Slider

******പത്മാവതി**************

0

" ആ വളവ് തിരിഞ്ഞാൽ മൂന്നാമത് കാണുന്ന മഞ്ഞ പെയിന്റടിച്ച വീടാ"
തന്റെ വാക്കിങ്ങ് സ്റ്റിക്കിൽ ബലമായി പിടിച്ച് സിദ്ധാർത്ഥൻ നടന്നു. നടത്തത്തിനിടയിൽ കഴിഞ്ഞുപോയ കാലം ഒാർമ്മയിൽ തെളിഞ്ഞുകൊണ്ടിരുന്നു.
ആദ്യമായി അവളെ കണ്ടദിനം . കോളേജ് വരാന്തയിൽ അടുത്ത ഇരയെപ്പിടിക്കാൻ നോക്കിനിന്ന ഇരുപതുവയസ്സിന്റെ ചെറുപ്പത്തിലേയ്ക്ക് സിദ്ധാർത്ഥന്റെ മനസ്സ് ഉൗളിയിട്ടു.
ചുവന്ന കമ്മലും ധരിച്ച് താടിയിൽ കറുത്ത പുള്ളിയുള്ള പത്മാവതി കോളേജ് വരാന്തയിലൂടെ നടന്നുവന്നു. കണ്ടപ്പോൾ തന്നെ എന്തോ ഒരനുഭൂതി തന്റെ കണ്ണിലൂടെ ദേഹമാസകലം പടർന്നതോർത്ത് ഇൗ അറുപതാം വയസ്സിലും സിദ്ധാർത്ഥൻ രോമാഞ്ചം കൊണ്ടു.
" നിക്കടോ ഞങ്ങളിവിടെ മൂന്ന് ചേട്ടൻമാര് നിക്കണകണ്ട് കാണാത്തമട്ടിൽ പോവ്വാണോ??"
ശ്രീധരന്റെ ആ ചോദ്യമാണ് സിദ്ധാർത്ഥനേ സ്ഥലകാല ബോധത്തിലേക്ക് കൊണ്ടുവന്നത്.
തലകുനിച്ച് നേരിയ വിറയലോടെയുള്ള അവളുടെ നിൽപ്പ് കണ്ടപ്പോൾ തന്നെ സിദ്ധാർത്ഥൻ മനസ്സിൽ ഉറപ്പിച്ചു. ഇതാണ് തന്റെ പെണ്ണ്. തന്നെ പുതിയ ജീവനെടുക്കാൻ പ്രേരിപ്പിച്ചത് ഇവൾ തന്നെയാകും. തന്റെ പ്രാണന്റെ പാതി.
എന്താ നിന്റെ പേര്?
പത്മാവതി.
ഏതാ ഗ്രൂപ്പ്
സെക്കണ്ട് ഗ്രൂപ്പ്
ഇന്നല്ലെ ആദ്യമായി വരുന്നത്. നിനക്ക് പാട്ട് പാടാൻ അറിയാമോ??
അയ്യോ എനിക്കറിയില്ലാ
ഒാ പിന്നെ ഒരു പാട്ടുപോലും അറിയാത്ത കുട്ടിയാണെന്ന് കണ്ടാൽ പറയില്ലല്ലോ??
ശ്രീധരനും രവീന്ദ്രനും കൂടി കുടയുകയാണ്. അപ്പോൾ സിദ്ധാർത്ഥൻ പറഞ്ഞു
" ഇപ്പോ പൊയ്ക്കൊ നാളെ വരുമ്പോ ഒരു പാട്ട് പഠിച്ചിട്ട് എന്നോട് ചോദിക്കാതെതന്നെ പാടി കേൾപ്പിക്കണം ട്ടോ"
ആദ്യകാഴ്ചയിൽ തന്നെ മനസ്സിൽ കുടുങ്ങിയ പത്മാവതിയെ അങ്ങനെ കൂട്ടുകാരിൽ നിന്നും രക്ഷിച്ചപ്പോൾ ഉണ്ടായ അവരുടെ ദുർമുഖത്തിന് പകരമായി കാന്റീനിൽ തന്റെ പറ്റിന് ചായയും പരിപ്പുവടയും കഴിക്കുമ്പോൾ ശ്രീധരനാണ് തന്നിൽ പ്രേമത്തിന്റെ വിത്ത് വീണു കഴിഞ്ഞെന്ന് ആദ്യമായി പറഞ്ഞത്.
പിറ്റേന്ന് സിമന്റിട്ടതറയെ നോക്കി നടന്നുപോകുന്ന അവളെ തടഞ്ഞുനിർത്തി പാട്ടുപാടിച്ചതിന്നവസാനം നിനക്ക് ഞാനൊരു മഞ്ഞ റോസാപ്പൂവു തരട്ടേ എന്ന വളിഞ്ഞ ചോദ്യത്തിന് നാണത്താലടയാൻ വെമ്പുന്ന മിഴികളാലുള്ള അവളുടെ നോട്ടം കൊണ്ട് അവളും പ്രണയത്തിലാണെന്ന് സിദ്ധാർത്ഥൻ ഉറപ്പിച്ചു.
പിന്നീട് പ്രണയം പൂത്ത നാളുകളായിരുന്നു. ആരും കാണാതെ പുസ്തകത്തിന്നിടയിൽ മയിൽപ്പീലിത്തുണ്ടോടൊപ്പം പ്രണയാക്ഷരങ്ങൾ കുത്തിക്കുറിച്ച കത്ത് കൈമാറുമ്പോൾ ഉറപ്പായിരുന്നു. അവൾ തന്റെ മാത്രം പെണ്ണെന്ന്.
കാന്റീനിന്റെ ഒഴിഞ്ഞ മൂലയിലെ ഇരുപ്പിടങ്ങൾ അന്ന് പ്രണയത്തിന്റെ വാക്സാമർത്ഥ്യത്താൽ കോൾമയിർ കൊണ്ടിരുന്നു. ഗ്രൌണ്ടിനടുത്തുള്ള ഇലകൾ വിരിച്ച വാകമരത്തിന്റെ ചുവട് ആദ്യമായി അധരങ്ങളിലൂടെ അവളെന്റെ പ്രണയത്തിന് തുല്യം ചാർത്തിയ വിശുദ്ധസ്ഥലം മാത്രമായിരുന്നില്ല. കളിചിരികൾക്കും പിണക്കത്തിനും നീണ്ടതെന്ന് തോന്നിപ്പിക്കുന്ന അവളുടെ വൈകിയുള്ള വരവിനായുള്ള കാത്തിരിപ്പിന്റെ അനുഭൂതി പകരുന്ന ക്ഷേത്രം തന്നെയായിരുന്നു.
പഠനം കഴിഞ്ഞാദ്യമായി ജോലിയിൽ പ്രവേശിച്ചപ്പോൾ സുരക്ഷിതമായ ഒരു ഭാവി ജീവിതത്തിന്റെ സംതൃപ്തി അവളുടെ കണ്ണുകളിൽ തെളിഞ്ഞിരുന്നു.
പിന്നീടെന്നാണ് അത് സംഭവിച്ചത് . ഇടവപ്പാതിയുടെ ഇടിമുഴക്കത്തോടെയുള്ള മഴപെയ്ത ദിവസം അച്ഛനും അമ്മയും ആത്മഹത്യചെയ്യുമെന്ന ഭീഷണിക്കുമുൻപിൽ പിടയുന്ന നെഞ്ചോടെ ഒപ്പം കഴിയാൻ ഭാഗ്യമില്ല എന്ന് പറഞ്ഞു മഴയ്ക്ക് കഴുകിക്കളയാൻ കണ്ണീരെന്നിൽ നിറച്ച് പിടിവിട്ട് പോയ ദിവസം.
ഇന്നത് കഴിഞ്ഞ് എത്രവേനലുകൾ കഴിഞ്ഞുപോയിരിക്കുന്നു. പക്ഷേ ഇപ്പോഴും ആ മഴയുടെ കുളിര് മഞ്ഞ പൂശിയ വീടിന്റെ ഗേറ്റിൽ തൊട്ടപ്പോൾ സിദ്ധാർത്ഥനിൽ നിറഞ്ഞു.
ഭാര്യയുടെ മരണത്തോടെ ഒറ്റയ്ക്കായ ഇന്നലെകളിൽ ആണ് പത്മാവതിയുടെ കത്തുകൾ വീണ്ടും കണ്ടത്. പിന്നെ അന്വേഷണമായിരുന്നു. ഒന്നിനുമല്ല ഒന്നു കാണാൻ കഴിയുമെങ്കിൽ ഒരു വാക്കു മിണ്ടാൻ. അന്നു നീ അൽപം ധൈര്യം കാട്ടിയിരുന്നെങ്കിൽ നമ്മുടെ ജീവിതം വേറൊന്നായിരുന്നേനേ എന്നോർമ്മപ്പെടുത്താൻ . അത്രമാത്രം.
ഗേറ്റ് തുറന്നതും ഒരാൺകുട്ടി എട്ടൊമ്പത് വയസ്സുകാണും ആരാ എന്ന് ചോദിച്ചു
പത്മാവതിയുടെ വീടല്ലേ
അതേ ആരാ? ഒരു സ്ത്രീശബ്ദം കൂടെ ടാ സിദ്ധൂ ഇവിടെ വാടാ എന്ന വിളിയോടും കൂടി ഒരു യുവതി ഇറങ്ങിവന്നു.
ഞാൻ പത്മാവതിയെ ഒന്നു കാണാൻ വന്നതാ ഞങ്ങൾ പഴയ പരിചയക്കാരാ
അതേയോ കേറി ഇരിക്കൂ ഞാൻ അമ്മയെ വിളിക്കാം
ഇരുപതുവയസ്സിൽ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അനുഭൂതിയുടെ അലകൾ പത്മാവതിയുടെ കാൽപ്പെരുമാറ്റം വീണ്ടും സിദ്ധാർത്ഥനിൽ നിറച്ചു.
ആരാ മനസ്സിലായില്ലാ?
ഞാനാ പഴയ സിദ്ധാർത്ഥൻ ഒാർക്കണുണ്ടോ കോളേജിലേ
കോളേജിലോ? ഒാർമ്മ വരുന്നില്ലല്ലോ . ആ എന്താ വന്നത്.
ഏയ് ഒന്നൂല്ല ഞാൻ പഴയ കാര്യങ്ങളോർത്തപ്പോ. അല്ല ഇവിടെയാ വീട് എന്നറിഞ്ഞപ്പോ ഒന്നു കാണാം എന്ന് കരുതി
എനിക്കങ്ങോട്ട് ഒാർമ്മ വരണില്ലാട്ടോ . നമ്മള് ഒരുമിച്ചു പഠിച്ചതാണോ??
ഏയ് എനിക്ക് ആള് തെറ്റിയതാകും എന്റെ പത്മാവതിയ്ക്ക് എന്നെ മറക്കാൻ കഴിയില്ല. ആള് തെറ്റിയതാകും
നെഞ്ചിൽ കനത്ത ഭാരത്തോടെ വാക്കിങ്ങ് സ്റ്റിക്കിൽ പിടിച്ച് സിദ്ധാർത്ഥൻ എഴുന്നേറ്റു.
നിൽക്കൂ ചായ കുടിച്ചിട്ട് പോകാം അവളെടുത്തു കാണും മോനേ സിദ്ധാർത്ഥാ അമ്മയെ വിളിക്കൂ.
വേണ്ട ചായ കുടിക്കാറില്ല വയസ്സായില്ലേ പിന്നെ ഒരു സ്ഥലം വരെ പോകാനുമുണ്ട് ഇറങ്ങട്ടെ
സ്റ്റിക്ക് ഉൗന്നി വിറച്ചു നടന്നകലുന്ന സിദ്ധാർത്ഥനേ നോക്കി പത്മാവതിയുടെ കണ്ണിൽ നിന്നും കണ്ണീരു പൊടിഞ്ഞു
പൊയ്ക്കോട്ടെ. പാടില്ല പറയാൻ പാടില്ല വേറൊരുത്തന് കഴുത്തുകുനിച്ചു കൊടുത്തപ്പോഴും ഇന്ന് മുത്തശ്ശിയായി മരണം കാത്തിരിക്കുമ്പോഴും തന്റെ മനസ്സ് അവിടുത്തേതായിരുന്നെന്ന്. പേരമകന് സിദ്ധാർത്ഥനെന്ന് പേര് നൽകിയത് പോലും ഇൗ സിദ്ധാർത്ഥനോടുള്ള പ്രണയത്തിന്റെ അടയാളമാണെന്ന് . കാരണം അന്നത്തെ എന്റെ അധൈര്യത്തിനുള്ള ശിക്ഷ അതീ ജന്മം മുഴുവനും നീറി അനുഭവിച്ചു മരിക്കണം അടുത്ത ജന്മത്തിൽ അങ്ങയുടെതാകാൻ.
പഴയ ഡയറിയുടെ താളുകൾക്കിടയിൽ നിന്നും പണ്ടത്തെ മയിൽപ്പീലിത്തുണ്ടെടുത്ത് പത്മാവതി മണത്തു നോക്കി
അന്നത്തെ പ്രണയത്തിന്റെ സുഗന്ധത്തിന് ഒരു മാറ്റവുമില്ലാതിരിക്കുന്നതറിഞ്ഞ് അവൾ നെടുവീർപ്പിട്ടു.
__________________________________
രമേഷ് കേശവത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo