ചുവന്ന വെൽവെറ്റ് തുണി വിരിച്ച മേശക്ക് പുറകിൽ മാഷ് കണ്ണുചുവപ്പിച്ചിരുന്നു..
ഞാൻ ഭാരൃയെ നോക്കി. .അവൾ മേശയ്ക്കുമുകളിലെ മൂത്ത ചൂരലിലേക്ക് നോക്കി ഇരിയ്ക്കുന്നു..
രവീ..ഈ പ്രേം മധുസൂദനന്റെ ഫയൽ കൊണ്ടുവരൂ. .
മകളുടെ സർട്ടിഫിക്കറ്റിനായിയാണ് ഞങ്ങൾ സ്കൂളിൽ പോയത്.പിന്നെ എന്റെ ഫയൽ.?.എന്തു ഫയൽ. .?
എന്റെ ഫോട്ടോ ഒട്ടിച്ച ഒരു വലിയ ഫയലുമായാണ് രവി വന്നത്.പൊടിപിടിച്ച ആ ഫയൽ തുറക്കവേ ഞാൻ ഞെട്ടി. .അതാ ഭിത്തിയിലെ ഫോട്ടോയിൽ നിന്നും മരിച്ചു പോയ നളിനി ടീച്ചറും ,വിക്രമൻ സാറും ഇറങ്ങി വരുന്നു. .
സ്കൂളിൽ വരാൻ മടിയായിട്ട് നിങ്ങളെ അച്ഛൻ,അമ്മൂമ്മ ,ചെറിയച്ഛൻ മുതലായവർ കൊണ്ടുവിടുമായിരുന്നു അല്ലേ?
ഞാൻ തലയാട്ടി. .മകളുടെ സർട്ടിഫിക്കറ്റിനായി ചെന്നപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു വിചാരണ. .?
നളിനി ടീച്ചർ ചെവിയിൽ പിച്ചും..കണ്ണിൽ നിന്ന് പൊന്നീച്ച പറക്കും..ചൂരൽ കഷായത്തിന് വിക്രമൻ സാർ..ഒരു മാസം ആ പാട് തുടയിൽ..
ഏഴാം ക്ളാസിലെ തങ്കമണിയ്ക്ക് പ്രേമലേഖനം കൊടുത്തുവോ നിങ്ങൾ?
ഞാൻ തലയാട്ടി. .ഭാരൃ എന്നെ രൂക്ഷമായി നോക്കി. .
നിങ്ങൾ പിന്നെ തങ്കമണിയെ സ്നേഹിച്ചുവോ?
ഇല്ല. .തങ്കമണി വർഗീസിനെ പ്രേമിച്ചു..
പേജുകൾ ഓരോന്നായി മറികടക്കവേ എനിക്ക് ഭയം കൂടി വന്നു. .
സ്കൂളിലെ മൂത്രപ്പുരയിൽ പച്ചില വച്ചു തെറി എഴുതിയോ നിങ്ങൾ?
ഞാൻ തലയാട്ടി..നളിനി ടീച്ചർ എന്റെ ചെവിയിൽ പിടിച്ചു..വർഷങ്ങൾക്കുശേഷമാണ് കണ്ണിൽ നിന്നും പൊന്നീച്ച പറക്കുന്നത്. ..
ഇത് തെറിക്കല്ല..രചന ബുക്ക് തരാത്തതിനു ബാബുവിനെ ഇടിച്ചതിന്..
ഞാൻ തൊഴുതുനിന്നു..മൂന്നു പ്രണയങ്ങൾ തകർന്നതിനു കാരണം നീയല്ലേ..?
അല്ല..പ്രസാദാണ്..
നീ ഇപ്പോൾ എഴുതാറുണ്ടോ..
ഭാര്യ കരച്ചിലോടെ പറഞ്ഞു. .ഉവ്വ്. ഇടയ്ക്ക്. .പാവമാണ് ചേട്ടൻ. .
വിക്രമൻ സാർ ചൂരലെടുത്തു..
കയറെടാ ബഞ്ചിൽ. .
വിറച്ചുകൊണ്ട് ഞാൻ ബഞ്ചിൽ കയറി. .
എന്താടാ കേക..
ഉൽപ്രേക്ഷ അലങ്കാരം അറിയോടാ നിനക്ക്. .
ഇല്ല. .എന്നെ തല്ലല്ലേ സാറേ. .
ലഘുവും ഗുരുവും തിരിക്കാനറിയുമോ
ഞാൻ തൊഴുതു നിന്നു.
ഫയലിൽ ഒത്തിരി പേജുകൾ മറിക്കാനിരിക്കവേ..ഇടവിട്ട പേജുകളിൽ നിന്നു ചോദ്യങ്ങൾ. .?
ഭാര്യ ലേബർ റൂമിലായപ്പോൾ കടലിനെ നോക്കി വെറുതെ നിന്നത്..
കെട്ടിയിട്ട പട്ടിയെ ദേഷൃം വന്നപ്പോൾ അടിച്ചത്..
മതേതരത്വം എഴുതിയോ നീ..
പ്രകൃതിയെ പറ്റി..ഒറ്റപ്പെട്ടുപോയ ഹൃദയങ്ങളെ പറ്റി..ഇരുട്ടിലെ മൗനത്തെ പറ്റി..എഴുതിയോ?
ഞാൻ തലയാട്ടി..
പ്രണയത്തെ പറ്റി..ഉവ്വ്.
കാമുകികാമുകൻമാരുടെ ജല്പനങ്ങളെപറ്റി ,കണ്ണുനീരിനെ പറ്റി
ഇല്ല. .
വിക്രമൻ സാർ എന്റെ തുടയിൽ ആഞ്ഞടിച്ചു..
ആത്മഹത്യയെന്ന് പറ്റി..ഇല്ല. .
വീണ്ടും അടി..
വൃതൃസ്തനാണു നീ എന്നു വരുത്തി തീർക്കാൻ..മരണത്തെ പറ്റി..
നിഴലിനെ പറ്റി..ആർക്കും മനസ്സിലാവാത്ത രീതിയിൽ.
ഇല്ല..
ഇത്തവണ അടി ചന്തിയ്ക്കാണുകൊണ്ടത്...ഞാൻ ഉറക്കെ കരഞ്ഞു. . ഭാരൃ അതിലുമുറക്കെ കരഞ്ഞു. .
നളിനി ടീച്ചർ എന്റെ ചെവിയിൽ തിരുമ്മി...
ചന്തി തിരുമ്മി കണ്ണിൽ പൊന്നീച്ച പറന്നു ഞാൻ....
ചിലതു വായിക്കുമ്പോൾ ഇതിലും വേദന തോന്നുന്നതിനാൽ ഞാൻ അടുത്ത വിചാരണയ്ക്കായി ബഞ്ചിൽ കാത്തു നിന്നു..
....പ്രേം ..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക