Slider

യാത്ര

0
Image may contain: 1 person, smiling, hat
---------
തുള്ളിക്കൊരു കുടം എന്ന പോലെ മഴ ആർത്തലച്ചു പെയ്യുകയാണ്. അതിന്റെ ശക്തി കൂട്ടാനെന്നോണം കാറ്റും വീശുന്നുണ്ട്. തോടുകളും പുഴകളും പാടങ്ങളും നിറഞ്ഞൊഴുകുകയാണ്. മഹാപ്രളയത്തിന്റെ തുടക്കം പോലെ മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നു.
ഉള്ളിൽ വല്ലാത്ത ഭീതി തോന്നുന്നുണ്ടെങ്കിലും താൻ സുരക്ഷിതയാണെന്ന സമാധാനത്തോടെ അവളിരുന്നു. മട്ടുപ്പാവിൽ നിന്ന് അവൾ പുറത്തേക്ക് നോക്കി. മഴയുടെ ശക്തി അല്പം പോലും കുറഞ്ഞിട്ടില്ല. കാറ്റിൽ ചാറ്റൽ മുഖത്തേക്ക് വീഴുന്നുണ്ട്. ഉള്ളിൽ ആശങ്ക മാത്രം ബാക്കിയാണ്. താഴത്തെ നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി. ഇങ്ങനെ മഴ തുടർന്നാൽ....
മട്ടുപ്പാവിൽ നിന്നുള്ള കാഴ്ചയിൽ മനം മടുത്ത് അകത്തേക്ക് തിരിച്ച് പോകാൻ തുടങ്ങിയപ്പോഴാണ് ആ കാഴ്ച കണ്ടത്. പുഴയിൽ ഒരു ചെറിയ വള്ളം. ഈ മഴയത്ത് വള്ളമിറക്കാൻ ആർക്കാണ് ധൈര്യം? അവൾ ഒന്നുകൂടി ശ്രദ്ധിച്ച് നോക്കി. ഈശ്വരാ!!! അതൊരു സ്ത്രീയാണല്ലോ... വള്ളം അടുത്തടുത്ത് വന്നു. അന്തരീക്ഷം ഇരുട്ട് മൂടി നിൽക്കുകയാണെങ്കിലും അവൾ ആ കാഴ്ച വ്യക്തമായി കണ്ടു.
ആ മുഖം... അവർ തന്നെ നോക്കുന്നുണ്ട്. അവരുടെ മുഖത്ത് വല്ലാത്തൊരു നിഗൂഢത. അവർ ചിരിക്കുന്നു. അവൾക്ക് വല്ലാത്ത ഭയം തോന്നി. നിലവിളിച്ചുകൊണ്ട് അവൾ ഓടി. എവിടെയോ കാൽ തട്ടി അവൾ മറിഞ്ഞു വീണു, താഴേക്ക്...
******
വല്ലാത്ത നിലവിളിയോടെ അവൾ ഞെട്ടിയുണർന്നു. ഉണർന്നപാടെ അവൾ ചുറ്റും നോക്കി. സ്വപ്നം ആയിരുന്നോ? വല്ലാതെ വിയർത്തിരിക്കുന്നു. തൊണ്ട വരളുന്നു. പക്ഷെ എഴുന്നേൽക്കാൻ കഴിയുന്നില്ല. തളർച്ച തോന്നി അവൾക്ക്.
"എന്ത് പറ്റി മോളെ? എന്തിനാ നീ നിലവിളിച്ചത്?"
വാതിൽ തുറന്ന് അപ്പ അകത്തേക്ക് കയറി വന്ന് ആധിയോടെ ചോദിച്ചു.
"ഒന്നുമില്ല അപ്പാ... ഒരു സ്വപ്നം കണ്ടതാ..."
അത് പറയുമ്പോഴും അവളുടെ ശബ്ദം വിറച്ചു. അത് മനസ്സിലാക്കിയിട്ടെന്ന പോലെ അയാൾ അവൾക്കരികിൽ ഇരുന്നു. മെല്ലെ ആ നെറ്റിയിൽ കൈവച്ചു. അല്പം ആശ്വാസം കിട്ടിയത് പോലെ തോന്നി അവൾക്ക്.
"എനിക്കിത്തിരി വെള്ളം വേണം."
ജഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്ന് അയാൾ അവൾക്ക് കൊടുത്തു. ഒരു കടൽ മുഴുവൻ കുടിക്കാനുള്ള ദാഹമുണ്ടെന്ന് തോന്നും വിധം ആർത്തിയോടെ അവൾ വെള്ളം കുടിച്ചു. പിന്നെ തളർന്നിരുന്നു. അയാളും അവൾക്കരികിൽ നിന്നും മാറിയില്ല. ആ തോളിലേക്ക് തലവച്ച് അവൾ കണ്ണുകളടച്ചു.
"എന്റെ മോൾ വല്ലാതെ പേടിച്ച പോലുണ്ടല്ലോ?"
"ഉവ്വ് അപ്പാ... വല്ലാത്ത സ്വപ്നം ആയിരുന്നു. ആ സ്ത്രീ അവരെ ഞാൻ പിന്നെയും കണ്ടു സ്വപ്നത്തിൽ. ഞാൻ വല്ലാതെ പേടിച്ച് പോയി."
അവളുടെ വാക്കുകൾ കേട്ട അയാളുടെ മുഖം ഇരുണ്ടു. അസ്വസ്ഥനായത് പോലെ അയാളിരുന്നു. മറുപടിയൊന്നും അയാൾ പറഞ്ഞില്ല. അൽപനേരം അങ്ങനെ പോയി. അവൾക്ക് അല്പം സമാധാനം തോന്നിയപ്പോൾ അവൾ അയാളെ മടക്കി അയച്ചു. ഭയം കൊണ്ട് ലൈറ്റണക്കാതെ തന്നെ അവൾ കിടന്നു.
അന്ന് രാത്രി അയാൾക്കുറങ്ങാനായില്ല. എന്താണ് തന്റെ മകൾക്ക് സംഭവിക്കുന്നത്. തുടർച്ചയായി അവൾ ഇങ്ങനെ ഒരാളെത്തന്നെ സ്വപ്നം കാണുന്നു. ഭയത്തോടെ നിലവിളിക്കുന്നു. തന്റെ മകളുടെ അവസ്ഥയെ ഭയത്തോടെ ഓർത്തുകൊണ്ട് അയാൾ കിടന്നു.
രാവിലെ ഉണർന്നപ്പോഴും അവൾ ഉന്മേഷവതിയായിരുന്നില്ല. സ്വപ്നത്തിൽ കണ്ട ആ സ്ത്രീ ഇപ്പോഴും പിന്തുടരുന്നത് പോലെ തോന്നി. ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ അവൾ ചിരിച്ചുകൊണ്ടാണ് മുറിക്ക് പുറത്തേക്ക് വന്നത്. അപ്പയുടെ മുഖം അപ്പോഴും വേദന നിറഞ്ഞതാണ് എന്നവൾ മനസ്സിലാക്കി. ആ മനസ്സിലെ ആവലാതി മുഴുവൻ തന്നെകുറിച്ചാണ് എന്നവൾക്കറിയാം. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പെരുമാറാൻ അവൾ ശ്രമിച്ചു.
ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അയാൾ തന്റെ ആശങ്ക മറച്ചു വച്ചില്ല.
"ഇങ്ങനെ പോയാൽ ശരിയാവില്ല മോളെ... ഇതിപ്പോ കുറെ തവണ ആയില്ലേ..."
"അപ്പ ടെൻഷൻ ആവുന്നതെന്തിനാ...? സ്വപ്നം കാണുന്നതിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?"
"അപ്പ ഒരു കാര്യം പറയാം. ഒരു സജഷൻ. നമുക്കൊരു ഡോക്ടറെ കണ്ടാലോ...?"
"ഒരു സൈക്യാട്രിസ്റ്റിനെ കാണുന്ന കാര്യമാണോ അപ്പ ഉദ്ദേശിക്കുന്നെ?"
വിഷമത്തോടെ അയാൾ തലയാട്ടി. അവൾ അൽപനേരം മിണ്ടാതെ ഇരുന്നു.
"കാണാം. ഇനി അപ്പക്ക് അതുകൊണ്ടൊരു ടെൻഷൻ വേണ്ട."
"ടെൻഷൻ ഉണ്ട് മോളെ. എനിക്ക്... എനിക്ക് നീ മാത്രേ ഉള്ളു."
തികഞ്ഞ ദുഃഖത്തോടെയാണ് അയാൾ ആ വാക്കുകൾ പറഞ്ഞത്. അത് കേട്ടപ്പോൾ അവൾക്കും സങ്കടം തോന്നി. അതീവ ദുഃഖത്തോടെ അവർ ചുമരിൽ തൂക്കിയിരുന്ന മാലയിട്ട ചിത്രത്തിലേക്ക് നോക്കി. അവളുടെ അമ്മയുടെ മുഖമായിരുന്നു അതിൽ.
രണ്ടു വർഷത്തിന് മുൻപാണ് അവർ അവരെ രണ്ടു പേരെയും വിട്ട് പോയത്. അതിന് മുമ്പ് വരെ തികഞ്ഞ സന്തോഷത്തിൽ ജീവിക്കുന്ന ഒരു കുടുംബം ആയിരുന്നു അവരുടേത്. ഒരു ദുരന്തം ആ കുടുംബത്തിന്റെ സന്തോഷം കെടുത്തി. അമ്മയും മകളും സഞ്ചരിച്ചിരുന്ന കാർ ഒരു ആക്സിഡന്റിൽ പെട്ടു എന്ന വാർത്ത കേട്ട് ബോധരഹിതനായി അയാൾ വീണു. ഉണരുമ്പോഴേക്കും ഭാര്യയെ അയാൾക്ക് നഷ്ടമായിരുന്നു. അവസാനമായി ഭാര്യയെ ഒന്ന് കാണാൻ അയാൾക്കായില്ല. മുഖം പോലും തിരിച്ചറിയാൻ കഴിയാത്ത വിധം തലയിലൂടെ കയറിയിറങ്ങുകയായിരുന്നു എതിരെ വന്ന ബസ്.
മകൾക്കും അമ്മയെ കാണാൻ കഴിഞ്ഞില്ല. ആക്സിഡന്റിൽ കാറിന്റെ ചില്ലുകൾ തെറിച്ച് കണ്ണിൽ കൊണ്ടതിനാൽ അവൾക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. അതോടെ അവർ ആകെ തകർന്ന അവസ്ഥയിലായി. ജീവിതം തന്നെ കൈവിട്ട അവസ്ഥയിൽ ജീവിച്ചിരിക്കുന്ന രണ്ടു ശവങ്ങൾ കണക്കെ അവർ ജീവിച്ചു.
മകളുടെ കാഴ്ച തിരിച്ച് കിട്ടാൻ വേണ്ടുന്ന ചികിത്സകൾ മുറക്ക് നടന്നു. ഒടുവിൽ പ്രതീക്ഷയുടെ തിരിനാളം തെളിയപ്പെട്ടു. കണ്ണ് മാറ്റി വച്ചാൽ കാഴ്ച തിരിച്ച് കിട്ടും. പിന്നീട് അതിനുള്ള ശ്രമമായി. ഒടുവിൽ അത് നടന്നു. കാഴ്ച തിരിച്ച് കിട്ടി. എല്ലാം നഷ്ടപെട്ട പോലെ തകർന്നു തുടങ്ങിയ അവർക്ക് ജീവൻ തിരിച്ച് കിട്ടിയ പോലെ ആയിരുന്നു അത്. പതിയെ അവർ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് വിധി മറ്റൊരു രൂപത്തിൽ വേട്ടയാടാൻ തുടങ്ങിയത്. തുടരെ തുടരെ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ. എല്ലാത്തിലും ഒരു സ്ത്രീയുടെ മുഖം തെളിഞ്ഞ് കാണുന്നു. താനിത് വരെ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ. നിരന്തരമായ ഈ അവസ്ഥ അവളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു. പുറമെ കാണിച്ചില്ലെങ്കിലും ഉള്ളിൽ വല്ലാത്ത ഭീതി വർദ്ധിച്ചു വന്നു. അപ്പ പറഞ്ഞത് പോലെ ഒരു ഡോക്ടറെ കാണാൻ തന്നെ അവൾ തീരുമാനിച്ചു.
പക്ഷെ അതുകൊണ്ട് പ്രേത്യേകിച്ച് ഒരു ഉപകാരവും ഉണ്ടായില്ല. വിശദമായ പരിശോധനകൾ നടന്നെങ്കിലും ഒരു പ്രശ്നപരിഹാരം നിർദേശിക്കാൻ അയാൾക്കായില്ല. അവർ വീണ്ടും നിരാശരായി. ദിനംപ്രതി കൂടി വരുന്ന ടെൻഷൻ നിയന്ത്രിക്കാൻ ഒരു യാത്ര പോകാൻ അവർ തീരുമാനിച്ചു.
******
മഞ്ഞിൻ ചേല പുതച്ച പ്രദേശം. സമാധാനത്തിന്റെ വെള്ള നിറമാണ് ചുറ്റും. അസുഖകരമായ തണുപ്പൊന്നും അവൾക്ക് അനുഭവപ്പെട്ടില്ല. പഞ്ഞിക്കെട്ടിൽ തൊടും പോലെ മൃദുലമായിരുന്നു അവിടം. അവൾ മെല്ലെ ഓരോ അടികൾ വച്ച് നടന്നു. കാൽപാടുകൾ തെളിഞ്ഞു കണ്ടെങ്കിലും അടുത്ത നിമിഷം കടൽത്തിരകൾ വന്നു മായ്ച്ചു കളയും പോലെ അവ മാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഒരു ചെറിയ തടാകത്തിന്റെ കരയിൽ എത്തിയപ്പോൾ അവൾ അതിലേക്ക് എത്തി നോക്കി. നീലനിറമാർന്ന ആ വെള്ളത്തിൽ അവൾ സ്വന്തം മുഖം വ്യക്തമായി കണ്ടു. വല്ലാത്തൊരു ആശ്വാസമായിരുന്നു അവൾക്ക്. അവൾ ആ തടാക കരയിൽ ഇരുന്നു. മനസ്സ് ഒരു വലിയ ഭാരം ഇറക്കിവെച്ച് സ്വസ്ഥമായത് പോലെ തോന്നി അവൾക്ക്. പതിയെ ഒരു മയക്കത്തിലേക്ക് വീഴും പോലെ, ഒരു ആശ്വാസത്തിന്റെ മയക്കം.
അഗാധമായ ഉറക്കത്തിലേക്ക് വീഴും മുൻപേ അരികിൽ ആരോ ഉണ്ടെന്നവൾക്ക് തോന്നി. മെല്ലെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ ആ സ്ത്രീ തന്റെ അരികിൽ ഇരിക്കുന്നു. വല്ലാത്ത ഭയം തോന്നിയെങ്കിലും അത് പുറത്തേക്ക് വന്നില്ല. പുഞ്ചിരിക്കുന്ന അവരുടെ മുഖം അവൾക്ക് ഒരല്പം ആശ്വാസമുണ്ടാക്കി. അവർ മെല്ലെ അവളുടെ അടുത്തിരുന്ന് മുടിയിൽ തഴുകാൻ തുടങ്ങി. അവരോട് അത്ര നേരം ഉണ്ടായിരുന്ന ഭയം ഒരു സ്നേഹത്തിലേക്ക് വഴിമാറുന്നത് അവളറിഞ്ഞു. അവരുടെ വാത്സല്യ മഴയിൽ നനഞ്ഞ് അവൾ വീണ്ടും മയക്കത്തിലേക്ക് വീഴാൻ തുടങ്ങി.
ശക്തമായ ഉലച്ചിലിൽ നെറ്റി എവിടെയോ മുട്ടിയപ്പോഴാണ് അവളുണർന്നത്. ബസ് ഒരു വലിയ വളവ് തിരിഞ്ഞതാണെന്ന് മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു.
"എന്ത് പറ്റി മോളെ...? വേദനിച്ചോ..?"
ആധിയോടെ അയാൾ ചോദിച്ചു. നെറ്റിയിൽ വിരലൊടിച്ചുകൊണ്ട് അവൾ മറുപടി പറഞ്ഞു.
"ഇല്ല അപ്പ... ഞാൻ ഒന്ന് മയങ്ങിപ്പോയി."
ഇത്ര നേരം കണ്ടത് സ്വപ്നമായിരുന്നുവെന്നും അതിൽ ആ സ്ത്രീയെ കണ്ടുവെന്നും അപ്പയോട് പറയാൻ എന്തുകൊണ്ടോ അവൾക്ക് തോന്നിയില്ല. മനസ്സിൽ അത്ര ദിവസം കൊണ്ട് നടന്നിരുന്ന ആശങ്കകൾക്ക് നേരിയ ആശ്വാസം ലഭിച്ചത് പോലെ തോന്നി അവൾക്ക്.
ഒരുപാട് തവണ ആ സ്ത്രീയെ സ്വപ്നത്തിൽ കണ്ടിരിക്കുന്നു. പല പല സാഹചര്യങ്ങളിൽ. എല്ലാം ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷമായിരുന്നു. ഇന്ന് പക്ഷെ വളരെ ശാന്തമായ ഒരു അവസ്ഥയായിരുന്നു. ഈ യാത്ര എന്തോ നല്ലതിന് വേണ്ടിയാണെന്ന് അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു. ചിന്തകളിൽ നിന്നും മനസ്സിനെ തിരികെ വിളിച്ച് അവൾ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ പായിച്ചു.
തട്ട് തട്ടായി തിരിച്ച ഭൂപ്രദേശത്ത് നിറയെ റബ്ബർ മരങ്ങൾ വളർന്നു നിൽക്കുന്നു. ഏറെ ദൂരം അത് മാത്രമായിരുന്നു കാഴ്ച. എങ്കിലും അവൾക്ക് മടുപ്പ് തോന്നിയില്ല. സുഖകരമായ കാറ്റ് വീശുന്നുണ്ടായിരുന്നു. ആ സ്വപ്നം എന്തെന്നില്ലാത്ത ഒരു സമാധാനം അവൾക്ക് നൽകി. ബസ് ഒരു കയറ്റം കയറുകയാണ്. വല്ലാതെ ക്ഷീണത്തോടെ എന്ന പോലെ വളരെ പ്രയാസപ്പെട്ട് ബസ് ആ കയറ്റംകയറി.
ആ കയറ്റത്തിന്റെ നെറുകയിൽ ഒരു പള്ളി ഉണ്ടായിരുന്നു. വലിയതല്ലെങ്കിലും സാമാന്യം വലിപ്പമുള്ള പള്ളി. അതിനു മുൻപിൽ മാതാവിന്റെ തിരുസ്വരൂപവും. ഒരു നിമിഷം അവൾ പ്രാർത്ഥനയോടെ നോക്കി. ആ കണ്ണുകൾ കരുണയോടെ അവളെ തിരിച്ച് നോക്കും പോലെ അവൾക്ക് തോന്നി.
പെട്ടെന്നാണ് അവൾക്ക് ഓർമ്മ വന്നത്. ഈ സ്ഥലം മുൻപെപ്പോഴോ കണ്ടത് പോലെ. ബസ് പതുക്കെയാണെങ്കിലും നീങ്ങുന്നുണ്ടായിരുന്നു. പുറകോട്ട് പോകുന്ന കാഴ്ചകൾ തന്റെ ഓർമ്മയിൽ വ്യക്തമായി തെളിയുന്നുണ്ടെന്ന് അവളറിഞ്ഞു. അവൾ അത്ഭുതത്തോടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ അടുത്ത കാഴ്ച ഒരു ശ്മശാനം ആയിരുന്നു. ഒരിക്കൽ സ്വപ്നത്തിൽ ആ സ്ത്രീയെ കണ്ടത് ഇങ്ങനെ ഒരു സ്ഥലത്ത് വെച്ചാണെന്ന് അവൾ വ്യക്തമായി ഓർത്തു. അവളാകെ അസ്വസ്ഥയായി. ഇരിപ്പുറക്കാത്ത പോലെ അവൾ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു.
"ഇവിടെ ആളിറങ്ങണം..."
അടുത്ത സീറ്റിലിരുന്ന അയാൾ ഒന്നും മനസ്സിലാകാതെ മകളെ നോക്കി.
"എന്താ മോളെ? എന്തുപറ്റി?"
"അപ്പ... ഇവിടെ ഇറങ്ങണം അപ്പാ... പ്ലീസ്..."
കൂടുതലൊന്നും ആ സാഹചര്യത്തിൽ അവൾക്ക് പറയാനായില്ല. ബസിലുള്ള ആളുകൾ മുഴുവൻ അവരെ ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. കണ്ടക്ടർ അവരെ രൂക്ഷമായി ഒന്ന് നോക്കിയെങ്കിലും ഒന്നും പറയാതെ സിംഗിൾ ബെല്ലടിച്ചു. കിതപ്പോടെ എന്ന പോലെ ബസ് നിന്നു. ഒരു നിമിഷം പോലും പാഴാക്കാതെ അവൾ ബസിൽ നിന്നും ഇറങ്ങി പുറകോട്ട് നടക്കാൻ തുടങ്ങി, ആരോ നയിക്കുംപോലെ.
"എന്താ മോളെ...? എങ്ങോട്ടാ നീ ഈ പോകുന്നെ..?"
മകളുടെ പ്രവൃത്തികളുടെ അർത്ഥം മനസ്സിലാകാതെ ആ പിതാവ് വിഷമത്തോടെ ചോദിച്ചു.
"അപ്പ.. ഈ സ്ഥലം എനിക്ക് നേരത്തെ അറിയാം. ഞാൻ ഈ സ്ഥലം മുഴുവൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. ഇപ്പൊ നമ്മൾ കണ്ട പള്ളിയും ആ സെമിത്തേരിയും എല്ലാം. നമുക്കിവിടെ ഇത്തിരി നേരം ഇരുന്നിട്ട് പോകാം. പ്ലീസ് അപ്പ..."
ഒന്നും മനസ്സിലാകാത്തത് പോലെ മകളെ ഒന്ന് നോക്കിയിട്ട് അദ്ദേഹം മൗനമായി അവൾക്കൊപ്പം നടന്നു. പള്ളിമുറ്റത്തേക്ക് കയറിയപ്പോൾ ചിരപരിചിതമായ ഒരിടത്തേക്ക് എത്തിപ്പെട്ടത് പോലെയാണ് അവൾക്ക് തോന്നിയത്. അവൾ ആ മാതാവിന്റെ തിരുസ്വരൂപത്തിലേക്ക് നോക്കി. പിന്നെ മെല്ലെ നടന്നു പള്ളിക്കകത്തേക്ക് കടന്നു.
മുട്ടുകുത്തി രണ്ടുപേരും കണ്ണുകളടച്ച് പ്രാർത്ഥിച്ചു. മനസ്സിലെ വലിയ ഭാരം അവിടെ ഇറക്കി വച്ച് അവൾ ആശ്വസിക്കുകയായിരുന്നു ആ നിമിഷത്തിൽ. മകൾക്ക് സമാധാനം നിറഞ്ഞ ഒരു ജീവിതം ഉണ്ടാകുന്നതിന് തന്റെ ജീവൻ പോലും അർപ്പിക്കാൻ തയ്യാറായി മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു ആ പിതാവ്. നിറഞ്ഞ് വന്ന കണ്ണുനീർ നിയന്ത്രിച്ചുകൊണ്ട് അദ്ദേഹം പ്രാർത്ഥനയോടെ നിന്നു.
നിമിഷങ്ങൾ കഴിഞ്ഞ് കണ്ണ് തുറന്നു നോക്കുമ്പോൾ മകളെ അരികിൽ കാണാനില്ല. പേടിയോടെ അദ്ദേഹം ചുറ്റും നോക്കി. എന്തൊക്കെയാണ് സംഭവിക്കുന്നതെന്നറിയാതെ അയാൾ വല്ലാതെ വിഷമിച്ചു. മകളെ അന്വേഷിച്ച് അദ്ദേഹം പള്ളിക്ക് പുറത്തേക്ക് ഓടി. ആ അന്വേഷണം അവസാനം ചെന്നെത്തിയത് സെമിത്തേരിയിലാണ്. ഏതോ കല്ലറക്ക് മുൻപിൽ മുട്ടുകുത്തി നിൽക്കുകയായിരുന്നു അവൾ. അവളെ കണ്ടെത്തിയതിൽ ഉള്ള ആശ്വാസത്തോടെ അയാൾ അവൽക്കരികിലേക്ക് നടന്നു.
'ഗ്രേസി ഫ്രാൻസിസ്' എന്ന പേരാണ് ആ കല്ലറക്ക് മുകളിൽ അയാൾ കണ്ടത്. അയാൾ മെല്ലെ അവളുടെ ചുമലിൽ കൈവച്ചു. അവൾ മുഖം തിരിച്ച് നോക്കി. അവളുടെ നിറഞ്ഞിരിക്കുന്ന കണ്ണുകൾ അയാളിൽ അത്ഭുതവും വേദനയും ഉണ്ടാക്കി.
"അപ്പാ... ഇവിടെ ഞാൻ ആ സ്ത്രീയെ കണ്ടിട്ടുണ്ട് സ്വപ്നത്തിൽ. ചിലപ്പോ... ചിലപ്പോ അവരായിരിക്കും അത്. എന്നെ ഇങ്ങോട്ട് കൊണ്ടുവരാനായിരിക്കും നമ്മൾ ഈ യാത്ര പുറപ്പെട്ടത്. പക്ഷെ... എന്തിനായിരിക്കും ഇങ്ങനൊക്കെ..."
നിറഞ്ഞ വേദനയോടെ അവൾ പറഞ്ഞ ഓരോ വാക്കുകൾക്കും മറുപടി ഇല്ലാതെ അയാൾ വിഷമിച്ചു. മകളെ ചേർത്ത് പിടിച്ച് അയാൾ തേങ്ങി. വല്ലാത്ത വേദനയോടെ.
അപ്പോൾ ആ കല്ലറക്ക് മുകളിൽ അദൃശ്യമായി ആ സ്ത്രീയുടെ ആത്മാവ് അവരെനോക്കി പുഞ്ചിരിച്ചു. അത്രയും നാൾ അവൾക്ക് പുറകെ അലഞ്ഞുകൊണ്ടിരുന്ന അവർ അവളുടെ നെറുകയിൽ തലോടി അനുഗ്രഹിച്ചു. അത് തിരിച്ചറിഞ്ഞിട്ടെന്ന പോലെ അവൾ മുഖമുയർത്തി നോക്കി. പക്ഷെ ഒന്നും കാണാൻ അവൾക്കായില്ല.
"നമുക്ക് തിരിച്ച് പോകാം അപ്പ..."
"എന്ത് പറ്റി?"
"ഒന്നുമില്ല. ഈ യാത്ര ഇവിടെ വരെ മതി. എന്റെ മനസ്സ് അങ്ങനെ പറയുന്നു. നമുക്ക് പോകാം."
തിരിച്ച് ഒന്നും പറയാതെ അയാൾ മൗനസമ്മതം മൂളി. അവൾ എഴുന്നേറ്റ് നടന്നു. തന്നിൽ നിന്നും എന്തോ പൊഴിഞ്ഞു പോകും പോലെ അവൾക്ക് തോന്നി. കുറച്ച് ദൂരം പിന്നിട്ടപ്പോൾ അവൾ തിരിഞ്ഞ് നോക്കി. അവൾ പോലുമറിയാതെ ഒരു പുഞ്ചിരി അവളുടെ ചുണ്ടിന്റെ കോണിൽ വിരിഞ്ഞു. പിന്നെ മുന്നോട്ട് നടന്നു. നിറഞ്ഞ സമാധാനത്തോടെ...
അപ്പോൾ ആ കല്ലറക്ക് മുകളിൽ ആ സ്ത്രീ പുഞ്ചിരിയോടെ അവളെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. അടുത്ത നിമിഷം തന്റെ ഈ ലോകത്തിലെ ജീവിതം പൂർണമായും അവസാനിച്ചു എന്ന ആശ്വാസത്തോടെ... തന്റെ കണ്ണുകൾ ഇനിയും അവളിലൂടെ ജീവിക്കും എന്ന ആനന്ദത്തോടെ... അവരും ഈ ലോകത്തിൽ നിന്നും യാത്ര തിരിച്ചു.
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo