ആകാശം ശോണമായീ വിഹഗമഖിലവും
പാടുന്നതിമുദാ
പൂഷാവിന്നാഗമത്താല്‍ സരസിജകുലവും
നില്പൂ സരസിതില്‍.
മാലേയച്ചാര്‍ത്തണിഞ്ഞൂ, അഗമനിരകളും
അംഭോജിനികളും
മന്ദംനീന്തുന്ന ഹംസം നയനഹരമതായ്
കാണ്മൂ സരസിതില്‍.
ഉദ്യാനംതന്നില്‍ കാണ്മൂ അളിശലഭകുലം
സൂനങ്ങളില്‍ മുദാ
തേനുണ്ണാന്‍ വന്നിരിപ്പൂ , മധുരനടനവും
ചെയ്യുന്നു സതതം.
തിങ്ങും ഘോരാന്ധകാരം കളയുവതിനുതാ -
നര്‍ക്കന്‍, അതിതരാം
വെട്ടം നല്കുന്നു പാരില്‍ , മനമതിലതുപോല്‍
ഊര്‍ജ്ജം പകരുവാന്‍ .
പോരാടാം തിന്മമാറ്റാന്‍ , മഹിയിലുളവതാം
അന്ധം കളയുവാന്‍ ,
ഐശ്വര്യത്തിന്‍ പ്രകാശം ക്ഷിതിയില്‍ മുഴുവനും
വ്യാപിക്കുവതിനായ്.
എത്തീടൂ കര്‍മ്മമാര്‍ഗ്ഗേ മടിയൊരുതരവും
വേണ്ടാ സകലരും
മര്‍ത്ത്യര്‍ക്കൈശ്വര്യമേകും കൃതികളഖിലവും
ചെയ്യേണമതിനായ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക