സുന്ദരൻ, സുമുഖൻ, കൈനിറയെ പൂത്തകാശ്, സഞ്ചരിക്കാൻ ബജാജ് ചേതക് സ്കൂട്ടർ, സർവ്വോപരി മഹാരാജാവിന്റെ കയ്യിൽനിന്നും പുട്ടും പഴവും വാങ്ങിയിട്ടുള്ള ആലപ്പുറം കുടുംബാംഗവും ! സാജു എന്നായിരുന്നു പ്രീഡിഗ്രീ ക്ലാസ്സിലെ എന്റെയാ സഹപാഠിയുടെ പേര്. ഞങ്ങൾ രണ്ടുപേരും ഒരു ‘മാരക കോമ്പിനേഷൻ’ ആയിരുന്നു എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം, മേൽപ്പറഞ്ഞ യാതൊരു ഗുണവും എനിക്കില്ലായിരുന്നു എന്നതുതന്നെ ! അവനാവട്ടെ പലസുഹൃത്തുക്കളിൽ ഒരാളായി മാത്രമേ എന്നെ കണ്ടിരുന്നുള്ളൂ താനും....
ഗേൾ ഫ്രെണ്ട്സിന്റെ കാര്യത്തിൽ ഒരു കൊച്ചു വിജയ് മല്ല്യയായിരുന്നു സാജു. പല നിറത്തിലും ഗുണത്തിലുമുള്ള മൂന്നുനാലെണ്ണം എപ്പോഴും പുള്ളിയുടെ പരിസരത്തുണ്ടാവും. അതുകൊണ്ട് തന്നെ, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളെപ്പോലെ ഞങ്ങൾ കുറച്ചുപേർ എല്ലായ്പ്പോഴും കൃത്യമായ അകലത്തിൽ സാജുവിന് ചുറ്റും ഭ്രമണം നടത്തിയിരുന്നു. സാജുവിനാവട്ടെ തണ്ടുതുരപ്പൻ, ഇലചുരുട്ടി, മൂഞ്ഞ, വെട്ടുക്കിളി എന്നിവയിൽ നിന്നെല്ലാം സ്വന്തം ഇലകളെ സംരക്ഷിച്ചു നിർത്താനുള്ള മിടുക്ക് ഉണ്ടായിരുന്നു താനും. എന്നാലും പ്രതീക്ഷ കൈവിടാതെ ധനവാന്റെ മേശമേൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾക്കായി ക്ഷമയോടെ കാത്തിരുന്ന ലാസറിനെപ്പോലെ ഞങ്ങളും ശ്രമം തുടർന്നു പോന്നു.
സാജുവിനെ നോക്കി മിക്ക പെണ്കുട്ടികളും പുഞ്ചിരിക്കുന്നത് പലപ്പോഴും കാണാൻ ഇടയായിട്ടുണ്ടെങ്കിലും നമ്മുടെ റോൾ 'സാജൻ' സിനിമയിലെ കാലുവയ്യാത്ത സഞ്ജയ്ദത്തിന്റെ ഒളിച്ചുനിന്ന് നോക്കി വെള്ളമിറക്കുന്ന സീനിനപ്പുറം ഒരിക്കൽ പോലും കടന്നിരുന്നില്ല. അങ്ങനെ ജീവിതം കൗമാരതീഷ്ണമായും ജീവിതം പ്രണയസുരഭിലല്ലാതെയും ഇഴഞ്ഞുനീങ്ങുന്നതിനിടയിലാണ് ഒരിക്കൽ സാജു എന്നോടൊരു ചോദ്യം ചോദിക്കുന്നത് "അളിയാ, നാളെ ലഞ്ച് ബ്രേക്കിന് മിസ എന്റെ കൂടെ ഐസ്ക്രീം കഴിക്കാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്. അവടെ കൂടെ ഒരു ഫ്രെണ്ടും കാണൂന്നാ പറയുന്നേ. നീ കൂടെ വരുന്നോ? ബാക്കിയൊക്കെ നിന്റെ മിടുക്ക് പോലിരിക്കും" ഒരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടിയതിന്റെ ആഖാതത്തിൽ എന്റെ വാ കുറച്ചധികനേരം പൊളിഞ്ഞപടിതന്നെ ഇരുന്നുവെന്ന് ചരിത്രകാരന്മാർ വല്ലപ്പോഴും കാണുമ്പോൾ ഓർമ്മപ്പെടുത്താറുണ്ട് !
രാത്രി മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് മിസയുടെ ഫ്രണ്ടിനെ എങ്ങനെ ഇമ്പ്രെസ്സ് ചെയ്യാം എന്ന ചിന്തയിൽ, ഉടുമുണ്ട് പലപ്രാവശ്യം പുതപ്പായും പുതപ്പ് തിരിച്ചുടുമുണ്ടായും രൂപാന്തരം പ്രാപിച്ചെങ്കിലും നിദ്രാദേവി മാത്രം ദർശനം നൽകിയില്ല. കാലത്തെഴുന്നേറ്റ് രണ്ടുകുളിയും കുളിച്ച് പെങ്ങടെ ഫെയർ ആൻഡ് ലൗലിയും രണ്ടു കോട്ടു പൂശി അതിസൂഷ്മം വസ്ത്രധാരണത്തിലേക്ക് കടന്നു. പാന്റിനുള്ളിലേക്ക് ഷർട്ട് തെറുത്ത്കയറ്റിയിട്ട് പാലക്കാടൻ മട്ട അരി മുന്നിൽ കൃത്യം അരകിലോയും പിന്നിൽ രണ്ടുകിലോയും കൊള്ളുന്ന രീതിയിൽ അത് വീണ്ടും പുറത്തേക്ക് വലിച്ചിട്ട്, മുറ്റം കടന്ന് റോഡിൽ വരെ പോയി വീണ്ടും തിരിച്ചുവന്നു കണ്ണാടിയിൽ ഒരു വട്ടം കൂടി നോക്കി അപ്പീലിംഗ് ഉറപ്പുവരുത്തി കോളേജ് സ്ഥിതി ചെയ്യുന്ന തെക്ക് ദിക്ക് നോക്കി വച്ചു പിടിച്ചു. കവലേപ്പള്ളിപ്പെരുന്നാളിന് 25 രൂപാ കൊടുത്തു മേടിച്ച ‘റെയ്ബാൻ’ എന്നെഴുതിയ കണ്ണാടി വെച്ചുവേണം പോകാൻ എന്ന അദമ്യമായ ആഗ്രഹത്തെ മനസ്സിൽ തുടലിട്ട് പൂട്ടി നഗ്നനേത്രനായി പുറപ്പെട്ടതിലുള്ള കുൻഠിതം മാറാൻ ഏറെ നേരം എടുത്തു എന്ന് പറയാം.
കാത്തു കാത്തിരുന്ന 'ലഞ്ച് ബ്രേക്ക്'.... "സ്നോമാൻസിലോട്ടു പൊക്കോ, അവളും ഫ്രണ്ടും പുറകെ അങ്ങോട്ട് വന്നേക്കാം എന്നാ അവള് പറഞ്ഞത്" സാജു എന്റെ ചെവിയിൽ മറ്റാരും കേൾക്കാതെ മന്ത്രിച്ചു. ദേഹം മുഴുവൻ കുളിരുകോരി ലജ്ജാവിവശനായി അവന്റെ പിന്നാലെ 'സ്നോമാൻസ് സണ്ണിക്കുട്ടി' നടത്തുന്ന ഐസ്ക്രീം പാർലറിലേക്ക് പ്രവേശിക്കുമ്പോൾ വലത്തുകാല് ആദ്യം ചവിട്ടാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. "ഞങ്ങള് രണ്ടും ഈ ടേബിളിൽ ഇരിക്കും.. നീ കൂട്ടുകാരിയേം വിളിച്ചു ആ ടേബിളിൽ പോയിരുന്നോണം" എന്ന സാജുവിന്റെ നിർദേശം കേട്ട് ആദ്യമൊന്നു ടെൻഷൻ അടിച്ചുപോയെങ്കിലും "അങ്ങനെയെങ്കിൽ അങ്ങനെ" എന്ന് വലിയ താൽപ്പര്യമില്ലാത്ത രീതിയിൽ ഒരു മറുപടികൊടുക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
"ദാണ്ടടാ അവരെത്തി..നീയങ്ങോട്ടിരി" സാജുവിന്റെ ശബ്ദം ഒരശരീരിപോലെ മുഴങ്ങിയിട്ടും എനിക്ക് വെപ്രാളം കാരണം ഇരുന്നിടത്തൂന്നു ചലിക്കാൻ സാധിക്കുന്നില്ല!! അരക്കു കീഴ്പോട്ടു തളർന്നുപോയത് പോലെയൊരു ഫീൽ.. ഒരു രീതിയിൽ തപ്പിത്തടഞ്ഞ് എന്റെ ടേബിളിൽ പൊയിരിക്കുമ്പൊഴെക്കും അവർ അടുത്തെത്തിക്കഴിഞ്ഞിരുന്നു. ലജ്ജാവിവശനും നമ്രശിരസ്കനുമായ ഞാൻ ഷൂകൊണ്ട് 30 X 30 സ്കൊയർ റ്റൈൽസിൽ വൃത്തം വരക്കുമ്പോഴേക്കും എന്റെ എതിർ സീറ്റിൽ ഒരു ആളനക്കം ഫീൽ ചെയ്തുകഴിഞ്ഞിരുന്നു. മെല്ലെ മെല്ലെ താടിയുയർത്തി നാടകീയമായി അവളുടെ മുഖത്തേക്ക് നോക്കിയ ഞാൻ അക്ഷരാർഥത്തിൽ തന്നെ എടുത്തടിച്ചൊന്ന് ഞെട്ടി !
കടഞ്ഞെടുക്കാത്ത കരിവീട്ടിപോലെയൊരു രൂപമിതാ എതിർസീറ്റിൽ ! പ്ലാസ്റിക് ഷിമ്മിക്കൂടിൽ കവലയിലുള്ള സെന്റ്.തോമസ് ഹോട്ടലിലേക്ക് അഞ്ചുകിലോ പോത്തിറച്ചി കൊണ്ടുപോകുന്ന പോലത്തെ അംഗലാവണ്യം ! ഏതാണ്ട് ഒരു ക്വിന്റലെങ്കിലും തൂക്കം കാണും. എന്നെ നോക്കി പുള്ളിക്കാരി ഒന്ന് ചിരിച്ചു. തൊഴുത്തിലേക്ക് വൈക്കോലുമായി വരുന്ന അമ്മയെ കാണുമ്പോൾ ഞങ്ങളുടെ നന്ദിനിപ്പശു എത്തിവലിഞ്ഞു നോക്കുന്നതുപോലെ തന്നെ ആ നോട്ടം എനിക്കനുഭവപ്പെട്ടു !!
അരച്ചുരിക അണ്ണാക്കിൽ കയറിയ അരിങ്ങോടർ, ആരോമലിനെ നോക്കുന്നതുപോലൊരു നോട്ടം ഞാൻ സാജുവിനെ ലക്ഷ്യമാക്കി തൊടുത്തെങ്കിലും അവൻ മനപ്പൂർവ്വം എന്നെ അവഗണിച്ചു !
പത്മവ്യൂഹം ഭേദിക്കാൻ എന്താണ് വഴി എന്നാലോചിച്ചുഴറുന്നതിനിടയിലാണ് അഴകൊഴമ്പൻ ഒരു ചിരിയുമായി സണ്ണിക്കുട്ടി ഓർഡർ എടുക്കാൻ രംഗപ്രവേശം ചെയ്യുന്നത്. സാജു എന്നെനോക്കി 'ഓർഡർ ചെയ്തോ' എന്നാംഗ്യം കാട്ടിയതും സണ്ണിക്കുട്ടി എന്റെ അരികിലേക്ക് വന്ന് ഞങ്ങളെ രണ്ടുപേരെയും ഒന്നുനോക്കിയിട്ട് ഒരു പുഴുങ്ങിയ ചിരി പാസ്സാക്കി. ഭൂമിയിൽ ഒരു വിള്ളലുണ്ടായി അതിലൂടെ താഴേക്ക് പോയാൽ അതായിരുന്നു ഇതിലും ഭേദം എന്ന മട്ടിലിരിക്കുന്ന എന്നെ നോക്കി അവൻ ഇങ്ങനെ ചോദിച്ചു "ഏതാ എടുക്കണ്ടേ ?"
ചരിത്രപരമായ ഒരു പ്രതിസന്ധി എന്നെ തുറിച്ചുനോക്കാൻ തുടങ്ങിയിരുന്നു... ഇവനെന്താ ഈ ചോദിക്കുന്നത് എന്നമട്ടിൽ സാജുവിനെ നോക്കാൻ ശ്രമിച്ചെങ്കിലും മധ്യത്തിൽ സണ്ണിക്കുട്ടി നിൽക്കുന്നതിനാൽ അതിനും കഴിഞ്ഞില്ല. ഐസ്ക്രീമിന് ഐസ്ക്രീം എന്നല്ലാതെ മറ്റെന്തെങ്കിലും ഒരു സംജ്ഞ അന്നേവരെ ശ്രദ്ധയിൽ പെട്ടിരുന്നുമില്ലാ താനും. "ഏതാ ഉള്ളേ ?" എന്നൊരു തള്ള് ഞാൻ തള്ളി നോക്കിയെങ്കിലും നന്ദിനിപ്പശുവിന്റെ വായിലേക്ക് നോക്കി വെള്ളമിറക്കി നിൽക്കുന്ന അവൻ "എന്തും" എന്ന ഒരു ഓഞ്ഞ മറുപടിയാണ്നൽകിയത്.
കാസ്സാട്ട, ഫ്രൂട്ട് സലാഡ്, ഫലൂദ, ബട്ടർ സ്കോച് തുടങ്ങി ഒരായിരം പേരുകളിൽ ഏതെങ്കിലും പ്രതീക്ഷിച്ച് നിന്നിരുന്ന അവനോട്, പതിയെ അപ്പുറത്തെ ടേബിളിൽ നോക്കി അവർ കഴിക്കുന്നത് ഡാവിൽ മനസ്സിലാക്കിയിട്ട് ഒറ്റ കീറങ്ങ് കീറി.. "നാലുഗ്ലാസ് മഞ്ഞ ഐസ്ക്രീം" ! ആദ്യം സണ്ണിക്കുട്ടി പിന്നെ നന്ദിനിപ്പശു അതും കഴിഞ്ഞു സാജുവും മിസയും ചിരിമാല പതിയെകത്തിത്തുടങ്ങുന്നത് മനസ്സിലായ ഞാൻ പതിയെ എഴുന്നെറ്റ് സ്റ്റാന്റ് വിട്ടു.
ഈ സംഭവത്തോടെ ഒരു ഗുണമുണ്ടായി ! അതുവരെ പെണ്ണുങ്ങൾ എന്നെ കാണുമ്പോൾ ചിരിക്കുന്നില്ല എന്ന എന്റെ പരാതി മാറിക്കിട്ടി... ചിലരെല്ലാം എന്നെകാണുമ്പോൾ ചിരിക്കുന്നുണ്ടോ എന്നതായി എന്റെ അതിനു ശേഷമുള്ള ശങ്ക !!
By: Shebin Jospeh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക