Slider

ചെറുകഥ: ഉപദേശി

0

മാർക്കറ്റിൽ പോകാൻ ധൃതിയിൽ മുറ്റത്തേക്കിറങ്ങിയപ്പൊഴാണ് ചാക്കോ മാഷ് ഗൈറ്റും കടന്ന് വീട്ടിലേക്ക് വരുന്നത് തോമാച്ചൻ കണ്ടത്.
"എന്താ മാഷെ.... പതിവില്ലാതെ ഈ വഴിയൊക്കെ.....?"
തോമാച്ചൻ ചോദിച്ചു.
" തോമാച്ചനെ കണ്ടിട്ട് ചെറിയൊരാവശ്യം ഉണ്ടെന്നു കൂട്ടിക്കോ.... "
ചെറുപുഞ്ചിരിയോടെ ചാക്കോ മാഷ് പറഞ്ഞു.
" മാഷ് കയറി ഇരിക്കൂ.... ഒരു കപ്പ് ചായയും കുടിച്ച്‌ അകത്തിരുന്നു സംസാരിക്കാം..."
"ചായ കുടിയൊക്കെ പിന്നീെടൊരിക്കലാകാം തോമാച്ചാ.... പോയിട്ടൽപം തിരക്കുണ്ട്.... ഞാൻ വന്ന കാര്യം പറയാം....,
തോമാച്ചന്റെ മക്കളുടെ രണ്ട് പിള്ളേരില്ലെ.... അവരെ സ്കൂളിൽ ചേർക്കാൻ പ്രായമായെന്നുകേട്ടു...,
അവരെ നമ്മുടെ ഗവൺമെന്റ് സ്കൂളിൽ ചേർക്കെണമെന്ന് പറയാനാ ഞാൻ വന്നത്...."
" ചാക്കോ മാഷെ.... അത്... അത് പിന്നെ.... " -തോമാച്ചൻ പരുങ്ങി.
"തോമാച്ചൻ എതിരൊന്നും പറയരുത്...., നിന്റെ മക്കളോട് പറഞ്ഞ് നീ സമ്മതിപ്പിക്കണം....,
ഞാനും നീയുമൊക്കെ പഠിച്ചിറങ്ങിയ സ്കൂളല്ലെയത്... എന്നെ ഒരു മാഷും നിന്നെ ഒരു ബിസിനസ് മാനുമാക്കിയ സ്കൂളാണത്....,
ഇപ്പോ... കുട്ടികളുടെ കുറവുകാരണം അടച്ചുപൂട്ടൽ ഭീഷണിയിലാ... തോമാച്ചനെപ്പോലുള്ളവരിലാ ഞങ്ങളുടെ പ്രതീക്ഷ...."
-ചാക്കോ മാഷ് പറഞ്ഞു നിറുത്തി.
തോമാച്ചൻ ചിന്തയിലാഴവേ ചാക്കോ മാഷ് തുടർന്നു....
"തോമാച്ചാ... നാളെ വിവരം പറഞ്ഞാൽ മതി പക്ഷേ.... ഉത്തരം പോസറ്റീവായിരിക്കണം...
എന്നാ... ഞാനിറങ്ങുന്നു...."
" അല്ല മാഷെ ഒരു കപ്പ് ചായ കുടിച്ചിട്ട്.........."
"അയ്യോ... ചായയൊന്നും വേണ്ട തോമാച്ചാ.... ഇപ്പോൾ തന്നെ സമയം വൈകി....,
എന്റെ പേരമകന്റെ സ്കൂൾ ബസ് വരാൻ സമയമായി..., ഇംഗ്ലീഷ് മീഡിയമായതോണ്ട് നേരത്തെ ക്ലാസ് തുടങ്ങും, ആ കവലവരെ മാത്രമെ ബസ്സ് വരികയാള്ളൂ.. അതുവരെ ഞാൻ കൊണ്ടുചെന്നാക്കാറാണ് പതിവ്... അപ്പൊ പറഞ്ഞ പോലെ.... ഞാനിറങ്ങട്ടെതോമാച്ചാ...."
- ഇതും പറഞ്ഞ് ചാക്കോമാഷ് ധൃതിയിൽ ഇറങ്ങി നടന്നു...........,
അന്നേരം മറുപടിയൊന്നും പറയാതെ ഇടിവെട്ടേറ്റവനെപ്പോലെ അന്താളിച്ച് നിൽക്കുകയായിരുന്നു തോമാച്ചൻ.....!!!
By: 
Muneer Choorappulakkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo