ഡൈനിങ്ങ് ടേബിളിൽ നിരത്തി വച്ച കുത്തരിപ്പുട്ടും, കടലക്കറിയും, പഴവും, പപ്പടവും രുചിയോടെ ആസ്വദിച്ചു കഴിക്കുന്ന പേരക്കുട്ടിയെ കണ്ണിമ പൂട്ടാതെ നോക്കിയിരിക്കുന്ന അമ്മമ്മ.
പേരക്കുട്ടിയാണെങ്കിലോ ഹോസ്റ്റലിൽ നിന്നും കിട്ടുന്ന ഭക്ഷണത്തിൻറെ നൂറു നൂറു കുറ്റങ്ങൾ വാരിവിതറുന്നുമുണ്ട്. അമ്മമ്മയുടെ കൈപ്പുണ്യം അമ്മക്ക് കിട്ടാത്തതിൻറെ പരിഭവം പറച്ചിലും ഇടയ്ക്കു നടക്കുന്നുണ്ട്.
കോളേജിൽ നിന്നും ഒരു ദിവസം അവധി കിട്ടിയാൽ ഓടി വീട്ടിലെത്തുകയും, ഒരു ഓർക്കാപ്പുറസന്ദർശകനായി അമ്മമ്മയെ കാണാൻ എത്തുകയും ചെയ്യുന്ന പേരക്കുട്ടിയെ ഒരു നിറപുഞ്ചിരിയോടെ നോക്കി ഇടക്കൊരു മൂളൽ കൊണ്ടും, ചിരികൊണ്ടും രംഗം മധുരമാക്കി തുടരുന്ന കാഴ്ച .
ഹോസ്റ്റലിലേക്ക് തിരിച്ചു പോകുമ്പോൾ കൊണ്ടുപോകാൻ അമ്മമ്മ പ്രത്യേകം തയ്യാറാക്കുന്ന തേങ്ങാ ചേർത്ത കൂവ്വപ്പൊടി അട വേണമെന്ന നിർബന്ധം വേറെയും. കഴിഞ്ഞ പ്രാവശ്യം കൊണ്ടുപോയ ഉണ്ണിയപ്പം കൂട്ടുകാർ ആസ്വദിച്ച് കഴിച്ചതിൻറെ വിവരണം കേൾക്കുമ്പോൾ ആ കണ്ണുകളിൽ ഉണ്ടാകുന്ന തിളക്കം.
സാർത്ഥക ജീവിതത്തിൽ ഏതമ്മമ്മക്കും ഓർത്തോർത്തു സംതൃപ്തിയടയാൻ ഇതിൽപ്പരം എന്തുവേണം. നിറക്കാഴ്ച എന്നല്ലാതെ മറ്റെന്താണ് ഇതിനെ പറയുക .
ഉണ്ടാക്കിയ ഭക്ഷണം ഒരാൾ രുചിയോടെ ആസ്വദിച്ചു കഴിക്കുന്നത് തൊട്ടടുത്തിരുന്ന് നോക്കിക്കാണുമ്പോൾ അതുണ്ടാക്കിയ വ്യക്തി അനുഭവിക്കുന്ന ആനന്ദം എഴുതി ഫലിപ്പിക്കാൻ വിഷമമാണ്.. അത്തരം നിറക്കാഴ്ചകളിലെ അമ്മമാർക്കും, അമ്മമ്മമാർക്കും, ഭാര്യമാർക്കും, സഹോദരിമാർക്കും മറ്റു പങ്കാളികൾക്കും തൊഴുകൈ പ്രണാമം .
കൃഷ്ണൻ കാട്ടുപ്പറമ്പിൽ
10 ഓഗസ്റ്റ് 2016

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക