Slider

തർപ്പണം

0

വൈശാഖൻ തന്റെ കൈയ്യിലിരുന്ന കുടം നെഞ്ചോട് ചേർത്തു.ഇതുപോലെ എന്നും അമ്മയെ നെഞ്ചോട് ചേർത്തുപിടിക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞുപോയ വർഷങ്ങളിൽ താൻ ചെയ്ത തെറ്റുകൾ. തെറ്റുകളാണോ .സ്വായിഷ്ടത്തിന് ജീവിക്കാനാഗ്രഹിച്ചു ഒന്നിനും അത് തടുക്കാനായില്ല മനസ്സുപറയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിച്ചു. സമൂഹം താന്തോന്നി എന്ന് മുദ്രകുത്തിയപ്പോഴും അമ്മ കണ്ണീർ വാർത്ത് ഉറങ്ങാതിരുന്നപ്പോഴും അത് കണ്ടില്ല എന്ന് നടിച്ചു. പക്ഷേ ഇപ്പോൾ കുറ്റബോധം തോന്നുന്നു. അതിനാൽ തന്നെ ചെയ്തഅപരാധങ്ങൾക്കെല്ലാം മാപ്പുചോദിച്ച് അമ്മയ്ക്ക് പറ്റിയ മകനായി ജീവിക്കാൻ തയ്യാറെടുത്ത് വന്നതാണ്. പക്ഷേ അറിഞ്ഞിരുന്നില്ല ഒരു ദിവസം മാത്രമേ അമ്മയുടെ ചൂടേറ്റ് കണ്ണുനീർത്തുള്ളികൾ കൊണ്ട് സമസ്താപരാധം പറഞ്ഞ് കഴിയാനാവുള്ളൂ എന്ന് . അറിഞ്ഞിരുന്നെങ്കിൽ വന്നേക്കുമായിരുന്നില്ല. ഗംഗാനദിയുടെ മാറിൽ തന്നെ ചെയ്ത പാപങ്ങളുടെ കറകൾ കഴുകി ആ പാപങ്ങളുടെ പ്രതിഫലമായി പുതിയ ജന്മം പേറാൻ അഗാധതയിൽ അലിഞ്ഞു ചേർന്നേനെ.
പക്ഷേ വിധി തന്നനുഗ്രഹിക്കുന്നത് തടുക്കാനാവില്ലല്ലോ. കഴിഞ്ഞ ദിവസങ്ങളിലൊന്ന് വൈശാഖന്റെ മനസ്സിൽ തെളിഞ്ഞു.
ഹരിദ്വാറിലെ ഭീംഘാട്ടിൽ തണുത്തജലത്തിൽ കാൽ നനച്ച് കയറുമ്പോഴാണ് അദ്ദേഹത്തെ കണ്ടത്.സ്വാത്വികനായ ഒരു സന്ന്യാസി.....
.ഏതോ പൂർവ്വജന്മ അടുപ്പം പോലെ ഒാടിച്ചെന്ന് കാൽക്കൽ വീണ് തനിക്ക് ദീക്ഷ നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അദ്ദേഹം വാത്സല്ല്യ പൂർവ്വം പറഞ്ഞു.
നീ ഇവിടെ വന്നിട്ട് മൂന്നു വർഷത്തോളമായി നിനക്കാരും ഇതുവരെ ദീക്ഷ തന്നില്ല കാരണം നിന്റ കർമ്മ മേഖല നിന്റെ നാടാണ് . അവിടെ നിനക്ക് നിർവ്വഹിക്കേണ്ട ഏറ്റവും വലിയ കർമ്മം കാത്തിരിക്കുന്നു. അടുത്ത ജന്മത്തിൽ ഞാൻ തന്നെ നിന്നെ അന്വേഷിച്ച് വരും ഞാനായിരിക്കും നിന്റെ ആത്മീയ ഗുരു. ഉടനെതന്നെ നീ നിന്റ കർമ്മ സ്ഥാനത്തേക്ക് തിരിക്കണം.
അദ്ദേഹം നടന്നകന്നു.
അദ്ദേഹം കർമ്മമെന്നുദ്ദേശിച്ചത് ഇതാണോ. പെറ്റമ്മയുടെ ശരീരം കത്തിച്ചു കിട്ടിയ ചാരം പുണ്യധാതാവായ ഈ നിളയിൽ സമർപ്പിക്കുക അതോ അമ്മയുടെ കൂടെ ഒരു ദിനമെങ്കിലും ചെയ്ത തെറ്റുകൾക്ക് മാപ്പുചോദിച്ച് ചലവഴിക്കുയോ. അറിയില്ല എന്തായാലും തിരിച്ചുവരാൻ പ്രചോദനം തന്ന ആ പുണ്യാത്മാവിനെ മനസ്സാൽ നമിക്കുന്നു.
കാശിയിലെ മൂന്നുവർഷത്തെ അഞ്ജാതവാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മ ഒരു നോക്കു മാത്രേ നോക്കിയുള്ളൂ. പിന്നെ മുഖം തിരിച്ച് ഉൗർന്നുവീഴുന്ന കണ്ണുനീർത്തുള്ളികളെ ഭൂമീമാതാവിൽ ലയിപ്പിച്ച് മുറിയിലേക്ക് പോകുന്നതാണ് കണ്ടത്. ആരും തന്നെ ഒരുവാക്കും മിണ്ടിയില്ല. അമ്മയുടെ അടുത്തേയ്ക്ക് ചെന്നപ്പോൾ കുഞ്ഞായിരിക്കുമ്പോൾ നല്കിയിരുന്നപോലെ ഗാഢമായ ഒരു ചുംബനം കൊണ്ട് നാളിതുവരെ ഉള്ള തെറ്റുകളെല്ലാം അമ്മ പൊറുത്തു.പൊറുത്തു.ഗംഗയിലേ പരിശുദ്ധമായ ജലം കുടിച്ച് ആത്മശുദ്ധി വന്നു എന്ന് പറഞ്ഞമ്മ കരഞ്ഞപ്പോൾ ജീവിതത്തിന്റെ ശുദ്ധി മാതാവിന്റെ സ്നേഹത്തിലാണെന്ന് വൈശാഖൻ ഉറപ്പിച്ചിരുന്നു.
പോലീസ്സ്റ്റേഷനിൽ തിരിച്ചുവരവ് റിപ്പോർട്ട് ചെയ്ത് തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ നിറയെ ആള് കൂടിയിരിക്കണത് കണ്ടത്. താൻ തിരിച്ചുവന്നത് അറിഞ്ഞു വന്നതാണെന്നാ കരുതിയത് എന്നാൽ ഇടനാഴികയിൽ പായ വിരിച്ച് അമ്മയെ കിടത്തിയിരിക്കുന്നത് കണ്ടു. പിന്നെ നടുത്തളത്തിൽ അമ്മയുടെ മുഖം മൂടി കെട്ടി കുറുപ്പർ ക്രിയകൾ ചെയ്യുമ്പോഴാണ് വൈശാഖന് ബോധം വന്നത്..
............................................
വൈശാഖൻ നിർവ്വികാരനായി അമ്മയുടെ മുഖത്തായി തുളയിട്ട വായുടെ ഭാഗത്തായി മോതിരവിരലിലൂടെ അല്പമായി ഗംഗാജലം ഒഴിച്ചു. എന്തോ ചുറ്റിലും കൂടിയവരുടെ മുഖഭാവത്തിൽ നിന്നും താനാണ് അമ്മയെ കൊന്നതെന്ന ചിന്ത വൈശാഖനിൽ ഉൾക്കിടിലമുണ്ടാക്കി. അതേയോ ഞാനാണോ എന്റെ മുൻ പാപകർമ്മങ്ങളാണോ ഇൗ പാതകം ചെയ്തത്.
ചാണകവും ചെളിയും പൊത്തിയ മറയിലെ പാദസ്ഥാനത്തിന്നടിയിൽ വൈശാഖൻ തന്റെ കൈയ്യിലിരുന്ന കത്തുന്ന കൊതുമ്പ് നീട്ടി പുക അല്പമായി ഉയരുന്നു കർമ്മി മുറം കൊണ്ട് വീശുകയാണ് ഉള്ളിൽ ചിരട്ടകൾക്ക് തീ പിടിക്കുവാൻ. ആ അഗ്നിയേക്കാൾ കൂടുതൽ എരിയുന്നത് തന്റെ പാപബോധം പേറുന്ന മനസ്സല്ലേ.
ഇന്ന് ഏഴു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. വേദനയുടെ ഉള്ളെരിച്ചലുമായി തനിച്ചായിട്ട് ഏഴു ദിവസങ്ങൾ. അമ്മയുടെ ആഗ്രഹമായിരുന്നു പരിശുദ്ധയായ ഇൗ നിളയിൽ തന്നെ തന്റെ ചിതാഭസ്മം ഒഴുക്കണമെന്നത്. അവസാന ആഗ്രഹം. വേറൊന്നും സാധിച്ചുകൊടുക്കാൻകഴിയാത്ത പാപിയായ ഇൗ മകനുള്ള അവസാനത്തെ അവസരം. അതിതാ ഇവിടെ നിളാദേവിക്കരികിൽ പൂർത്തിയാക്കുന്നു..
ഭാരതപ്പുഴയുടെ പവിത്രമായ നാവാമുകുന്ദ ക്ഷേത്രതീരത്ത് വൈശാഖൻ ഇടത്തുകാൽമുട്ട് പടിയിൽ കുത്തി ഇരുന്നു. കർമ്മി പറഞ്ഞ വാക്യങ്ങൾ അതുപോലെ ഏറ്റു ചൊല്ലി കണ്ണീരു ചേർന്ന ഉരുള ഇലയിൽ വയ്ക്കുമ്പോൾ വൈശാഖന്റെ കൈകൾ വിറകൊള്ളുന്നുണ്ടായിരുന്നു.
ഇനി കലശം ഒഴുക്കയാവാം. നല്ല ഒഴുക്കുണ്ട് . കൈവരി വരേ എറങ്ങി ഒന്നു മുങ്ങി കുടം പിന്നിലേക്കിട്ടോളു...കർമ്മി പറഞ്ഞു
വിറയ്ക്കുന്ന കൈകളാൽ കലശം എടുത്ത് വൈശാഖൻ പുഴയിലേക്കിറങ്ങി ഒന്നു മുങ്ങി നിവർന്ന് കുടം പിന്നിലേയ്ക്കിട്ടു.
ഒന്നു തിരിഞ്ഞുനോക്കിയ വൈശാഖൻ കണ്ടത് തന്റെ അമ്മ മുങ്ങിത്താവുന്നതാണ്.പിന്നൊന്നും ചിന്തിച്ചില്ല അമ്മേ ഞാനുമുണ്ട് എന്നമുറിഞ്ഞവാക്കാൽ വൈശാഖൻ കൈവരിക്കപ്പുറത്തേയ്ക്ക് ചാടി.
ഒഴുക്കിനൊപ്പം താഴ്ന്നുനീങ്ങുന്ന കുടത്തിൽ വൈശാഖന്റെ കൈ തടഞ്ഞു....
പിറ്റേന്നു രാവിലെ മണലെടുത്ത കുഴിയുടെ സമീപത്തുള്ള പുൽക്കാട്ടിൽ വൈശാഖനെ കാണുമ്പോൾ മുഖത്ത് കണ്ണുകളില്ലായിരുന്നു എങ്കിലും ആത്മനിർവൃതിയുടെ പുഞ്ചിരി ഉണ്ടായിരുന്നു.....
--------------------------
രമേഷ് കേശവത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo