Slider

പരദൂഷണം പപ്പന്‍:- (ചെറുകഥ )

0

പപ്പന്‍റെ ചായക്കടയിലെ വാര്‍ത്ത കേട്ടാണ് അമ്പലക്കര നിവാസികളുടെ ദിവസം ആരംഭിക്കുന്നത്. വെറും കഥയല്ലാ.. നല്ല ഒന്നാന്തരം കെട്ടുകഥകള്‍, അവതരിപ്പിക്കുന്ന രീതിയോ.. എല്ലാം കണ്ടുനിന്ന സാക്ഷി എന്നപോലെയും, അതുകൊണ്ട് നാട്ടുകാര്‍ അദേഹത്തിന് ഒരു ഓമനപ്പേരിട്ടു പരദൂഷണം പപ്പന്‍.
പതിവുപോലെ ഇന്നും ഒരു ചൂടുവാര്‍ത്ത കിട്ടിയ സന്തോഷത്തിലാണ് നമ്മടെ പരദൂഷണം പപ്പന്‍,
ചൂടു വാര്‍ത്ത, ചൂടു ചായക്കൊപ്പം പകര്‍ന്നു കൊടുക്കുമ്പോള്‍ ആണ് വാര്‍ഡ്‌ മെമ്പര്‍ ഗോപാലേട്ടന്‍ വരുന്നത്.
“അല്ല പപ്പാ.. ഈ കേട്ടതൊക്കെ സത്യമാണോ..? വെറുതെയല്ലാ.. നിങ്ങളെ പരദൂഷണം പപ്പനെന്നു വിളിക്കുന്നത്‌”
ആ പറച്ചില്‍ പപ്പന് അത്ര പിടിച്ചില്ലാ..., പല്ല് കടിച്ചുപിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു...
“വാര്‍ഡ്‌ മെംബറായിട്ടൊന്നും കാര്യമില്ലാ... നാട്ടില്‍ നടക്കുന്ന വിവരങ്ങളൊക്കെ അറിയണം”
ചൂടുചായ വാര്‍ഡ്‌ മെംബര്‍ ഗോപാലേട്ടന്‍റെ മുന്‍പില്‍ വെച്ചിട്ട്, പപ്പന്‍ ചോദിച്ചു ..
“നിങ്ങള് അറിഞ്ഞോ മെംബറെ, നമ്മടെ തെക്കേലെ ശാന്തേടെ മോള് ശ്രുതിടെ കാര്യം...”
“ഓള് ..ബാഗ്ലൂരില്‍ നഴ്സിംഗ് പഠിക്കുവാരുന്നു.. അവധിക്കു വന്നതാ.. രണ്ടു ദിവസം മുന്‍പ് ദിവാകരേട്ടന്‍റെ മരുന്നു പീടികേടെ മുന്‍പില്‍ തലചുറ്റിയൊന്നു വീണു.. പിന്നെ നാട്ടുകാര്‍ ചേര്‍ന്ന് വീട്ടില്‍ കൊണ്ടാക്കി...”
“പെണ്ണിന് വയറ്റിലൊണ്ടെന്നാ....കേട്ടേ...”
അമ്പലക്കര പഞ്ചായത്തിന്‍റെ മുക്കിലും മൂലയിലും, കാട്ടുതീ പോലെ ആ വാര്‍ത്ത പരന്നു..
വാര്‍ഡ്‌ മെംബര്‍ ഗോപാലേട്ടന്‍ പപ്പനോട് ചോദിച്ചു...
“പപ്പാ.. നിങ്ങള് ആ കുട്ടിയെപ്പറ്റി ഇല്ലാത്തത് ഓരോന്നു പറഞ്ഞു ഉണ്ടാക്കരുത്..ട്ടോ, ആ ശാന്ത ലോണ്‍ എടുത്താണ് കൊച്ചിനെ പഠിപ്പിക്കാന്‍ നഴ്സിംഗ്നു വിട്ടത്..”
കഥ പറഞ്ഞു രസിപ്പിക്കുന്ന പരദൂഷണം പപ്പനെ, തേനീച്ചകള്‍ കൂട്ടം കൂടും പോലെ.. നാട്ടുകാര്‍ പൊതിഞ്ഞു. ഇരു ചെവികളും കൂര്‍പ്പിച്ച് അവര്‍ വട്ടം ചേര്‍ന്ന് ഇരുന്നു..
“കഴിഞ്ഞ ദിവസം ശാന്തേടെ വീടിനു മുന്‍പില്‍ വലിയൊരു കാറ് കിടക്കുന്നത് കണ്ടു, കാശുകൊടുത്ത് ഒതുക്കിത്തിര്‍ക്കാന്‍ ബാഗ്ലൂരില്‍ നിന്നും വന്നവരാണന്നാ തോന്നണേ ... ഇനിയിപ്പോ, .ശാന്തയ്ക്ക് കാശിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലാ...”
തന്നെ എല്ലാവരും (കേള്‍ക്കുന്നു) ശ്രദ്ധിക്കുന്നുണ്ട് ..എന്ന് മനസിലാക്കിയ പരദൂഷണം പപ്പന്‍ വീണ്ടും പറഞ്ഞു തുടങ്ങി...
“ശാന്തേടെ സ്വഭാവം അത്ര നന്നല്ലാ...പല വരുത്തമ്മാരും വന്നുപോകുന്നാ.. ഇപ്പോ മകളും, ഈ നാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ..”
ഒരാവേശത്തില്‍ പറഞ്ഞു നിര്‍ത്തിയ പരദൂഷണം പപ്പന്‍റെ വാക്കുകള്‍ ഏറ്റുപിടിച്ച്‌ വാര്‍ഡ്‌ മെംബര്‍ ഗോപാലേട്ടന്‍ പറഞ്ഞു..
“ഇത് അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, നമക്കത് ചോദിച്ചിട്ടുതന്നെ കാര്യം, എന്നാ പിന്നെ നമക്ക് പപ്പനെയും കൂട്ടി പോയാലോ...?”
വാര്‍ഡ്‌ മെംബര്‍ ഗോപാലേട്ടന്‍ പറഞ്ഞത് ശരിവെച്ച്, നാട്ടുകാര്‍ പരദൂഷണം പപ്പനെയും കൂട്ടി ശാന്തേടെ വീട്ടിലേക്കു പുറപ്പെട്ടു....
ഒരാള്‍ക്കൂട്ടം തന്‍റെ വീടിനെ ലക്ഷ്യമാക്കിയുള്ള വരവ് കണ്ട് ശാന്തേട്ടത്തി ഒന്നു ഞെട്ടി...
നാട്ടുകാരുടെ വരവില്‍ എന്തോ പന്തികേട് തോന്നിയ ശാന്തേട്ടത്തി മുറ്റത്തേക്ക് ഇറങ്ങി വന്നു...
വാര്‍ഡ്‌ മെംബര്‍ ഗോപാലേട്ടന്‍ വന്നതിന്‍റെ ഉദേശം അവരെ ധരിപ്പിച്ചു..
അവര്‍ അതിനു മറുപടിയെന്നോണം ഇങ്ങനെ പറഞ്ഞു..
“സത്യമാണ് മെംബര്‍ , എന്‍റെ മകള്‍ തലകറങ്ങി വീണു എന്നത്, പക്ഷേ..നിങ്ങള്‍ വിചാരിച്ച ഒരര്‍ത്ഥവും അതിനില്ലാ...”
“എന്‍റെ മകള്‍ ഒരു മാരകരോഗത്തിന് അടിമയാണ്.. ഏതു സമയത്തും അവളുടെ ജീവന്‍ നഷ്ട്ടപ്പെടാം”
അവര്‍ പൊട്ടിക്കരഞ്ഞു...
“കാശിനു നന്നേ ബുദ്ധിമുട്ടുള്ള, ഞങ്ങളെ സഹായിക്കാന്‍ ബാഗ്ലൂരില്‍ നിന്നു എത്തിയ അവളുടെ നല്ല കൂടുകാരാണ് കഴിഞ്ഞ ദിവസം വന്നത്...”
ശാന്തേടെ മകളുടെ തലകറക്കവും, വീടിലെത്തിയ വലിയ കാറും, പുതിയ ആളുകളെയും കണ്ടപ്പോള്‍ അതുവെച്ച് പരദൂഷണം പപ്പന്‍ ഉണ്ടാക്കിയ കഥയാണന്ന് നാട്ടുകാര്‍ക്ക് മനസിലായി...
സത്യാവസ്ഥ എന്താണെന്നു മനസിലാക്കാതെ കെട്ടുകഥയുണ്ടാക്കിയ പരദൂഷണം പപ്പനനെ, നാട്ടുകാര്‍ രണ്ടുകാലും തല്ലിയൊടിച്ചു ചായക്കടയുടെ വരാന്തയില്‍ കൊണ്ടിട്ടു....
Harish k Panicker
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo