Slider

കുട്ടിക്കളി

0
By : Muneer Choorappulakkal

സ്കൂൾ വിട്ടാൽ ഉടനെ പുസ്തസഞ്ചിയും തൂക്കിപ്പിടിച്ചു ഒറ്റ ഓട്ടമായിരുന്നു വീട്ടിലേക്ക്....
കുറേ ഓടും കുഴങ്ങുമ്പോൾ കുറെ നടക്കും വീണ്ടും ഓടും.....
ഈ ഓട്ടമൊക്കെ എന്തിനെന്നല്ലേ.....?
കളിക്കാൻ... നല്ല നാടൻ ഫുട്‌ബോൾ കളിക്കാൻ...!!
പുസ്തകസഞ്ചി വീടിനുള്ളിലെ ഏതെങ്കിലുമൊരു മൂലയിലോട്ടെറിഞ്ഞ് വന്നതിലേറെ വേഗത്തിൽ തിരിച്ചു പാടത്തേക്കോടും.....
മുതിർന്നവർ കളിക്കുന്ന പന്ത് ഒരു 'പരുവമാകുമ്പോൾ' ഞങ്ങൾക്ക് തരും അതായിരുന്നു ഞങ്ങളുടെ 'ജബുലാനി'...!!
പോസ്റ്റിനു പകരം ചീമക്കൊന്നയുടെ കമ്പുകൾകുത്തിവെച്ചായിരുന്നു കളി....,
ഉയർത്തിപ്പിടിച്ച കൈകളുമായി ചാടുന്ന ഗോളിയുടെ കയ്യിൽ തട്ടിയൊ കൈകൾക്കു ഇടയിലൂടെയോ പോകുന്ന പന്തുകളേ ഗോളായി കണക്കാക്കൂ.....
ആർക്കും ബൂട്ടൊന്നുമുണ്ടാകില്ല..., കാലിന്റെ പെരുവിരലിന്റെ മുൻഭാഗം കൊണ്ട് ഒരു കിക്കുണ്ട്...!! അതിൽ സ്പെഷ്യലിസ്റ്റായ ചിലരുണ്ടായിരുന്നു....!
ഗോളായാലും സമ്മതിച്ചു തരാത്ത ചിലരും....!
ഗോളിനെ ചൊല്ലിയും ഓഫിനെ ചൊല്ലിയും പെനാൽറ്റിയേ ചൊല്ലിയും തർക്കങ്ങൾ നടക്കും....,
ഈ തർക്ക സമയത്ത് കളിക്കാതെ കളികണ്ട് വരമ്പത്തിരിക്കുന്ന ആരെങ്കിലും അഭിപ്രായം പറഞ്ഞ് ഒരു പക്ഷത്ത് ചേരും.... അതോടെ തർക്കം മൂക്കും.....
അവസാനം തർക്കങ്ങൾക്കൊടുവിൽ "ഇനി നിങ്ങൾ ഗോളടിക്കുമ്പോൾ ഞങ്ങളും സമ്മതിക്കില്ലെന്നു പറഞ്ഞത് വീണ്ടും കളി തുടരും...!
ഗോളിനേയും ഓഫിനേയും പെനാൽറ്റിയേയും ചൊല്ലി മാത്രമായിരുന്നില്ല തർക്കങ്ങൾ....
പോസ്റ്റിനേ കുറിച്ചും തർക്കങ്ങളുണ്ടാകും...!
കളിയുടെ ആവേശം കൂടുമ്പോൾ ഗോളി നിൽക്കുന്നവൻ ആരും കാണാതെ പോസ്റ്റായി കുത്തിയിട്ടുള്ള കമ്പെടുത്ത് മാറ്റിക്കുത്തി പോസ്റ്റ് ചെറുതാക്കും....!
സംശയംതോന്നിയാൽ പിന്നെ പോസ്റ്റ് അളക്കലും മുമ്പ് ചെറിയ വ്യത്യാസത്തിൽ ഗോളാകാതെ പോയ പന്തിനെ കുറിച്ചുള്ള തർക്കവും കുറച്ചു മുമ്പേ മാറ്റി കുത്തിയിട്ടുള്ളൊ എന്ന ഗോളിയുടെ കുറ്റസമ്മതവും അന്നത്തെ കളിയിലെ പ്രത്യകതകളിലൊന്നായിരുന്നു.....
ഗോളി നിൽക്കാനും ബാക്ക് ലൈൻ ( സ്റ്റോപ്പർ ) കളിക്കാനും എല്ലാവർക്കും മടിയായിരുന്നു.... എല്ലാവർക്കും കയറിക്കളിക്കണം... അവസാനം കുറച്ചു കഴിഞ്ഞ് മാറിത്തരാമെന്ന ഉടമ്പടിയോടെ കളി തുടങ്ങും.....
കളി തുടങ്ങിയാൽ പിന്നെ ഗോളി ഒഴികെ ബാക്കും ഫോർവേഡും എല്ലാവരും ഉണ്ടാകും എതിർ ടീമിന്റെ ഹാഫിൽ...!!!
ഗോളി മാത്രം ചടഞ്ഞു സ്വന്തം ഹാഫിലും....!
ഗോളിയുടെ ഈ വിരസത മാറ്റുവാൻ അന്നു ചില വിരുദൻമാർ കണ്ടു പിടിച്ച തന്ത്രമായിരുന്നു ഗോളിയും ബാക്കും വിൽക്കൽ...!!
ഒരേ സമയം ഗോളി യുമായിരിക്കും ബേക്കുമായിരിക്കും....
അങ്ങിനെയാകുമ്പോൾ ഓഫ് ഉണ്ടാകില്ലെന്ന ആനുകൂല്യത്താൽ എതിർ ടീമും ഇതിനെ എതിർക്കില്ല...!
ഇടക്കു വെച്ച് കണ്ടത്തിന്റെ (ഗ്രൗണ്ടിന്റെ) ഉടമ വന്നു കണ്ടം പൂട്ടുമ്പോൾ അടുത്ത കണ്ടത്തേക്കു കളി മാറ്റും..!
പിന്നെ വില്ലനായെത്തുന്നത് പഴയ പന്തിൽ നിന്നും കാറ്റൊഴിഞ്ഞു പോകുന്നതാണ്.... സോപ്പ് വെച്ച് അഡ്ജസ്റ്റ് ചെയ്തു കളി തുടരും...
വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞ പോരാട്ടങ്ങൾക്കു പല ദിവസങ്ങിലും തിരശ്ശീലയിടുന്നത് മഗ് രിബ് ബാങ്കും തോൽക്കാൻ പോകുന്ന ടീമിന്റെ നേരത്തെയുള്ള വീട്ടിൽ പോക്കുമായിരിക്കും.....!
കാലങ്ങൾ മാറിമറിഞ്ഞു....
ബാല്യം നൊസ്റ്റാൾജിയയുടെ പര്യായമാണ്.....
ആ പ്രായത്തിലുള്ള ഇന്നത്തെ കുട്ടികൾക്ക് പ്രിയം കമ്പ്യൂട്ടറിലും ടാബ്ലറ്റുകളിലും ഫുട്ബോൾ ഗൈമും മറ്റും കളിക്കാനാണ്.... കാലിൽ ചളി പുരളുന്നതവർക്ക് ഇഷ്ടവുമല്ല.....
ഈ വീഡിയോ ഗൈം കളിക്കുന്നതിലും പതിമടങ്ങ് ആവേശം പാടത്തേക്കിറങ്ങി ഒരു പന്തിനു പുറകേ ഓടുന്നതിലുണ്ടെന്നവർക്കു മനസ്സിലാകണമെങ്കിൽ ഒരിക്കെലെങ്കിലുമവർ പാടത്തേക്കിറങ്ങിയൊന്നു കളിച്ചു നോക്കണ്ട.....?🤔
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo