പരീക്ഷക്കാലമായതിനാൽ അമ്മ റ്റി വി തുറക്കാൻ സമ്മതിച്ചിരുന്നില്ല.
പഠനത്തിന്റെ ഇടയ്ക്കു ബോറടിക്കുമ്പോൾ നേരെ കശുമാവിൻ ചുവട്ടിലേക്കോടും.
ഈ ഓട്ടത്തിന് പിന്നിൽ ഒരു രഹസ്യമുണ്ട് .
അത്തവണ പരീക്ഷ കഴിഞ്ഞാൽ തീയേറ്ററിൽ പോയി സിനിമ കാണാൻ അച്ഛന്റെ അനുവാദം കിട്ടിയിരുന്നു . അതും സെക്കൻഡ് ഷോ.
രാത്രിയിൽ പടം കണ്ടിട്ടു വരുന്നതിൻ്റെ രസം പല കൂട്ടുകാരിൽ നിന്നും കേട്ടിട്ടുണ്ട് .
സിനിമ കാണുക എന്നത് മാത്രമല്ല ലക്ഷ്യം. ഊറി വരുന്ന തണുത്ത കാറ്റിലൂടെ, ചൂടുള്ള വറുത്ത കപ്പലണ്ടി കൊറിച്ചു കൊണ്ടുള്ള മടക്കയാത്ര.
അതാണ് പ്രധാന ആകർഷണം.
അന്നേ ദിവസം മാനത്തു മഴക്കാറ് .
മഴ പെയ്യാതിരിക്കാൻ ക്ഷേത്രത്തിലേക്ക് അൻപതു പൈസ നേർച്ച നേരേണ്ടി വന്നു.
ബജറ്റ് വീണ്ടും ചുരുങ്ങി.
കൂടെ വരാം എന്നേറ്റിട്ടുള്ള കൂട്ടുകാരന്റെ മുഴുവൻ ചിലവും എന്റെ തലയിൽ തന്നെയാണെന്നതും കശുമാങ്ങ വീഴുന്ന ശബ്ദത്തിനോടുള്ള എന്റെ പ്രണയം തീവ്രമാക്കി.
ഒരു ധനമന്ത്രിയുടെ ഗമയോടെ, അഥവാ വഴക്കത്തോടെ നിലത്തു, വരവും ചിലവും കൂട്ടുന്നത് ആ ദിനങ്ങളിൽ എന്റെ ഒരു ഹോബി ആയിരുന്നു.
അതെ , കശുവണ്ടി വിറ്റു വേണം ബജറ്റ് കമ്മി കുറക്കാൻ.
കൂടെ വരാം എന്നേറ്റിരുന്ന സുഹൃത്തു വന്നില്ല,എന്നതൊഴിച്ചാൽ മറ്റു കാര്യമായ തടസ്സങ്ങൾ ഒന്നും വന്നില്ല. സുഹൃത്തിന്റെ സൈക്കിൾ ഉണ്ടാവുമെന്ന് കരുതിയതിനാൽ ഞാൻ നടന്നാണ് അവന്റെ വീട്ടിൽ ചെന്നത്. അച്ഛൻ കുടിച്ചു നല്ല ഫോമിലായിരുന്നതിനാൽ , എന്റെയൊപ്പം വരാൻ അവന്റെ അമ്മ സമ്മതിച്ചില്ല. കൂടുതൽ പറയാൻ നില്ക്കാതെ ഞാൻ റോഡിലേക്ക് ഇറങ്ങി .
രാത്രി കാലങ്ങളിൽ ബസ് സർവീസ് ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്നും ഉദ്ദേശം ഇരുപതു മിനുട്ട് റോഡിലൂടെ നടന്നാൽ ടൗണിൽ എത്താം. മാനത്തേക്ക് ഒന്ന് നോക്കി ഞാൻ ആഞ്ഞു നടന്നു.
അക്കാലത്ത് ഞങ്ങളുടെ നാട്ടിലെ സിനിമ പ്രേമികളുടെ ഏക ആശ്രയം സുരേഷ് തീയേറ്റർ ആയിരുന്നു. മിക്ക പുതിയ പടങ്ങളും അവിടെ കളിക്കാറുണ്ട്. ഓല കൊണ്ടു മേഞ്ഞ മേൽക്കൂരയുള്ള ആ കെട്ടിടം കാണുന്നത് തന്നെ ഒരു സിനിമ പ്രേമി ആയ എനിക്ക് വല്ലാത്ത ഒരു അനുഭൂതി തന്നിരുന്നു.
ചുവരിൽ മഞ്ഞ ചായം പൂശി,സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും പേറി തലയെടുപ്പോടെയുള്ള നിൽപ്പ് പട്ടണത്തിന്റെ മൊത്ത ഭംഗിക്ക് മാറ്റു കൂട്ടിയിരുന്നുവെന്നതിൽ തർക്കമില്ല.
ഇന്നത്തെ പോലെ റോഡ് അത്ര വലുതായിരുന്നില്ല . ഒൻപതു മണിക്ക് നടന്നു പോവുമ്പോൾ അങ്ങിങ്ങു വെളിച്ചം ഉണ്ടായിരുന്നു.
റോഡിലേക്ക് മറിഞ്ഞു വീണു കിടക്കുന്ന കൈതക്കൂട്ടങ്ങൾ ചിലയിടത്തു ഭയപ്പെടുത്താൻ നോക്കിയെങ്കിലും, മുത്തശ്ശി പഠിപ്പിച്ചു തന്ന ഗണപതി സൂക്തം ഉരുവിട്ടു കണ്ണുകൾ പകുതി അടച്ചു നടത്തത്തിന്റെ വേഗം കൂട്ടി, അവയെ തരണം ചെയ്തു .
എന്തു വന്നാലും സിനിമ കണ്ടിട്ടു തന്നെ എന്ന ദൃഢ നിശ്ചയവും നല്ല ധൈര്യം പകർന്നു തന്നു.
പകൽ പോകുമ്പോൾ തന്നെ പേടിയുണ്ടാക്കിയിരുന്നത് വാഴപ്പള്ളി ജംഗ്ഷനിലെ വലിയ ആൽമരമായിരുന്നു.നിരവധി ഭീകര കഥകൾ ആ ആൽമരത്തിന്റെ ഇലകൾ മന്ത്രിക്കുന്നത് കേൾക്കാം. ദൂരെ നിന്നു നോക്കുമ്പോൾ , അതിന്റെ നിൽപ്പ് തന്നെ ബാലരമയിലെ ഡാകിനിയെപ്പോലെ ആയിരുന്നു..
സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ ആ ആല്മരത്തിൽ എവിടെയെങ്കിലും യക്ഷിയെ തളച്ച ആണികൾ ഉണ്ടോ എന്നു ഇടം കണ്ണിട്ടു പാളി നോക്കും. മഹാ മാന്ത്രികരുടെ ഇല്ലത്തേക്ക് പോവുന്ന വഴി കൂടിയാണത് .എന്റെ അറിവിൽ തന്നെ പത്തോളം യക്ഷികഥകൾ ആ മരവുമായി ബന്ധപെട്ടു കേട്ടിട്ടുണ്ട് .
കൊട്ടകയിൽ എത്തിയപ്പോൾ ഇടി വെട്ടിയവനെ പാമ്പ് കടിച്ച സ്ഥിതിയായി. അവിടെ കളിക്കുന്നത് ശ്രീകൃഷ്ണപ്പരുന്ത് . മോഹൻലാലിന്റെ തീവ്ര ആരാധകനാണെങ്കിലും ആദ്യം ഒന്നു മടിച്ചു.
എങ്കിലും സധൈര്യം കയറി.
യക്ഷി വരുമ്പോൾ കണ്ണടച്ചും, കൂടുതൽ നിലക്കടല വായിൽ ഇട്ടു കൊറിച്ചും, ഒക്കെ ഒരു വിധം സമയം തീർത്തു. അല്പം ആശ്വാസം കിട്ടിയത് ഇടവേളയിലാണ്. ചിലന്തിവല പിടിച്ച തൂക്കു വിളക്കിന്റെ വെട്ടം ചില്ലറ ധൈര്യമല്ല തന്നത് .
പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ, ഞെട്ടിപ്പോയി. റോഡിൽ ലൈറ്റില്ല . കാർമേഘങ്ങൾ ഉള്ളത് കൊണ്ടു ആകാശത്തു ചന്ദ്രൻ ഏതാണ്ട് പൂർണമായി മറഞ്ഞു നിൽക്കുകയാണ് .പാമ്പു കടിച്ചവനെ ഇണപ്പാമ്പു കൂടി കടിച്ച അവസ്ഥയായി .
എങ്ങനെ വീട്ടിൽ തിരിച്ചു പോകും .
കൊട്ടകയുടെ വെളിയിൽ പെട്രോമാക്സിൻറെ വെട്ടത്തിൽ നിന്ന കടല വിൽപ്പനക്കാരനും പോകാൻ ഒരുങ്ങിയതോടെ എന്റെ ധൈര്യം പമ്പ കടന്നു .
ഏതായാലും നടക്കുക തന്നെ.
കാർമേഘം മാറുമ്പോൾ കിട്ടുന്ന ചെറിയ വെളിച്ചത്തിൽ റോഡ് കണ്ടു വേണം പോകാൻ.
ബാക്കി ഉണ്ടായിരുന്ന കടല വായിലേക്ക് ഇട്ടുകൊണ്ട് വേഗത്തിൽ നടന്നു.
വാഴപ്പള്ളി ജംഗ്ഷൻ ആൽമരം എത്താറാകുന്നു എന്ന വിചാരം ഒരു മിന്നൽ പോലെ മനസ്സിലേക്കെത്തി.
അതിൽ തളക്കപ്പെട്ട യക്ഷികൾ ശ്രീകൃഷ്ണപ്പരുന്തിലെ രൂപം ധരിച്ചു മനസ്സിലെ കൊട്ടകയിൽ തേര്ഡ് ഷോ തുടങ്ങി.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്,
ഒരു ചിലമ്പിന്റെ ശബ്ദം.
***** ജില്**** ജില്***** .
നടക്കുമ്പോൾ എന്നെ പിന്തുടരുന്നുണ്ടോ എന്നു സംശയം..
റോഡിലാണെങ്കിൽ ആരെയും കാണുന്നില്ല. തിരിഞ്ഞു നോക്കാൻ ധൈര്യവുമില്ല.
ഒന്നു നിന്നു നോക്കി. ചിലമ്പിന്റെ ശബ്ദവും നിന്നു.
ഞാൻ വീണ്ടും നടക്കാൻ തുടങ്ങി.
ചിലമ്പിന്റെ താളം കുറേക്കൂടി ഉച്ചത്തിലായി.
പിന്നെ ഒന്നും നോക്കിയില്ല.
ഒറ്റയോട്ടം .
ഓടുമ്പോൾ യക്ഷി പിന്നാലെ തന്നെ.
വേഗം കൂടിയപ്പോൾ ശബ്ദവും കൂടി . വീടിനടുത്തുള്ള ക്ഷേത്രപരിസരത്തു എത്തിയപ്പോൾ അല്പം സമാധാനമായി.
ദേവിയുടെ അടുത്തു യക്ഷി വരില്ലല്ലോ.
ഒന്നു വിശ്രമിക്കാൻ ക്ഷേത്ര മതിലിൽ ചാരി നിൽക്കുമ്പോൾ മറ്റൊരു സംശയം ഉടലെടുത്തു. പണ്ടെങ്ങോ, കൂടിയ ദേവീ ചൈതന്യം കുറയ്ക്കാനായി ചെയ്തെന്നു പറയുന്ന കർമങ്ങളുടെ നിറം പിടിപ്പിച്ച കഥകൾ....
ദേവിയുടെ വരത്തുപോക്കു ഉള്ള സ്ഥലം.
വേറൊന്നും ആലോചിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല
അമ്മേ എന്നു ഉറക്കെ നിലവിളിച്ചു കരഞ്ഞു കൊണ്ടോടി.
വീണ്ടും ചിലമ്പ് പിന്തുടരാൻ തുടങ്ങി
വീടെത്തിയപ്പോഴേക്കും ആ തണുത്ത രാത്രിയിലും ഞാൻ വിയർത്തു കുളിച്ചിരുന്നു .
ചിലമ്പിന്റെ ശബ്ദം ഉച്ചത്തിലായി .
അമ്മാ... കതകു തുറക്കമ്മാ ..എന്നു വിളിച്ചു കതകിൽ തട്ടാനായുമ്പോഴേക്കും അമ്മയും അച്ഛനും കൂടി വാതിൽ തുറന്നിരുന്നു .
പടിയിൽ തട്ടി അകത്തേക്ക് തെറിച്ച എന്റെ വീഴ്ച കണ്ടു പോക്കറ്റിൽ നിന്നും ചിതറി വീണ നാണയത്തുട്ടുകൾ തറയിൽ കിടന്ന് ചിരി തുടങ്ങി. ചിലമ്പിന്റെ ശബ്ദമാണ് ആ ചിരിക്കുന്നതെന്നു തിരിച്ചറിയും മുൻപേ എന്റെ ബോധം പോയിരുന്നു.
പനിച്ചു കിടന്നതു മൂന്നു ദിവസം.
ആ പഴയ നാണയത്തുട്ടുകൾ ഇന്നും എൻ്റെ കൈവശം ഉണ്ട് .
ഒരു നനുത്ത പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവ ചിലപ്പോഴൊക്കെ താഴെ വീണു ചിരിക്കാറുമുണ്ട് .
www.nallezhuth.com

രാത്രിക്കാല സിനിമാ യാത്രകൾ കൌതുകം...
ReplyDelete