Slider

കഥ

0

രാവിലെ തന്നെ ഷർട്ടും മുണ്ടും മാറ്റിയുടുത്തിറങ്ങുന്ന കബീറിനെ കണ്ടപ്പോൾ ഉമ്മ ചോദിച്ചു,
"എങ്ങോട്ടാഡാ... രാവിലെ തന്നെ....?"
" ഇന്ന് ഞങ്ങളുടെ പാർട്ടിയുടെ ഒരു ഹർത്താലുണ്ട്..... "
ഇതും പറഞ്ഞ് കബീർ പോകാനൊരുങ്ങവേ.....കബീറിന്റ കുഞ്ഞിപ്പെങ്ങൾ ദിയ മോൾ ഓടിയെത്തിയിട്ടു പറഞ്ഞു..,
" കാക്ക ബെരുമ്പോച്ച് മുട്ടായി കൊണ്ട റാൻ മറക്കണ്ട..... "
3വയസ്സ് മാത്രം പ്രായമുള്ള ദിയ മോളെന്ന് വെച്ചാൽ കബീറിന് ജീവനാണ്..,
''എന്റെ ദിയക്കുട്ടി ഇന്നൊരു ദിവസത്തേക്ക് പൊറുക്കണം... ഇന്ന് ഹർത്താൽ എന്നു പറയുന്ന ഒരു ദിവസമാ.... ഇന്ന് കടകളൊന്നും തുറക്കാൻ പാടില്ല, തുറക്കുന്ന കടകൾ കാക്കയും കൂട്ടുകാരും അടപ്പിക്കും, ഓടുന്നവണ്ടികളെ ഞങ്ങൾ തടയും..."
കാപട്യം നിറയാത്ത ആ കുഞ്ഞു മനസ്സിന് കബീർ പറയുന്നതൊന്നും മനസ്സിലായില്ലെന്ന് മാത്രമല്ല..... അവൾ മിട്ടായിക്ക് വേണ്ടി വാശി പിടിച്ച് കരഞ്ഞ് അവസാനം കബീറിനോട്‌ പിണങ്ങി മുഖം വീർപ്പിച്ച്‌ അവിടെ നിന്നും പോയി, കബീർ അങ്ങാടിയിലേക്കും പോയി..,
അങ്ങാടിയിലെത്തിയ കബീറും കൂട്ടുകാരും തുറന്നു കിടന്ന കടകൾ ഭീഷണിപ്പെടുത്തി അടപ്പിച്ചു, വണ്ടികൾ തടഞ്ഞു തിരിച്ചു വിടിച്ചു, എതിർത്തവരെ ചീത്ത വിളിച്ചു വണ്ടിയുടെ കാറ്റ് തുറന്ന് വിട്ടു, 
ഇതൊക്കെ ചെയ്ത് ഒരു യുവനേതാവിന്റെ ഗമയിൽ അഹങ്കാരത്തോടെ നിൽക്കുമ്പോയാണ് ഒരു ജീപ്പ് ലൈറ്റിട്ട് ഹോൺ മുഴക്കി അതിവേഗത്തി പാഞ്ഞു വരുന്നത് കബീറും കൂട്ടുകാരും കണ്ടത്,
വരുന്ന ജീപ്പ് തന്റേ അയൽവാസി സുലൈമാനിക്കയുടെ താണെന്ന് മനസ്സിലാക്കിയ കബീർ കൂട്ടുകാരോട്‌ പറഞ്ഞു,

" ആ വരുന്ന ജീപ്പ് എന്റെ അയൽവാസി 
സുലൈമാനിക്കയുടേതാ.. അയാൾ മറ്റേ പാർട്ടിയുടെ ആളാ... പോരാത്തതിന് കുറച്ചഹങ്കാരിയും... ലൈറ്റിട്ട് ഹോൺ മുഴക്കി വരുന്നതൊക്കെഅയാളുടെ ഒരു നമ്പറാ.... നമ്മൾ അയാളെ പോകാൻ അനുവദിച്ചാൽ നാളെ അതും പറഞ്ഞയാൾ നമ്മെയും പാർട്ടിയേയും കളിയാക്കും... അത് കൊണ്ട് ഒരു കാരണവശാലും അയാളെ പോകാൻ അനുവദിക്കരുത്... അയാളെ ഞാൻ തടയുന്നത് ശരിയല്ല.... ഞാൻ അപ്പുറത്തേക്ക് മാറിനിൽക്കാം... "

ഇതും പറഞ്ഞ് കബീർ അവിടെ നിന്നും പോയിട്ട് കുറച്ചു സമയം കഴിഞ്ഞപ്പോൾ തിരികേയെത്തി...
"എന്തായി.....? അയാൾ തിരിച്ചു പോയോ?"
കബീർ ആകാംക്ഷയോടെ ചോദിച്ചു,

" അതേടാ കബീറെ... അയാളെ തിരിച്ചുവിടിപ്പിച്ചു.. അപകടത്തിൽ പെട്ട ആരെയൊ ഹോസ്പിറ്റലിൽ എത്തിക്കാൻ പോവാണെന്നൊക്കെ അയാൾ നമ്പർ ഇറക്കാൻ ശ്രമിച്ചു..... ഞങ്ങളുണ്ടോ വിടുന്നു, നമുക്ക് നമ്മുടെ അഭിമാനമല്ലെടാ വലുത്... പിന്നെ അതിനിടക്ക് അയാൾ നിന്നെ അന്വേഷിച്ചു.. ഞങ്ങൾ നിന്നെ ഇന്ന് കണ്ടിട്ടേ ഇല്ലന്ന് പറഞ്ഞു..... കുറച്ച് ബലം പ്രയോഗിക്കേണ്ടി വന്നങ്കിലും ഞങ്ങളയാളെ തിരിച്ചുവിടിപ്പിച്ചു.... "
" അതേതായാലും നന്നായി.. പിന്നെ...വീട്ടിന്ന് കുറെ സമയമായി വിളിക്കുന്നു.... 
സഹികെട്ട് ഫോണെടുത്തപ്പോൾജേഷ്ടൻ അത്യാവശ്യമായിട്ട് ചെല്ലാൻ പറഞ്ഞു,
ഞാനൊന്ന് വീടുവരെ പോയിട്ട് വേഗം വരാം.... ഇവിടുത്തെ കാര്യങ്ങളെല്ലാം ഭംഗിയായിട്ട് നോക്കിയേക്കണം.... "

എന്തൊക്കെയോ കുറേ വലിയ കാര്യങ്ങൾ ചെയ്ത മട്ടിൽ സന്തോഷത്തോടെ ഒരു മൂളിപ്പാടും പാടി കബീർ വീട്‌ ലക്ഷ്യമാക്കി നടന്നു...
വീടെത്തിയതും കബീർ ഞെട്ടി..,
മുറ്റത്ത് അയൽവാസികളും മറ്റും കൂടി നിൽക്കുന്നു.., വീടിന്റെ അകത്തു നിന്നും ആരുടെയൊക്കെയോ കരച്ചിലുകൾ... അതിൽ ഒരു ശബ്ദം തന്റെ ഉമ്മാന്റെതാണെന്ന് കബീർ തിരിച്ചറിഞ്ഞു..
കബീറിന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി, കണ്ണിൽ ഇരുട്ടു കയറുന്ന പോലെ, മുറ്റത്തു കൂടിനിന്നവർക്കിടയിലൂടെ കബീർ പതിയെ വീടിനകത്തേക്ക് കയറിയതും കബീർ ഞെട്ടിത്തരിച്ചു നിന്നു..... കട്ടിലിൽ ചലനമറ്റ് കിടക്കുന്നു എന്റെ കുഞ്ഞുപെങ്ങൾ ദിയക്കുട്ടി... നിയന്ത്രണം വിട്ട് കബീർ ഒരു കൊച്ചു കട്ടിയെ പോലെ വാവിട്ട് കരഞ്ഞു.....
ആരൊക്കെയൊ ചേർന്ന് കബീറിനെ അവിടെ നിന്നും മാറ്റിനിറുത്തി...
ഒന്നും മനസ്സിലാകാതെ കബീർ അവിടെ കൂടി നിന്നവരുടെ മുഖത്തേക്ക് നോക്കി.... അപ്പോൾ സുലൈമാനിക്ക പതിയെ പറഞ്ഞുതുടങ്ങി...

" മോനെ.... മുറ്റത്ത് കളിച്ചു കൊണ്ടിരിക്കായിരുന്ന ദിയമോളെ പാമ്പ് കടിച്ചു, ഉടനെ ഞങ്ങൾ ഹോസ്പിറ്റലിലെക്ക് പുറപ്പെട്ടതാ.... പക്ഷെ... ഒടുക്കത്തെ ഹർത്താൽ അനുകൂലികൾ തടഞ്ഞു..., ഞാനവരുടെ കാലുപിച്ചു പറഞ്ഞു... പക്ഷേ അവർ ഞാൻ പറയുന്നത് കേൾക്കാൻ പോലും കൂട്ടാക്കിയില്ല... നിന്റെ പാർട്ടിയുടെ ഹർത്താലായതു കൊണ്ട് ഞാനവിടെ നിന്നേയും അന്വേഷിച്ചു... നീ എവിടെയാണന്നവർക്കറിയില്ലെന്നു പറഞ്ഞു....
അവസാനം കുറെ ചുറ്റിത്തിരിഞ്ഞു ഉൾറോട്ടിലൂടെ ഹോസ്പിറ്റലിൽ എത്തിയെങ്കിലും ഒരൽപം താമസിച്ചു പോയെന്ന് ഡോക്റ്റർ പറഞ്ഞു..... "

കബീറിന് തല കറങ്ങുന്ന പോലെ തോന്നി.... വീഴാതിരിക്കാൻ അടുത്തുള്ള തെങ്ങിൽ പിടിച്ച് കബീർ നിന്നു.... ദിയമോളുടെ കൊഞ്ചലും കള്ളച്ചിരിയും കബീറിന്റെ മനസ്സിനെ കുത്തിനോവിച്ചുകൊണ്ടെ ഇരുന്നു.... അകത്തുനിന്നും തേങ്ങിത്തേങ്ങിയുള്ള ഉമ്മയുടെ കരച്ചിൽ ഒരു സൂചി കണക്കേ കബീറിന്റെ ചെവിയിൽ തുളച്ചു കയറി.....

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo