Slider

ലജ്ജ

0

ലജ്ജയെക്കുറിച്ച് ആദ്യം കേട്ടപ്പോൾ സങ്കടത്തേക്കാളേറെ ഭയമാണ് വന്നത്..
ഇരുണ്ട മുറിക്കുള്ളിൽ കൈകളും കാലുകളും ചങ്ങലയാൽ ബന്ധിച്ച് ഒന്നനങ്ങാൻ പോലുമാവാതെ വെറും നിലത്ത്‌ കിടക്കുന്നുണ്ടാവുമവൾ. അഞ്ചുപേരാൽ ക്രൂരമായ്‌ ബലാത്സംഗം ചെയ്യപ്പെട്ടവൾ, സ്വന്തം മകളെ പിച്ചിച്ചീന്തുന്നത് നോക്കി നിൽക്കേണ്ടിവന്നവൾ...
നാഷണൽ സർവീസ് സ്കീമിന്റെ സംസ്ഥാന തല വോളണ്ടിയർ ക്യാമ്പിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഞങ്ങൾ.
ശീതീകരിച്ച മുറിയിലെ ഉയർന്ന കുഷ്യനുള്ള കസേരകളിലിരുന്ന് ഞങ്ങൾ അവളേയും അവളുടെ അവസ്ഥയേയും കുറിച്ച്‌ ചർച്ച ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ കൊണ്ടുവന്ന ചായയ്ക്ക്‌ മധുരം പോരെന്ന് പലരും പരാതി പറയുന്നുണ്ടായിരുന്നു.
ലജ്ജയിൽ നിന്നും താരയിലേക്കുള്ള ചർച്ചാ മാറ്റം നടന്നത്‌ ഒരു ചായ കുടിക്കുന്നത്‌ പോലെയായിരുന്നു. അഞ്ചുദിവസം നീണ്ടുനിന്ന ആ ക്യാമ്പിൽ പിന്നീടാരും ലജ്ജയെക്കുറിച്ച്‌ പറയുന്നത്‌ കണ്ടില്ല. അങ്ങിനെ ക്യാമ്പിന്റെ അവസാനം അഞ്ചാം ദിവസം ലജ്ജയെ കാണണമെന്ന അഭിപ്രായം മുന്നോട്ട്‌ വച്ചത്‌ ഞങ്ങളായിരുന്നു..
ഞങ്ങളുടെ തീരുമാനം ശരിയായിരുന്നെന്ന് തോന്നിച്ചത്‌ ആ തീരുമാനത്തെ അനുകൂലിച്ച്‌ കൃഷ്ണയും കൂട്ടരും മുന്നോട്ട്‌ വന്നപ്പോഴാണ്.
ആഭ്യന്തരമന്ത്രിയുടെ ശുപാർശ്ശക്കത്തും കൊണ്ട്‌ പേരൂർക്കടവിൽ എത്തുമ്പോഴും സന്ദർശനം തരപ്പെടുമെന്ന് എനിക്കൊരുറപ്പുമില്ലായിരുന്നു. പക്ഷേ, ഞങ്ങളെ അവിടെ കാത്തിരുന്നത്‌ മറ്റൊരത്ഭുതമായിരുന്നു.
സ്ഥലം ഇൻസ്പെക്റ്റർ..., കൃഷ്ണയുടെ ഇളയച്ഛൻ..!
അങ്ങിനെ എല്ലാ നിയമ തടസ്സങ്ങൾക്കുമൊടുവിൽ ഞങ്ങൾ ലജ്ജയിലേക്ക്‌ നടന്നടുക്കുകയായിരുന്നു.
ഒരോ ചുവടിലും അത്രയും നേരം ഞാൻ ആർജ്ജിച്ചുവെച്ചിരുന്ന ധൈര്യം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. എന്റെ കൈകൾ വിറയ്ക്കുന്നത്‌ കണ്ടിട്ടാവാം ആഭി എന്റെ കൈയ്യിൽ കടന്ന് പിടിച്ചു. നീണ്ട്‌ കിടന്ന വരാന്തയിലൂടെ നടന്ന് ഞങ്ങൾ ഒരു ഇരുട്ടുമുറിയിലെ കമ്പിവേലിയിൽ തട്ടി നിന്നു. പരസ്പരം ആരേയും കാണാനാവാത്തത്ര ഇരുട്ട്‌.. ഞങ്ങളഞ്ചുപേരുടെ ശ്വസന നിരക്ക്‌ വർധിച്ച് ആ മുറിയിൽ ചൂട്‌ വായു ഒരു സംഗീതം സൃഷ്ടിച്ചു.
പൊടുന്നനെ തെളിഞ്ഞ നീല ബൾബുകൾ തലയിലാരൊ പ്രഹരിച്ച പോലെ കണ്ണുകളിൽ ശക്തമായ വേതന നിറച്ചു. എവിടെനിന്നോ ഒരു പെണ്ണിന്റെ അതിശക്തമായ കരച്ചിൽ എന്റെ കാതുകളെ തേടിയെത്തി. ആഭിയുടെ വിരലുകളിലെ ഭംഗിയുള്ള നഖങ്ങൾ എന്റെ കൈത്തണ്ടയിൽ മുറിപ്പാടുകൾ സമ്മാനിക്കുന്നുണ്ടായിരുന്നു.
കണ്ണുകൾ നീല വെളിച്ചത്തോട്‌ പൊരുത്തപ്പെട്ട്‌ വന്നപ്പോഴേയ്ക്കും ആ വലിയ കരച്ചിൽ രോദനത്തിലേക്ക്‌ രൂപമാറ്റം ചെയ്യപ്പെട്ട്‌ കഴിഞ്ഞിരുന്നു. കണ്ണുകളെ പൊതിഞ്ഞ കൈകൾ മാറ്റി ഞാൻ മുറിയിലേക്ക്‌ നോക്കി.. ഒരു നോക്കേ കണ്ടുള്ളൂ. ആഭിയുടെ കൈകൾ ശക്തമായ്‌ വിടുവിച്ച്‌ ഞാൻ ആ മുറിയിൽ നിന്നും പുറത്തിറങ്ങി.
ഓടുകയായിരുന്നു സത്യത്തിൽ .....
....... ആ കാഴ്ച്ചയിൽ നിന്നുള്ള ഒളിച്ചോട്ടമെന്ന പോലെ.....
നഗ്നയായിരുന്നു അവൾ...
കൈകളും കാലുകളും ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരുന്നു. കരഞ്ഞുകൊണ്ടാണ് ആഭിയും കൃഷ്ണയുമെല്ലാം ആ മുറിയിൽ നിന്നും പുറത്തേക്ക്‌ വന്നത്‌. ആഭിയുടെ കണ്ണുനീരും കണ്മഷിയും ചേർന്ന് ആ ചുമന്ന കവിളുകളിൽ ചിത്രം വരച്ചിരുന്നു. എന്നെക്കണ്ടയുടനെ ഒരു താങ്ങെന്ന പോലെ അവളെന്റെ നെഞ്ചിലേക്ക്‌ ചാഞ്ഞു. അവളുടെ കണ്ണുനീർ എന്റെ നെഞ്ചിലൂടെ ധാരധാരയായ്‌ ഒഴുകുന്നുണ്ടായിരുന്നു. പൊടുന്നനെ എന്നിൽ നിന്നും തെന്നിമാറി അവൾ പുറത്തേക്കോടി. ഭയമായിരുന്നു ആ കണ്ണുകളിൽ ഞാൻ കണ്ടത്‌....
അതെ.., ഞാനും ഒരു പുരുഷനാണല്ലോ..
അവൾ എന്നേയും ഭയക്കണമല്ലോ..
ലജ്ജയെ ചികിത്സിക്കുന്ന ഡോക്ടറെ കാണുകയെന്നതായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം.
ആശുപത്രിയോട്‌ ചേർന്ന് താത്ക്കാലികമായുണ്ടാക്കിയ ഒരു ചെറിയ വീടിനുള്ളിലെ സ്വീകരണ മുറിയിൽ ഞങ്ങൾ അദ്ധേഹത്തേയും കാത്തിരുന്നു. ആ മുറിയാകെ ഒരുതരം നിശ്ശബ്ദത തളംകെട്ടി നിന്നിരുന്നു.
അതിനിടയിലേക്കാണ് ഡോക്ടറുടെ ഭാര്യയെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ ചായയുമായി കടന്നു വന്നത്‌. ഞങ്ങളുടെ മുന്നിൽ കിടന്നിരുന്ന ചെറിയ ടീപോയിൽ ചായപ്പാത്രം വെച്ച്‌ ഒന്നും മിണ്ടാതെ അവൾ അകത്തേക്ക്‌ പോയി. അസ്സമയത്തെത്തിയ അതിഥികളോട്‌ ദേഷ്യമാണവൾക്ക്‌ എന്ന് തോന്നി.
പിന്നേയും അൽപ്പസമയം നീണ്ട കാത്തിരിപ്പിനൊടുവിൽ ഡോക്ടർ ആ മുറിയിലേക്ക്‌ വന്നു. കൂടെ ആഭിയുമുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ മുഖം അവൾക്ക്‌ കൂടുതൽ സൗന്ദര്യം നൽകുന്നുണ്ടെന്ന് തോന്നി. എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത്‌ അവളെന്റെ അടുത്തുവന്നിരുന്നു.
ഒരുപാട്‌ ചോദ്യങ്ങൾ ചോദിക്കണമായിരുന്നു ഞങ്ങൾക്ക്‌ ഡോക്ടറോട്‌. അതിൽ പ്രധാനം എന്തുകൊണ്ടവൾ നഗ്നയായിരിക്കുന്നു എന്നതായിരുന്നു. ഞങ്ങളുടെ ചോദ്യങ്ങളെല്ലാം മുൻ കൂട്ടി മനസ്സിലാക്കിയവനെ പോലെ അദ്ധേഹം സംസാരിക്കാനാരംഭിച്ചു. പക്ഷേ, ഏറ്റവും സങ്കടകരമെന്നത്‌ എനിക്ക്‌ ഒരിക്കലും മനസ്സിലാക്കാനാവാത്ത, ഒരിക്കലും മനസ്സിലാവാത്ത ഹിന്ദിയിലായിരുന്നു ആ മറുപടികാളെല്ലാം എന്നതായിരുന്നു.
അദ്ധേഹം പറഞ്ഞതിന്റെ ആകെ തുക മടക്കയാത്രയിൽ ആഭി എനിക്കായി തർജ്ജമ ചെയ്തു. അത്‌ ഏറെക്കുറെ ഇങ്ങനെ പോകുന്നു.
"എനിക്കറിയാം നിങ്ങളെല്ലാം ഭയന്നിരിക്കുകയാണെന്ന്. പക്ഷേ, ഇവിടെ നമ്മുക്കിതല്ലാതെ മറ്റുമാർഗങ്ങളില്ല. വെളിച്ചത്തെ ഭയമാണവൾക്ക്‌., അവളേയും മകളേയും തേടി വന്ന കഴുകന്മാരെ പോലെ.. വസ്ത്രങ്ങളെത്രയിട്ടുകൊടുത്താലും കീറിക്കളയും. അല്ലെങ്കിൽ അഴിച്ചുമാറ്റുന്നത്‌ വരെ കരഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ട്‌ വസ്ത്രമെന്നതും ഒഴിവാക്കിയിരിക്കുന്നു. സ്വന്തം ഞരംബുകൾ കടിച്ചുമുറിച്ച്‌ ആത്മഹത്യയ്ക്ക്‌ ശ്രമിച്ചിരുന്നു അവൾ. ഒന്നല്ല, രണ്ട് തവണ. അതുകൊണ്ട്‌ കൈകളും കാലുകളും ചങ്ങലയ്ക്കിട്ടിരിക്കുന്നു..." അവൾ പറഞ്ഞുനിറുത്തി.
ഞാൻ പുറത്തേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു. ഞാൻ കരയുന്നത്‌ ആഭികാണരുത്‌ എന്നതിനാൽ.

By: Athul Biswas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo