തിരിച്ചു വരുവനാണ് എന്നും യാത്ര ചെയ്തിട്ടുള്ളത്..പക്ഷെ എന്നും എനിയ്ക്ക് യാത്ര ദുഃഖമയമായിരുന്നു..
തൊടിയിലെ പച്ചപ്പുകളോടും , കുളക്കടവിലെ പടികളോടും , കാറ്റിനോടും ഒക്കെ ഞാൻ അന്നു യാത്ര പറയുമായിരുന്നു..
നാളെ ഇതേ സമയം നീ ഒറ്റയ്ക്ക് വേറൊരു നാട്ടിലാണെന്ന് മനസ്സ് ഓർമ്മിപ്പിക്കുമ്പോൾ ഞാൻ ആരും കാണാതെ കണ്ണുകൾ തുടച്ചിരുന്നു..
ഇറങ്ങുമ്പോൾ ആരേയും നോക്കില്ല..
വഴിയിലെ നായിൻകണ ചെടിയോട് കാത്തിരിക്കാൻ പറഞ്ഞ് കാലുതാണുപോകുന്ന മണൽ ചവിട്ടി നടക്കവേ..
വെറുതേ തിരിഞ്ഞു നോക്കും.
എന്റെ വീട്ടിലേക്ക്..
അച്ഛൻ റെയിൽവേസ്റ്റേഷൻ വരെ പതിവാണ്..
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനുമുന്നിലെ കടയിൽ നിന്നു ചായ കുടിച്ച് വണ്ടിയുടെ സമയത്തിനു മണിക്കൂറുകൾ മുൻപേ ആ വലിയ ആഞ്ഞിലിമരത്തിനു തണൽ പറ്റി...
ഇടയ്ക്ക് എന്തെങ്കിലും പറയും..
അവസാനം നീണ്ട മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ വണ്ടി വരും..
ജനലിലൂടെ കണ്ണുകൾ കൊണ്ട് വീണ്ടുമൊരു യാത്രയയപ്പ്..
വണ്ടി നിരങ്ങുമ്പോൾ ഞാൻ വാതിലിലേയ്ക്ക് ഓടിചെല്ലും..
നേർത്ത കൈയുയർത്തി അച്ഛനെനിക്ക് റ്റാറ്റാ തരും..
വാളയാർ വരെ ഉണർന്നിരിക്കും..
ഞാൻ തിരിച്ചുവരും എന്ന വാക്ക്..കാത്തിരിക്കണമെന്ന അപേക്ഷ..
പിറ്റേന്ന് നഗരത്തിലെ തിരക്കിലെ മുറിയിൽ ഇന്നലത്തെ ഓർമ്മകളുമായി..
അന്ന് തിരിച്ചുവരുവാനുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ..
ഇന്ന് നഷ്ടങ്ങളുടെ ഓർമ്മകളിൽ ഞാൻ...
ഇനിയൊരിക്കലും തിരിച്ചു വരാത്ത....
ഓർത്തു പോകുന്നു ...
ഒരു പുഴ ഒരിക്കലേ മുറിച്ചു കടക്കാനാവൂ..പിന്നീട് കടക്കുമ്പോൾ പഴയ വെള്ളം ഒഴുകി അകന്നിരിക്കും...
...പ്രേം ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക