Slider

നിന്നെക്കുറിച്ച്..

0

നിന്നെക്കുറിച്ചെന്തോർക്കണമീരാവിൽ
നിന്നെക്കുറിച്ചെന്തു പാടണം ഞാൻ
എന്നിൽ നിലാപ്പൂക്കളുമ്മവെച്ചീടുമീ
നക്ഷത്രരാവിലായേകനായി ,
മുല്ലമൊട്ടാകെ വിരിഞ്ഞു നില്ക്കെ
കുളിർ തെന്നലെൻ മുടിയിഴ തൊട്ടുപോകേ
നിന്നെക്കുറിച്ചെന്തു പാടണമീരാവിൽ
നിന്നെക്കുറിച്ചെന്തു പാടണം ഞാൻ.
സുസ്മിതം തൂകി നീ മാഞ്ഞ സന്ധ്യയിൽ
പൊത്തിപ്പിടിച്ചോരു തേങ്ങലായ് ഞാൻ
ദുഃഖസ്മൃതികൾ തൻ തിരിയിളക്കത്തിലൂടൊ-
റ്റൊയ്ക്കൊഴുകുന്ന തോണിയാകേ
നിന്നെക്കുറിച്ചെന്തെഴുതണമീരാവിൽ
നിന്നെക്കുറിച്ചെന്തെഴുതണം ഞാൻ
വിസ്തൃതമാകാശസീമ താണ്ടീടുവാൻ
കൂട്ടായ് പറന്നിണപ്പക്ഷികൾ നാം.
ആകാശവേടന്റെയമ്പേറ്റു ചിറകൊടി-
ഞ്ഞേകാകിയായി മണ്ണിൽ വീഴെ
കണ്ണാൽ ചുംബനമേകി വിടചൊല്ലി
കണ്ണീർക്കണങ്ങളാൽ നന്മ ചൊൽകേ.
എന്നിലോ ശൂന്യത വന്നുപുല്കി ചെറു-
ഹാസത്തെ പോലും മറന്നു നില്ക്കേ
നിന്നേക്കുറിച്ചിനി കേൾക്കണമീരാവിൽ
നിന്നേക്കുറിച്ചൊട്ടു കേട്ടിടേണം.
നിദ്രാവിഹീനമീരാവിൽ അനഘമാം
നിൻവരി ചുണ്ടാൽ ഒഴുക്കിടാം ഞാൻ
ചെമ്പകച്ചേലുള്ളൊരോർമ്മകൾ ചൂടിയീ
രാവൊഴിയുവോളം ലയിച്ചിരിക്കാം
_________________
രമേഷ് കേശവത്ത്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo