ഇനിയെത്രദൂരം വഴിനടന്നീടണം
സ്വാതന്ത്ര്യസിംഹാസനത്തിലേറാന്‍
ഇതുവരെനാമെത്ര ദൂരം നടന്നുപോല്‍
സ്വാതന്ത്ര്യസിംഹാസനത്തിലേറാന്‍
അയുതങ്ങള്‍ ജീവന്‍ ബലികൊടുത്തല്ലൊയീ-
യാത്രയില്‍ ലക്ഷ്യമണഞ്ഞീടാനായ്
ഒഴുകി നിണനദി പാരതന്ത്ര്യത്തിന്‍റെ
വന്‍തരു വേരോടൊഴുക്കിടാനായ്
ഭയമാര്‍ന്നു വൈദേശികാധിപത്യത്തിന്‍റെ
ദണ്ഡിന്നുകീഴിലമര്‍ന്ന നമ്മള്‍
പലനാള്‍ കരുത്താര്‍ന്നു പൊരുതി , വിദേശികള്‍
വിട്ടുപോയ് ഭാരതമണ്ണില്‍നിന്നും.
വളരെ വിലകൊടുത്തന്നു നാം നേടിയ-
താണല്ലോ സ്വാതന്ത്ര്യമെന്നറിക.
ഭയമില്ല നമ്മള്‍ക്കിന്നാരേയുമെന്നോര്‍ത്തു
കൊല്ലാന്‍ തുടങ്ങി ഭ്രാതാവിനേയും.
അജ്ഞതയാമന്ധകാരത്തിലൊത്തിരി
വെട്ടവുമായ് വന്ന യോഗിയെയും
നെഞ്ചില്‍ നിറയൊഴിച്ചന്നു നാമാദരി-
ച്ചെന്നുമിന്നോര്‍ക്കുക ലജ്ജയോടെ.
അല്ലെങ്കിലെന്തിനു ചൊല്‍വു നാം നേടിപോല്‍
സ്വാതന്ത്ര്യമെന്തുമേ ചെയ്തിടാനായ്.
മടിയില്ല കക്ഷിരാഷ്ട്രീയത്തിന്‍ പേരിലായ്
ആരേയുമിന്നു ഹനിച്ചീടാനായ്.
മടിയില്ല ജാതിമതങ്ങള്‍ക്കുവേണ്ടിയി -
ന്നക്രമമെത്രയും ചെയ്തീടാനായ്.
മടിയില്ലടിക്കുവാന്‍ , ജീവന്‍ ത്യജിക്കുവാന്‍ ,
അന്യന്‍റെ ജീവന്‍ ഹനിച്ചീടുവാന്‍ .
അല്ലെങ്കിലെന്തിനു ചൊല്‍വു നാം നേടിപോല്‍
സ്വാതന്ത്ര്യമെന്തുമേ ചെയ്തിടാനായ്.
ഭൂമിതന്‍ പച്ചയാം പട്ടുവസ്ത്രങ്ങളെ
കീറിപ്പറിക്കുന്നു നിര്‍ദ്ദയം നാം.
വെയിലേറ്റു വെള്ളവുമില്ലാതെ നില്ക്കുന്ന
നഗ്നയാം ഭൂമിയെ കാണ്മൂ നമ്മള്‍.
ജനനിയെപ്പോലെയല്ലോ മാതൃഭൂമിയെ
സ്നേഹിക്കുവാനന്നു നാം പഠിച്ചു.
ഒരുപിടിയന്നവുമില്ലാതെ കോടികള്‍
വലയുന്നൊരീഭൂവില്‍ തന്നെയല്ലോ
ഒരുപിടി മര്‍ത്ത്യരോ കോടികള്‍ സ്വന്തമായ്
നേടുന്നു, ധൂര്‍ത്തടിക്കുന്നുവിന്നും.
അല്ലെങ്കിലെന്തിനു ചൊല്‍വു നാം നേടിപോല്‍
സ്വാതന്ത്ര്യമെന്തുമേ ചെയ്തിടാനായ്.
അഴിമതിതന്‍സ്വര്‍ണ്ണസിംഹാസനമേറി
വാഴുന്നഹങ്കാരമോടരചര്‍.
രാജാധിരാജനാം ഞാനനന്തന്‍, ജനം
കീടങ്ങള്‍ മാത്രമാണെന്നപോലെ.
നാടിന്‍റെയുന്നതിയല്ലിന്നു നമ്മുടെ
സ്വന്തം പുരോഗതിയാണുലക്ഷ്യം.
മടിയിന്നു ജോലികള്‍ ചെയ്തീടാനാര്‍ക്കുമേ-
യാത്മാര്‍ത്ഥത നമുക്കന്യമായോ?
ഭക്ഷ്യപേയാദികള്‍ നല്കാതെ ധേനുവിന്‍
ക്ഷീരമൂറ്റാന്‍ നമുക്കിന്നു മോഹം.
അല്ലെങ്കിലെന്തിനു ചൊല്‍വു നാം നേടിപോല്‍
സ്വാതന്ത്ര്യമെന്തുമേ ചെയ്തിടാനായ്.
ഇതിനായിരുന്നുവോ പതിനായിരങ്ങള്‍ തന്‍
ജീവന്‍ രണാങ്കണേയര്‍പ്പിതമായ്.
ചിരകാലമായി നാം നേടാന്‍ കൊതിച്ചൊരു
സ്വാതന്ത്ര്യമിതുതന്നെയായിരുന്നോ?
സ്വാതന്ത്ര്യമെന്നതു നേടിയെന്നോതുവാന്‍
നാമെത്രദൂരം ചരിച്ചിടേണം!
വ്യര്‍ത്ഥമീയാത്രയിനിയും തുടരാതെ
നേരായ പാതയിലൂടെ പോകാം.
ഒന്നിച്ചണിനിരന്നീടാം നമുക്കിനി -
യമ്മതന്‍ മാനമുയര്‍ത്തിടാനായ്.
സത്യ , സമത്വ , സാഹോദര്യചിന്തകള്‍
കൈമുതലാക്കി നാം മുന്നേറുക.
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക