പഞ്ചാരക്കുഞ്ചുവെന്ന് നാട്ടുകാരെല്ലാം വിളിക്കുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. പേര് റഫീഖ്. അവന്റെ ഷുഗർ ലെവൽ നോർമ്മലിലും എത്രയോ മടങ്ങ് കൂടുതലായിരുന്നു.പോകുന്ന വഴിയിലൊക്കെ വല്ലാത്ത ഒരു തരം പുഞ്ചിരിയിൽ കുതിർന്ന പഞ്ചാര മണികൾ പൊഴിച്ചു കൊണ്ടിരിക്കുമവൻ. അതു കൊണ്ട് തന്നെ ചില സന്ദർഭങ്ങളിൽ അവന്റെ കൂടെയുള്ള യാത്രകൾക്ക് മധുരം കൂടുതലായിരുന്നു. അതേ സമയം അപകടകരമായ ലെവലിലെത്തി കോംപ്രമൈസിംഗ് ട്രീറ്റ്മെന്റ് നടത്തേണ്ട അവസ്ഥയും വന്ന് ഭവിച്ചിട്ടുണ്ട്.
ഗൾഫിൽ നിന്ന് തിരിച്ചെത്തി ആകെ ഒരു കൺഫ്യൂഷനിൽ നടക്കുന്ന സമയത്താണ് റഫീഖ് എന്നോട് ആട് ഫാമിന്റെ സാധ്യതകളെക്കുറിച്ച് പറയുന്നത്.നല്ല ലാഭമുള്ള ബിസിനസാണെന്നും പാകമുളള സ്ഥലം കിട്ടുകയാണെങ്കിൽ ഇതിലും നല്ല ബിസിനസ് വേറെയില്ലെന്നും എനിക്കവൻ കണക്കുകൾ നിരത്തി വിവരിച്ചുതന്നു.
ഒടുവിൽ ഞങ്ങൾ രണ്ടു പേരും കൂടെ ഫാം തുടങ്ങാൻ തന്നെ തീരുമാനിച്ചു. യോജിച്ച സ്ഥലങ്ങൾ തേടി ഞങ്ങൾ കുറെ അലഞ്ഞു. പല കുന്നുകളും മലകളും കയറിയിറങ്ങി. തൊമ്മനയയുമ്പോൾ ചാണ്ടി മുറുകുമെന്ന് പറഞ്ഞ പോലെ ഒന്ന് ശരിയാവുമ്പോൾ മറ്റെന്തെങ്കിലും അസൗകര്യങ്ങൾ.
അങ്ങനെയിരിക്കെയാണ് അളിയൻ ( ഭാര്യയുടെ ആങ്ങള ) തന്റെ മുക്കത്തുള്ള സ്ഥലത്തെക്കുറിച്ച് പറയുന്നത്. മലമുകളിൽ റബർ തോട്ടത്തിനിടയിൽ ഒരു കൊച്ചുവീടൊക്കെയുള്ള സ്ഥലം ഞാനും ആദ്യം കാണുകയായിരുന്നു. ഞങ്ങൾ രണ്ടു പേർക്കും സ്ഥലം നന്നേബോധിച്ചു.
അങ്ങനെ ഞങ്ങളൊരുമിച്ച് ആടു ഫാം തുടങ്ങി. ജീവിതത്തിൽ ഇന്നേ വരെ ആടിനെ തൊട്ടിട്ടില്ലാത്ത ഞാൻ ജമുനാ പ്യാരി ആടുകളെ കെട്ടിപ്പിടിച്ച് സെൽഫിയെടുത്തു. അവനും ആടുജീവിതം നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.
പല ദിവസങ്ങളിലും ഞങ്ങളുടെ രാത്രി കിടത്തം മലമുകളിലെ ആ വീട്ടിലായി. ചുറ്റും മറ്റു വീടുകളൊന്നുമില്ലാത്ത അവിടെ അനുവപ്പെടുന്ന രാത്രിയിലെ ശാന്തത ഞങ്ങൾ ആവോളമാസ്വദിച്ചു .
അങ്ങനെയിരിക്കെയാണ് ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ച് തൊട്ടടുത്ത് തന്നെയുള്ള പാറപ്പുറത്തിരുന്ന് ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളെ നോക്കി ഓരോ കഥകൾ പറഞ്ഞിരിക്കവെ അവന്റെ മൊബൈൽ ശബ്ദിച്ചത്.
അവൻ ഫോൺ അറ്റന്റ് ചെയ്യുന്നില്ല. ആ കോളിലൂടെ ഫോണിന്റെ ശ്വാസകോശത്തിലേക്ക് പഞ്ചാരയാണ് വന്നടിയുന്നതെന്ന് എനിക്ക് മനസിലായി. ഇതെല്ലാം എനിക്ക് മനസിലായി എന്ന വിവരം അവനുമറിഞ്ഞു.
"നിന്റെ ഒരു സഹായം എനിക്ക് വേണം."
അവൻ തന്റെ ബ്രാന്റഡ് ചിരിയും ചിരിച്ച് എന്നോട് പറഞ്ഞു.
"എന്ത് സഹായം?"
"ഇതൊരു പഴയ കേസുകെട്ടാ.കുറെ കാലം ശല്യമൊന്നുമുണ്ടായിരുന്നില്ല. ഇന്നലെ മുതൽ വീണ്ടും തുടങ്ങി. നിനക്കാവുമ്പൊ നന്നായി സംസാരിക്കാനുമറിയാം. അത് കൊണ്ട് എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇവളെയൊന്ന് എന്റെ തലയിൽ നിന്നൊന്ന് ഒഴിവാക്കിത്തരണം."
പുതിയ പല കേസുകളും അവൻ ഏറ്റെടുത്തിട്ടുണ്ടെന്ന് പല സമയങ്ങളിലുമുള്ള അവന്റെ ഫോൺ വിളികളിൽ നിന്നെനിക്ക് മനസിലായിരുന്നു. അത് കൊണ്ട് തന്നെയാകും ഇപ്പോൾ ഈ കോൾ അവനൊരു ശല്യമായി തോന്നുന്നത്. ഏതായാലും ഒഴിഞ്ഞിരിക്കുകയല്ലെ.അവനെ ഒന്ന് സഹായിച്ചേക്കാമെന്ന് എന്റെ മനസ് പറഞ്ഞു. A Friend in need is a friend indeed എന്നാണല്ലൊ.
മൂന്നാമത്തെ തവണയും മൊബൈൽ റിംഗ് ചെയ്തപ്പോൾ അവൻ മൊബൈൽ എന്റെ നേരെ നീട്ടി. അങ്ങേയറ്റത്തെ ഭയഭക്തിബഹുമാനത്തോടെ ഞാനത് വാങ്ങി പച്ച ബട്ടൺ അമർത്തി ചെവിയോട് ചേർത്തുവെച്ചു.
"ഹലൊ ആരാ.... "
"ഇതാരാ..."
പ്രതീക്ഷിച്ച ആ ഒരു മറുചോദ്യം തന്നെയാണ് അവൾ എന്നോട്ചോദിച്ചത്. റഫീഖ് സ്ഥലത്തില്ലെന്നും ഫോൺ ചാർജ് ചെയ്യാനിട്ടതാണെന്നും പറഞ്ഞപ്പോൾ അവനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായിട്ടുള്ള ചോദ്യങ്ങളായി പിന്നെ..
അവൻ ആളെങ്ങനെ, ശരിക്കുള്ള പേര് ബാബു എന്ന് തന്നെയാണൊ അങ്ങനെ പല പല ചോദ്യങ്ങൾ. എല്ലാറ്റിനും റഫീഖ് പറയാനേൽപിച്ച മറുപടികൾ ഞാൻ പറഞ്ഞു കൊണ്ടിരുന്നു.
ഇത്തരക്കാരുടെ മുന്നിൽ അവൻ തന്റെ വീട്ടുകാരിട്ട പേരിന് പകരം ബാബു എന്ന പേരാണ് സ്ഥിരം ഉപയോഗിക്കുന്നതെന്ന് എനിക്കും അടുത്ത മറ്റു സുഹൃത്തുക്കൾക്കുമെല്ലാമറിയാം.എന്തെങ്കിലും പറഞ്ഞ് ഈ കേസുകെട്ട് അവന്റെ തലയിൽ നിന്ന് ഒഴിവാക്കിക്കൊടുക്കുകയെന്ന മഹത്തായ കർമ്മമാണ് അവനെന്നെ ഏൽപ്പിച്ചതെന്ന കാര്യം എനിക്കോർമ്മയുണ്ടായിരുന്നെങ്കിലും അറിയാതെ എന്റെ ഷുഗർ ലെവലിൽ അൽപാൽപമായി മാറ്റം വരുന്നുണ്ടോ എന്നൊരു സംശയം എനിക്കുണ്ടാവാതിരുന്നില്ല.
അവന് ആളു മഹാമോശക്കാരനാണെന്നും പറയുന്നതൊന്നും ഒരിക്കലും കുട്ടി വിശ്വസിക്കരുതെന്നും നിന്റെ നന്മ ഉദ്ദേശിച്ച് മാത്രമാണിതൊക്കെ തുറന്ന് പറയുന്നതെന്നും ഒരിക്കലും അവനെ അറിയിക്കരുതെന്നും കഴിയുമെങ്കിൽ ഇനിയീ നമ്പറിലേക്കുള്ള വിളി ഒഴിവാക്കുന്നതാണ് ഉത്തമമെന്നുമൊക്കെ ഞാനവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.
ഇതെല്ലാം കേട്ട് റഫീഖിന്റെ മുഖം പുഞ്ചിരി കൊണ്ട് വിടർന്നപ്പോൾ ഫോണിലൂടെയാണെങ്കിലും കരച്ചിലടക്കാൻ പാടുപെടുന്ന ഒരു പാവം പെൺകുട്ടിയുടെ മുഖം അങ്ങേ തലക്കൽ എനിക്ക് കാണാമായിരുന്നു.
എന്റെ മനസിൽ ചെറിയൊരു വിഷമം തോന്നാതിരുന്നില്ല.
പക്ഷേ രാത്രി അത്രയൊക്കെ പറഞ്ഞിട്ടും രാവിലെ അവന്റെ ഫോണിലേക്ക് വീണ്ടും അവളുടെ വിളിയെത്തി. അവൻ ഫോണെടുത്തില്ല. എന്റെ നമ്പറിൽ നിന്ന് തിരിച്ചുവിളിച്ച് അവനറിയാത്തതു പോലെ ഒന്നുകൂടി ഉപദേശിക്കാൻ റഫീഖ് എന്നോട് പറഞ്ഞപ്പോൾ അതും ഞാനനുസരിച്ചു.
ഇതിൽ കൂടുതലായി ഇനിയെന്നോടൊന്നും പറയരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഞാനവൾക്ക് വിളിച്ചത്.
എന്റെ നമ്പറിൽ നിന്ന് രണ്ടു തവണ വിളിച്ചപ്പോഴാണ് അവൾ ഫോണെടുത്തത്.
അവളെ വലിയൊരു ചതിക്കുഴിയിൽ നിന്നും രക്ഷിച്ചതിലുള്ള നന്ദി അവളെന്നെയറിയിച്ചു.പരസ്പരം പേരുകൾ ചോദിച്ചറിഞ്ഞു. അവളുടെ പേര് ഷിഫാന. ആവശ്യമുണ്ടാവില്ല എന്നറിയാമായിരുന്നെങ്കിലും ബി.പി അൽപം കൂടുതലുള്ള ഞാൻ അൽ-ഷിഫ എന്ന പേരിൽ അവളുടെ നമ്പർ ഫോണിൽ സേവ് ചെയ്തു വെച്ചു. വലിയൊരു തലവേദന ഒഴിഞ്ഞു പോയതിന്റെ സന്തോഷം റഫീഖിന്റെ മുഖത്ത് കാണാമായിരുന്നു. എന്നെക്കൊണ്ട് ഇത്രയൊക്കെ സാധിച്ചല്ലോയെന്ന ചെറിയൊരഹങ്കാര ഭാവം എനിക്കുമുണ്ടായിരുന്നു.
നാടോടിക്കാറ്റിലെ ശ്രീനിവാസനെയും മോഹൻലാലിനെയും പോലെ ആടുകളുടെ കരച്ചിലും അമറലുകളും വല്ലാതെ ആസ്വദിച്ച് ഞങ്ങളുടെ ആടുജീവിതം മുന്നോട്ട് പോകവെ ഒരു ദിവസം എന്റെ ഫോണിൽ സേവ് ചെയ്തു വെച്ച ആ പേര് തെളിഞ്ഞ് വന്നു.അൽ-ഷിഫ..
റഫീഖ് തൊട്ടടുത്ത് തന്നെയുണ്ട്.റിംഗ് ചെയ്തു കൊണ്ടിരിക്കവെ ഫോൺ ഞാനവനെ കാണിച്ചു. അറ്റന്റ് ചെയ്യാൻ തയാറാവാതിരുന്ന എന്നോട് , എന്നെ അന്വേഷിച്ച് വിളിക്കുകയായിരിക്കും ഒരൊറ്റത്തവണ കൂടി നീയെടുത്ത് സംസാരിച്ചൊഴിവാക്കിത്തരണമെന്നും അവൻ പറഞ്ഞപ്പോൾ ഞാൻ എതിരൊന്നും പറഞ്ഞില്ല.
പക്ഷേ ഫോണെടുത്ത എന്നെ ഞെട്ടിച്ചു കൊണ്ട് അവളെന്റെ വിശേഷങ്ങളന്വേഷിക്കുകയാണ് ചെയ്തത്. ആദ്യമായിട്ടാണ് ഒരാളെന്നോടിങ്ങനെ സംസാരിക്കുന്നത്. എനിക്കാണെങ്കിലോ വല്ലാത്തൊരു കുളിരു കോരൽ.നിങ്ങളുടെ സംസാരശൈലി എനിക്ക് വളരെ ഇഷ്ടമായെന്നും വല്ലപ്പോഴും ഞാൻ വിളിക്കുമ്പോൾ ഫോണെടുക്കാതിരിക്കരുതെന്നും അവൾ പറഞ്ഞപ്പോൾ എന്റെ മനസിലെ ബേജാറ്
കുറച്ചൊന്നുമായിരുന്നില്ല.
ഇനിയുമെന്റെ ഫോണിൽ കോൾ വന്നാൽ ഞാനെല്ലാം തിരുത്തിപ്പറയുമെന്നും ഇതിന് കൂട്ടുനിൽക്കാൻ എനിക്കാവില്ലെന്നും ഞാൻ റഫീഖിനോട് കട്ടായം പറഞ്ഞു. അവനതും ഒരു തമാശയായിരുന്നു.
"ഒരു പെണ്ണ് ഫോൺ വിളിച്ചപ്പോഴേക്കും നീ പേടിക്കുന്നതെന്തിനാ. നീയവളെ കെട്ടുകയൊന്നും വേണ്ടല്ലോ. അവൾ വിളിക്കുമ്പോൾ നിന്റെ വളിച്ച കോമഡി നമ്പറുകളൊക്കെയിട്ട് സംസാരിക്ക്. റീചാർജ് വേണമെങ്കിൽ ഞാൻ ചെയ്തു തരാം..."
അവന് വേണ്ടി ഞാൻ ബലിയാടാവാൻ തീരുമാനിക്കുമ്പോൾ അവന്റെ മൊബൈലിൽ പുതിയ കേസുകെട്ടിന്റെ കോൾ വരുന്നുണ്ടായിരുന്നു.
എനിക്കുള്ള അവളുടെ കോളുകളുടെ എണ്ണം കൂടി വന്നു.പൊതുവെ സംസാര പ്രിയനായ എനിക്ക് കാണാമറയത്തൊരു കേൾവിക്കാരിയെ കിട്ടിയപ്പോൾ എന്റെ സംസാരം ഞാനറിയാതെ നീണ്ടുപോയി പലപ്പോഴും.
ഐശ്വര്യത്തിന്റെ സൈറണുകൾ കേട്ട് ഞങ്ങൾ രണ്ടു പേരുടെയും ദിവസങ്ങൾ കടന്നു പോയി. കാട്ടിലും വീട്ടിലുമായി മാറി മാറി ഞങ്ങൾ കഴിഞ്ഞു.അങ്ങിനെ ഞാൻ വീട്ടിലുള്ള ഒരു ദിവസം.
രാവിലെ കടയിലേക്കിറങ്ങുമ്പോഴാണ് ഭാര്യ പിറകിൽ നിന്ന് വിളിച്ചത്.
"നിങ്ങളുടെ ഫോണൊന്നു തരിൻ. ഞാനൊന്നു ഉമ്മാക്ക് വിളിക്കട്ടെ. എന്റെ ഫോണിലെ ബാലൻസ് തീർന്നു."
അതിനെന്താ.BSNL -ന്റെ ഓഫർ റീചാർജ് ചെയ്യുന്നത് കൊണ്ട് ഞാൻ വീട്ടിലുണ്ടാവുമ്പോൾ അവൾ എന്റെ ഫോണിൽ നിന്നേ വിളിക്കൂ. ഞാൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അവൾക്ക് കൊടുത്ത് കടയിലേക്കിറങ്ങി.
അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും ഞാൻ തിരിച്ചു വന്നപ്പോൾ. അപ്പോഴും ഭാര്യ വരാന്തയിൽ തന്നെയുണ്ട്. പക്ഷേ ഫോൺ ചെവിയിൽ വെച്ച് മിണ്ടാതിരിക്കുകയാണ്. പാവം ഉമ്മായെ വിളിച്ചിട്ട് എടുത്തിട്ടുണ്ടാവില്ല.
"എടുക്കുന്ന വല്ല നമ്പറുകളിലേക്കും വിളിച്ചു നോക്കെന്ന് " ഞാൻ പറഞ്ഞിട്ടും അവളുടെ മുഖത്ത് ഒരു കോമഡി കേട്ട ഭാവമൊന്നും കാണുന്നില്ല.വിളിക്കട്ടെ കിട്ടുന്നത് വരെ വിളിക്കട്ടെ.ഞാൻ വരാന്തയിൽ അവൾക്കരികിലെ കസേരയിൽ ചെന്നിരുന്നു.
ഭാര്യ ചെവിയിൽ വെച്ചിരിക്കുന്ന ഫോണിൽ നിന്നും ആരുടെയൊക്കെയോ സംസാരം കേൾക്കുന്നുണ്ട്.
" ഫോണെടുത്തിട്ടുണ്ടല്ലോ. പിന്നെന്താ നീ മിണ്ടാതിരിക്കുന്നത്?"
ഞാനവളോട് ചോദിച്ചു.
വലത്തെ കൈയിലെ ചൂണ്ടുവിരൽ ചുണ്ടുകൾക്കു മുകളിൽവെച്ച് "ശൂ....ശ്..." എന്നൊരു ശബ്ദമായിരുന്നു അതിനുള്ള മറുപടി.
അവളുടെ വീട്ടിൽ ആരോ എന്തോ കാര്യമായിട്ട് സംസാരിക്കുകയാണെന്ന് ആ "..ശൂ..." ശബ്ദത്തിൽ നിന്നും മനസിലാക്കാൻ നമുക്ക് വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ. ഞാനും ശബ്ദമുണ്ടാക്കാതെ ചെവിയോർത്തു. അൽപനേരമിരുന്നപ്പോൾ കുറേശെ സംസാരം വ്യക്തമാകാൻ തുടങ്ങി.ഒരു സ്ത്രീയും പുരുഷനും തമ്മിലാണ് സംസാരിക്കുന്നത്. എന്റെ ദൈവമെ അതെന്റെ ശബ്ദമല്ലെ. ഞാനും അൽ-ഷിഫ യുമായി സംസാരിക്കുന്നതാണല്ലൊ ആകേൾക്കുന്നത്.
എന്റെ നെഞ്ചിൽ ഒരു ഇടിത്തീ വീണു.
ഞാൻ ചാടിയെഴുന്നേറ്റ് ഫോൺ പിടിച്ചു വാങ്ങി.കോൾ റെക്കോഡിംഗ് ഫയലുകൾ പ്ലെ ചെയ്യുകയാണവൾ. എപ്പഴോ ഇൻസ്റ്റാൾ ചെയ്ത ഓട്ടോമാറ്റിക് കോൾ റിക്കോർഡർ പറ്റിച്ച എട്ടിന്റെ പണി. അവൾ കരഞ്ഞുകൊണ്ട് അകത്തേക്കോടി.വാതിൽ ശക്തിയായടഞ്ഞു.
ഫോണിൽ നോക്കിയപ്പോൾ ഉമ്മാക്കുള്ള വിളിയൊക്കെ നേരത്തേ കഴിഞ്ഞു പോയിട്ടുണ്ടെന്ന് മനസിലായി. മാജിക്കു കാരൻ വായിൽ നിന്ന് ബ്ലേഡ് വലിച്ചെടുക്കുന്നപോലെ call recordings ഫോൾഡറിൽ നിന്ന് AMR ഫയലുകൾ ഓരോന്നോരോന്നായി പുറത്തെടുത്ത് കേൾക്കുകയായിരുന്നവൾ. എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരിക്കവെ അടുക്കളയിലെ പാത്രങ്ങൾ ചുവരിലും നിലത്തുമൊക്കെ ചെന്ന് പതിക്കുന്നതിന്റെ ശബ്ദം വരാന്തയിലേക്ക് വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.
രണ്ടാഴ്ചയോളമാണ് അവൾ അവളുടെ വീട്ടിൽ പോയി നിന്നത്.ഇവിടെ റഫീഖിനെ കുറ്റം പറയുന്നില്ല. ഞാൻ തന്നെയാണല്ലൊ തെറ്റുകാരൻ. ഒരു പെണ്ണിന്റെ ശബ്ദം കേട്ടപ്പോഴേക്കും ഷുഗർ ലെവലിൽ മാറ്റം വരാതെ ശ്രദ്ധിക്കണമായിരുന്നു.ഏതായാലും ആ സംഭവത്തിന് ശേഷം ഇപ്പോൾ എന്റെ ഷുഗർ ലെവൽ വളരെ നോർമലായി തുടരുന്നു. ഒരു കുഴപ്പവുമില്ല.
_________________________
എം.പി.സക്കീർ ഹുസൈൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക