Slider

മധുരസ്മരണകള്‍

0

പണ്ടുപഠിച്ചൊരാ വിദ്യാലയത്തിന്‍റെ
മുറ്റത്തുനില്ക്കവേയെന്നുടെയോര്‍മ്മകള്‍ .
അഞ്ചുപതീറ്റാണ്ടു പിന്നിലേക്കോടവേ
വ്യക്തമായ് കണ്ടു ഞാന്‍ വീണ്ടുമാ കാഴ്ചകള്‍.
ചെങ്കല്ലുകള്‍ വൃത്തമൊപ്പിച്ചുനില്ക്കുമാ
വേദിതന്‍ മദ്ധ്യേയുയര്‍ന്ന കൊടിമരം.
ചുറ്റിനും പച്ചിളംപുല്ലുകള്‍ പാകിയ,
കൊച്ചുപാദങ്ങള്‍ പതിക്കുമാ മുറ്റവും.
ഭംഗിയില്‍ മൈലാഞ്ചി സീമതീര്‍ക്കും , ചെറു-
പുഷ്പങ്ങള്‍ തിങ്ങിനിറഞ്ഞ പൂവാടിയും.
കായ്കള്‍ നിറഞ്ഞു നമിച്ചുനില്ക്കുന്നതാം
ഭീമമാം നെല്ലിയും പൂത്തോരിലഞ്ഞിയും.
ആയിരം കാലുകള്‍ മണ്ണിലൂന്നും വട-
വൃക്ഷവും വേടുകളാകുമൂഞ്ഞാലുകള്‍.
പ്രാര്‍ത്ഥനചൊല്ലവേ ശിതളച്ഛായയായ്
ഛത്രം വിടര്‍ത്തുമശ്വത്ഥവും കാണ്മുഞാന്‍.
ഭിത്തിയില്‍ ഭാസ്കരന്‍ തന്‍റെ ഘടികാര -
സൂചികളാകുന്ന രേഖകള്‍ കാണ്മുഞാന്‍.
ഉച്ചതിരിയുകിലാരേഖകള്‍നോക്കി
സൂര്യനെ കല്ലെറിയുന്ന വിദ്യാര്‍ത്ഥികള്‍.
ഉള്ളിലായ് കുട്ടികള്‍ തിങ്ങിയിരിക്കവേ
ക്ലാസ് മുറിക്കിപ്പുറം കിണ്ണങ്ങള്‍, ഗ്ലാസുകള്‍.
പാലിനുമുപ്പുമാവിന്നുമായെത്തിടും
പട്ടിണികൊണ്ടുവലഞ്ഞിടും കുട്ടികള്‍.
കേട്ടെഴുത്തില്‍ ,ക്ലാസ് പരീക്ഷയിലൊന്നുമേ
തെറ്റാത്തതില്‍ തെല്ലഹങ്കാരമുള്ള ഞാന്‍
വിശ്വംജയിച്ചുനില്കുന്നൊരാ ഭാവവു -
മൊട്ടൊരു കൌതുകമോടെ കാണുന്നു ഞാന്‍.
ചേലെഴും ചെമ്പനീര്‍പ്പൂവുകാണിച്ചൊരു
പദ്യമെഴുതണമെന്നുകഥിച്ചതും.
എന്‍കൃതി വായിച്ചു ,തോളില്‍ പിടിച്ചന്നു
നന്നെന്നുരച്ചതുമോര്‍ക്കുന്നുവിന്നുഞാന്‍.
കീശയില്‍നിന്നെടുത്തന്നു ഗുരുനാഥ-
നേകിയ പേന നിധിയായ് സൂക്ഷിപ്പു ഞാന്‍.
അഞ്ച്പതിറ്റാണ്ടിനിപ്പുറവും ഗുരു -
നാഥനെക്കാണ്മു ഞാനാ പേനയില്‍,സദാ.
തെറ്റുചെറുതെങ്കിലും കാതുകള്‍ നിണ -
രാഗമണിയും, ഗുരുവതുകാണുകില്‍ .
കാലിലോ ശോണവളയങ്ങളും തരു-
മച്ചടക്കത്തിനു ഭംഗം വരുത്തുകില്‍.
അന്നുമനസ്സിലുയര്‍ന്ന കോപത്തിനു
മാപ്പപേക്ഷിച്ചു മനസാ, പലവുരു.
നന്മകള്‍ മാത്രം മനസ്സില്‍ നിറയുമെന്‍ -
വന്ദ്യഗുരുക്കളേ , മാപ്പരുളീടുക.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo