Slider

വിത്ത്

0
കിഴക്ക് മാമല മേലെ
ഉദിക്കും സൂര്യനോ നാളെ
പിറക്കും മണ്ണിതിൽ ഞാനൊ
ഉഷസ്സിൻ ചാരുതയോടെ .
കനവിന്നുത്സവ മേളം
നിറച്ചു മൌനിയാണിന്നോ
പുലരും നേരമതായാൽ
ഉയരുമെന്നിലാ മന്ത്രം.
തെരുവിന്നോരത്തു നിന്ന
മരത്തിൻ ചില്ലയിലേതൊ
കുയിലുപാടിയ ഗീതം
മനമുണർത്തിയ രാഗം..
നിഴലു നീളത്തിലാകെ
ശ്രുതിയിൽ കാറ്റു പറക്കെ
സ്മൃതിയിൽ ഉൗഷരമായാ
നനവിൽ മുങ്ങിയിരുന്നു.
ചെറുമരത്തിന്റെ കൊമ്പിൽ
ചെമന്ന മാംസത്തിനുള്ളിൽ
കിളിതൻ ദംശനമേൽക്കാൻ
കൊതിച്ചു നിന്നൊരാ കാലം.
വികൃതികുടക്കയതാരൊ
എറിഞ്ഞ കല്ലിനാൽ മെല്ലെ
കനത്ത ബന്ധമൊഴിഞ്ഞാ
മണ്ണിൽ ചുംബിച്ചു പോകെ ...
ആർത്തിപൂണ്ടവനപ്പോൾ
കീറിയെന്നുടെ കവചം
ഭീതി പൂണ്ടു ഞാൻ നില്ക്കെ
കളഞ്ഞു പുഴയിലായെന്നെ .
ഒഴുകും ജലമതിൻ തണുവിൽ
അലഞ്ഞു കാതമതേറേ
വീശും വലയതിലൊന്നിൽ
കുടുങ്ങി മീനുകൾ ഞാനും..
ധരണി ചൂടിൽ വിയർക്കേ
പുതുമഴയ്ക്കായ് കൊതിക്കേ
കിടന്നു മണ്ണറയ്ക്കുള്ളിൽ
വരുന്ന പുലരിയ്ക്കായി.
മേഘം ഗർജ്ജനമോടെ
പെയ്തു ഭൂമി കുതിർക്കേ
നിറഞ്ഞു നില്പതിന്നെന്നിൽ
പിറവി തന്നുടെ ദാഹം.
കിഴക്ക് മാമല മേലെ
ഉദിക്കും സൂര്യനോ നാളെ
പിറക്കും മണ്ണിതിൽ ഞാനൊ
ഉഷസ്സിൻ ചാരുതയോടെ .
_________________________
രമേഷ് കേശവത്ത്..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo