കാതടപ്പിക്കുന്ന ശബ്ദങ്ങളിൽ നിന്നകന്ന്
വിശാലമായ വേദികളിൽ നിന്നകന്ന്
ഈ നീണ്ട ഇടവഴികളിൽ
നടക്കാൻ കൊതിപ്പൂ ഞാൻ
ചീവീടുകളുടെ തീരാത്ത കുശലങ്ങൾ
" എന്തെ വരാൻ വൈകി"
എന്നും ചോദിക്കുന്ന ചോദ്യം
ഉത്തരം അവർക്കു തന്നെ അറിയാം
മറുപടി നൽകാതെ മുന്നോട്ടു പോയി ഞാൻ
എൻറെ മൗനം അവർക്കു സുപരിചിതമാണ്
എന്റെ മൗനത്തെ തിരിച്ചറിഞ്ഞത്
തിരിച്ചറിയുന്നത്
വാചാലരായ ഈ ചങ്ങാതികൾ മാത്രം
"ഞാൻ മടിയനാണ്
തിരക്കിനൊത്തു നീങ്ങാനറിയാത്തവൻ
വാക്കുകളെ മൗനത്തിലൊതുക്കുന്നവൻ
ഞാൻ പറഞ്ഞതൊന്നും
എൻറെ വാക്കുകളായിരുന്നില്ല
ഞാൻ പറഞ്ഞതെല്ലാം
എന്നിൽ നിന്ന് ലോകം കേൾക്കാനാശിച്ചതു മാത്രം
ലോകം ചിരിച്ചു
ഞാനും
അർത്ഥമില്ലാത്ത വാക്കുകളുടെ ലോകം
കയ്യിലൊളിപ്പിച്ച കത്തിയുമായി
പുഞ്ചിരി തൂകുന്നവരുടെ ലോകം
ഞാൻ മടിയനാണ്
അതുകൊണ്ടുതന്നെ
ഞാൻ ലോകത്തിനു ശത്രുവല്ല
എന്നും പിന്നിൽ നടക്കുന്നവൻ
പരാജയങ്ങളിൽ വിജയം കാണുന്നവൻ
വിജയികളുടെ തകർച്ചകൾ കണ്ടവൻ
ഒരു വിജയവും ശാശ്വതമല്ല
പരാജയം മാത്രമാണ് ഏകസത്യം
അതെ
കാപട്യങ്ങളുടെ ലോകത്തു പരാജിതനാണ്
യഥാർത്ഥ വിജയി
അവനു സാന്ത്വനമേകാൻ കൂട്ടുകാരുണ്ട്
പൊങ്ങച്ചത്തിൻറെ മുഖമൂടിയില്ലാത്തവർ
പരാജിതരുടെ നിര നീളുന്നു
അവരുടെ കൂട്ടത്തിൽ ഞാനും"
By: Siraj Sarangapani

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക