകവും പുറവും ഒരുപോലെ ആകര്‍ഷകമായ ഒരു പുസ്തകത്തിലൂടെ ഫെയ്സ് ബുക്കില്‍ അതിപരിചിതനായ നിപിന്‍ നാരായണന്‍റെ ഒരു രചന നോക്കൂ:
മെയ്യുരുക്കി ജീവിതം കോര്‍ക്കുന്നവര്‍ക്ക് ഒരു ദിനമുണ്ട് !
'മെയ് ദിന'മെന്നല്ലാതെ വേറെന്താണതിനെ വിളിക്കേണ്ടത്?!
മെയ്ദിനം, അധ്വാനിക്കുന്ന മെയ്യും ആ മെയ്യുരുക്കി ജീവിതം കോര്‍ക്കുന്നവരുടെ ദിനവുമായി മാറുന്ന കാഴ്ച ഭാഷകൊണ്ടു നിര്‍മ്മിച്ച ഏറ്റവും മനോഹരമായ ഒരു ചിത്രമാണ്. ഇതിലും ഹൃദ്യമായൊരു ഭാഷാപ്രയോഗം അടുത്തകാലത്ത് അനുഭവിച്ചിട്ടില്ല. മെയ്യുരുക്കലും ജീവിതം കോര്‍ക്കലും തമ്മിലുള്ള ചേര്‍ച്ചയോ..! ഈ അത്ഭുതം സൃഷ്ടിക്കാന്‍ നിപിന് ഒരു പുതിയ വാക്കും കണ്ടെത്തേണ്ടിവന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു സംഗതി.
നിപിന്‍ നാരായണനെപ്പോലെ എഴുതാന്‍ നമുക്ക് കഴിയില്ല, കഴിയണമെന്നുമില്ല. പക്ഷേ, ഉപയോഗിക്കുന്ന വാക്കുകളുടെ ശക്തിദൗര്‍ബ്ബല്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് എഴുതാനും അത്തരം പ്രയോഗങ്ങള്‍ വായനയിലൂടെ കണ്ടെത്താനും എല്ലാവര്‍ക്കും കഴിയും. ചില പദങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം, ഭാഷയിലെ പുതുതും പഴയതുമായ ഇത്തരം അനുഭവങ്ങളെ എടുത്തുകാണിക്കാനാണ് ഞാന്‍ ഈ പംക്തിയിലൂടെ ശ്രമിക്കുന്നത്. പദപരിചയമെന്നതിനേക്കാള്‍ ഭാഷാപരിചയമായി മാറിയേക്കാവുന്ന ഒരുദ്യമം.
പദപരിചയത്തില്‍ വാക്കുകളെ ചില ആശയങ്ങളുമായി ബന്ധപ്പെടുത്തി പരിചയപ്പെടുത്താനാണ് എന്‍റെ ശ്രമം. മനുഷ്യനെ സംബന്ധിച്ച് ഏറ്റവും ഉല്‍കൃഷ്ടമായ വികാരമാണ് സ്നേഹം. അത് നന്മതന്നെയാണ്. കാരുണ്യമായും വാത്സല്യമായും സന്തോഷമായും തൃപ്തിയായും അനുരാഗമായും ഉത്കൃഷ്ടകാമമായും ബഹുമാനമായും അലിവായുമെല്ലാം സ്നേഹം നമ്മളില്‍ തെളിയുന്നു. സ്നേഹത്തിന്‍റെ നാശം മരണമാണെന്ന് ആശാന്‍ പറഞ്ഞിട്ടുണ്ട്. ('സ്നേഹവ്യാഹതിതന്നെ മരണം') സ്നേഹത്തിന്‍റെ പല തലങ്ങളും അര്‍ത്ഥമായി വരുന്ന പരിചിതവും അല്ലാത്തതുമായ കുറച്ചു പദങ്ങള്‍ തുടര്‍ന്ന് ചേര്‍ത്തിരിക്കുന്നു. ഒന്നിലേറെ അര്‍ത്ഥമുള്ള വാക്കുകളുടെ സ്നേഹവുമായി ബന്ധപ്പെട്ട അര്‍ത്ഥമേ ഇവിടെ നല്‍കുന്നുള്ളൂ. പരിചിതമായ വാക്കുകളാണെങ്കിലും നമ്മള്‍ ഇതിനുമുമ്പ് അവയെ ഇങ്ങനെ വര്‍ഗ്ഗീകരിച്ചുനോക്കിയിരിക്കില്ല. ഞാനും ആദ്യമായി ഈ പംക്തിക്കുവേണ്ടിയാണ് അങ്ങനെയൊരു ശ്രമം നടത്തുന്നത്. സ്വരങ്ങള്‍ ആദ്യാക്ഷരങ്ങളായി വരുന്ന ഏതാനും വാക്കുകളേ ഇന്ന് പരിചയപ്പെടുത്തുന്നുള്ളൂ. സ്നേഹത്തെ ആവിഷ്കരിക്കുന്ന കൂടുതല്‍ പദങ്ങള്‍ അടുത്ത തവണ തുടരും.
അകം - മനസ്സ്
അകപ്പറ്റ് - ഉള്ളിലുള്ള സ്നേഹം
അകമലിവ് - കാരുണ്യം
അകുണ്ഠ (വി) - ദു:ഖമില്ലാത്ത, സന്തുഷ്ടമായ
അംഗജന്‍ - കാമദേവന്‍
അടുക്കുക – സ്നേഹത്തിലാവുക
അനുകൂലം - സ്നേഹമുള്ളത്
അനുനയിക്കുക – സാന്ത്വനപ്പെടുത്തുക.
അനുഭവിക്കുക – ആസ്വദിക്കുക, രസിക്കുക
അനുഭാവം - സ്നേഹം, കാരുണ്യം
അനുമോദനം - അന്യന്‍റെ സന്തോഷത്തില്‍ പങ്കുചേരല്‍
അനുരഞ്ജനം - ഇഷ്ടപ്പെടുത്തല്‍, തൃപ്തിപ്പെടുത്തല്‍
അനുരക്ത – അനുരാഗമുള്ള, സ്നേഹമുള്ള
അനുരാഗം - പ്രേമം, വാത്സല്യം
അപാംഗം - കടക്കണ്ണ് (കടക്കണ്ണ് സ്നേഹപ്രകടനത്തില്‍ വലിയ പങ്കു വഹിക്കുന്നു)
അഭികാമം - സ്നേഹം, ആഗ്രഹം
അഭിനന്ദനം - പ്രശംസ, അനുമോദനം, ആഹ്ലാദം
അഭിമതം - ഇഷ്ടം, ആഗ്രഹം
അഭീഷ്ട – സ്നേഹമുള്ള
അരുമ – ഓമന
അലിയുക – ദയ തോന്നുക
ആസക്തി - മമത, വലുതായ താത്പര്യം
ഇമ്പം - മാധുര്യം, സന്തോഷം
ഇഴുകുക – സ്നിഗ്ദ്ധമാവുക
ഉലാവുക – നിറഞ്ഞുതുളുമ്പുക
ഉത്സുകത – ആസക്തി, വാത്സല്യം, സ്നേഹം
ഉപവി - സ്നേഹം, ദയ, സന്തോഷം
ഉപാസന – ശുശ്രൂഷ, ധ്യാനം
ഉല്ലാപം - കൊഞ്ചിപ്പറയല്‍
ഓമനിക്കുക – താലോലിക്കുക
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക