Slider

പ്രവാസം...

0

മഴയുടെ കീർത്തനം കേട്ടുകൊണ്ടീ
പൂമുഖപ്പടിയിലായ് ഞാനിരിപ്പൂ.
ഇറയത്തുതിരുമാ നീർക്കണമെൻ
പൊന്മകൻ തട്ടിക്കളിച്ചിടുന്നൂ
ശീതളക്കാറ്റേറ്റൊരെൻ കവിളിൽ
നോവിൻ കണങ്ങളോ പെയ്തിടുന്നു.
ഇടിമിന്നലൊന്നങ്ങു വീണിടുമ്പോൾ
ഇരുളിൽ തെളിയുന്നൊരു വദനം.
പ്രയതമനെൻ കുഞ്ഞിൻ താതനവൻ
കാതങ്ങളകലേ കിടപ്പതുണ്ട്
പലവുരു താൻ ചൊന്ന കാരണത്താൽ
പതിതനായേകനായ് പ്രവാസിയായി.
കടമേറേയുള്ളതു തീർന്നീടുവാൻ
മൂകയായ് ഞാനും സഹിച്ചിടുന്നു.
കനലെരിയുന്നൊരെൻ ഹൃത്തടത്തിൽ
തവ സ്മൃതിയല്ലാതെയൊന്നുമില്ല.
നിൻ സ്വരമൊന്നന്ന് കേട്ടപാടേ
അണപൊട്ടിയൊഴുകിയെൻ സ്നേഹാമൃതം
മഴയുടെ കൊഞ്ചലും കേട്ടുകൊണ്ടീ
വിരഹാർദ്ര നിന്നേ നിനച്ചിരിപ്പൂ.
ഇനിയൊരു ദിനവും കടക്കവയ്യ
നിൻ മൊഴികേൾക്കാതുറങ്ങ വയ്യ.
മണിയടി ശബ്ദമുയർത്തിയോരു
വാഹനമാ ഗേഹപ്പടിയിലെത്തി.
മഴയുടെ താണ്ഡവശീലുകളിൽ
നാലാളിറക്കിയവന്റെ ദേഹം
കപടമതാന്ധനാം ഭ്രാന്തനോരാൾ
വൈധവ്യമവൾ നേരെ നീട്ടിയെന്നോ
മഴയുടെ താളമറിഞ്ഞുകൊണ്ടേ
മകനവൻ തുള്ളിക്കളിച്ചിടുന്നു.
കരയുവാനാകാത്ത ശില കണക്കേ
നിശ്ചലയായവൾ നിന്നുപോയി .
കാലമതേറേയോ കടന്നുപോയി
ഹേമന്ത ശിശിരങ്ങളുണർന്നു മങ്ങി
വിധിഹിതമെന്നൊരു കാരണത്തിൽ
വേദനതെല്ലുമേ ചോർന്നുപോയി.
ഒരുനാളിലവളുടെ പൊന്നുമോനോ
തലതാഴ്ത്തി മൺ നോക്കിയൊന്നു ചൊന്നു.
കടലുകടക്കുവാൻ മോഹമുണ്ടേൽ
പണിയൊന്നു കൂട്ടുകാർ ചൊല്ലിടുന്നു.
പണമത് ദിർഹമായ് വന്നുവെന്നാൽ
പട്ടിണിയെല്ലാം മറഞ്ഞുപോകും
വിഷമങ്ങളെല്ലാമേ മാറ്റീടുവാൻ
വിടചൊല്ലാനനുമതി നല്കിടേണം
പോകില്ല വിടില്ല ഞാനെൻ മകനേ
നിന്നേ പിരിയുവാനെനിക്കുവയ്യ
അന്ന് ഞാൻ ചൊല്ലിയ കാരണത്താൽ
മമ നാഥനെന്നേ പിരിഞ്ഞുപോയി
നിന്നേയും കൂടി പിരിക വയ്യ
എൻമകനെൻ കൂടെത്തന്നെ വേണം
നമ്മുടെ ജീവിതം തളിരണിയാൻ
ജന്മനാടെല്ലാമേ യേകിയീടും
അതിമോഹമെന്തിന്ന് എൻമകനേ
അവനിയിലീമണ്ണു നമുക്കു സ്വന്തം
ഇവിടെ നാം നേടുന്ന അന്നമൊന്നേ
ഇവൾക്ക് സുഖകരമാവുകുള്ളൂ
മരണമതെന്നേ വിളിച്ചിടുമ്പോൾ
മകനേ നീയരികത്തിരിക്കവേണം.
അതുമതിയിവളുടെ മാനസത്തിൽ
അതുമാത്രമേയുള്ളൂ പ്രാർത്ഥനയായ്.
ഇല്ല ഞാനമ്മേ പോവുകില്ല
എങ്ങും തനിച്ചാക്കിയകലുകില്ല
കല്പകവൃക്ഷം നിറഞ്ഞമണ്ണിൻ
കല്പനയ്ക്കൊത്തേ നമുക്ക് വാഴാം.
പെറ്റയീ നാടിനേ വീട്ടുകൊണ്ടീ
പൊന്മകനെങ്ങുമേ പോകയില്ല.
___________________
രമേഷ് കേശവത്ത്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo